Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി സി ജോർജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ; ഉറപ്പായിരുന്ന ദളിത് ഹിന്ദു വോട്ടുകൾ നഷ്ടമാകും; പൂഞ്ഞാറിൽ സ്വതന്ത്രനായി ഇറങ്ങിയ മുൻ ചീഫ് വിപ്പ് വെള്ളം കുടിക്കുന്നു

പി സി ജോർജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ; ഉറപ്പായിരുന്ന ദളിത് ഹിന്ദു വോട്ടുകൾ നഷ്ടമാകും; പൂഞ്ഞാറിൽ സ്വതന്ത്രനായി ഇറങ്ങിയ മുൻ ചീഫ് വിപ്പ് വെള്ളം കുടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് പൂഞ്ഞാറിലേത്. എൽഡിഎഫും യുഡിഎഫും ബിജെഡിഎസ് സ്ഥാനാർത്ഥിയും ഒരേ പോലെ വിജയം പ്രതീക്ഷിക്കുന്ന ചതുർഷകോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇതുവരെ മുൻതൂക്കം നേടിയിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി സി ജോർജിന് ഒടുവിൽ പാരയായത് എസ്ഡിപിഐയുടെ പരസ്യ പിന്തുണയാണ്. പൂഞ്ഞാർ ഈരാറ്റുപേട്ട ഭാഗത്ത് ഏതാണ്ട് എണ്ണായിരത്തോളം വോട്ട് മറിക്കാൻ സ്വാധീനമുള്ള സംഘടനയാണ് എസ്ഡിപിഐ. എസ്ഡിപിഐ കഴിഞ്ഞ ദിവസം ജോർജിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് പുലിവാലാകും എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ജോർജിന്റെ വലം കൈയായി അറിയപ്പെടുന്ന മാലേത്ത് പ്രതാപചന്ദ്രൻ അത് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ജോർജ്ജിനെ പിന്തുണയ്ക്കുന്നതായി പിന്നീട്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ.എം.അഷ്‌റഫ്, എസ്‌പി ദേശീയ സെക്രട്ടറി ജോ ആന്റണി എന്നിവരും അറിയിച്ചു. യുപിയിലെ സമാജ് വാദി പാർട്ടിയുമായി ചേർന്ന് എസ്ഡിപിഐ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ സഖ്യമാണ് ജോർജ്ജിനെ പരസ്യമായി പിന്തുണയ്ക്കുക. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന 95 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ജോർജ്ജിനെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.

എന്നാൽ എസ്ഡിപിഐ ജോർജ്ജിനെ പിന്തുണക്കുന്നു എന്നറിയിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് പോലും വിരുദ്ധമായ പ്രതികരണമാണ് ലഭിച്ചത്. ഇത് ജോർജ്ജിനെ കൂടുതൽ ആശങ്കയിൽ ആക്കുന്നുണ്ട്. കൈവെട്ടുകാരുമായി കൂട്ടുകൂടുന്ന ജോർജ്ജിനെ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടണ്ട്.

ദളിത് ഹിന്ദു വോട്ടർമാർക്കിടയിൽ നല്ല സ്വാധീനം ഉണ്ടായിരുന്ന ജോർജിന്റെ പിന്തുണ എസ്ഡിപിഐ പിന്തുണ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. പൂഞ്ഞാർ മണ്ഡലത്തിലെ ഹിന്ദു വോട്ടുകൾ പൊതുവേ മുസ്ലിം - ക്രിസ്ത്യൻ വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദളിത് ഹിന്ദുക്കൾക്കിടയിൽ നല്ല സ്വാധീനം ഉണ്ടാക്കിയ ജോർജിന്റെ എസ്ഡിപിഐ ബന്ധം തുറന്ന് കാട്ടി യുഡിഎഫും എൽഡിഎഫും ബിജെപിയും ഒരു പോലെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാർത്ഥി ഉല്ലാസ് ഈ അവസരം നന്നേ മുതലെടുക്കുന്നുണ്ട്. ഈ പ്രചരണം കൂടുതൽ ജോർജിന് ലഭിക്കാവുന്ന വലിയൊരു ശതമാനം ദളിത് വോട്ടുകൾ അട്ടിമറിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ട്.

ഒരേ സമയം ബിജെപിയോടും എസ്ഡിപിഐയോടും സഖ്യം ഉണ്ടാക്കി വിജയം ഉറപ്പിക്കാൻ ആയിരുന്നു ജോർജിന്റെ ആദ്യകാല നീക്കം. എന്നാൽ പൂഞ്ഞാർ ബിജെഡിഎസിന് നൽകിയതോടെ വോട്ട് കച്ചവടം എന്ന മോഹം ജോർജ് ഉപേക്ഷിക്കുകയായിരുന്നു. എസ്എൻഡിപിക്ക് നല്ല സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മികച്ച തോതിൽ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മൈക്രോ ഫിനാൻസ് ചൂണ്ടിക്കാട്ടി മിക്കയിടങ്ങളിലും എസ്എൻഡിപി വനിതാ പ്രവർത്തകർ പ്രചരണ രംഗത്തുണ്ട്. ഏറ്റവും കറഞ്ഞത് 20, 000 വോട്ടെങ്കിലും പിടിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കഴിയുമെന്നാണ് സൂചന. വെള്ളാപ്പള്ളി നടേശൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ചോ ആറോ മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവസാന നിമിഷം വരെ അനിശ്ചിതാവസ്ഥ നിലനിർത്തിയ എൽഡിഎഫും യുഡിഎഫും ഇപ്പോൾ പ്രചരണ രംഗത്ത് സജീവം ആയി കഴിഞ്ഞു. 15 കൊല്ലത്തെ വനവാസത്തിന് ശേഷം രംഗത്തിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി ജോർജ്ജുകുട്ടി അഗസ്റ്റി ഇനിയും പഴയ ഫോം വീണ്ടെടുത്തിട്ടില്ല. ജോർജ്ജുകുട്ടിക്കെതിരെ അതിശക്തമായ പ്രചാരണങ്ങൾ മണ്ഡലത്തിൽ സജീവം ആണ്. എന്നാൽ പ്രഗൽഭനായ ജോർജ്ജുകുട്ടി പ്രചാരണത്തിന്റെ അവസാന ദിവസങ്ങൾ ആകുമ്പോഴേക്കും മുന്നേറുമെന്ന വിശ്വാസം ആണ് കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ. പി സി തോമസിനൊപ്പം പാർട്ടിവിട്ട ജോർജ്ജുകുട്ടിക്ക് സീറ്റ് നൽകുന്നതിൽ കേരള കോൺഗ്രസ്സിൽ ഉണ്ടായിരുന്ന അതൃപ്തി മാണി ഇടപെട്ട് പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്.

ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് വോട്ട് ചോദിക്കുന്നതിൽ സഭയുടെ നോമിനിയായി ഇടതു സ്ഥാനാർത്ഥിയായി മാറിയ പിസി ജോസഫ് മൈക്കിന് മുൻപിൽ പ്രകടനം പൊതുസ്വീകാര്യത ഉണ്ടാക്കി നൽകിയിട്ടുണ്ട്. ആളുകളെ കയ്യിൽ എടുക്കുന്ന വിധം പിസി ജോസഫ് നടത്തുന്ന പ്രസംഗങ്ങൾ ഇടത് അണികൾക്ക് ആവേശം ഉണ്ടാക്കുന്നുണ്ട്. ജോർജ് ജെ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാൻ തീവ്ര പരിശ്രമം നടത്തിയ ഇടത് മുന്നണി പ്രവർത്തകർക്ക് അത് സാധിച്ചു കിട്ടിയതുകൊണ്ട് ഇപ്പോഴത്തെ സ്ഥാനാർത്ഥിക്കു വേണ്ടി ഒരുമിച്ച് നിൽക്കാനുള്ള തീരുമാനത്തിലാണ്. ഈ ഐക്യവും പിസി ജോസഫിന്റെ പ്രഭാഷണ ചാരുതയുമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം യോഗം ചേർന്ന് പിസി ജോസഫിന്റെ പ്രസംഗത്തിന് വേദി ഒരുക്കുകയാണ് ഇപ്പോൾ ഇടത് മുന്നണി.

എന്തായാലും എതിരാളികളെ നിഷ്പ്രഭനാക്കി ഒറ്റക്ക് ജയിക്കാം എന്ന ജോർജിന്റെ ആത്മവിശ്വാസത്തിന് ഇടിവ് തട്ടിയതായാണ് സൂചന. മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരോട് ജോർജ് അനാവശ്യമായി തട്ടിക്കയറുന്നത് വിജയപ്രതീക്ഷ നഷ്ടപ്പെടുത്തിയതിന്റെ ഭാഗമാണെന്നാണ് വിമർശകർ പറയുന്നത്. മീഡിയ വൺ ടിവിക്കായി ചർച്ച നടത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയെ തല്ലാൻ തുടങ്ങിയത് പോലെയുള്ള പെട്ടന്ന് പ്രകോപിക്കുന്ന നിരവധി സംഭവങ്ങൾ മണ്ഡലത്തിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോർജിന്റെ രാഷ്ട്രീയ ഭാവി നിരാശനാക്കുന്ന ഈ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തന്നെയായിരിക്കും ജോർജിന് പാരയാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP