Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിണറായി രാജ്ഭവനിൽ ഗവർണറെ കാണാനെത്തിയപ്പോൾ കൊച്ചാർ ഗണപതിയെ തൊഴുതുനിന്ന് കടന്നപ്പള്ളി രാമചന്ദ്രൻ; ദൃഢപ്രതിജ്ഞ ചെയ്യുന്ന സിപിഐ(എം) മന്ത്രിമാരൊഴികെ ദൈവനാമത്തിൽ സത്യപ്രതിജ്ഞയ്ക്കുണ്ടാവുന്നത് ആരെല്ലാം; ജലീലും മാത്യു ടി തോമസും ശശീന്ദ്രനും വേറിട്ടുനിൽക്കുമോ?

പിണറായി രാജ്ഭവനിൽ ഗവർണറെ കാണാനെത്തിയപ്പോൾ കൊച്ചാർ ഗണപതിയെ തൊഴുതുനിന്ന് കടന്നപ്പള്ളി രാമചന്ദ്രൻ; ദൃഢപ്രതിജ്ഞ ചെയ്യുന്ന സിപിഐ(എം) മന്ത്രിമാരൊഴികെ ദൈവനാമത്തിൽ സത്യപ്രതിജ്ഞയ്ക്കുണ്ടാവുന്നത് ആരെല്ലാം; ജലീലും മാത്യു ടി തോമസും ശശീന്ദ്രനും വേറിട്ടുനിൽക്കുമോ?

രഞ്ജിത് ബാബു

കണ്ണർ/തിരുവനന്തപുരം: പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാവേദിയിൽ കൂടുതലും മുഴങ്ങുക ദൃഢപ്രതിജ്ഞ. അതേസമയം ഇതിനൊരു അപവാദമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത കല്പിക്കപ്പെടുന്നത് കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനുൾപ്പെടെ കുറച്ചുപേർക്ക് മാത്രമാവും. ദൈവ വിശ്വാസിയായ അദ്ദേഹം സത്യപ്രതിജ്ഞാ ദിനമായ ഇന്ന് എല്ലാം ശുഭകരമാകാൻ തിരുവനന്തപുരം മരുതൻകുഴിയിലുള്ള കൊച്ചാർ ഗണപതിക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. രാവിലെ ഒമ്പതുമണിയോടെയായിരുന്നു രണ്ടുവാഹനങ്ങളിലായി പത്തോളം അനുയായികൾക്കൊപ്പം കടന്നപ്പള്ളി റോഡരിലുള്ള കൊച്ചാർ ഗണപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ സാധാരണയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ എണ്ണം കൂടുതലായിരിക്കും. ആ ദിവസം രാവിലെമുതൽ തിരുവനന്തപുരത്ത് പഴവങ്ങാടി ഗണപതിക്ഷേത്രത്തിലുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം നിയുക്തമന്ത്രിമാരുടെ സന്ദർശനം പതിവായിരിക്കും. എന്നാൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ ഈ പതിവില്ല. അതേസമയം, സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്തമന്ത്രിമാർ ക്ഷേത്രങ്ങളിലെത്തുന്ന പതിവില്ലെങ്കിലും മന്ത്രിപത്‌നിമാരിൽ മിക്കവരും ദൈവവിശ്വാസികളായിരിക്കുമെന്നതാണ് മറ്റൊരു വസ്തുത. ഏതായാലും ഇക്കുറി സത്യപ്രതിജ്ഞചെയ്യാനെത്തുന്നവരിൽ ഈശ്വരവിശ്വാസത്തിൽ മുന്നിൽ കടന്നപ്പള്ളി തന്നെ. സിപിഎമ്മിന്റെയും സിപിഐയുടേതുമൊഴികെയുള്ള മറ്റു ഘടകകക്ഷി നേതാക്കളിൽ ദളിന്റെ മാത്യു ടി തോമസ്, എൻസിപിയുടെ എ കെ ശശീന്ദ്രൻ എന്നിവരും ഇടതുസ്വതന്ത്രൻ കെ ടി ജലീലുമാണ് ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കാൻ അല്പമെങ്കിലും സാധ്യതയുള്ള മറ്റു നിയുക്തമന്ത്രിമാർ.

ഏതായാലും ഈ ദൈവവിശ്വാസം തന്നെയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് കടന്നപ്പള്ളിക്ക് ദേവസ്വം വകുപ്പ് നേടിക്കൊടുക്കാൻ ഇടയാക്കിയതും. വി എസ് സർക്കാർ അധികാരത്തിലേറുമ്പോൾ ജി സുധാകരൻ കൈകാര്യംചെയ്തിരുന്ന ദേവസ്വം വകുപ്പ് പിന്നീട് അദ്ദേഹത്തിനെതിരെ പലയിടത്തുനിന്നും എതിർപ്പുയർന്നതോടെ മാറ്റി കടന്നപ്പള്ളിക്ക് ചുമതല നൽകുകയായിരുന്നു. അതിനാൽത്തന്നെ ഇത്തവണയും ദേവസ്വംവകുപ്പുതന്നെയാകും കടന്നപ്പള്ളിക്ക് ലഭിക്കുകയെന്ന പ്രചാരം നിലനിൽക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞാ ദിനത്തിൽ കടന്നപ്പള്ളി കൊച്ചാർ ഗണപതിയുടെ അനുഗ്രഹം തേടി എത്തിയത്.

സ്വതവേ ശാന്തശീലനും ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്നയാളുമായ കടന്നപ്പള്ളി ലളിതജീവിതത്തിനുടമയാണ്. രണ്ടുതവണ ലോക്‌സഭാംഗം, രണ്ടുതവണ എംഎൽഎ, ഒരുതവണ മന്ത്രി. ഇത്രയുമായിട്ടും കടന്നപ്പള്ളി ഇപ്പോഴും കണ്ണൂർ തോട്ടടയിലെ ജവഹർ കോളനിയിലുള്ള ഒരു കൊച്ചുവീട്ടിലാണ് താമസം. ഇത്രയും കാലം ജനനേതാവായിട്ടും അതുമുതലെടുത്ത് ഒന്നുമുണ്ടാക്കിയില്ല എന്നതുതന്നെയാണ് കടന്നപ്പള്ളിയെ ജനകീയനും യഥാർത്ഥ രാഷ്ട്രീയ നേതാവുമാക്കുന്നതും.

ജവഹർ കോളനിയിലെ 'മാണിക്യ'മെന്ന കൊച്ചുവീടാണ് കണ്ണൂരിലെത്തുന്ന നേതാക്കൾക്കും സുഹൃത്തുക്കൾക്കും ആതിഥ്യമരുളുന്നതും. സമീപവാസികൾക്ക് കടപ്പള്ളി സുഹൃത്തും സഹോദരനുമൊക്കെയാണ്. അമ്മ പാർവ്വതിയുടെ  ധർമ്മനിഷ്ഠ അനുസരിച്ച് ജീവിക്കുന്നയാളാണ് കടന്നപ്പള്ളി. എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പായതോടെ ഈ കൊച്ചുവീട്ടിലേക്ക് ആശംസകളുമായി നിരവധിപേർ എത്തുന്നു. പ്രായം നൂറിനോടടുക്കുന്ന അമ്മ മാണിക്യത്തെയാണ് കടപ്പള്ളി ആദ്യം തന്റെ സ്ഥാനലബ്ധി അറിയിച്ചത്. രണ്ടു കിടപ്പുമുറികളുള്ള വീട്ടിൽ അമ്മയ്ക്കുപുറമെ അദ്ധ്യാപികയായിരുന്ന ഭാര്യ ടി.എം. സരസ്വതിയും മകനുമാണ് താമസം. അംബാസഡർ കാറിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാക്കൾ വിരളമായ ഇക്കാലത്ത് കടന്നപ്പള്ളിയുടെ യാത്ര വെള്ള അംബാസഡറിൽ. മുട്ടൊപ്പം എത്തുന്ന നീളൻ ഷർട്ട്. അതിനുമുണ്ട് പ്രത്യേകത. ഷർട്ടെന്നോ ജൂബയെന്നോ പറയാൻ വയ്യ. ഇതിനുപുറമേ നീട്ടിവളർത്തിയ കൃതാവുൾപ്പെടെ എല്ലാത്തിനുമുണ്ട് ഒരു വേറിട്ട കടന്നപ്പള്ളി ശൈലി.

ഇരുപത്താറാം വയസ്സിൽ കാസർകോട് നിന്നായിരുന്നു കടന്നപ്പള്ളി ആദ്യം ജനപ്രാതിനിധ്യം നേടിയത്. ഇ.കെ. നായനാരെ തറപറ്റിച്ച് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറി. വീണ്ടും ഒരു തവണ കൂടി പാർലമെന്റ് അംഗമായി. പിന്നീട് കോൺഗ്രസ് എസ് സഹയാത്രികനായ കടന്നപ്പള്ളി സുഹൃത്തുക്കൾ ഓരോന്നായി കോൺഗ്രസ്സിലേക്ക് വിലയം പ്രാപിച്ചപ്പോഴും അവിടെത്തന്നെ ഉറച്ചുനിന്നു. ഇക്കുറി കോൺഗ്രസ്സ് കോട്ടയായ കണ്ണൂരിൽ സതീശൻ പാച്ചേനിയെ തറപറ്റിച്ച് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കടന്നപ്പള്ളിയെത്തുന്നു. കണ്ണൂരിൽ ബിഷപ്പിനെ സന്ദർശിച്ച് ആശീർവാദം തേടിയാണ് സത്യപ്രതിജ്ഞയ്ക്കായി കടന്നപ്പള്ളി തലസ്ഥാനത്തേക്ക് തിരിച്ചത്. ഇതിന്റെ ചിത്രം പോസ്റ്റു ചെയ്തതിനൊപ്പം ഫേസ്‌ബുക്കിലൂടെ തന്റെ സത്യപ്രതിജ്ഞയ്ക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും അപേക്ഷിച്ചുകൊണ്ടാണ് കടന്നപ്പള്ളി തലസ്ഥാനത്തേക്ക് യാത്രതിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP