Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വലിയവനാകുമെന്നു കോൺഗ്രസുകാർ കരുതിയിരുന്ന വി എൻ ജയരാജൻ പാർട്ടിക്കാർ മറക്കുന്നതു ചെയ്യുന്നു; നെറ്റിയിലെ വിയർപ്പു കൊണ്ടു ഭക്ഷിക്കുന്നു; പ്രസംഗങ്ങളിലൂടെയും പരിഭാഷകളിലൂടെയും വേദികളിൽ നിറഞ്ഞ നേതാവ് ഇപ്പോൾ ചെറുകിട ഹോട്ടലിലെ കാഷ്യർ

വലിയവനാകുമെന്നു കോൺഗ്രസുകാർ കരുതിയിരുന്ന വി എൻ ജയരാജൻ പാർട്ടിക്കാർ മറക്കുന്നതു ചെയ്യുന്നു; നെറ്റിയിലെ വിയർപ്പു കൊണ്ടു ഭക്ഷിക്കുന്നു; പ്രസംഗങ്ങളിലൂടെയും പരിഭാഷകളിലൂടെയും വേദികളിൽ നിറഞ്ഞ നേതാവ് ഇപ്പോൾ ചെറുകിട ഹോട്ടലിലെ കാഷ്യർ

രഞ്ജിത് ബാബു

കണ്ണൂർ: ഓർമ്മയില്ലേ വി.എൻ. ജയരാജനെ. ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ പ്രസംഗപരിഭാഷകനായി വേദിയിൽ നിറഞ്ഞുനിന്ന പഴയ യുവനേതാവിനെ. 1997 ൽ കെ.മുരളീധരൻ കെപിസിസി. പ്രസിഡണ്ടായിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന ജയരാജൻ.

അതിനു മുമ്പ് ദേശീയ വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലെല്ലാം പയറ്റിത്തെളിഞ്ഞ ജയരാജൻ ഇന്നും തലശ്ശേരിയിലുണ്ട്. എന്നാൽ തലശ്ശേരിയിലെ പ്രാന്തപ്രദേശങ്ങളിൽ മാത്രം കൊച്ചുകൊച്ചുരാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുന്ന ജയരാജൻ ഇന്നു തലശ്ശേരിയിലെ ഒരു ചെറുകിട ഹോട്ടലിലെ കാഷ്യറായി ജോലി നോക്കിയാണ് ജീവിതം നയിക്കുന്നത്.

ജയരാജൻ പറയുന്നതിങ്ങനെ- 'നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കുക'. യേശുദേവന്റെ ഈ വചനം ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് അന്യമാണല്ലോ. ഹോട്ടലിൽ വിശപ്പടക്കാനെത്തുന്നവർ ആദ്യം അത്ഭുതപ്പെടും. കാഷിലിരിക്കുന്ന വ്യക്തി ആരെന്ന് തിരിച്ചറിയാൻ മറവിയുടെ മാറാലകൾ തട്ടി നീക്കാൻ ശ്രമിക്കും. ഒടുവിൽ കാര്യം പിടികിട്ടുമ്പോൾ പഴയ തീപ്പൊരി പ്രാസംഗികന്റെ ചിത്രം മനസ്സിൽ തെളിയും.

മലബാറിലും മറ്റും ഒരു കാലത്ത് കേട്ടുശീലിച്ച മുദ്രാവാക്യങ്ങൾ ഓർമ്മവരും. വി.എൻ. ജയരാജ് നേതാവേ, ധീരതയോടെ നയിച്ചോളൂ .... ചിലർ സഹതപിക്കാൻ ശ്രമിക്കുമ്പോഴേക്കും ജയരാജൻ പറയും. യേശുവിന്റെ വചനം. പിന്നെ ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന ഗാന്ധിജിയുടെ മൊഴിയും.

പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ് കോൺഗ്രസ്സ് വിട്ട് ജനമോർച്ച രൂപീകരിച്ച കാലം. കേരള പര്യടനത്തിനെത്തിയ വി.പി. സിങിന്റെ പ്രസംഗവേദികളിൽ ജയരാജൻ നിറഞ്ഞു നിന്നു. എൻ.എസ്.യു.(ഐ.) എസ്. എന്ന വിദ്യാർത്ഥി സംഘടനയുടെ ദേശീയ പ്രസിഡണ്ടായിരുന്നു ജയരാജൻ. വി.പി.സിങ്ങിന്റെ പ്രസംഗം അതേപടി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് കാണികളുടെ കയ്യടി നേടിയിരുന്നു. വി.പി. സിങ്ങിന്റെ പ്രശംസ വേറേയും.

അന്നൊക്കെ ഈ യുവാവ് ആരോ ഒക്കെയായി ഉയരുമെന്ന് നേതാക്കളെല്ലാം കരുതി. ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരനല്ലാത്തതിനാൽ ജയരാജന്റെ വളർച്ച പതുക്കെയായിരുന്നു. കോൺഗ്രസ്സ് (എസ്.) സുശക്തമായിരുന്ന കാലത്ത് അസം മുഖ്യമന്ത്രി ശരത് ചന്ദ്രപ്രസാദ്, മഹാരാഷ്ട്രാ മുഖ്യമന്ത്രി ശരത് പവാർ, അംബികാ സോണി, താരകേശ്വരി സിൻഹ, എന്നിവരോടൊപ്പം അസം, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി. കർണ്ണാടക, ബീഹാർ, ബംഗാൾ, ഡൽഹി, ആന്ധ്ര പ്രദേശ്, എന്നിവിടങ്ങളിൽ പ്രസംഗിച്ചു നടന്നിരുന്നു ജയരാജൻ. 1985 ൽ മോസ്‌ക്കോ അന്താരാഷ്ട്ര യുവജനസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ദേശീയ യുവജന സമ്മേളനത്തിന്റെ പ്രിപ്പറേറ്ററി കമ്മിറ്റി അംഗവുമായിരുന്നു.

തലശ്ശേരിക്കടുത്ത കുട്ടിമാക്കൂലിലെ കോൺഗ്രസ്സ് കുടുംബത്തിലാണ് ജയരാജന്റെ ജനനം. തലശ്ശേരി സെന്റ് ജോസഫ് സ്‌ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായി. ബ്രണ്ണൻ കോളേജിലെത്തിയപ്പോൾ കെ.എസ്.യുവിന്റെ താലൂക്ക് സെക്രട്ടറി. തുടർന്ന് പ്രസിഡണ്ട്. 1977 ൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി. 1979 ൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. താലൂക്ക് ജില്ലാ ഭാരവാഹിയായിരുന്നപ്പോൾ വീട്ടിൽ ട്യൂഷൻ നടത്തിയാണ് സംഘടനാ പ്രവർത്തനത്തിന് പണം കണ്ടെത്തിയത്. 1984 ൽ എൻ.എസ്.യു. ഐ. (എസ്) ദേശീയ പ്രസിഡണ്ടായി. 1985 ൽ യൂത്ത് കോൺഗ്രസ്സ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി, സിഎച്ച് ഹരിദാസ് മരണപ്പെട്ടതോടെ സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റു.

ദേശീയ ഭാരവാഹിയായിരുന്നപ്പോൾ കെ.പി. ഉണ്ണികൃഷ്ണനായിരുന്നു ജയരാജന്റെ ഏറ്റവും വലിയ ഹീറോ. സമാനതകളില്ലാത്ത നേതാവാണ് ഉണ്ണികൃഷ്ണനെന്ന് ജയരാജൻ പറയുന്നു. ഉണ്ണികൃഷ്ണനുമായുള്ള ബന്ധം ഇന്നും തുടരുന്നുണ്ട്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പി.സി ചാക്കോ, വി എം. സുധീരൻ തുടങ്ങിയ നേതാക്കൾക്കെല്ലാം ജയരാജൻ പ്രിയങ്കരനാണ് ഇന്നും.

സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടേയും മുന്നിൽ മുട്ടു വളയ്ക്കാത്ത ജയരാജൻ തനിക്കു നേരേ നീളുന്ന പദവികളെല്ലാം തട്ടി മാറ്റുകയാണ്. ഇത്തവണയും കെപിസിസി. ഭാരവാഹിയാക്കാൻ ശ്രമം നടന്നെങ്കിലും ജയരാജൻ വഴങ്ങിയില്ല. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളും ജയരാജനെ തേടിയെത്തിയെങ്കിലും തട്ടി മാറ്റുകയായിരുന്നു. പാർട്ടി ഭാരവാഹികൾ പാർലമെന്ററി സ്ഥാനങ്ങളിൽ ഇരിക്കരുതെന്ന അഭിപ്രായത്തിലുറച്ചു നിൽക്കുകയാണ് ജയരാജൻ. കെപിസിസി. നിർവ്വാഹക സമിതി അംഗമായ ജയരാജൻ അതിൽമാത്രം തൃപ്തനാകുന്നു. ഭാര്യ ശകുന്തളക്കും എട്ടാം തരത്തിൽ പഠിക്കുന്ന ഒരു മകൾക്കുമൊപ്പം, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെങ്കിലും ഇന്നും സന്തോഷത്തോടെ കഴിയുന്നുവെന്ന് ജയരാജൻ പറയുന്നു. എന്തിനിങ്ങനെ ത്യാഗം സഹിക്കുന്നു എന്ന് ചോദിച്ചപ്പോൾ, എന്റെ വിധി ഞാൻതന്നെ നിർണ്ണയിക്കുന്നതാവണമെന്നാണു ജയരാജന്റെ മറുപടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP