Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പം നടത്തിയത് നിരോധന ഉത്തരവ് ലംഘിച്ച്; ക്ഷേത്രാധികാരികളുടെ വെടിക്കെട്ട് നിരോധിച്ചത് എഡിഎം; ദുരന്തമുണ്ടാക്കിയത് ആചാരങ്ങളുടെ പേരിൽ നടന്ന നിയമ ലംഘനം; ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്; കളക്ടറെ മറികടന്നത് രാഷ്ട്രീയക്കാരുടെ വാക്കിന്റെ ബലത്തിൽ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കമ്പം നടത്തിയത് നിരോധന ഉത്തരവ് ലംഘിച്ച്; ക്ഷേത്രാധികാരികളുടെ വെടിക്കെട്ട് നിരോധിച്ചത് എഡിഎം; ദുരന്തമുണ്ടാക്കിയത് ആചാരങ്ങളുടെ പേരിൽ നടന്ന നിയമ ലംഘനം; ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്; കളക്ടറെ മറികടന്നത് രാഷ്ട്രീയക്കാരുടെ വാക്കിന്റെ ബലത്തിൽ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൻ അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് ജുഡീഷ്യൻ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം െൈക കൊണ്ടത്. റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർക്കാണ് അന്വേഷണ ചുമതലയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം എഡിജിപി അനന്തകൃഷ്ണൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മൽസരക്കമ്പം നിയമവിരുദ്ധമാണ്. ചട്ടം കർശനമായി നടപ്പാക്കും. നിയമങ്ങൾ കൂടുതൽ കർശനമാക്കും. നാൽപ്പത് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ നളിനി നെറ്റോയെ ചുമതലപ്പെടുത്തി.

ക്ഷേത്രത്തിൽ വെടിക്കെട്ട് നടന്നത് ജില്ലാ കളക്ടറുടെ നിർദ്ദേശം മറികടന്നാണെന്ന് വ്യക്തമായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വെടിക്കെട്ട് പാടില്ലെന്ന് കളക്ടർ നിർദ്ദേശിച്ചെങ്കിലും ദേവസം അംഗീകരിച്ചില്ല. നിരോധന ഉത്തരവ് മറികടന്നായിരുന്നു വെടിക്കെട്ട് നടന്നത്. വിശ്വാസത്തിന്റെ പേരിൽ വെടിക്കെട്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ഇന്നലെ നടന്ന യോഗത്തിലും വെടിക്കെട്ട് നടത്തരുതെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നു എന്നാൽ ആരും അത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഉൽസവം മുടക്കാൻ രാഷ്ട്രീയ പാർട്ടികളും താൽപ്പര്യപ്പെടാതെ വന്നതോടെ കളക്ടറുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാതെയായി. അങ്ങനെ മുന്നറിയിപ്പ് അവഗണിച്ച് ക്ഷണിച്ചു വരുത്തിയതാണ് ഈ ദുരന്തം. അതുകൊണ്ട് തന്നെ വെടിക്കെട്ട് നടത്തിയവർക്കും ക്ഷേ്ത്രാധികാരികൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

വെടിക്കെട്ട് നടത്താൻ അധികൃതരുടെ അനുമതിയില്ലായിരുന്നെന്ന് കൊല്ലം ജില്ലാ കളക്ടർ എ ഷൈനമോൾ വ്യക്തമാക്കി. മത്സരക്കമ്പത്തിനാണ് ക്ഷേത്രം അധികൃതർ അനുമതി തേടിയിരുന്നെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാവില്ലെന്ന് വ്യക്തമാക്കി റവന്യൂ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നെന്നും ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷയിന്മേൽ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊല്ലം എഡിഎമ്മാണ് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ഇത് ലംഘിച്ചാൽ സ്‌ഫോടക വസ്തുനിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ ജില്ലാ കളക്ടർ സംഭവ സ്ഥലത്തെത്തിയിരുന്നു. പിന്നീട് എട്ടുമണിയോടെ ഉദ്ദ്യോഗസ്ഥരെ വിളിച്ചുവരുത്തി കളക്ടറേറ്റ് തുറന്ന് ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റിൽ അടിയന്തിര യോഗവും ചേർന്നു. നിയമവിരുദ്ധമായാണ് വെടിക്കെട്ട് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പരിക്കറ്റവരുടെ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ ക്ഷേത്രാധികാരികൾക്ക് എതിരെ കർശനമായ നടപടിയെടുക്കാനാമ് തീരുമാനം.

സാധാരണ ഇവിടെ മത്സര വെടിക്കെട്ടാണ് ഇവിടെ നടക്കാറ്. അതിന് തീവ്രത കൂടും. മത്സരിക്കാൻ ആളുകൾ ശ്രമിക്കും. ഒരു വിഭാഗം നാട്ടുകാർ തന്നെ ഇതിനെ എതിർത്തു. ഇതോടെ ജില്ലാ ഭരണകൂടത്തിന് പരാതി കിട്ടി. ഈ പരാതി പരിശോധിച്ചാണ് വെടിക്കെട്ടിൽ കളക്ടർ നിലപാട് എടുത്തത്. എന്നാൽ വെടിക്കെട്ട് കൂടിയേ തീരൂവെന്ന് ദേവസം നിലപാട് എടുത്തു. ഇതോടെ ക്ഷേത്രാചാര പ്രകാരമുള്ള ചെറിയ വെടിക്കെട്ടിനാണ് അനുമതി നൽകിയത്. പക്ഷേ മത്സരത്തിനായി കൊണ്ടുവന്ന വലിയൊരു വെടിക്കെട്ട് ശേഖരം അവിടെയുണ്ടായിരുന്നു. ഇത് തന്നെയാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അനധികൃതമായ വെടിമരുന്ന് ശേഖരത്തിന്റെ സാധ്യത തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ക്ഷേത്ര ഭരണ സമിതിയുമായി ബന്ധമുള്ള ചില രാഷ്ട്രീയക്കാരുടെ സമ്മർദ്ദമാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്‌ഫോടനത്തിൽ കോൺക്രീറ്റും ഓടും ശരീരത്തിൽ തറച്ചുകയറിയാണ് പലർക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേർന്ന് നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോടും ചേർന്നു നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി. വേണ്ടത്ര സുരക്ഷാ മുൻകരുതലുണ്ടായിരുന്നില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇനി കുറച്ചുകാലം വെടിക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളിൽ ചർച്ച നടക്കും. അതിന് ശേഷം എല്ലാം പഴയതു പോലെയും. കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ തുടർക്കഥയാണ്. എന്നാൽ അപകടത്തിൽ നിന്ന് ഒന്നും കേരളം പഠിക്കുന്നുമില്ല. ഇത് തന്നെയാണ് പരവൂരിലെ അപകടവും വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർമ്മാണത്തിന് കൃത്യവും വ്യക്തവുമായ നിയമങ്ങൾ രൂപീകൃതമായിട്ടുണ്ടെങ്കിലും ഇവയുടെ ലംഘനവും പൊലീസിന്റെ പരിശോധനയിലെ അനാസ്ഥയുമാണ് ഇത്തരം വെടിക്കെട്ടപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കേന്ദ്ര പെട്രോളിയം ആൻഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ നിയമങ്ങളെ അട്ടിമറിച്ചാണത്രെ പല വെടിക്കെട്ടുകളും അരങ്ങേറുന്നതും പടക്കങ്ങളും മറ്റും നിർമ്മിക്കുന്നതും.

പലപ്പോഴും നിർമ്മാണശാലകൾക്ക് ലൈസൻസ് പോലും ഉണ്ടാകാറില്ല. പക്ഷെ ഇതൊന്നും പൊലീസിന്റെ നിരീക്ഷണത്തിൽ വരുന്നില്ല. പെട്രോളിയം സേഫ്റ്റി ഓർഗനൈസേഷൻ നിയമങ്ങൾ അനുസരിച്ച് വെടിക്കെട്ട് നടക്കാൻ പോകുന്ന തിന്റെ ചുറ്റളവിൽ ആൾതാമസം പാടില്ല, 125 ഡെസിബെലിന് മുകളിൽ ശബ്ദം പാടില്ല, അമ്പലം, സ്‌കൂൾ, ആശുപത്രി മുതലായവയുടെ 200 മീറ്ററിനുള്ളിൽ ഡിസ്‌പ്ലേ പാടില്ല മുതലായ നിയമങ്ങൾ ഉണ്ടെങ്കിലും അവ ഒരിക്കലും പാലിക്കപ്പെടുന്നില്ല. മറ്റൊരു പ്രധാന നിയമം പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത്താണിയിൽ ഉണ്ടായ അപകടത്തിന്റെ കാരണം പൊട്ടാസ്യം സൾഫേറ്റിന്റെ ഉപയോഗമാണെന്ന് സംശയിക്കപ്പെടുന്നു.

നൈട്രേറ്റുകൾ, ക്ലോറേറ്റുകൾ, പെർക്കലേറ്റുകൾ മുതലായവ ഉപയോഗിക്കരുതെന്നാണ് നിയമം. മറ്റൊരു പ്രധാന കാര്യം ഇത്തരം പടക്കനിർമ്മാണശാലക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നതാണ്. പൊട്ടാസ്യം ക്ലോറേറ്റ് വിഷവസ്തുവായതിനാൽ കൂടുതൽ അപകടകാരിയാണ്. കേരള ഹൈക്കോടതിയുടെ 2007 ലെ വിധി പ്രകാരം ലൈസൻസികൾക്ക് ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, മിനി അമിട്ട് മുതലായവ ഉണ്ടാക്കാൻ അനുവാദമില്ല. സൾഫർ അടങ്ങുന്ന വെടിക്കെട്ട് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും നടക്കാറില്ല.

കേരള പൊലീസിൽ വെടിമരുന്നുപയോഗം നിരീക്ഷിക്കാൻ ഒരു സ്‌പെഷ്യൽ സെൽ പോലുമുണ്ട്. ഇങ്ങനെ പലവിധ നിയമങ്ങളും നിലവിലുണ്ടെങ്കിലും പൊലീസ് അധികാരികൾ ഇതിൽ കാര്യക്ഷമമായ പരിശോധന നടത്താത്തതാണ് വെടിക്കെട്ട് ദുരന്തം ആവർത്തിക്കുന്നതിനുള്ള കാരണം. ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് സ്‌ഫോടകവസ്തു സംഭരണവും ഉപയോഗവും. പാറമടകളിൽ പാറ പൊട്ടിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന സ്‌ഫോടകവസ്തുക്കൾ പോലും ഭീകരാക്രമണങ്ങൾക്കുപയോഗപ്പെടത്തുന്നു എന്ന് ആരോപണമുയർന്നിരുന്നു.

പള്ളികളിലും അമ്പലങ്ങളിലും ഉത്സവസീസൺ തുടങ്ങാനിരിക്കെതന്നെ ഉണ്ടായ ഈ അപകടം ഈ മേഖലയിൽ ചെലുത്തേണ്ട ജാഗ്രതക്കുള്ള സന്ദേശമായി മാറുന്നു. പക്ഷെ അപകടങ്ങൾ ഉണ്ടായി ജീവഹാനിയും പരിക്കും സംഭവിച്ചശേഷം മാത്രം രംഗപ്രവേശം ചെയ്യുന്ന സുരക്ഷാ അധികാരികൾ നിർമ്മാണശാലകൾക്ക് ലൈസൻസ് ഉണ്ടോയെന്നും പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള അപകടകാരികളായ വെടിമരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും മറ്റുമുള്ള നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാൻ ആരുമില്ല. ഇത്തരം ചോദ്യങ്ങൾ തന്നെയാണ് പരവൂർ ദുരന്തം വീണ്ടും ഓർമിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP