Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർഹതപ്പെട്ട സ്ഥലം മാറ്റത്തിനും പണം നൽകണം! കൈക്കൂലി നൽകാത്തതിന് ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ പീഡിപ്പിക്കുന്നുവെന്ന് പരാതി; ഡോക്ടർ രമേശിനെതിരെ പരാതി പ്രവാഹം; ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

അർഹതപ്പെട്ട സ്ഥലം മാറ്റത്തിനും പണം നൽകണം! കൈക്കൂലി നൽകാത്തതിന് ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ പീഡിപ്പിക്കുന്നുവെന്ന് പരാതി; ഡോക്ടർ രമേശിനെതിരെ പരാതി പ്രവാഹം; ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രമേശിനെതിരെ വീണ്ടും കൈക്കൂലി ആരോപണം. ഇടുക്കി ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾന്റായ ഡോ. ആർ. റോമിയാണ് ഡയറക്ടർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നൽകിയത് . സ്ഥലം മാറ്റം ആവശ്യപ്പെട്ട തന്നോട് ഡോ. രമേശ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. നേരത്തെ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോ. സുധീർ ഷെരീഫും സമാനമായ പരാതി ഉന്നയിച്ചിരുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യവും പുറത്തുകൊണ്ടുവന്നത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റായിരുന്നു ഡോക്ടർ റോമി. ഗൈനക്കോളജിയിൽ ഡിപ്ലോമ നേടാൻ ഡെപ്യൂട്ടേഷനിൽ പോയി. ഇത് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ഒഴിവുണ്ടായിരുന്നില്ല. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2012 ൽ സ്‌പെഷാലിറ്റി കേഡർ നിലവിൽ വന്നതുമുതൽ ഇതിന് അർഹതയുള്ളയാളാണ് ഡോക്ടർ റോമി. റോമിയേക്കാൾ ജൂനിയറായ പലരും സ്‌പെഷാലിറ്റി കേഡറിലേക്ക് നിയമിതരായപ്പോൾ റോമിക്ക് ഇത് ലഭിച്ചില്ല. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഓപ്പൺ വേക്കൻസി വന്നപ്പോൾ ഈ ഒഴിവിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. എന്നാൽ നടപടിയൊന്നും എടുത്തില്ല.

ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ നേരിൽ കണ്ടതെന്ന് റോമി പരാതിയിൽ പറയുന്നു. ഈ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റോമിയുടെ പരാതി. കഴിഞ്ഞ ആറുമാസമായി ആരോഗ്യവകുപ്പ് ഡയറക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയാണ്. തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിയമിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ഡോക്ടർ റോമി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

സ്ഥാനക്കയറ്റം ലഭിക്കാൻ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. സുധീർ ഷെറീഫിനോട് ആരോഗ്യവകുപ്പ് ഡയറക്ടർ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അർഹമായ സ്ഥാനക്കയറ്റം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പ് ഡയറക് ടർ ഡോക്ടർ രമേഷ് 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക്ടർ സുധീർ പറഞ്ഞു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ സ്ഥാനക്കയറ്റം ഡയറക്ടർ വൈകിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഷെറീഫും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ഉന്നതപഠനത്തിനായി സുധീർ അവധിയെടുത്തിരുന്നു. തുടർന്ന് തിരികെയെത്തിയ സുധീറിന് അപ്പോയ്‌മെന്റ് ഉത്തരവ് ലഭിക്കാൻ വൈകി. ഇതിനെതിരെ ഡോക്ടർ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സുധീറിന് നിയമനോത്തരവ് നൽകാൻ ട്രിബ്യൂണൽ വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ 5 ന് സുധീർ ചിറ്റൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുമുണ്ടായി. സ്ഥാനക്കയറ്റം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനവുമായി ഏപ്രിൽ 6 ന് വൈകുന്നേരം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു.

'നിവേദനം തരൂ. കാര്യങ്ങൾ ശരിയാക്കിക്കോളാം. ഇനി ഇക്കാര്യത്തിന് എന്നെ വന്നു കാണേണ്ട ' എന്നായിരുന്നു ഡയറക് ടറുടെ മറുപടി. കാര്യങ്ങൾ ശരിയാകുമെന്ന് കരുതി ഡോക്ടർ സുധീർ കാത്തിരുന്നു . ദിവസങ്ങൾ കഴിഞ്ഞ് ഡയറക് ടർ ഓഫീസിൽ അന്വേഷിച്ചപ്പോൾ സ്ഥാനക്കയറ്റത്തിനുള്ള പേപ്പറുകൾ ഒന്നും അനങ്ങിയിട്ടില്ല എന്ന് മനസ്സിലായി. തുടർന്ന് ഏപ്രിൽ 18 ന് തിരുവനന്തപുരത്തെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു. അപ്പോഴാണ് കൈക്കൂലി ആശ്യപ്പെട്ടതെന്ന് സുധീർ പറയുന്നു. ' സ്ഥാനക്കയറ്റം തരാം. ഒരു 2 ലക്ഷം രൂപ ചെലവ് വരുന്ന കാര്യമാണ്. അത് തരണം. അപ്പോയ് മെന്റ് ഓർഡർ കിട്ടാതിരുന്ന 7 മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടാൻ പോവുകയല്ലേ. അപ്പോൾ 2 തരുന്നതിന് കുഴപ്പമില്ലല്ലോ' . ഇതായിരുന്നു ഡോക്ടർ രമേഷിന്റെ പ്രതികരണമെന്ന് സുധീർ പറഞ്ഞു .

നിയമപരമായി തനിക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റമാണ്, അത് ലഭിക്കാൻ പണം നൽകാൻ തയ്യാറല്ല എന്നായിരുന്നു സുധീറിന്റെ നിലപാട്. സ്ഥാനക്കയറ്റം വൈകുന്നു എന്ന് കാണിച്ചുള്ള നിവേദനം നൽകി മടങ്ങി . പിന്നീട് തന്റെ കാര്യത്തിൽ പ്രതികാര സ്വഭാവത്തോടെയായിരുന്നു ഡയറക്ടറുടെ നടപടികളെന്ന് സുധീർ പറഞ്ഞു. സ്ഥാനക്കയറ്റം അനാവശ്യമായി വച്ചുതാമസിപ്പിക്കുന്ന നടപടികളാണ് ഡയറക് ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിവിധ സെക് ഷനുകളിലേക്ക് കാരണമില്ലാതെ തന്റെ പേപ്പറുകൾ അയച്ചുതുടങ്ങി. സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ല എന്ന് ലോ ഓഫീസർ റിപ്പോർട്ട് നൽകി.

എന്നിട്ടും ഡയറക് ടർ പേപ്പറുകൾ പിടിച്ചുവച്ചു. ഒടുവിൽ സഹികെട്ട് ഒരിക്കൽ കൂടി ഡോക്ടർ രമേഷിനെ സന്ദർശിച്ചു. പണം നൽകാതെ കാര്യം നടക്കില്ലെന്നായിരുന്നു മറുപടി. പണം നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി തിരികെപോന്നു. പിന്നീട് ഇതുവരെ ഡോക്ടർ സുധീറിന്റെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ഒരുനടപടിയും എടുക്കാൻ ഡയറക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയെ സമീപിക്കാൻ ഡോക്ടർ സുധീർ തയ്യാറായത്. മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ കാലത്താണ് ഡോക്ടർ രമേഷ് ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിതനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP