Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഫാരീസും ചാക്കും; സർക്കാരിൽ നടക്കുന്നതെല്ലാം പിണറായി സ്‌പോൺസേഡ് ഇടപാടുകൾ; കോടിയേരി ജീവിച്ചിരിപ്പുണ്ടോ? ബാർ മുതലാളിമാരിൽ നിന്ന് കാശ് വാങ്ങിയെന്ന് മാണി തന്നോട് സമ്മതിച്ചിരുന്നു; കോഴ ഇടപാടിൽ ഉമ്മൻ ചാണ്ടിക്കും പങ്ക്; പിസി ജോർജിന്റെ വിഡിയോ അഭിമുഖത്തിലെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ

പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഫാരീസും ചാക്കും; സർക്കാരിൽ നടക്കുന്നതെല്ലാം പിണറായി സ്‌പോൺസേഡ് ഇടപാടുകൾ; കോടിയേരി ജീവിച്ചിരിപ്പുണ്ടോ? ബാർ മുതലാളിമാരിൽ നിന്ന് കാശ് വാങ്ങിയെന്ന് മാണി തന്നോട് സമ്മതിച്ചിരുന്നു; കോഴ ഇടപാടിൽ ഉമ്മൻ ചാണ്ടിക്കും പങ്ക്; പിസി ജോർജിന്റെ വിഡിയോ അഭിമുഖത്തിലെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ഇടതുവലതു മുന്നണികളെ ഒറ്റയ്ക്ക് നേരിട്ട് പൂഞ്ഞാറിൽ അടിയറവ് പറയിപ്പിച്ച കരുത്തനായ പി.സി. ജോർജ്ജുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇന്നലെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. കേരളം അറിയാതെപോയ ഒരുവലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ അണിയറക്കഥകളാണ് മറുനാടനിലൂടെ പി.സി. ജോർജ്ജ് തുറന്നുപറഞ്ഞത്. ഉമ്മൻ ചാണ്ടിയെ അട്ടിമറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ കെ.എം.മാണി ശ്രമിച്ച രാഷ്ട്രീയ നാടകമാണ് പി.സി. വിശദീകരിച്ചത്.

ഇതിനായി ഇടതുമുന്നണിയുമായും സിപിഎമ്മുമായും ചർച്ച നടത്താൻ ഇടനിലക്കാരനായത് താനാണ്. ചർച്ച അവസാനഘട്ടത്തിലെത്തിയപ്പോൾ മാണി പിന്മാറുകയായിരുന്നു. ഈ പിന്മാറ്റത്തിന് പിന്നിൽ മാണിയുടെ മകൻ ജോസ് കെ. മാണിയുടെ ഭാര്യയാണെന്ന വെളിപ്പെടുത്തലാണ് പി.സി. ജോർജ്ജ് നടത്തിയത്. ഇടതുമുന്നണിയുടെയും വലതു മുന്നണിയുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുള്ള പി.സി. ജോർജ്ജ് ഇരുമുന്നണികളുടെയും നേതാക്കന്മാരെ വിലയിരുത്തുകയാണ് ഇന്ന്. പിണറായി വിജയൻ ബൂർഷ്വ ആണെന്നും മുതലാളിയാണെന്നും പി.സി. ജോർജ്ജ് പറയുന്നു. പിണറായിയുടെ ഫാസിസമാണ് സർക്കാറിൽ നടക്കുന്നത്. എല്ലാം പിണറായി സ്‌പോൺസേർഡ് ഇടപാടുകൾ മാത്രം. പാർട്ടി സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോയ്ക്ക് പോലും വിലയില്ല.

പിണറായി വിജയനെ നയിക്കുന്നത് ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമാണ്. കോടിയേരി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. പിണറായി വിജയന്റെ ഇമേജ് മേക്കിങ് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ കമ്മിറ്റിയിൽ വി എസ്. അച്യുതാനന്ദന്റെ ഇമേജ് പോലും തകർത്തുകൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് പൊന്മാന്റെ ബുദ്ധിയാണെന്നും കെ.എം. മാണിക്കും കെ. ബാബുവിനും കോഴ നൽകാൻ ബാർ ഉടമകളോട് ആവശ്യപ്പെട്ടത് ഉമ്മൻ ചാണ്ടിയാണെന്നും പി.സി. ജോർജ്ജ് പറയുന്നു. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയാതെ കേരളത്തിൽ ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കെ.എം. മാണി തന്നോട് ഏറ്റ് പറഞ്ഞതാണ്. കേരള കോൺഗ്രസ് പോലെ അപമാനിതമായൊരു പാർട്ടി പിരിച്ചുവിടണമെന്നും പി.സി. ജോർജ്ജ് പറഞ്ഞു.

* എൽ.ഡി.എഫിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കരുതിയ ഒരാളാണ് താങ്കൾ. ഇപ്പോൾ ഇടതുമുന്നണിയുടെ ഭരണം നേരായ വഴിക്കാണോ?

ജയിച്ച സിപിഐ(എം) എംഎ‍ൽഎമാർ മുഴുവൻ പിണറായി പക്ഷക്കാരയതുകൊണ്ട് ജനപിന്തുണയുള്ള വി എസ്. അച്യുതാനന്ദനെ മൂലയ്ക്കിരുത്തി പാർട്ടി ഫാസിസം തുടങ്ങി. പിണറായി വിജയൻ മുഖ്യമന്ത്രിയായി. എംഎ‍ൽഎമാരെല്ലാം പിണറായി വിജയന്റെ റാൻ മൂളികളാണ്. വി എസ്. അച്യുതാനന്ദനെ പിന്തുണയ്ക്കാൻ ആരെങ്കിലും കൊള്ളാവുന്നവരുണ്ടെങ്കിൽ അവർക്ക് മന്ത്രിസഥാനം കൊടുത്തില്ല. അതാണ് പ്രധാനപ്പെട്ട കാര്യം. ആകപ്പാടെ മേഴ്‌സിക്കുട്ടിയമ്മ മാത്രമുണ്ട് നമ്മുടെ വി.എസിന്റെ പക്ഷം. പക്ഷേ, അവർക്ക് കൊടുത്തിരിക്കുന്ന വകുപ്പ് മത്സ്യബന്ധനമാണ്. അത് പിണറായി വിജയൻ കൊടുത്തത് വല്ലതും കൈയിൽ കിട്ടുമെന്ന് വിചാരിച്ചായിരിക്കും. ഞാൻ ചോദിക്കട്ടേ, നമ്മുടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് എന്തുകൊണ്ട് ഈ സർക്കാരിലൊരു മന്ത്രിയില്ല. ചർച്ച ചെയ്യേണ്ട വിഷയമാണ്. കോട്ടയത്ത് സുരേഷ്‌കുറുപ്പിനെപ്പോലെ വളരെ സീനിയറായ എംഎ‍ൽഎ, എംപി ആയിരുന്നയാളുണ്ടല്ലോ? പാർട്ടി സ്റ്റേറ്റ് കമ്മിറ്റി മെംബർ ആണല്ലോ.

എന്തുകൊണ്ട് അദ്ദേഹത്തിന് മന്ത്രിസ്ഥാംകൊടുത്തില്ല. ഇടുക്കിയിൽ സെക്രട്ടേറിയറ്റ് മെംബറായ എം.എം. മണി സഖാവുണ്ടായിട്ട് അദ്ദേഹത്തെ മൂലയ്ക്കിരുത്തിയില്ലേ? അതുപോലെ പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന്റെ ചിഹ്നത്തിൽ മത്സരിച്ചയാളുണ്ടല്ലോ എംഎ‍ൽഎ ആയിട്ട്. എന്തുകൊണ്ട് മന്ത്രിയാക്കിയില്ല? അതാണ് പിണറായി പക്ഷത്തിന്റെ ഫാസിസം എന്ന് പറയുന്നത്. പാർട്ടി ഫാസിസം ആണ്. പാർട്ടിയെ കൈപ്പിടിയിലൊതുക്കി എനിക്ക് സൗകര്യമുള്ളത് ഞാൻ ചെയ്യും, എനിക്ക് ഇഷ്ടമില്ലാത്തത് രാജ്യത്ത് വേണ്ട എന്ന അഹങ്കാരമാണ് പിണറായി വിജയനുള്ളത്. ഇടതുപക്ഷ മുന്നണി ഏറ്റവും വലിയ പരാജയമാണ്. പിണറായി വിജയന്റെ തൻ പ്രമാണിത്വവും ഗ്രൂപ്പ് രാഷ്ട്രീയവുമാണ് പ്രശ്‌നം. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ ഈ ഗവൺമെന്റിനില്ല. ഇവിടുത്തെ പട്ടികജാതി വിഭാഗത്തോട്, പട്ടിക വർഗ്ഗ വിഭാഗത്തോട് നീതി കാണിച്ചില്ലല്ലോ? കഴിഞ്ഞ സർക്കാരിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാളെ മന്ത്രിയെങ്കിലുമാക്കി.

അവർ എന്ത് ചെയ്തുവെന്നത് അവിടെ നിൽക്കട്ടേ, ആ മര്യാദയെങ്കിലും കാണിച്ചോ? ഞാൻ ചോദിക്കട്ടേ, ടി.കെ. ബാലൻ സഖാവിന് പട്ടികജാതി വകുപ്പ് നൽകി ബാലൻസഖാവ് നല്ല ഇലക്ട്രിസിറ്റി മന്ത്രിയാണെന്ന് തെളിയിച്ചതാണല്ലോ? പട്ടികജാതിക്കാരനായ ടി.കെ. ബാലൻസഖാവിന് ആഭ്യന്തരം കൊടുക്കേണ്ടത് അല്ലേ. എല്ലാം കൈപ്പിടിയിലൊതുക്കേണ്ട കാര്യമെന്താ പിണറായി വിജയന്. ഈ ഗവൺമെന്റിന്റെ പോക്ക് തെറ്റാണ്.

* അങ്ങ് എൽ.ഡി.എഫിലേക്ക് വരുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വാർത്തകൾ വന്നത്. എൽ.ഡി.എഫിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നും കേട്ടു. പിന്നെ എന്താ സംഭവിച്ചത്?

ഞാൻ ഒന്നും ഒളിച്ചുവെയ്ക്കാതെ പറയുവാ. നാട് മുഴുവൻ എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന സാഹചര്യം. എൽ.ഡി.എഫിന് വേണ്ടി പ്രംസഗിക്കുന്നു. ഇടതുമുന്നണിയുമായി യോജിച്ചുപോകുന്ന സാഹചര്യം ഉണ്ടാകുന്നൂവെന്ന് വന്നപ്പോൾ നമ്മുടെ പ്രവർത്തകരെല്ലാം യോജിച്ചു. അങ്ങനെയിരിക്കേ നിയമസഭാ ഇലക്ഷൻ വന്നു. അതുവന്നപ്പോൾ നമ്മളെ അറിയുകേലെന്നാ പറയന്നേ. എന്താ ഇതിന് മറുപടി പറയുക. അതിന് ചർച്ച വന്നു. ബഹളം വന്നു. ഞാൻ മനസ്സിലാക്കിയത്, ഞാൻ വിചാരിച്ചത് രണ്ട് മൂന്ന് സീറ്റ് ഞങ്ങൾക്ക് തരുമെന്ന് വിചാരിച്ചു. പക്ഷേ, അതിനിടെയിൽ നിന്ന് ടി.എസ്. ജോണിനെ അടർത്തിക്കൊണ്ടുപോയി. അങ്ങനെ കുറേ വൃത്തികേട് കാണിച്ചു. ഇതെല്ലാം കഴിഞ്ഞ് എന്റെ സങ്കടം ഞാനീ സീറ്റ് കാര്യം അന്വേഷിച്ചപ്പോൾ ഒരുകാരണവശാലും സീറ്റ് ഇല്ലെന്നാ പറയുന്നേ. സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികളെ വിളിച്ചപ്പോൾ ജോർജ്ജിന് സീറ്റ് കാണും എന്ന് ഉറപ്പിച്ചുപറഞ്ഞു.

എനിക്കൊരു സംശയം ഞാനങ്ങനെ കാനംരാജേന്ദ്രനെ വിളിച്ചു. പൂഞ്ഞാർ സീറ്റിന്റെ കാര്യത്തിൽ തർക്കമുണ്ടോ എന്ന് ചോദിച്ചു. ജോർജ്ജേ, അത് അവർ സിപിഎമ്മിന്റെ സീറ്റാണ് എന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ഞാൻ ചോദിച്ചു. എന്റെ പേരില്ലേ. കാനം പറഞ്ഞു. ചർച്ചയിൽ പി.സി.ജോർജ്ജ് വന്നിട്ടില്ല. അപ്പോഴാ എനിക്ക് മനസ്സിലായത് നമുക്കിട്ട് പണിതുടങ്ങീയെന്ന്. പണിയാ എന്ന് മനസ്സിലാക്കിയത്. അവരുടെ സിറ്റിങ് സീറ്റിനകത്ത് പൂഞ്ഞാർ ഇട്ടിരിക്കുവാ. കഴിഞ്ഞതവണ സിപിഐ(എം) സ്വതന്ത്രനാ മത്സരിച്ചത്. കാനംപറഞ്ഞപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അത് പണിയായെന്ന്. പിന്നെ എനിക്ക് നമ്മുടെ കാര്യം നോക്കണമല്ലോ.

* താങ്കൾ നേരത്തെ പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി എൽ.ഡി.എഫുമായി ചർച്ച നടത്തിയത് താങ്കളാണെന്ന്. അത്രമാത്രം എൽ.ഡി.എഫുമായി അടുപ്പമുള്ള താങ്കളെ ഒപ്പം നിർത്താൻ അവർ തയ്യാറായില്ല. ആരാണ് സിപിഎമ്മിൽ നിന്ന് താങ്കളെ പണിതത്?

അതുവളരെ വ്യക്തമല്ലേ, ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് പിണറായിക്ക് എന്നോട് അകൽച്ചയുണ്ട്. ലാവ്‌ലിൻ കേസിൽ 360 കോടി രൂപയാണ് കേരളത്തിന് നഷ്ടപ്പെട്ടത്. കേരളത്തിലെ ജനങ്ങൾക്ക് നഷ്ടമായത്. ആ കേസിൽ പിണറായിക്ക് പങ്കാളിത്തമുണ്ടെന്ന എന്റെ വിശ്വാസം. ആ കേസിൽ ഉറച്ച നിലപാടാണ് ഞാൻ സ്വീകരിച്ചത്. അത് പത്രക്കാരോട് പറഞ്ഞു. കോടതിയിൽ അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതാണ് അദ്ദേഹത്തിന് എന്നോട് പിണക്കം. വേറെ പിണക്കത്തിന് കാരണമില്ല. അതായിരിക്കാം കാരണം. ആരോടെങ്കിലും ഒരു തോന്നൽ തോന്നിയാൽ അതിൽ നിന്ന് മാറുകേലല്ലോ പിണറായി. അതാണ് പിണറായിയുടെ കുഴപ്പം. ഞാനീ എൽ.ഡി.എഫുമായി സഹകരിച്ചുപോകാൻ തുടങ്ങിയ ശേഷം ഞാനീ കേസിനെക്കുറിച്ച് മിണ്ടിയിട്ടില്ല. ഇടപെട്ടിട്ടില്ല.

എന്നുമാത്രമല്ല ഈ അടുത്തകാലത്ത് കേസ് വന്നപ്പോൾ പോലും ഞാൻ ഇടപെട്ടില്ല. ഞാനുമായി വളരെ അടുപ്പമുള്ള ഒരു പയ്യനാ കേസ് കൊടുത്തത്. എന്നിട്ടും ഞാൻ മിണ്ടിയില്ല. വേണമെങ്കിൽ നല്ല ശക്തമായി നീങ്ങാവുന്ന ഗ്രൗണ്ട് ഉണ്ടായിട്ടുപോലും ഞാൻ ഇടപെട്ടില്ല. അങ്ങനെ ഒരു ചിന്തയില്ല. എന്നും ഇതിന്റെ പിറകെ നടക്കേണ്ട കാര്യമില്ലല്ലോ. കോടതി തീരുമാനിക്കട്ടേ. കോടതിയിൽ ചാർജ്ജ് ചെയ്യപ്പെട്ടൊരു കേസിൽ പ്രിതകളെ, സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കുന്ന കോടതി നടപടി ശരിയല്ല. അക്കാര്യത്തിൽ പിണറായി തെറ്റുകാരനാണെന്നുതന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ, അതിന്റെ പിറകെ ഞാൻ പോയില്ല എന്നാണ് ഞാൻ പറഞ്ഞത്.

* കോടിയേരി ബാലകൃഷ്ണൻ കുറച്ചുനാൾ മുമ്പ് പറഞ്ഞത് പി.സി. ജോർജ്ജിന്റെ ശത്രു പി.സി. ജോർജ്ജിന്റെ നാവാണ് എന്നാണ്? താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?

ആ നാവല്ലേ എന്റെ മിത്രം. ആ നാവല്ലേ എന്നെ ജയിപ്പിച്ചത്. ആ നാവ് കണ്ടെത്താൻ കഴിയാത്തത് കോടിയേരിയുടെ കഷ്ടകാലം. കോടിയേരി ജീവിച്ചിരിപ്പുണ്ടോ ഇപ്പം. എന്താ കോടിയേരിയുടെ സ്ഥാനമിപ്പോ? കോടിയേരി ഉണ്ടോ ഇപ്പഴും. ഞാൻ കുറച്ചുനാളായി കേട്ടിട്ട്. പാർട്ടി, ഗവൺമെന്റ് എല്ലാം പിണറായി സ്‌പോൺസേർഡ് ഇടപാട് അല്ലേ? കോടിയേരിക്ക് ഒക്കെ എന്ത് കാര്യം? പാർട്ടി സെക്രട്ടേറിയറ്റിന് എന്താ വില? പോളിറ്റ് ബ്യൂറോ ആരാ? എല്ലാം പിണറായിയാ.

* ഇടക്കാലത്ത് അങ്ങ് പിണറായി വിജയനെ പിണറായി മുതലാളി എന്ന് വിളിക്കുമായിരുന്നു. ഇപ്പോഴും അങ്ങനെ വിളിക്കാനാണോ ആഗ്രഹം?

അദ്ദേഹം ഒരു മുതലാളിയാണല്ലോ? അതിനെന്താ കുഴപ്പം. അദ്ദേഹം ഒരു ലേബർ റീഡർ ആണെന്ന് ഞാൻ കരുതുന്നില്ല. പിണറായി ഒരു പെറ്റി ബൂർഷ്വാ നിലയിലായിരുന്നു ഇപ്പോൾ ബൂർഷ്വാ ആയി മാറി.

* സർക്കാർ അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയൻ പറഞ്ഞൊരു കാര്യം അധികാരത്തിന്റെ ഇടനാഴികളിൽ വരുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്നാണ്. എ.കെ.ജി സെന്ററിൽ മന്ത്രിമാരെ നിർണ്ണയിക്കാനുള്ള ചർച്ചകൾ നടക്കുമ്പോൾ സിബിഐ തേടിക്കൊണ്ടിരിക്കുന്ന ഒരു പ്രതി എ.കെ.ജി സെന്ററിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതാണ്. അവതാരങ്ങൾ എൽ.ഡി.എഫ് സർക്കാരിൽ നിന്ന് അകലെയാണെന്ന് കരുതാമോ?

ഒരുകാരണവശാലും മാറിയിട്ടില്ല. എത്രയോ നാണക്കേടാ ഈ ഗവൺമെന്റിനെ നയിക്കാൻപോകുന്നത് ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമാ. എഴുതിയിട്ടോ. എത്രയോ സങ്കടകരമാണ്. പാവപ്പെട്ടൊരു ചെറുപ്പക്കാരനെ... മലബാർ സിമന്റ്‌സിലെ ശശീന്ദ്രനെയും രണ്ട് കുഞ്ഞുങ്ങളെയും തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത് ഈ ചാക്ക് രാധാകൃഷ്ണനാണെന്ന വളരെ ശക്തമായ ആരോപണം നിലനിൽക്കുകയല്ലേ. വെറും എൽ.പി. സ്‌കൂൾ വാധ്യാരായിരുന്നു ചാക്ക് രാധാകൃഷ്ണൻ. ഇപ്പോൾ എട്ടോ ഒമ്പതോ ബാർ, കോടാനുകോടി രൂപയുടെ സ്വത്ത്. ഇതെങ്ങനെയുണ്ടായി. ഈ രാഷ്ട്രീയക്കാരെക്കൊണ്ട് കളിപ്പിച്ചുണ്ടാക്കിയതല്ലേ. അയാൾ ഒരപേക്ഷകൊടുത്തപ്പോൾ ഒരു മുന്മന്ത്രിക്കെതിരെ ക്വിക്ക് വെരിഫിക്കേഷൻ, അപ്പോൾ ഈ പിണറായിയുടെ ഭരണം എന്തോന്നാ. ഫാരിസ് അബൂബക്കറിന്റെ വെറുതെ പറഞ്ഞതല്ല. അയാളുടെ സാന്നിദ്ധ്യം എപ്പോഴും ഇവിടെയുണ്ട്. ഒരു സംശയവും വേണ്ട. വിശദാംശങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.

ഈ ഭരണത്തിൽ ചാക്ക് രാധാകൃഷ്ണന്റെയും ഫാരിസ് അബൂബക്കറിന്റെയും സ്വാധീനം വളരെ വ്യക്തമാണ്. പിണറായിക്ക് ഒരു ഇമേജ് മേക്കിങ് കമ്മിറ്റിയുണ്ട്. 60 അംഗങ്ങളാണ് ഉള്ളത്. ഈ 60പേരും ചേർന്നാണ് പിണറായിയുടെ ഇമേജ് ഉണ്ടാക്കുന്നത്. പിണറായിക്ക് ഇമേജ് ഉണ്ടാക്കുക മാത്രമല്ല. പിണറായിയുടെ ശത്രുക്കളുടെ ഇമേജ് തകർക്കുകയും ചെയ്യുകയാണ് ഇവർ. അതാണ് വി എസ്. അച്യുതാനന്ദനെ തകർത്തുകൊണ്ടിരിക്കുന്നത്. വി.എസിനെപ്പറ്റി എത്രയോ മോശം അഭിപ്രായമാണ് വരുത്തിവച്ചിരിക്കുന്നത്. പാവം അധികാരംപോയി. പിണറായിയുടെ ഇമേജ് കമ്മിറ്റിയിൽ ചാനലുകാരും പത്രക്കാരും ഒക്കെയുണ്ട്. ഈ ഇമേജ് കമ്മിറ്റിയുടെ നേതാവ് ആരാണെന്ന് എനിക്കറിയാം. രണ്ട് കൊല്ലമായി ഈ ഇമേജ് കമ്മിറ്റി തുടങ്ങിയിട്ട്. പിണറായി നോക്കുന്നതും ചിരിക്കുന്നതും പോലും ഇവരുടെ നിർദ്ദേശപ്രകാരമാണ്. ഇതൊക്കെ പുറത്തുവരും. എന്ത് വൃത്തികേട് നടന്നാലും ജനം അറിയും. ഒരുസംശയവും വേണ്ട.

* ബാർ കോഴ വിവാദം ഉയർന്ന ആദ്യകാലത്ത് അങ്ങ് ആദ്യം മാണിയെ പ്രതിരോധിച്ചു. അനുകൂലിച്ചു. പിന്നീട് അങ്ങ് കൂടുതൽ കമന്റുകൾ നടത്തിയില്ല. മാണി പണംവാങ്ങിയെന്ന് അങ്ങേക്ക് ബോധ്യമായോ?

മാണി കാശ് വാങ്ങിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ മാണിയെ കുറേ ന്യായീകരിച്ചതാ. എന്റെ അടുത്ത് മാണി കുറ്റമേറ്റതാ. കുറ്റമേറ്റ് ക്ഷമചോദിച്ച ഒരാളെ ഉപദ്രവിക്കണ്ടാ എന്ന് കരുതി. ഇനി മേലിൽ കക്കരുത് എന്ന് ഞാൻ പറഞ്ഞു. വളരെ മോശമാണെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ പാർട്ടി കമ്മിറ്റിയിൽ തന്നെ പുള്ളി കുറ്റമേറ്റതാ. ഇപ്പോൾ പുറത്തുപറയുന്നത് തെരഞ്ഞെടുപ്പ് ഫണ്ടാണ് വാങ്ങിയതെന്നാ. അത് കൈക്കൂലിയാണെന്ന് പറയുന്നത് എങ്ങനെയാണെന്നാ. തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് വാങ്ങിച്ചതെങ്കിൽ അത് പാർട്ടി കമ്മിറ്റിയിൽ പറയണ്ടേ? കമ്മിറ്റിയിൽ റെക്കോർഡ് ചെയ്യണ്ടേ? പാർട്ടി കമ്മിറ്റിയിൽ പുള്ളി പറഞ്ഞിട്ടില്ല. ഒന്നും മിണ്ടിയിട്ടില്ല. കൈക്കൂലി തന്നെയാ വാങ്ങിച്ചത്. അറിഞ്ഞുകൊണ്ടുള്ള കൊള്ള തന്നെ.

* ബാർകോഴ വിവാദത്തിൽ മാണിയെ കുഴപ്പത്തിലാക്കിയതിൽ ഉമ്മൻ ചാണ്ടിക്ക് എന്തെങ്കിലും പങ്കുണ്ടോ?

പങ്കുണ്ടല്ലോ? പൊന്മാന്റെ ബുദ്ധിയാ ഉമ്മൻ ചാണ്ടിക്ക്. ഉമ്മൻ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ അറിയാതെ ഈ കേരള സംസ്ഥാനത്ത് ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. ഇവർ മൂന്നുപേരും അറിയാതെ ഒന്നും നടക്കില്ല. കെ.എം.മാണിക്ക് പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകളുണ്ട്. ചിലപ്പോൾ ചെവി കേൾക്കുകേലാ. അതുകൊണ്ട് ചിലകാര്യങ്ങൾ മാണി അറിയാറില്ല. എല്ലാകാര്യത്തിലും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കാളികളാണ്. അതിനകത്ത് ചില കുറച്ചുകാര്യങ്ങൾ മാത്രം ഉമ്മൻ ചാണ്ടി കെ.എം.മാണിയോട് പറയും. വീതം കൊടുത്താൽ മതിയല്ലോ. സാമ്പത്തിക ബന്ധത്തിലാകുമ്പോൾ പ്രശ്‌നങ്ങൾ തീർന്നില്ലേ.

* ഉമ്മൻ ചാണ്ടിക്ക് ബാർകോഴ വിവാദത്തിൽ ബന്ധമുണ്ടോ?

നൂറുശതമാനം ഉമ്മൻ ചാണ്ടിക്ക് ബന്ധമുണ്ട്. കെ.എം.മാണിക്ക് കാശ് കൊടുത്തതും പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കാശ് കൊടുക്കാൻ കൊണ്ടുപോയതും ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിട്ടാണെന്ന് ആ കാശ് കൊടുത്ത നേതാക്കൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. കെ. ബാബുവിന് കൊടുത്തതും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാ. കുഞ്ഞാലിക്കുട്ടി കാശ് വാങ്ങാതെ വിട്ടു.

* ഞങ്ങൾ കഴിഞ്ഞദിവസം ആർ ബാലകൃഷ്ണപിള്ളയുടെ അഭിമുഖമെടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് കേരള കോൺഗ്രസ് പാർട്ടിയുണ്ടായത് അഴിമതിയെ പ്രതിരോധിക്കാൻ വേണ്ടിയാണെന്നാണ്. കെ.എം. മാണിയെന്ന വക്രബുദ്ധി വന്നതിനുശേഷമാണ് കേരള കോൺഗ്രസ് തകർച്ചയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. അങ്ങ് യോജിക്കുന്നുണ്ടോ?

തീർച്ചയായും ശരിയാണ്. 1964 ലാണ് കേരള കോൺഗ്രസ് ഉണ്ടായത്. 65 ൽ മാണി വന്നു. ആരംഭം മുതൽ വക്ര ബുദ്ധിയാ. അഴിമതിയിലേക്ക് പോയി എന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. അത് ശരിയാ. ഞാൻ യോജിക്കുന്നു. അതുകൊണ്ടാണ് ഈ പാർട്ടി പിരിച്ചുവിടണം എന്ന് ഞാൻ പറയുന്നത്. ഇത് ഇനി കൊണ്ടുനടക്കരുത്. കേരള കോൺഗ്രസ് എന്ന പേരുപോലും അപമാനിതമായി. ബാലകൃഷ്ണപിള്ള പറഞ്ഞത് സത്യം. അധികം താമസിയാതെ ഈ പാർട്ടി പിരിഞ്ഞ് പൊയ്‌ക്കോളും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് എന്ന പാർട്ടി ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP