Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

കൊലപാതകിയെന്നു വിളിച്ച എ കെ ജിയെ കോടതി കയറ്റി 200 രൂപ പിഴയടപ്പിച്ചു; 'വച്ച പാത്രത്തിൽ സ്ഥിരമായി വച്ചു രുചി കുറഞ്ഞ'പ്പോൾ രാഷ്ട്രീയം വിട്ടു; പേരാവൂരിലെ നിറസാന്നിധ്യമായിരുന്ന കെ പി നൂറുദ്ദീൻ; 'എന്നാൽ ആ രീതിയിൽ മുന്നോട്ടുപോയി' മടക്കമില്ലാതെ...

കൊലപാതകിയെന്നു വിളിച്ച എ കെ ജിയെ കോടതി കയറ്റി 200 രൂപ പിഴയടപ്പിച്ചു; 'വച്ച പാത്രത്തിൽ സ്ഥിരമായി വച്ചു രുചി കുറഞ്ഞ'പ്പോൾ രാഷ്ട്രീയം വിട്ടു; പേരാവൂരിലെ നിറസാന്നിധ്യമായിരുന്ന കെ പി നൂറുദ്ദീൻ; 'എന്നാൽ ആ രീതിയിൽ മുന്നോട്ടുപോയി' മടക്കമില്ലാതെ...

രഞ്ജിത് ബാബു

കണ്ണൂർ: വടക്കേ മലബാറിന്റെ പ്രകാശമായിരുന്നു കെ പി നൂറുദ്ദീൻ. നൂർ എന്ന അറബി വാക്കിന്റെ അർത്ഥം പോലെ എതിരാളിയോ അനുകൂലിയോ എന്നൊന്നും നോക്കാതെ അദ്ദേഹം സൗഹൃദത്തിന്റെ പ്രകാശം പരത്തിയിരുന്നു. കണ്ടുമുട്ടുന്നവരിലെല്ലാം സ്‌നേഹസ്മരണകൾ സമ്മാനിക്കുന്ന നൂറുദ്ദീൻ കൈവച്ച ഇടങ്ങളിലെല്ലാം പ്രകാശം വിതറിയിരുന്നു.

കണ്ണൂർ പയ്യന്നൂരിനടുത്ത കുട്ടുരിലെ കുഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നൂറുദ്ദീൻ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടുകാരും രാഷ്ട്രീയരംഗത്തെ കുലപതികളും നൂറുദ്ദീനെ സാഹിബ് എന്ന പേരിലാണ് വിളിച്ചു പോന്നിരുന്നത്. യൂത്ത് കോൺഗ്രസ്സ് യൂനിറ്റ് സെക്രട്ടറിപദം മുതൽ കേരളത്തിന്റെ മന്ത്രിപദവി വരെ എത്തിയ സാഹിബിന്റെ ജീവിതം കല്ലും മുള്ളും നിറഞ്ഞതായിരുന്നു.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ ഒരിക്കലും അക്രമത്തെ അനുകൂലിക്കാത്ത നേതാവായിരുന്നു നൂറുദ്ദീൻ. എങ്കിലും അദ്ദേഹം കൊലപാതകിയായി ചിത്രീകരിക്കപ്പെട്ടു. അത്തരമൊരു ദുഷ്‌പ്പേര് തനിക്ക് ചേർന്നതല്ലെന്ന് കണക്കാക്കിയ നൂറുദ്ദീൻ എ.കെ.ജി.യെ കോടതി കയറ്റി മാനനഷ്ടത്തുക ഈടാക്കിയ ചരിത്രവുമുണ്ട്. 1957 ലെ ഇ.എം.എസ്. സർക്കാറിന്റെ കാലം. കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്സും. കേരളത്തിൽ കമ്യൂണിസ്റ്റ്കാരടക്കം കേന്ദ്രത്തിനെതിരെ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ആഹ്വാനം അവഗണിച്ച് കോൺഗ്രസ്സ് അനുകൂലികളായ കച്ചവടക്കാർ കടകൾ തുറന്നു വച്ചു. കടകൾ അടപ്പിക്കാനെത്തിയ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയിൽ കുത്തേറ്റ് സി.പി. കരുണാകരനെന്ന കമ്യൂണിസ്റ്റുകാരൻ മരിച്ചു.

പ്രതി ചേർക്കപ്പെട്ടത് കെ.പി. നൂറുദ്ദീനേയും അനുജനേയും. കേസ് കോടതിയിലെത്തി. വാദങ്ങൾക്കു ശേഷം നിരപരാധി എന്നു കണ്ട് നൂറുദ്ദീനേയും അനുജനേയും കോടതി വെറുതെ വിട്ടു. ഈ സംഭവത്തിൽ പാർട്ടി പത്രത്തിൽ എ.കെ. ജി.യുടേതായി ഒരു പ്രസ്താവന വന്നു. കെ.പി. നൂറുദ്ദീനാണ് കൊലയാളിയെന്ന് അതിൽ രേഖപ്പെടുത്തിയിരുന്നു. കോടതിവിധി പ്രകാരം നിരപരാധിയായിരിക്കെ തന്നെ കൊലപാതകിയായി ചിത്രീകരിച്ചുവെന്നു കാട്ടി എ.കെ. ജി. ക്കെതിരെ നൂറുദ്ദീൻ പരാതി നൽകി. കോടതി അലക്ഷ്യകേസിൽ എ.കെ. ജി. 200 രൂപയും പത്രാധിപർ 50 രൂപയും പിഴയടയ്ക്കാൻ ഉത്തരവായി. കോടതിയിലെത്തി എ.കെ. ജി. തുക അടയ്ക്കുകയായിരുന്നു. ഈ സംഭവത്തോടെ നൂറുദ്ദീൻ ശ്രദ്ധേയനായി. കുറ്റൂർ മണ്ഡലം പ്രസിഡണ്ടായിരുന്ന നൂറുദ്ദീൻ ഇതോടെ സംസ്ഥാനം മുഴുവൻ അറിയപ്പെട്ടു. എ.കെ.ജി. കടുത്ത അസുഖവുമായി പാലക്കാട്ടെ വസതിയിൽ കിടപ്പിലായപ്പോൾ നൂറുദ്ദീൻ അദ്ദേഹത്തെ വീട്ടിലെത്തിസന്ദർശിച്ചു. എ.കെ.ജിയെ കാട്ടി ചിരിച്ചുകൊണ്ടു ഭാര്യ സുശീലാ ഗോപാലനോട് പറഞ്ഞു, ' ഈ കിടക്കുന്നത് എന്റെ എതിരാളിയാണ്.

കുടിയേറ്റ ഗ്രാമങ്ങളുള്ള പേരാവൂർ മണ്ഡലത്തിൽ നൂറുദ്ദീനെ അറിയാത്തവരാരും ഇല്ല. 1977 മുതൽ ഈ മണ്ഡലത്തിലെ സാമാജികനായിരുന്ന നൂറുദ്ദീനെ അറിയണമെങ്കിൽ ഈ ദേശങ്ങളുടെ പഴയകാലം അറിയണം. മുണ്ടു മാടിക്കുത്തി അരുവികളും പുഴകളും കടന്ന് ജനസേവനത്തിലേർപ്പെട്ട ഈ എംഎ‍ൽഎ. പൂർത്തീകരിച്ചതും തുടങ്ങി വച്ചതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഇവിടെ നിറഞ്ഞു നിൽക്കുകയാണ്. പേരാവൂർ എന്റെ ഊരാണെന്നു നൂറുദ്ദീൻ എന്നും പറയാറുണ്ട്. മണ്ഡലത്തിലൂടെ ബസ്സിൽ സഞ്ചരിക്കുന്ന എംഎ‍ൽഎ. ആയിരുന്നു 1996 വരെ നൂറുദ്ദീൻ. 96 ൽ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ടതിനെ അദ്ദേഹത്തിന്റെ ഭാഷയിൽ പറയുന്നത് ഇങ്ങനെ. 'വച്ച പാത്രത്തിൽ സ്ഥിരമായി വച്ചാൽ രുചി കാണില്ല. ' സ്ഥിരമായി ഒരാൾ തന്നെ ഒരു മണ്ഡലത്തിൽ ജനപ്രതിനിധിയായാൽ ജനങ്ങൾക്ക് മടുക്കുമെന്നാണ് നൂറുദ്ദീൻ ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൂടുതൽ തവണ മത്സരിക്കാൻ തയ്യാറെടുത്തവരെ നൂറുദ്ദീൻ ഓർമ്മിപ്പിച്ചതും ഈ വാക്കുകളായിരുന്നു.

രണ്ടുപേർ സംസാരിച്ചു പിരിയുമ്പോൾ പല ഉപചാരവാക്കുകളും പറയും, ...എന്നാൽ ശരി, പിന്നെ കാണാം, ഓകേ.... നൂറുദ്ദീനുമായി കണ്ടുമുട്ടി വേർപിരിയുമ്പോൾ അദ്ദേഹം പതിവായി പറയുന്നത് ഇങ്ങനെയാണ്: ' എന്നാൽ ആ രീതിയിൽ മുന്നോട്ടു പോകാം'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP