Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ മാനം കാക്കാൻ ഉറക്കളച്ചും ബഹളും വച്ചും രാജേശ്വരിയുടെ മാനസിക നില തകർന്നു; പെൻക്യാമറയും വെട്ടുകത്തിയുമായി കഴിഞ്ഞിട്ടും ജീവൻ കാക്കാൻ ആയില്ല; പ്രതിയെ ജിഷയ്ക്ക് പരിചയം ഉണ്ടെന്ന് പറയുന്നത് പച്ചക്കള്ളം; ഒരു വർഷത്തിനിടയിൽ ആകെ വിളിച്ചത് 92 പേർ; ജിഷ വധക്കേസിൽ പൊലീസ് പിടിച്ചത് യഥാർത്ഥ പ്രതിയെ തന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിന് അനേകം കാരണങ്ങൾ

മകളുടെ മാനം കാക്കാൻ ഉറക്കളച്ചും ബഹളും വച്ചും രാജേശ്വരിയുടെ മാനസിക നില തകർന്നു; പെൻക്യാമറയും വെട്ടുകത്തിയുമായി കഴിഞ്ഞിട്ടും ജീവൻ കാക്കാൻ ആയില്ല; പ്രതിയെ ജിഷയ്ക്ക് പരിചയം ഉണ്ടെന്ന് പറയുന്നത് പച്ചക്കള്ളം; ഒരു വർഷത്തിനിടയിൽ ആകെ വിളിച്ചത് 92 പേർ; ജിഷ വധക്കേസിൽ പൊലീസ് പിടിച്ചത് യഥാർത്ഥ പ്രതിയെ തന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിന് അനേകം കാരണങ്ങൾ

ബി രഘുരാജ്‌

കൊച്ചി: ജിഷയുടെ കൊലപാതി അമീറുൽ ഇസ്ലാം ആണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും സോഷ്യൽ മീഡിയ ചർച്ചയിലാണ്. അവർ പല സംശയങ്ങളും സജീവമാക്കുന്നു. ഒറ്റനോട്ടത്തിൽ പലതും കഴമ്പുള്ളത് താനും. അന്വേഷണ ഘട്ടത്തിലായിരുന്നതിനാൽ യഥാർത്ഥ പ്രതിയിലേക്ക് സൂചനകളെത്താൻ വേണ്ടി പലതും സ്ഥിരീകരിക്കാൻ പൊലീസിലെ ഉന്നതർക്ക് കഴിയുമായിരുന്നില്ല. എന്നാൽ പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരിക്കുന്നു. പ്രതിയുടെ താമസ സ്ഥലവും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഇതെല്ലാം അന്വേഷണ സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ഡിഎൻഎ സാമ്പിളുകൾ മൂന്നും ശരിയായതു കൊണ്ട് തന്നെ പ്രതിയുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് തന്നെയാണ് മറുനാൻ മലയാളിയുടെ അന്വേഷണം വ്യക്തമാക്കുന്നത്.

സോഷ്യൽ മിഡിയയിൽ സജീവമായ ചർച്ചകളിൽ അന്വേഷണ സംഘത്തിലുള്ള നാലോളം മുതിർന്ന ഉദ്യോഗസ്ഥരുമായി മറുനാടൻ ആശയ വിനിമയം നടത്തി. ചർച്ചയാകുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം ഈ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ട്. ശാസ്ത്രീയമായ തെളിവകളെ ഒരു കോടതിയിലും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പ്രതി ശിക്ഷപ്പെടുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു പറയുന്നു. ജിഷയേയും അമ്മയേയും കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളക്കഥകളാണെന്നും അപഥസഞ്ചാരത്തിന്റെ വഴിയിൽ ഇവർ ജീവിതം നയിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഈ കഥകൾ തള്ളിക്കളയാനുള്ള വിവര ശേഖരണവും തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ജിഷയെ കുറച്ച് പ്രരിക്കുന്നതെല്ലാം വ്യജ കഥകളെന്ന് പൊലീസ്. കൊല ചെയ്യുകയെന്ന ഉദേശ്യത്തോടെയാണ് കൊലയാളി മദ്യപിച്ച് ലക്കുകെട്ട് ജിഷയെ പാഠം പഠിപ്പിക്കാൻ എത്തിയത് എന്ന കാര്യവും സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൊലയാളിയും ജിഷയും തമ്മിൽ ദീർഘകാലത്തെ പരിചരയമാണെന്ന വാദവും പൊലീസ് തള്ളിക്കളയുന്നു. പ്രതിയുമായി ജിഷയ്ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ സുന്ദരിയായ പെൺകുട്ടിയുടെ പിറകെ നടക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നു. ഇതിനെ ജിഷയുടെ കുറ്റമായി കണക്കാക്കാനാകില്ലെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു.

ജിഷയും പ്രതിയും തമ്മിൽ അവിഹതമെന്നത് പച്ചക്കള്ളം

ജിഷയും പ്രതിയും തമ്മിൽ ദീർഘകാല പരിചയം ഉണ്ടായിരുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ബൈക്കിൽ ജിഷയ്‌ക്കൊപ്പം സഞ്ചരിച്ചിരുന്ന ആളാണ് പ്രതിയെന്നും വാദങ്ങളെത്തി. എന്നാൽ ഇതെല്ലാം കള്ളമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചെരുപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കൊലപാതകിലുടെ മൂന്ന് ഡിഎൻഎ സാമ്പികളുകൾ പൊലീസിന് കിട്ടി. ഇവയുമായി അറസ്റ്റിലായ അമീറുലിന്റെ ഡിഎൻഎ ഒത്തു നോക്കി. ഇതിലെ സാമ്യം അമ്പരപ്പിച്ചു. ഇതോടെയാണ് പ്രതിയുടെ കാര്യത്തിൽ അന്വേഷണ സംഘം നിലപാടിലെത്തിയത്.

ജിഷയുമായി മുൻകാല അടുപ്പമുണ്ടെന്ന് പ്രതി പറഞ്ഞിട്ടില്ല. എന്നാൽ കണ്ട് പരിചയം ഉണ്ടായിരുന്നു. ഇത് താൽപ്പര്യത്തിലേക്ക് വഴിമാറി. പലപ്പോഴും ജിഷയെ ശല്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ജിഷ ഇയാളെ മൈൻഡ് ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതികാരമായി മാറിയത്. കൊല നടന്ന ദിവസം രാവിലേയും ജിഷയോടുള്ള താൽപ്പര്യം അശ്ലീല ചുവയുള്ള പ്രകടനത്തിലൂടെ പ്രതി പ്രകടിപ്പിച്ചിരുന്നു. വളരെ നാളായി തന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയോട് ജിഷയുടെ പെരുമാറ്റം യാതൊരു പെൺകുട്ടിയുടേതിനും സമാനമായിരുന്നു. ചെരുപ്പൂരി അടിക്കുമെന്ന് ജിഷ ആംഗ്യം കാട്ടി. പ്രകോപനപരമായിട്ടാണ് ഇതിന് പ്രതി കണ്ടത്. ലൈംഗികാസക്തിയുള്ള പ്രതി ജിഷയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് വൈകിട്ട് വീണ്ടുമെത്തിയത്.

ബലാൽസംഗവും പീഡനവുമായിരുന്നു തുടർന്ന് നടന്നത്. അവിടെ നിന്നും രക്ഷപ്പെട്ട പ്രതി ആസമിലേക്ക് മുങ്ങി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളുടെ യഥാർത്ഥ താമസ സ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്.

ജിഷ മദ്യപാനിയല്ല

പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി എന്ന രീതിയിൽ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കുവാൻ അവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പരസ്യപ്പെടുത്തിയത് എന്തുകൊണ്ടെന്ന ചോദ്യവും പൊലീസിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഇത് എല്ലാ അർത്ഥത്തിലും നിഷേധിക്കുകയാണ് പൊലീസ്. ആദ്യം മുതൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ പരിഗണനയും ജിഷയുടെ അമ്മയ്ക്ക് നൽകിയിരുന്നു. പ്രതിയെ പിടിച്ചതു പോലും ജിഷയുടെ അമ്മയെ എഡിജിപി നേരിട്ട് എത്തി അറിയിച്ചു. ഇതിൽ തന്നെ ഇത്തരം പ്രചരണത്തിൽ പൊലീസിന് പങ്കില്ലെന്ന് വ്യക്തമാണമെന്ന് അന്വേഷണ സംഘം പറയുന്നു.

വാശി മൂത്ത് ജിഷയോട് പ്രതികാരം ചെയ്യാനായി മദ്യപിച്ചെത്തിയ പ്രതി മദ്യവും കൈയിൽ കരുതി. ജിഷ മദ്യപാനിയായിരുന്നില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ മദ്യത്തിന്റെ അംശം പ്രതി വായിൽ ഒഴിച്ചതിന്റെ ഫലമാണെന്നും പൊലീസ് പറയുന്നു. ജിഷ ഇതിന് മുമ്പ് മദ്യപിക്കുമായിരുന്നുവെന്നതിന് സഹപാഠികളോ അയൽക്കാരോ ഒന്നും സാക്ഷികളുമില്ല. അതുകൊണ്ട് തന്നെ മദ്യപാനിയാക്കുന്ന പ്രചരണവും കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ജിഷയും പ്രതിയും തമ്മിലെ കുളിക്കടവിലെ തർക്കം കെട്ടുകഥമാത്രമാണെന്നും വ്യക്തമാക്കി.

ജിഷയുടെ കൊലപാതകത്തിലേക്ക് പ്രതിയെ എത്തിച്ചത് മെയിൽ ഈഗോ മാത്രമാണ്. കളിയക്കാലിന്റെ വേദനയിൽ നിന്നായിരുന്നു അതുണ്ടായത്. ഈ പ്രതികാരം തന്നെയാണ് കൊലയ്ക്ക് കാരണം. വഴിവിട്ട ബന്ധങ്ങളോ മദ്യപിച്ച് ബഹളമുണ്ടാകുന്ന സ്വഭാവമോ ജിഷയ്ക്കുണ്ടായിരുന്നില്ല. പ്രതിയുമായി വീട്ടിലിരുന്ന് ജിഷ മദ്യപിച്ചതെന്ന് പറയുന്നത് തന്നെ അസംബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പോലും ജിഷ സജീവമായിരുന്നില്ല. നിയമം വരെ പഠിച്ച പെൺകുട്ടിയായിരുന്നു അവർ. കോളേജിലും മറ്റും ജിഷയെ പറ്റി സഹപാഠികൾക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. ഒരു വർഷത്തിനകം ഈ പെൺകുട്ടിയുടെ ഫോണിലേക്ക് വന്നത് 92 കോളുകൾ മാത്രമാണ്. അതിൽ പലതും ജിഷയും അമ്മയെ ആളുകൾ വിളിച്ചതും.

അങ്ങനെ പ്രശ്‌നങ്ങളിലൊന്നും അറിഞ്ഞു കൊണ്ട് എടുത്തു ചാടാത്ത പെൺകുട്ടിയായിരുന്നു ജിഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിൽ എത്തിക്കഴിഞ്ഞു. കേസിന്റെ വിചാരണ ഘട്ടത്തിൽ ജിഷയ്‌ക്കെതിരെ പ്രതിഭാഗം ആരോപണങ്ങൾ ഉന്നയിക്കാൻ സാധ്യത ഏറെയാണ്. അതിനെ അപ്രസക്തമാക്കുന്ന തരത്തിൽ തെളിവ് ശേഖരണമാണ് പൊലീസ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊലീസ് ഇതിനായി ശേഖരിച്ചിട്ടുണ്ട്.

എന്തുകൊണ്ട് രാജേശ്വരി നാട്ടുകാർക്ക് മുമ്പിൽ മനോരോഗിയായി?

അയൽക്കാരുമായി രജേശ്വരിക്കും ജിഷയ്ക്കും യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വഴിവിട്ട ജീവിത ശൈലിയുടെ തെളിവായി പലരും ഇതിനെ ഉയർത്തി. എന്നാൽ നേർ വഴിക്ക് ജീവിക്കാൻ വേണ്ടി ബോധപൂർവ്വം രാജേശ്വരി എടുത്ത മുൻകരുതലായിരുന്നു ഇതിന് കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്

ജിഷയുടെ സഹോദരി ദീപയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ നാളായി ദീപയെ രാജേശ്വരി വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. ജിഷയുമായി ദീപ അടുക്കുന്നതിനേയും അമ്മ എതിർത്തിരുന്നു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന അച്ഛനുമായിട്ടായിരുന്നു ദീപയ്ക്ക് അടുപ്പം. ഈ പ്രശ്‌നങ്ങൾ ജിഷയിലേക്ക് കടക്കാതെ പഠിപ്പിച്ച് മിടുക്കിയാക്കാനായിരുന്നു രാജേശ്വരിയുടെ ലക്ഷ്യം. അതിന് വെല്ലുവിളികൾ ഏറെയാണെന്ന് അമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ജിഷയ്ക്ക് പെൻ ക്യാമറ വാങ്ങി നൽകിയതും കട്ടിലിനടയിൽ വെട്ടുകത്തി ഒളിപ്പിച്ചതും ഇതിന്റെ തെളിവാണ്. ജീവിത സാഹചര്യങ്ങൾ കാരണം ജിഷയ്ക്ക് എതിരെ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ ചെറുക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം.

അയൽകാരിൽ നിന്ന് ഒഴിഞ്ഞു മാറി നിന്നതും ഇതുകൊണ്ട് മാത്രമാണ്. ജിഷയെ ശല്യപ്പെടുത്തുമോ എന്ന ഭയം കാരണം ആരേയും അവർ വീട്ടിലേക്ക് അടുപ്പിച്ചില്ല. മകളെ ശല്യം ചെയ്യാനെത്തുന്നവരെ ചീത്ത വിളിച്ച് അകറ്റി. കല്ലുകൾ പറക്കിയെറിഞ്ഞു. മനോരോഗിയാണ് രാജേശ്വരിയെന്ന നാട്ടുകാർ പറയുന്നതിന് കാരണം ഇളയ മകളുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. അതിൽ വിജയിച്ചെന്ന് കരുതി പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുമ്പോഴാണ് രാജേശ്വരിയെ തളർത്തി മകളുടെ മരണ വാർത്ത എത്തുന്നത്. അതുകൊണ്ട് കൂടിയാണ് രാജേശ്വരി ആകെ തളർന്നു പോയതെന്നും വിശദീകരിക്കുന്നു.

രാജേശ്വരിക്ക് എഡിജിപി ബി സന്ധ്യ അർഹിക്കുന്ന പരിഗണന നൽകുന്നതും ആശ്വാസ വാക്കുകൾ പറയുന്നതും ഇതുകൊണ്ടാണ് എന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ സ്വഭാവ ഹത്യയുമായി ബന്ധപ്പെട്ട പ്രചരണങ്ങളെ താമസിയാതെ തന്നെ പൊലീസ് തള്ളിപ്പറയും.

എന്തുകൊണ്ട് പ്രതിയെ കണ്ടെത്താൻ വൈകി?

പ്രതിയെ കണ്ടെത്താൻ വൈകിയതിനും പൊലീസിന് കൃത്യമായ ഉത്തരമുണ്ട്. ചെരുപ്പിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞില്ല. ഇതിനൊപ്പം ജിഷയുടെ കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിൽ നിന്ന് 92നും 150നും ഇടയിൽ അന്യസംസ്ഥാന തൊഴിലാളികൾ അപ്രത്യക്ഷരായി. ഇതിൽ ബഹുഭൂരിഭാഗവും സ്വാഭാവികമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു. എന്നാൽ പൊലീസിന് ഇവരുടെ വിശദാംശങ്ങളെല്ലാം അന്വേഷിക്കേണ്ടി വന്നു. ഇതിനൊപ്പം ജിഷയുടെ ഫോൺ കോളുകൾ നിരീക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

ചെരുപ്പിലെ സൂചനകളുമായി നീങ്ങയപ്പോൾ യഥാർത്ഥ പ്രതിയിലെത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആയാൽ മാത്രം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. അതിനാൽ പ്രതിയെ പിടികൂടിയിട്ടും അതീവ രഹസ്യമാക്കി. ഡിഎൻഎ പരിശോധനാ ഫലം വന്ന ശേഷമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലും ആരംഭിച്ചത്. ശാസ്ത്രീയ തെളിവ് എതിരായതിനാൽ പിന്നീടൊന്നും നിഷേധിക്കാൻ പ്രതിക്ക് കഴിയാതെ വന്നു. അതുകൊണ്ട് തന്നെ കുറ്റസമ്മത മൊഴി നൂറു ശതമാനം ശരിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വിവിധ ഘട്ടങ്ങളിൽ പൊലീസിന് ലഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളുമായി ഒത്തുപൊകുന്ന തരത്തിലാണ് മൊഴിയും കിട്ടിയത്.

പൊലീസ് നടത്തിയതുകൊലക്കേസ് അന്വേഷണം, പിതൃത്വ പരിശോധനയല്ല

കോൺഗ്രസ് നേതാവ് പിപി തങ്കച്ചനെ രക്ഷിക്കാനായുള്ള കള്ളകൾ നടന്നോയെന്നും സോഷ്യൽ മീഡിയ സംശയം ഉയർത്തിയിരുന്നു. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം ഡിഎൻഎ ടെസ്റ്റ് എന്ന ലളിതമായ നടപടിക്ക് വിധേയനാകാൻ തങ്കച്ചൻ തയ്യാറാകാത്തത് എന്തുകൊണ്ട് ...? (ഡിഎൻഎ ടെസ്റ്റിൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ മാനനഷ്ടക്കേസിന് അത് കൂടുതൽ ബലമല്ലേ ). ടി വിഷയങ്ങൾ വ്യക്തമാക്കാതെ ഏതെങ്കിലും ഒരു കോന്തനെ പ്രതി എന്നും പറഞ്ഞ് എഴുന്നള്ളിച്ചുകൊണ്ടു വന്നാൽ വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല.ന്നൊയിരുന്നു ഒരു വിമർശനം.

ഇതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയുണ്ട്. ജിഷയുടെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണമാണ് നടന്നത്. അതിൽ തങ്കച്ചന് യാതൊരു പങ്കുമില്ല. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൊലയുമായി യാതൊരു ബന്ധവുമില്ല. ഇത് അന്വേഷണത്തിൽ വ്യക്തമായി അതുകൊണ്ടാണ് ഡിഎൻഎ പരിശോധനയുടെ ആവശ്യം വേണ്ടി വരാത്തത്. അതുകൊണ്ട് തന്നെ പിതൃത്വ വിവാദത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ നാട്ടുകാർക്ക് അറിയാവുന്ന നാച്ചുറലായ പലതും തങ്കച്ചൻ നിഷേധിച്ചിരുന്നു. ഇതാണ് കോൺഗ്രസ് നേതാവിന് വിനയായതെന്നും വിശദീകരിച്ചു.

സ്ഥലത്തെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്നു തങ്കച്ചൻ. ഈ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ ഏറ്റെടുക്കേണ്ടി ഇരുന്ന വ്യക്തി. എന്നാൽ തങ്കച്ചൻ അതിന് ഒരു ഘട്ടത്തിലും മുന്നോട്ട് വന്നില്ല. അതും ആളുകളിൽ സംശയമുണ്ടാക്കി.

എന്തുകൊണ്ടാണ് കൊലപാതകം നടന്ന് 6 ദിവസങ്ങളോളം ഇത് പുറംലോകമറിയാതെ പൊലീസ് മൂടിവച്ചത്?

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായതിന് ശേഷം അന്വേഷണത്തിന്റെ ഗതി തന്നെ മാറി. അധികാരത്തിലെത്തിയ സർക്കാരിന്റെ ഇടപെടലിലൂടെ പുതിയ സംഘത്തലവനെത്തി. എഡിജിപി ബി സന്ധ്യ എല്ലാം കൃത്യമായി ഏകോപിപ്പിച്ചു. അതിന് മുമ്പ് ഇപ്പോൾ കാണിച്ചതിന്റെ ഇരുപത് ശത്മാനം ഗൗരവം പോലും കാണിച്ചില്ലെന്ന് സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ് മൃതദേഹം കത്തിക്കലും തെളിവെടുക്കലുമെല്ലാം ശരിയായ രീതിയിൽ നടക്കാത്തത്.

ബഹളത്തിന്റെ റിയാക്ഷന് അനുസരിച്ചാണ് കേരളത്തിലെ കേസ് അന്വേഷണം. ആദ്യ ഘട്ടത്തിൽ ബഹളമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ അലംഭാവവും വന്നു. ഈ രീതി മാറി പ്രൊഫഷണൽ സമീപനം കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് എടുക്കണം. ഇത് തന്നെയാണ് ജിഷ കൊലക്കേസ് അന്വേഷണം പഠിപ്പിച്ചതെന്നും ഒരു മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ വീഴ്ചകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് മറുപടി നൽകി. നിർണ്ണായക തെളിവായ ചെരുപ്പു പോലെ കൂട്ടത്തിൽ ഒന്നായി പോയത് ഈ നോട്ടപ്പിഴവ് കൊണ്ട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP