Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പിരിറ്റ് ഇൻ ജീസസ് നിരോധിക്കുന്നത് എന്തുകൊണ്ട്? കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ്ണ രൂപം

സ്പിരിറ്റ് ഇൻ ജീസസ് നിരോധിക്കുന്നത് എന്തുകൊണ്ട്? കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ്ണ രൂപം

കേരള കത്തോലിക്കാ സഭയിൽ ആത്മീയ നവീകരണരംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു പോരുന്ന ഒരു പ്രസ്ഥാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. ഈ പ്രസ്ഥാനം ശ്രീ ടോം സഖറിയായുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സൂര്യ നെല്ലിയിൽ ആരംഭിച്ച് ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കത്തോലിക്കർക്കു പുറമേ ഇതര സഭാംഗങ്ങളും ഈ പ്രസ്ഥാനത്തിൽ ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒരു സഭയുടെയും പ്രത്യേക നിയന്ത്രണത്തിന് വിധേയമാകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അല്മായർ നേതൃത്വം കൊടുക്കുന്നതുമാണ് ഈ പ്രസ്ഥാനം. ഇവർ പരിശുദ്ധ കുർബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി പരിപോഷിപ്പിക്കുന്നുെണ്ടങ്കിലും കത്തോലിക്കാ സഭയുടെ അടിസ്ഥാന പരമായ വിശ്വാസ വിഷയങ്ങളിൽ വി. ഗ്രന്ഥത്തിനും, സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും നിരക്കാത്ത ചില പ്രബോധനങ്ങൾ വച്ചുപുലർത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും പ്രസ്ഥാനത്തിന്റെ ജിഹ്വയായ 'ഇതാ നിന്റെ അമ്മ' എന്ന മാസികയിലൂടെയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. സ്വകാര്യ വെളിപാടുകൾക്കാണ് സഭയുടെ

ഔദ്യോഗിക പ്രബോധനങ്ങളെക്കാൾ കൂടുതൽ പ്രധാന്യം നല്കുന്നത്.

സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ അബദ്ധ ജടിലമായ ചില ഉപദേശങ്ങൾവഴി വിശ്വാസികളെ വഴിതെറ്റിക്കുന്നത് കേരളമെത്രാൻ സമിതി അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പലരും വിശ്വാസവൈപരീത്യങ്ങളിൽ ചെന്നു പതിക്കാനിടയുള്ളതു കൊണ്ട് വിശ്വാസികൾക്ക് മുറിയിപ്പു നല്‌കേണ്ടത് ഇടയന്മാർ എന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. മരണാനന്തരജീവിതം, ഇതര മതങ്ങളോടുo സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ചാണ് കൂടുതൽ അബദ്ധോപദേശങ്ങളും. അതിനാൽ ഇത്തരം വിഷയങ്ങളിൽ സഭയുടെ നിലപാടു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

1. തനതു വിധി

തനതു വിധിയില്ല, പൊതുവിധി മാത്രമേയുള്ളൂവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നത്. അതിനാൽ നരകത്തിൽ പോയവർക്കും നിത്യ വിധിയുടെ സന്ദർഭം വരെ മാനസാന്തരത്തിന് സമയമുണ്ടെന്ന് അവർ പ്രബോധിപ്പിക്കുന്നു. എാൽ കത്തോലിക്കാസഭയുടെ പ്രബോധനം ഇതാണ്:

ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്‌കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യ ജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു. (CCC 1021). ഒരാൾ മരിച്ചാൽ ഉടൻതന്നെ സ്വർഗ്ഗത്തിനോ, നരകത്തിനോ, ശുദ്ധീകരണ സ്ഥലത്തിനോ അർഹനായിത്തീരുമെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽതന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്റെ അമർത്യമായ ആത്മാവിൽ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു: ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം (CCC1022).

2. നരകം നിത്യ മല്ല?

പൊതുവിധിവരെ നരകം നിത്യമല്ല; മാനസാന്തരത്തിനും ദൈവകൃപയിലേക്ക് തിരികെ വരുന്നതിനും അവസരമുണ്ട് എന്നിങ്ങനെ സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ പ്രബോധനം വളരെ വ്യക്തമാണ്: മനസ്തപിച്ച് ദൈവത്തിന്റെ കരുണാർദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരക പാപത്തിൽ മരിക്കുക എന്നതിന്റെ അർത്ഥം, നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരംഎന്നേക്കുമായി ദൈവത്തിൽനിന്ന് വേർപെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടുംവാഴ്‌ത്തപ്പെട്ടവരോടും ഉള്ള സംസർഗത്തിൽ നിന്ന് സുനിശ്ചിതമായി നമ്മെ വേർപെടുത്തിനിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC1033).

നരകത്തെ പല സംജ്ഞകൾകൊണ്ടാണ് വി. ഗ്രന്ഥം വിവക്ഷിക്കുക. നിത്യാഗ്‌നി (മത്താ25:41), നിത്യ ശിക്ഷ (മത്താ 25:46), ലജ്ജയും നിത്യനിന്ദയും (ദാനി 12:2), അഗ്‌നിജ്ജ്വാലയും യാതനയും (ലൂക്കാ 16:23 24), നിത്യനാശം (2 തെസ്സ 1:9), ഒരിക്കലും അവസാനിക്കാത്ത പീഡനം(വെളി 14:11), എരിഞ്ഞുകൊണ്ടിരിക്കുന്ന ഗന്ധകത്തടാകം (വെളി 20:10) എന്നിവയെല്ലാം നിത്യനരക ത്തിന്റെ പ്രതീകങ്ങളാണ്.

ബുദ്ധിഹീനകളായ കന്യകകൾക്കും (മത്താ 25:1113) നിരുത്തരവാദിത്വപര മായി പെരുമാറിയ ഭൃത്യനും (മത്താ 24:51) വിവാഹവസ്ത്രം ധരിക്കാതെ വിരുന്നുശാലയിൽ പ്രവേശി ച്ചവനും (മത്താ 22:13) വേറൊരവസരം കിട്ടിയില്ല എന്നോർക്കേണ്ടതുണ്ട്.ലാസറിന്റെയും ധനവാന്റെയും ഉപമയിൽ, ധനവാന്റെ യാചനയ്ക്ക് അബ്രഹാം നല്കുന്ന ഉത്തരവും പ്രസക്തമാണ്: ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ഒരഗാധമായ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല. (ലൂക്ക 16:26)

3. നരകവും പാതാളവും തമ്മിലുള്ള അന്തരം

സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ നരകത്തെയും പാതാളത്തെയും സമമായി കാണുന്നതുകൊണ്ടാണ് യേശു മരിച്ച് പാതാളത്തിലിറങ്ങി എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യേശു നരകം സന്ദർശിച്ചു എന്നു വാദിക്കുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ ചെറുതും വലുതുമായ പല വിശ്വാസപ്രമാണങ്ങളും രൂപപ്പെട്ടു. അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം, അല്ലെങ്കിൽ ജ്ഞാനസ്‌നാന വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന വിശ്വാസപ്രമാണത്തിലാണ് ഈ പ്രയോഗം കാണുന്നത്. എന്നാൽ, നിഖ്യാവിശ്വാസപ്രമാണത്തിൽ ഈ പ്രയോഗം കാണുന്നില്ലായെുള്ളതും സമർത്തവ്യമാണ്.

ഹീബ്രുഭാഷയിൽ ഷെയോൾ എന്നും ഗ്രീക്ക് ഭാഷയിൽ ഹാദെസ് എന്നുമുള്ള സംജ്ഞകളാണ്പാതാളത്തെ വിവക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലുള്ള അന്ധകാരാവൃതവും ശൂന്യവുമായ ഒരു സ്ഥലമായി പാതാളത്തെ ഇസ്രയേൽ ചരിത്രത്തിന്റെ പ്രാരംഭദശയിൽ കരുതിയിരുന്നു.

(ജോബ് 10:2122). എന്നാൽ, പില്ക്കാലത്ത് ഗ്രീക്കുചിന്താധാരകളുമായുള്ള പാരസ്പര്യംവഴി, നന്മ ചെയ്തവർക്കും തിന്മ പ്രവർത്തിച്ചവർക്കും ഒരേ ഫലമാണ് ലഭിക്കുന്നതെങ്കിൽ, അതു ദൈവനീതിക്ക് നിരക്കാത്തതാണെന്ന നവീനചിന്ത ഉദ്ഭവിച്ചു. ബി.സി രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ദാനിയേലിന്റെ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരും; ചിലർ നിത്യ ജീവനായും; ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭ പോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുവർ നക്ഷത്രങ്ങളെപ്പോലെഎന്നുമെന്നും പ്രകാശിക്കും (ദാനി 12:23). മരിച്ച നീതിമാന്മാരുടെ സ്ഥിതി ജീവനോ സന്തോഷമോദൈവസ്തുതിപ്പോ ഇല്ലാത്ത ഇരുട്ടറയിൽ (സങ്കീ 88:512) അല്ല, പ്രത്യുത ഭൂമിയിൽ നന്മ പ്രവർത്തിച്ചവർ അബ്രഹാമിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്നു എന്ന ആശയത്തിലേക്ക് പുതിയനിയമ കാലത്ത് വളർച്ച ഉണ്ടായി (ലൂക്കാ 16:2223). നിത്യ നരകത്തെ സൂചിപ്പിക്കുവാൻ ഗേഹാ എന്ന പദമാണ് ഉപയോഗിച്ചി രുന്നത് (സീയോന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഗാധമായ ഒരു താഴ്‌വരയാണ് ഗഹിന്നോം).യേശു പാതാളത്തിൽ ഇറങ്ങി എന്ന പ്രയോഗം കൊണ്ട് നാം അർത്ഥമാക്കേണ്ടത് യേശു യഥാർത്ഥത്തിൽ മരിച്ചുവെന്നാണ്, അല്ലാതെ യേശു നരകം സന്ദർശിച്ചുവെന്നല്ല.

4. നരകത്തിൽ സുവിശേഷഘോഷണമോ?

1 പത്രോ 3:1820നെ അധികരിച്ചാണ് യേശു മരണ ശേഷം ആത്മാവിൽ പാതാളത്തിലേക്കിറങ്ങി യും മരിച്ചവരോട് സുവിശേഷം അറിയിച്ച് ബന്ധിതരായിരുന്ന ആത്മാക്കളെ മോചിപ്പിച്ചെന്നും അതിനാൽ മരണശേഷവും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും സ്പിരിറ്റ് ഇൻ ജീസസ് വാദിക്കുന്നത്. ആത്മാവോടുകൂടെ ചെന്ന് അവൻ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു.അവരാകട്ടെ നോഹിന്റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോൾ ക്ഷമാപൂർവ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു.

വീണ്ടും 1 പത്രോ 4:6 ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എന്തെന്നാൽ, ശരീരത്തിൽ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്. ഈ വാക്യങ്ങൾ വേദവ്യാഖ്യാതാക്കൾക്കിടയിൽ വലിയ സംവാദങ്ങൾക്കു വഴി തെളിച്ചിട്ടുണ്ട്. സമീപകാലത്ത് വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ഈ വാക്യങ്ങങ്ങൾ സംബന്ധിച്ചു നല്കിയ വിശദീകരണം താഴെ കൊടുക്കുന്നു:

(1) യേശു പാതാളത്തിലിറങ്ങി എന്ന പ്രഖ്യാപനത്തിൽ അവൻ യഥാർത്ഥത്തിൽ മരിച്ചു എന്നവിശ്വാസസത്യമാണ് പ്രഖ്യാപനം ചെയ്യുന്നത്. യേശു മരിച്ച് അടക്കപ്പെട്ടു എന്നത് യേശുവിന്റെ പൂർണ്ണമനുഷ്യ സ്വഭാവത്തെ വിശദമാക്കുന്നു; (2) യേശുവിന്റെ കുരിശിലെ ബലിയിലൂടെ ലഭിച്ച വരപ്രസാദം യേശുവിന്റെ മരണത്തിനു മുമ്പ് മരണമടഞ്ഞ സകല നീതിമാന്മാർക്കും നീതിമതികൾക്കും ലഭിച്ചുവെന്ന തിന്റെ പ്രതീകാത്മകമായ ആഖ്യാനമാണ് ഈ പ്രഖ്യാപനം; (3) യേശു മരണശേഷം നിത്യ ശിക്ഷ യുടെ സ്ഥലമായ നരകം സന്ദർശിക്കുകയോ, അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല.

യേശു നരകം സന്ദർശിച്ചെന്നും നരകവാസികളെ രക്ഷിച്ചുവെന്നുമുള്ളത് കത്തോലിക്കാവിശ്വാസികൾക്ക് സ്വീകാര്യമല്ല. സഭാപാരമ്പര്യത്തിൽ യേശുവിന്റെ പാതാളത്തിലെ സുവിശേഷപ്രഘോഷണം ഉയർപ്പിന്റെ പ്രഖ്യാപനമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ പ്രഖ്യാപനം ആദാമും ഹവ്വായും മുതൽ നിദ്രയടഞ്ഞിട്ടുള്ള എല്ലാ നീതിമാന്മാരെയും അവരുടെ നിദ്രയിൽ നിന്നുണർത്തി, യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും യോഗ്യതകളിൽ അവരെ പങ്കുകാരാക്കി. ഫിലി 2:911ൽ നാം വായിക്കുന്നു: ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. അത് യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തി ലുമുള്ള സകലരും മുട്ടുമടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെ് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

പൗരസ്ത്യ സഭകളിൽ പ്രചാരത്തിലുള്ള യേശുവിന്റെ പാതാള സന്ദർശനം ചിത്രീകരിച്ചിരിക്കുന്ന ഐക്കണിന്റെ പേര് പാതാളത്തിന്റെ ഉഴുതുമറിക്കൽ എന്നാണ്. ഇങ്ങനെ വി. ഗ്രന്ഥവും പാരമ്പര്യവും തറപ്പിച്ചു പറയുന്നുണ്ട്, യേശുവിന്റെ പാതാള സന്ദർശനം പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള ദൈവികനീതി യുടെ ആത്യന്തിക വിജയവും നീതി മാന്മാർക്ക് ഉയിർപ്പും നിത്യജീവനും ഉറപ്പാക്കിയ സംഭവവുമാണെന്ന്. ഇതാണ് പാതാളത്തിലെ സുവിശേഷഘോഷണം എന്ന പ്രയോഗത്തിന്റെ പൊരുൾ.

5. പൂർവ്വപിതാക്കളുടെ പാപഫലം പിൻതലമുറയിലേക്ക്

നിത്യരക്ഷ കിട്ടാതെ യാതനയനുഭവിക്കുന്ന പൂർവ്വപിതാക്കളുടെ പാപഫലം അനന്തര തലമുറക ളിലേക്ക് ശാപമായി ഒഴുകിയെത്തുന്നുണ്ടെന്നും അതിനാൽ അവർക്ക് ശാപമോക്ഷം ലഭിക്കാതെ ചിലകുടുംബങ്ങളിലെ കഷ്ടനഷ്ടങ്ങളും മാറാരോഗങ്ങളും വിട്ടുമാറുകയില്ലെന്നും സ്പിരിറ്റ് ഇൻ ജീസസ്പഠിപ്പിക്കുന്നു. പഴയനിയമത്തിലെ ചില മര്യാദകൾ തെറ്റായി വ്യഖ്യാനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ കാഴ്ചപ്പാട് എസക്കിയേൽ ദീർഘദർശി തന്നെ തിരുത്തിയിട്ടുണ്ട്. പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു; മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രയേൽ ജനത്തെക്കുറിച്ചുള്ള പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്? (എസെ 18:12). ദൈവത്തിന്റെ തിരുത്തൽ ഇപ്രകാരമായിരുന്നു: പുത്രൻ പിതാവിന്റെ തിന്മകൾക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കു വേണ്ടിയോ ശിക്ഷിക്കപ്പടുകയില്ല. നീതിമാൻ നീതിമാന്റെ പ്രതിഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും (എസെ 1:20). വീണ്ടും, ഇസ്രയേൽ ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തിക്കുനുസൃതമായി ഞാൻ വിധിക്കും (എസെ 1:30) എന്നും പറഞ്ഞിരിക്കുന്നു.

പുതിയ നിയമത്തിലും ഇതേ സത്യമാണ് യേശു പ്രഖ്യാപിച്ചത്: മനുഷ്യ പുത്രൻ സ്വപിതാവിന്റെമഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊത്ത് വരാനിരിക്കുന്നു. അപ്പോൾ അവൻ ഒരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നൽകും (മത്താ 16:27; റോമാ 2:6). വെളിപാടുപുസ്തകംഒരു വാഗ്ദാനത്തിലാണ് സമാപിക്കുന്നത്: ഇതാ ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തപ്രവൃത്തികൾക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാൻ വരുന്നത് (വെളി 22:12).

യേശുക്രിസ്തു പാപത്തിൽ നിന്നും (2 കോറി 5:21) ശാപത്തിൽ നിന്നും (ഗലാ 3,13) നമ്മെ മോചിപ്പിച്ചിരി ക്കുന്നതിനാൽ പൂർവികരുടെ പാപവും ശാപവും നമുക്കു പ്രസക്തമല്ല. പൂർവപിതാക്കളുടെ പാപംപിൻതലമുറകളിലേക്കു പടരുമെന്നും ശാപമായി തുടരുമെന്നും പഠിപ്പിക്കുന്നത് ക്രിസ്തുവിന്റെരക്ഷാകരകർമത്തെ തള്ളിപ്പറയുന്നതിനുതുല്യമാണ്. അതിനാൽ, യേശുവിന്റെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ടവരെ പൂർവ്വ പിതാക്കന്മാരുടെ ചെയ്തികൾ ബാധിക്കില്ല.

6. സാംസ്‌കാരികാനുരൂപണവും ഇതര മത ദൈവ ശാസ്ത്രവും

സാംസ്‌കാരികാനുരൂപണം വഴി ദൈവരാജ്യം തകർക്കപ്പെടുമെന്നും അതിലൂടെ പൈശാചികസ്വാധീനം വിശ്വാസികളിലേക്ക് കടന്നുവരുമെന്നുമാണ് സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നത്.ദൈവത്തിന്റെ നിത്യമായ വചനം മാംസം ധരിച്ച് മനുഷ്യനായി പിറന്നു എന്നതും പന്തിയോസ് പീലാ ത്തോസിന്റെ കാലത്ത് പീഡകളേററു മരിച്ചു എന്നതും മഹത്ത്വത്തോടെ ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്കുകരേറി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നതുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. വീണ്ടെടുക്കപ്പെട്ട സകല ജനപദങ്ങളെയും (ലൂക്കാ 1:68) തന്റെ മഹത്ത്വത്തലേക്ക് ചേർക്കുന്നതിന് അവിടന്ന് വീണ്ടും വരും (യോഹ 14:3). എല്ലാ ജനപദങ്ങളും യേശുക്രിസ്തുവിലൂടെയുള്ള ദൈവിക രക്ഷപ്രാപിക്കണമെന്നതാണ് ദൈവേഷ്ടം (1 തിമോ 2:34). ഏതെങ്കിലും ഭാഷയോസംസ്‌കാരമോ വംശമോ രക്ഷയിലേക്കുള്ള ഈ വിളിയിൽ നിന്ന് വിദൂരത്തല്ല. രക്ഷയുടെ സുവിശേഷം സ്വീകരിക്കുന്നതിന് ഏതെങ്കിലും പ്രത്യേകമായ ഒരു ദേശത്തിന്റെയോ ജനതയുടെയോ സംസ്‌കാരം സ്വീകരിക്കേണ്ടതുമില്ല. അതിനാൽ, സംസ്‌കാരികാനുരൂപണം വിശ്വാസ പ്രഘോഷണത്തിന്റെ അവിഭാജ്യഘടകമാണ്.

യേശുവിലൂടെയും യേശു സ്ഥാപിച്ച സഭയിലൂടെയും കൈവരുന്ന രക്ഷയെക്കുറിച്ച് സഭ പഠിപ്പിക്കുമ്പോൾ ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും ആദരപൂർവമാണ് സഭ വീക്ഷിക്കുന്നത്. അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാസഭയുടെ സമീപനത്തെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗസിൽ പുറപ്പെടുവിച്ച പ്രമാണ രേഖയിൽ ഇത് വ്യക്തമാക്കുന്നു: 'ഒരൊറ്റ സമൂഹത്തിൽപ്പെട്ടവരാണ് എല്ലാ ജനങ്ങളും. അവരുടെ ഉദ്ഭവ സ്ഥാനവും ഒന്നുതന്നെ.കാരണം, മനുഷ്യ വംശത്തെ ഭൂമുഖം പരക്കെ നിവസിപ്പിച്ചത് ദൈവമാണ്. എല്ലാ മനുഷ്യരുടെയുംആത്യന്തികലക്ഷ്യവും ഒന്നു തന്നെ, ദൈവം. അവിടത്തെ പരിപാലനയും നന്മയുടെ ആവിഷ്‌കാരങ്ങളും രക്ഷാകര പദ്ധതികളും എല്ലാവരെയും സമാശ്ലേഷിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദൈവമഹിമയാൽ പ്രദീപ്തമായ പരിശുദ്ധ നഗരത്തിൽ സമ്മേളിക്കുതുന്നവരെ ഇതു തുടർന്നുകൊേണ്ടയിരിക്കും. അവിടെ സമസ്തജനതകളും ദൈവിക പ്രകാശത്തിലായിരിക്കും സഞ്ചരിക്കുന്നത്' 'സുവിശേഷം സ്വീകരിക്കാത്തവരും ദൈവജനത്തോട് വിവിധ രീതികളിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. … സ്രഷ്ടാവായ ദൈവത്തെ ഏറ്റുപറയുവരും അവിടത്തെ പരിത്രാണ പദ്ധതിയിലുൾപ്പെടുന്നു… ഛായകളിലും പ്രതിരൂപങ്ങളിലുംകൂടി അജ്ഞാതനായ ദൈവത്തെ അന്വേഷിക്കുവരിൽ നിന്ന് അവിടുന്ന് വിദൂരത്തല്ല. കാരണം, എല്ലാവർക്കും ജീവനും പ്രചോദനവും എന്നു വേണ്ട സകലതും പ്രദാനം ചെയ്തിരിക്കുന്നത് അവിടുന്നാണ്(അപ്പ: 17/25 28). സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നാണ് രക്ഷകനായ ദൈവത്തിന്റെ അഭിലാഷം(1 തിമോ 2:4). സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടത്തെ സഭയെയും അറിയാതിരിക്കുകയും, അതേസമയം ആത്മാർത്ഥഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയുംമന:സാക്ഷി യുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്കനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാം'ക്രിസ്തു മരി ച്ചത് എല്ലാവർക്കും വേണ്ടിയാണ്… തന്മൂലം എല്ലാ മനുഷ്യർക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാദ്ധ്യത ദൈവത്തിനുമാത്രം ഗ്രാഹ്യമായ രീതിയിൽ പവിത്രാത്മാവു നല്കുന്നുെണ്ട് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു

ഇതര മത ദൈവ ശാസ്ത്രചിന്തകളുടെ നല്ല വശങ്ങളെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയുംചെയ്യുന്ന സമീപനമാണ് സഭ വച്ചുപുലർത്തുന്നത്. 'ഇതര മതങ്ങളിൽ കാണുന്ന സത്യവുംവിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസ്സഭ തിരസ്‌കരിക്കുില്ല. മറ്റ് മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുവയിൽ നിന്ന് പലതു കൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസ്സഭ അവയെയെല്ലാം ആത്മാർത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം, സർവ്വമനുഷ്യ രെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്. 'വചനമാകുന്ന
ബീജത്തിലൂടെയും സുവിശേഷഘോഷണത്തിലൂടെയും എല്ലാ മനുഷ്യരെയും ക്രിസ്തുവിലേക്ക് വിളിക്കുകയും വിധേയത്വ പൂർണ്ണമായ വിശ്വാസം അവരുടെ ഹൃദയങ്ങളിൽ ഉണർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നാം മറക്കരുത്. 'മനുഷ്യരുടെ ഹൃദയത്തിലും മനസ്സിലും എന്തെല്ലാം നന്മയുണ്ടോ, വിവിധ റീത്തുകളിലും ജനങ്ങളുടെ സംസ്‌കാരങ്ങളിലും എന്തെല്ലാം അഭിലഷ ണീയമായിട്ടുേണ്ടാ, അതെല്ലാം അഭംഗുരം കാത്തുസൂക്ഷിക്കാൻ മാത്രമല്ല, അവ വളർത്തിയെടുക്കാനും അവയെ ന്യൂനതയറ്റതും ഉതവും പരിപൂർണ്ണവുമാക്കാനുമാണ് സഭ പരിശ്രമിക്കുന്നത്'

ദൈവത്തെ അംഗീകരിക്കുകയും മതത്തിന്റെയും മനുഷ്യ വർഗ്ഗത്തിന്റെയും അമൂല്യങ്ങളായഘടകങ്ങളെ തങ്ങളുടെ പാരമ്പര്യങ്ങളിൽ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവരുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും സഭ നമ്മെ ആഹ്വാനം ചെയ്യുന്നു.

'ജനപദങ്ങളുടെ ഇടയിൽ കാണപ്പെടുന്ന സത്യത്തിന്റെയും കൃപയുടെയും അംശങ്ങളെ ദൈവ ത്തിന്റെ രഹസ്യ സാിദ്ധ്യമായി സഭ കാണുു അതോടൊപ്പം തങ്ങളുടെ ദേശീയവും മതപരവുമായ പാരമ്പര്യ ങ്ങളെ അടുത്തറിയാനും അവയിൽ മറഞ്ഞുകിടക്കുന്ന ദൈവവ ചനത്തിന്റെ വിത്തുകൾ സന്തോഷത്തോടും ആദരവോടും കൂടി ആരായാനും സഭ ആവശ്യപ്പെടുന്നുണ്ട്.
ഇതര മത ദൈവശാസ്ത്രങ്ങളോട് തുറ സമീപനം സ്വീകരിച്ച സഭ ഇതിനെ പ്രോത്സാഹിപ്പി ക്കുവാൻ സഹായകമായ രീതിയിൽ 1964ൽ അക്രൈസ്തവ മതങ്ങൾക്കായി ഒരു കാര്യാലയം സ്ഥാപിച്ചുവെന്ന തും നമ്മുടെ ശ്രദ്ധയാകർഷിക്കുു. ലോകമതങ്ങളുടെ പ്രഭവസ്ഥാനമായ ഏഷ്യയുടെ
പ്രത്യേക പശ്ചാത്തലത്തിൽ ഇതര മതങ്ങ ളുമായുള്ള ഭാവാത്മാകബന്ധത്തെ സഭ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതരമതങ്ങളോട് തുറവുപുലർത്തുകയും അവയുമായിസംവാദത്തിലേർപ്പെടുകയും ചെയ്യുന്നതുവഴി, ലോകരക്ഷകനായ ക്രിസ്തുവിനെയും ക്രിസ്തുവി ലൂടെ മനുഷ്യവർഗത്തിനു നല്കപ്പെട്ടിരിക്കുന്ന രക്ഷയുടെ മാർഗത്തെയും പ്രഘോഷിക്കുന്നതിനു കടപ്പെട്ടവരാണ് നമ്മൾ.

7. വേദപുസ്തക വ്യാഖ്യാനങ്ങൾ

വേദ പുസ്തകത്തെ അതിന്റെ സമഗ്രതയിൽ കാണാതെ വാച്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന രീതി (പെന്തക്കോസ്ത് ശൈലി) സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രത്യേകതയാണ്.സഭ വിശ്വാസത്തിന്റെ സ്രോതസ്സായി വേദപുസ്തകത്തെയും പാരമ്പര്യത്തെയും കാണുന്നു.പരിശുദ്ധാത്മനിവേശനത്താൽ ദൈവ വചനത്തെ ലിഖിതരൂപത്തിലാക്കിയതു പോലെ സത്യാത്മാവിന്റെ പ്രകാശത്താൽ ദൈവവചനം പ്രസംഗിച്ചുകൊണ്ട് അതിനെ വിശ്വസ്തതയോടെ പാലിക്കാനും വിശദീകരിക്കാനും, പ്രചരിപ്പിക്കാനും പിതാക്കന്മാർ നടത്തിയിട്ടുള്ള ശ്രമങ്ങളെ സഭ ആദരവോടെയാണ് കാണുന്നു. വേദപു സ്തകത്തെയും പാരമ്പര്യത്തെയും ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ചുമതല സഭയുടെ പ്രബോധനാധികാരത്തിന് ലൽകപ്പെട്ടിരിക്കുന്നു. അതിനാൽ വി. പാരമ്പര്യവും, വി.ലിഖിതങ്ങളും, സഭയുടെ പ്രബോധനാധികാരവും ദൈവത്തിന്റെ അതിവിശിഷ്ടമായ സംവിധാനത്തിൽഅപരിത്യാജ്യമായ വിധത്തിൽ പരസ്പരം ബന്ധിതങ്ങളാണ്. തന്മൂലം ഒന്ന് മറ്റൊിൽ നിന്ന് വേർപ്പെട്ട് നിൽക്കുക സാദ്ധ്യമല്ല. പ്രത്യുത എല്ലാം ഒരുമിച്ച് എന്നാൽ ഓരോന്നും സ്വന്തം രീതിയിൽ ഒരേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ആത്മരക്ഷ കൈവരുത്താൻ ഫലപ്രദമായി സഹായിക്കുന്നു.ദൈവം മനുഷ്യർ വഴിയും മാനുഷികമായ രീതിയിലുമാണ് സംസാരിച്ചിരിക്കുന്നത്. ഇത് വ്യത്യസ്തങ്ങളായ ചരിത്ര രചനകളിലൂടെയോ പ്രവചനരൂപത്തിലോ, കാവ്യരൂപത്തിലോ, മറ്റേതെങ്കിലുംസാഹിത്യരൂപത്തിലോ ഉള്ള രചനകളിലൂടെയോ ആകാം. അതിനാൽ വി. ഗ്രന്ഥകാരന്മാർ എഴുതിയ
വചനങ്ങ ളിലൂടെ ദൈവം നമുക്ക് നൽകുന്ന സന്ദേശത്തെ തിരിച്ചറിയാൻ വേദപുസ്തക വ്യാഖ്യാതാക്കൾ ശ്രമിക്കണം. അതിന് സഹായകമായ വിധത്തിൽ വി. ഗ്രന്ഥകാരന്മാർ 'ജീവിച്ച കാലഘട്ടത്തി ന്റെയും സംസ്‌കാരത്തിന്റെയും അവരുടെ കാലത്തെ സാഹിത്യ രൂപത്തിന്റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്റെയും ആഖ്യാനത്തിന്റെയും രീതികളും നാം ശ്രദ്ധിക്കണം (CCC 110).

വേദ പുസ്തകവാക്യങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കാൻ വി. ഗ്രന്ഥത്തിന്റെ ആകെയുള്ളഉള്ളടക്കവും പൊരുത്തവും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നത് സഭ മുഴുവനിലും ജീവിക്കു പാരമ്പര്യവും വിശ്വാസസത്യങ്ങൾ തമ്മിലുള്ള പൊരുത്തവും പരിഗണിച്ചുകൊണ്ടാണ്. വി.ഗ്രന്ഥവ്യാഖ്യാതാക്കൾ ഈ തത്വങ്ങൾ പാലിച്ച് വി. ലിഖിതങ്ങളുടെ കൂടുതൽ അഗാധമായ അറിവിനും പ്രകാശനത്തിനും വേണ്ടി പരിശ്രമിക്കണം.

8. വിശ്വാസവൈപരീത്യങ്ങളും സഭയും

വ്യക്തികൾക്ക് ലഭിക്കുന്ന ദർശനങ്ങളിലെ ദൈവാത്മാവിന്റെ പ്രചോദനം പഠിക്കുകയും ഉചിത മെങ്കിൽ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സഭ എക്കാലവും അവലംബിച്ചിട്ടുള്ളത്.വ്യക്തികൾക്ക് ലഭിക്കുന്ന സ്വകാര്യ വെളിപാടുകളുടെ ലക്ഷ്യം ക്രിസ്തുവിലൂടെ അന്തിമമായി നല്ക
പ്പെട്ട വെളിപാടിനെ മെച്ചപ്പെടുത്തുകയോ, പൂർത്തീകരിക്കുകയോ അല്ല, പ്രത്യുത ചരിത്രത്തിന്റെ ഒരുപ്രത്യേക ഘട്ടത്തിൽ ക്രിസ്തുവിന്റെ വെളിപാടിനനുസൃതമായി കൂടുതൽ പൂർണ്ണമായി ചെയ്യാൻ സഹായിക്കുക എന്നതാണ്. അത്തരം സ്വകാര്യ വെളിപാടുകളിൽ ഏതെല്ലാമാണന്നന്ന് ക്രിസ്തുവിന്റെയോ, അവിടുത്തെ വിശുദ്ധന്മാരുടെയോ, സഭയിലേക്കുള്ള യഥാർത്ഥ ആഹ്വാനം ഉൾക്കൊള്ളുതെ് വിവേചിച്ചറിഞ്ഞ്, അതിനെ സ്വീകരിക്കാൻ സഭയുടെ പ്രബോധനാധികാരത്താൽ നയിക്കപ്പെടുന്ന വിശ്വാസികളുടെഅവബോധത്തിന് കഴിയും (CCC 67).

സഭയിൽ കണ്ടുകൂടാവുന്ന വിശ്വാസവൈപരീത്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടു വി. പൗലോസ്എഴുതി: ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ, സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകെട്ട (ഗാലാ 1: 8). വി. പത്രോസും ശക്തമായ ഭാഷയിലാണ് ആദിമസഭയെ പഠിപ്പിച്ചത്: വിശുദ്ധ ലിഖിതങ്ങളിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തി നുള്ളതല്ല. എന്തുകൊന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയാൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രേരിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചതാണ് (2 പത്രോ: 1:2021). സഭയുടെ വിശ്വാസനിക്ഷേപം അഭംഗുരം കാത്തുസൂക്ഷിക്കുക പ്രത്യേകിച്ചും പ്രാദേശിക സഭയിലെമെത്രാൻ സമിതിയുടെ ഗൗരവമേറിയ ചുമതലയാകുന്നു.

9. കേരള കത്തോലിക്കാ സഭയും സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനവും

ആദ്യ കാലങ്ങളിൽ സഭയോടൊത്തു പ്രവർത്തിച്ചെങ്കിലും വി. ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും ഇണങ്ങാത്ത പ്രബോധനങ്ങൾ സ്പിരിറ്റ് ഇൻ ജീസസിൽ നിന്നുണ്ടായപ്പോൾ സഭ ജാഗ്രതയോടെഅവരെ നിരീക്ഷിക്കാൻ തുടങ്ങി. സഭാഗാത്രത്തിലെ ഒരംഗംപോലും നഷ്ടമാകാതിരിക്കാൻസഭാമാതാവ് എന്നും ആഗ്രഹിക്കുുണ്ട്. സത്യ വിശ്വാസത്തിൽനിന്നും വ്യതിചലിക്കുവരുടെ മാനസാന്തരത്തിനു വേണ്ടി സഭ പല തലങ്ങളിൽ പ്രാർത്ഥനയും ഉപവാസവും പരി ത്യാഗപ്രവർത്തനങ്ങളുംനടത്തിയിരുന്നു. സഭാഗാത്രത്തിലെ ഒരംഗം നഷ്ടമാകുമ്പോൾ സഭ മുഴുവനും വേദനിക്കുന്നു എന്ന അപ്പസ്‌തോലദർശനമാണ് സഭയുടെ നിത്യമായ പ്രേരണയും പ്രചോദനവും.

സീറോ മലബാർ സഭയുടെ മെത്രാൻ സമിതി ആദ്യമായി സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനവുമായിഒരു അനുനയ ചർച്ചയിൽ ഏർപ്പെടാൻ ശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. എന്നാൽ ഏതാനുംവർഷങ്ങൾക്കുള്ളിൽ കേരളത്തിലെ പല രൂപതകളിലേക്കും അവരുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ കെസിബിസി അതിന്റെ ദൈവശാസ്ത്ര കമ്മീഷനെ സ്പിരിറ്റ് ഇൻ ജീസസ് നേതാക്കളുമായി സംഭാഷണത്തിൽ ഏർപ്പെടാൻ നിയോഗിച്ചു. ദൈവശാസ്ത്ര കമ്മീഷനും സ്പിരിറ്റ് ഇൻ ജീസസ് നേതൃത്വവുംതമ്മിൽ നടത്തിയ ഡയലോഗുകളിൽ ഉണ്ടായ ധാരണയനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനും പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും ഒരു വൈദി കനെ നിരീക്ഷകനായി നിയമിച്ചു. കൂടാതെ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നവർക്കു വേണ്ടിതി യോളജി കമ്മീഷനംഗങ്ങൾ സെമിനാർ നടത്തിയെങ്കിലും അവർക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കു കയോ അതിനനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ അദ്ധ്യയനങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്തി ല്ല. ഇതിന്റെയടിസ്ഥാനത്തിൽ സ്പിരിറ്റ് ഇൻ ജീസസി നോട് നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിനെ ക്കുറിച്ചും അവരുടെ പ്രബോധനങ്ങളിലെ ദൈവശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ചും വിശദീകരണം ആവശ്യപ്പെട്ട് 2015 ഏപ്രിൽ 23ന് കെ.സി. ബി.സി ദൈവ ശാസ്ത്ര കമ്മീഷൻ നൽകിയ കത്തിന് മറുപടിനൽകുകയോ, ക്രിയാത്മകമായി കമ്മീഷനോട് സഹകരിക്കുകയോ ചെയ്തില്ല. മാത്രവുമല്ല, പ്രസ്തുതചർച്ചകളുടെ മറവിൽ തെറ്റിദ്ധാരണ വളർത്താനാണ് ഇതിന്റെ നേതാക്കൾ താത്പര്യപ്പെട്ടത്. സ്പിരിറ്റ്ഇൻ ജീസസ് പ്രസ്ഥാനം തിരുസഭയുമായി അനുരഞ്ജനപ്പെട്ടു; എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിച്ച് തിരുസ്സഭ സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനത്തെ അംഗീകരിച്ചു; തുടങ്ങിയ പ്രസ്താവനകളിലൂടെ സാധാരണ വിശ്വാസികളുടെയിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി മനസ്സിലാക്കുന്നു. ഇതെല്ലാം സഭാനേതൃത്വത്തോടും പ്രബോധനങ്ങളോടും ചേർന്ന് പോകാനുള്ള അവരുടെ വിമുഖത വ്യക്തമാക്കുന്നുണ്ട്.

10. വിശ്വാ സികൾക്ക് കെ.സി.ബി.സി യുടെ മുന്നറിയിപ്പ്

മേൽപറഞ്ഞ കാരണങ്ങളാൽ സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനത്തെക്കുറിച്ച് വ്യക്തമായൊരുനിലപാട് സ്വീകരിക്കാൻ തിരുസ്സഭ നിർബന്ധിതമായിരിക്കുകയാണ്. സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനം അതിന്റെ നിലവിലുള്ള രൂപത്തിൽ കത്തോലിക്കാവിശ്വാസവുമായി ഒത്തുപോകുന്നതല്ല. അതിനാൽ ഈപ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും ഇതിനാൽ നിരോധിക്കുന്നു. ഈ പ്രസ്ഥാനവുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്നത് സ ത്യവിശ്വാസത്തിന് വിരുദ്ധ മാണെന്ന്എല്ലാ വിശ്വാസികളെയും സ്‌നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു തുടർന്നു പ്രവർത്തിക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരേ സഭാപരമായ ശിക്ഷണ നടപടികൾ
ബന്ധപ്പെട്ട രൂപതാ കോടതികൾ സ്വീകരിക്കുന്നതാണ്. സത്യവിശ്വാസം സംരക്ഷിക്കാൻ സഭയൊന്നാകെ സംഘാതമായി പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ആരും വിസ്മരിക്കരുത്.

ഉപസംഹാരം

വഴി തെറ്റിപോകുന്നവരോട് കരുണ കാണിക്കാൻ സഭയ്ക്ക് കടമയുണ്ട്. സഭാഗാത്രത്തിൽ നിന്ന് ഒരു വ്യക്തിയെങ്കിലും നഷ്ടപ്പെടുന്നത് വേദനാജനകമാണ്. എങ്കിലും സത്യവിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമാണെന്ന കാര്യവും ഓർമ്മിപ്പിക്കുന്നു.
വിശ്വാസമില്ലാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല (ഹെബ്രാ 13:6). സഭാംഗങ്ങളിൽആരെങ്കിലും മേല്പറഞ്ഞ വിശ്വാസ വ്യതിചലനത്തിന് വിധേയരായിട്ടുെണ്ടങ്കിൽ തെറ്റുതിരുത്തി സത്യവിശ്വാസത്തിലേക്കു തിരികെ വരണമെന്നും സഭാമക്കളെ വഴി തെറ്റിക്കുന്ന അബദ്ധപ്രബോധനങ്ങളിൽ വീണുപോകാതിരിക്കാൻ വിശ്വാസികളേവരും ആത്മീയമായ ജാഗ്രത പുലർത്തണമെന്നുംഅഭ്യർത്ഥിക്കുന്നതോടൊപ്പം സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനും സഭാഗാത്രത്തിലെകൂട്ടായ്മ വർദ്ധമാനമാക്കുന്നതിനുമായി നൽകിയിരിക്കുന്ന ഈ പ്രബോധനങ്ങൾ സഭയിലെ മുഴുവൻ വിശ്വാസികളുടെയും വിശ്വാസപരിപോഷണത്തിനു കാരണമാകട്ടെ എന്ന് പ്രത്യാശിക്കുകയുംപ്രാർത്ഥിക്കുകയും ചെയ്യുന്നു.എല്ലാവരെയും ദൈവികകാരുണ്യത്തിന് സമർപ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി,
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
പ്രസിഡന്റ്, കെസിബിസി

ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം
വൈസ് പ്രസിഡന്റ്, കെസിബിസി

ബിഷപ്പ് ജോസഫ് കരിയിൽ
സെക്രട്ടറി ജനറൽ, കെസിബിസി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP