Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഫ്‌ളക്‌സുകൾ നിരോധിക്കുന്നു; മന്ത്രിമാരുടെയടക്കം സർവ്വ ഫ്‌ളക്‌സുകളും നീക്കം ചെയ്യും; ഭൂമിയുടെ ന്യായവില 50 ശതമാനം ഉയർത്തി; ഭാഗ ഉടമ്പടിയുടെ കൂട്ടിയ നിരക്ക് തുടരും

സംസ്ഥാനത്ത് ഫ്‌ളക്‌സുകൾ നിരോധിക്കുന്നു; മന്ത്രിമാരുടെയടക്കം സർവ്വ ഫ്‌ളക്‌സുകളും നീക്കം ചെയ്യും; ഭൂമിയുടെ ന്യായവില 50 ശതമാനം ഉയർത്തി; ഭാഗ ഉടമ്പടിയുടെ കൂട്ടിയ നിരക്ക് തുടരും

തിരുവനന്തപുരം: ഫ്‌ളക്‌സുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനും പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്താനും നിയമനിർമ്മാണത്തിന് മന്ത്രിസഭാ യോഗത്തിൽ ധാരണം. ഇതിന്റെ ഭാഗമായി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റാനും മന്ത്രിസഭാ യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഫ്‌ളക്‌സുകളാകും ആദ്യം മാറ്റുക. അതിന് ശേഷം സംസ്ഥാനത്തെ എല്ലാ ബോർഡുകളും ഒഴിവാക്കും. നിലവിൽ ഫ്‌ളക്‌സ് ബോർഡുകൾ വയ്ക്കാൻ ചില തദ്ദേശ സ്ഥാപനങ്ങൾ വ്യക്തികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഫീസ് വാങ്ങി സ്ഥാപിച്ച ഇത്തരം ബോർഡുകൾ കാലാവധിക്ക് ശേഷമേ മാറ്റേണ്ടതുള്ളൂ എന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റിക്കും പഞ്ചായത്തുകൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകും.

ഭൂമിയുടെ ന്യായവില ഉയർത്താനും തീരുമാനിച്ചു. നിലവിൽ മുപ്പത് ശതമാനമാണ് ന്യായവില. ഇത് അൻപത് ശതമാനമായി ഉയർത്തും. മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശ അതേപടി മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. എന്നാൽ നികുതിയേതര വരുമാനം കൂട്ടാനുള്ള ധനവകുപ്പിന്റെ നിർദ്ദേശം ചർച്ചയായില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും നേരത്തെ കൂട്ടിയിരുന്നു. ഇത് കുറയ്ക്കണമെന്ന ആവശ്യവും മന്ത്രിസഭ പരിഗണിച്ചില്ല. കുടുംബാഗങ്ങൾക്കിടയിലുള്ള ഭൂമി കൈമാറ്റത്തിനുള്ള ഭാഗ ഉടമ്പടി തുകയും കൂട്ടിയിരുന്നു. ഇതിലും ഇളവ് നൽകേണ്ടെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.

സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ഫിസിനത്തിലും നേരത്തെ പ്രഖ്യാപിച്ചതിൽ കുറവ് വരുത്തണമെങ്കിൽ ചർച്ചയാകാമെന്ന് ധനമന്ത്രി കെ.എം. മാണി യോഗത്തിൽ നിലപാട് എടുത്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇളവിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിസഭയിലെ പൊതു അഭിപ്രായം. നികുതി വർദ്ധനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഉടൻ ഗവർണ്ണർക്ക് അയയ്ക്കാനും തീരുമാനിച്ചു. ഫലത്തിൽ ഭൂമിയുടെ ന്യായവില കൂടുന്നത് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഇനിയും കൂട്ടുന്നതിന് ഇടയാക്കും

ഭൂമിയുടെ ന്യായ വില വർധിക്കുന്നതോടെ ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസിലും സ്റ്റാംപ് ഡ്യൂട്ടിയിലും വർധനയുണ്ടാകും. നേരത്തേ രജിസ്‌ട്രേഷൻ ഫീസുകളിൽ വർധന വരുത്തിയിരുന്നു. ന്യായവില വർധിക്കുന്നതോടെ ഭൂമിയുടെ രജിസ്‌ട്രേഷനു വൻതുക ചെലവാക്കേണ്ടി വരും. ന്യായവില വർധിപ്പിക്കുമ്പോൾ വരുമാനം വർധിക്കുമെങ്കിലും ചെലവും കൂടും. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമിയേറ്റെടുക്കുമ്പോൾ വർധിപ്പിച്ച തുക നൽകേണ്ടി വരും.

പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് വീടുവയ്ക്കാൻ ഭൂമി വാങ്ങി നൽക്കാനുള്ള നിരക്കുകൾ കൂട്ടിയിട്ടുണ്ട്. കോർപ്പറേഷനിൽ രണ്ട് ലക്ഷവും നഗരത്തിൽ ഒന്നരയും ഗ്രാമങ്ങളിൽ എഴുപത്തിയയ്യായിരം രൂപയും ഒരു സെന്റ് ഭൂമിക്കായി പരമാവധി സർക്കാർ നൽകും. നേരത്തെ ഇത് ഒരു ലക്ഷം, എഴുപത്തിയയ്യായിരം, അൻപതിനായിരം എന്നീ ക്രമത്തിലായിരുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലെ അതിദുർബ്ബലർക്ക് സ്ഥലം വാങ്ങി നൽകുന്നതിനൊപ്പം വീട് വയ്ക്കാൻ മൂന്നര ലക്ഷം രൂപ കൂടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

റബ്ബറിന്റെ വിലയിടിവ് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് റോഡുകളുടെ ടാറിംഗിനും മറ്റും റബ്ബർ ബിറ്റുമിൻ കുടുതലായി ഉപയോഗിക്കാനും പൊതുമരാമത്ത് വകുപ്പിനോട് മന്ത്രിസഭ നിർദ്ദേശിച്ചു. ബിറ്റുമിൻ ലഭ്യമാക്കാൻ ബി.പി.സി.എല്ലിനോട് ആവശ്യപ്പെടും. എൻ.സി.സി ക്യാന്പിൽ പങ്കെടുക്കവെ അബദ്ധത്തിൽ വെടിയേറ്റ് ബാംഗ്‌ളൂരിൽ ചികിത്സയിൽ കഴിയുന്ന അനസിന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകി.

ബാംഗ്‌ളൂരിലെ സൈനിക ആശുപത്രിയിലെ ചികിത്സ സൗജന്യമായാണ് നൽകുന്നത്. അപകടനില തരണം ചെയ്ത അനസിന് പൂണെയിലെ ആശുപത്രിയിൽ റീഹാബിലിറ്റേഷനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. പിന്നീട് യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നൽക്കാനും മന്ത്രിസഭ തീരുമാനിച്ചതായി ഉമ്മൻ ചാണ്ടി പറഞ്ഞു.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP