Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇണക്കവും പിണക്കവും

ഇണക്കവും പിണക്കവും

വീട്ടുമുറ്റത്തു നിന്നു ഗേറ്റിലേയ്ക്ക് കുത്തനെയൊരു കയറ്റമുണ്ട്. കയറ്റം കയറിച്ചെന്നു ഗേറ്റു കടന്നുകഴിയുമ്പോൾ ഹൈവേയുടെ അരികിലുള്ള കാന മൂടിയിരിക്കുന്ന സ്ലാബിന്റെ മുകളിൽ ഒരു കുലുക്കത്തോടെ കയറിയിറങ്ങണം. അങ്ങനെ, ഒരു കയറ്റവും തുടർന്നൊരു കുലുക്കവും. ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാൻ തുടങ്ങുമ്പോൾത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.

ഇന്നു പതിവു തെറ്റിയിരിക്കുന്നു. ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ മുതൽ ഞാനതു ശ്രദ്ധിച്ചിരുന്നു.

എന്നെ സ്പർശിക്കുകപോലും ചെയ്യാതെ, ഇവളെങ്ങനെയാണു ബൈക്കിന്മേൽ ഉറച്ചിരിക്കുന്നത്? ഞാൻ റിയർവ്യൂ മിററുകളിലൂടെ നോക്കി.

അവൾ പിൻസീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയിരിക്കുന്നു. സീറ്റിന്റെ പുറകിലുള്ള സീറ്റ്ഹാന്റിലിൽ ഇടതുകൈകൊണ്ടു പിടിച്ചിട്ടുണ്ടാകണം; അതു മിററുകളിൽ ശരിക്കു ദൃശ്യമല്ല. പിൻസീറ്റിന്റെ വലതു വശത്ത്, അല്പം താഴെയായി മറ്റൊരു ഹാന്റിലുണ്ട്. അതിലവൾ വലതുകൈ കൊണ്ടു പിടിച്ചിരിക്കുന്നതു വലതുവശത്തെ മിററിൽ കാണാം.

ബൈക്കിൽ പോകുമ്പോഴൊക്കെ എന്നോടൊട്ടിച്ചേർന്ന്, വലതുകവിൾത്തടം എന്റെ പുറത്തമർത്തിയാണ് അവളിരിക്കാറ്. സദാ എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യും, എനിക്കു മാത്രം കേൾക്കാൻ പാകത്തിൽ. ആ പോക്കിനൊരു സുഖമുണ്ട്.

ഇന്നിപ്പോൾ അകലം, നിശ്ശബ്ദത, സുഖക്കുറവ്...

അവളെന്തൊക്കെ പറഞ്ഞാലും ചെയ്താലും എനിക്കതു പ്രശ്‌നമല്ല. പക്ഷേ, അവൾ മിണ്ടാതിരിക്കുന്നതും അകന്നു നിൽക്കുന്നതും എനിക്കസഹനീയമാണ്. അവൾക്കത് അസ്സലായറിയുകയും ചെയ്യാം. മറ്റുവഴികളില്ലാത്തപ്പോൾ അവൾ ഫലപ്രദമായി പ്രയോഗിക്കാറുള്ള ആയുധങ്ങളും അവ തന്നെ.

ഇന്നത്തെ പ്രശ്‌നം നിസ്സാരമാണ്. ആറേഴു കൊല്ലമായി വീടൊന്നു പെയിന്റടിച്ചിട്ട്. വീണ്ടും പെയിന്റടിയ്‌ക്കേണ്ട സമയം അതിക്രമിച്ചു. മാറ്റിവയ്ക്കാനാവാത്ത മറ്റു ചില അത്യാവശ്യങ്ങൾ മൂലം പെയിന്റിങ് നീണ്ടു നീണ്ടുപോയി. ഒടുവിൽ ഇനി നീട്ടിവയ്ക്കാനാകാത്ത നിലയിലെത്തി.

വീടിന് ഏതു ചായമടിക്കണം?

അവൾക്കു സംശയമില്ല: വെള്ള, തൂവെള്ള, പാൽവെള്ള, മിൽക്ക് വൈറ്റ്...

ഞാനെതിർത്തു. കഴിഞ്ഞ തവണയും വെള്ളയാണ് അകത്തും പുറത്തും അടിച്ചത്. അതും അവളുടെ തന്നെ നിർബന്ധം മൂലമായിരുന്നു. വീടു നിർമ്മിച്ച ഉടൻ വൈറ്റ് സിമന്റു പൂശിയിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ പെയിന്റിംഗായിരുന്നു, അത്. ''നമുക്കു വെള്ള തന്നെ അടിച്ചാൽ മതി. അകത്തും പുറത്തും,'' എന്നവൾ കടും പിടിത്തം പിടിച്ചു.

അന്നും ഞാൻ മുന്നറിയിപ്പു നൽകിയിരുന്നു: അല്പം കഴിയുമ്പോഴേയ്ക്കു വെള്ളനിറം മങ്ങും. അഴുക്കുകൾ എടുത്തു കാണിക്കുകയും ചെയ്യും. അതുകൊണ്ടു വെള്ളയ്ക്കു പകരം മറ്റെന്തെങ്കിലും നിറമടിക്കാം.

അവൾ സമ്മതിച്ചില്ല. വെള്ളനിറം തന്നെ അടിക്കണം.

ഒടുവിൽ അവൾ പറഞ്ഞതു സമ്മതിച്ചുകൊടുക്കേണ്ടി വന്നു: അകത്തും പുറത്തും വെളുപ്പു തന്നെ.

അതിന്റെ ദൂഷ്യം ഇപ്പോൾ പ്രകടം. അകത്തേയും പുറത്തേയും വെള്ളനിറം മങ്ങി. മഴ നനയുന്നയിടങ്ങളിലെല്ലാം പായൽ പിടിച്ചു. പച്ച നിറം മാത്രമല്ല, ചിലയിടങ്ങളിൽ കറുത്ത നിറവുമുണ്ട്. വെള്ളനിറത്തിന്റെ സകല പ്രതാപവും നഷ്ടപ്പെട്ടിരിക്കുന്നു.

ഞാൻ കുറ്റപ്പെടുത്തി: മറ്റേതെങ്കിലും നിറമടിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെയീ ഗുരുതരാവസ്ഥയുണ്ടാവില്ലായിരുന്നു.

മറ്റേതെങ്കിലും നിറമായിരുന്നെങ്കിൽ ഇതിലേറെ ഇരുണ്ടു പരിതാപകരമാകുമായിരുന്നു; ഇപ്പൊ ചെലേടത്തെങ്കിലും തെളിച്ചമുണ്ട്: അവൾ തിരിച്ചടിച്ചു.

അതു ശരിയായാലും തെറ്റായാലും ഇത്തവണ പുറത്തു വെള്ളയല്ല, ഇഷ്ടികക്കളറാണ് അടിക്കുക; ഞാനുറപ്പിച്ചു പറഞ്ഞു. അകത്തു നീയെന്തു നിറം വേണമെങ്കിലും തേച്ചോളിൻ. പക്ഷേ, പുറത്ത് ബ്രിക്ക് റെഡ്. അക്കാര്യത്തിൽ ഒരു നീക്കുപോക്കുമില്ല.

ടൗണിലെ കോടതികൾക്കും താലൂക്കാപ്പീസിനും രജിസ്ട്രാപ്പീസിനുമെല്ലാം ബ്രിക്ക് റെഡ് നിറമാണുള്ളത്, ഇഷ്ടികക്കളർ. നൂറും ഇരുനൂറും വർഷത്തെ പഴക്കമുള്ള, പ്രൗഢഗംഭീരങ്ങളായ കെട്ടിടങ്ങൾ. അവയിൽച്ചിലത് അല്പം അവശതയിലായിരിക്കാം. എങ്കിലും, അവയുടെ നിറം എനിക്കു വളരെയിഷ്ടമാണ്. അവയാണ് എന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനം; ഞാനവൾക്കു വിവരിച്ചുകൊടുത്തു.

''കച്ചേരിക്കളറൊന്നും ഇവിടെ വേണ്ട. ഇതു വീടാ, കച്ചേരിയല്ല,'' അവൾ പരിഹസിച്ചു. ''തൂവെള്ളടെ ഐശ്വര്യം വേറൊന്നിനും ണ്ടാവില്ല.''

കാരണം, അവൾ വെള്ളനിറത്തിന്റെ ആരാധികയാണ്.

അവൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾ എന്നിൽ വിവിധ തരത്തിലുള്ള സ്വാധീനങ്ങളാണു ചെലുത്താറ്. അവൾക്കൊരു ചുവന്ന സാരിയും ബ്ലൗസുമുണ്ട്; അവ ധരിച്ചാൽ അവളൊരു തീജ്വാലയായതായി തോന്നാറുണ്ട്. അതു കാണുമ്പോൾ ആസക്തികൾക്കു കടിഞ്ഞാണിടാൻ എനിക്കാകാതാകും; എന്നാണവൾ 1091നെ വിളിച്ചുവരുത്താൻ പോകുന്നതെന്നറിയില്ല!

വെളുപ്പുനിറത്തിന് എന്റെ മേലുള്ള പ്രഭാവം ചുവപ്പിന്റേതിനു കടകവിരുദ്ധമാണ്. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചൊരു വരവുണ്ട് അവളിടയ്‌ക്കൊക്കെ. ഒരു മാലാഖയുടെ മട്ടുണ്ടാവും അവൾക്കപ്പോൾ. അവളങ്ങനെ, മാലാഖയെപ്പോലെ, പരിശുദ്ധിയുടെ പ്രതീകമായി നിൽക്കുമ്പോൾ എനിക്കു സ്വയം അശുദ്ധി തോന്നും. മാലാഖയെപ്പോലെ നിൽക്കുന്ന അവളെയെങ്ങനെ തൊടും! പരിശുദ്ധിയിലെങ്ങനെ അശുദ്ധി കലർത്തും!

അവളെ ശുഭ്രവസ്ത്രധാരിണിയായിക്കാണുമ്പോൾ എനിക്കുണ്ടാകാറുള്ള അധൈര്യത്തെപ്പറ്റി അവൾക്കു നന്നായറിയാം. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചു വരുമ്പോൾ അവളുടെ മുഖത്തൊരു ഭാവമുണ്ട്: 'അങ്ങനെ നല്ല കുട്ട്യായി അകലെ നിക്ക്, ട്ടോ!'

സത്യം പറയണമല്ലോ, അവളെ തൊടാതെയും പിടിക്കാതെയുമിരിക്കാൻ എനിക്കാവില്ല. കുറച്ചു നാൾ മുൻപൊരു ദിവസം, പരിശുദ്ധി കണ്ടു ശ്വാസം മുട്ടി ഞാൻ പറഞ്ഞു, ''നീയിനി വെള്ള ധരിക്കണ്ട.''

''എന്താ കൊഴപ്പം?''

''നീ മാലാഖയാവണ്ട.''

മാലാഖയെന്ന വിശേഷണം അവൾക്കിഷ്ടമാണ്. അവൾ ചിരിച്ചു. മാലാഖയെന്നു വിശേഷിപ്പിക്കുന്നിടത്തോളം അവളിടയ്ക്കിടെ വെള്ളവസ്ത്രം ധരിച്ച് എന്നെ അകറ്റിനിർത്തിക്കൊണ്ടിരിക്കും, തീർച്ച, എന്നു ഞാനാ ചിരിയിൽ നിന്നു വായിച്ചെടുത്തു.

അതങ്ങു മനസ്സിലിരിക്കട്ടെ. ഞാനടവു മാറ്റി: ''വിധവകളുടെ നിറമാ വെള്ള. ഞാനുള്ളിടത്തോളം കാലം നീ കളറു ധരിച്ച് അടിപൊളിയായി നടക്കണം. ഞാനെങ്ങാൻ തട്ടിപ്പോയാത്തന്നെ, നീയാരെയെങ്കിലും കല്യാണം കഴിച്ച്, നല്ല കളറൊക്കെ ധരിച്ച് അടിപൊളിയായിത്തന്നെ നടന്നോണം. വിധവേടെ യൂണിഫോം നിനക്കു വേണ്ടേ വേണ്ട!''

അവളുടെ ചിരി മങ്ങി. ഒരു മിനിറ്റവളെന്നെ രൂക്ഷമായി നോക്കി നിന്നു. എന്നിട്ടു വെട്ടിത്തിരിഞ്ഞുപോയി.

അടുത്ത നാല്പത്തെട്ടു മണിക്കൂർ നേരം അവളെന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. ചായ മുന്നിൽ കൊണ്ടു വച്ചു തിരിഞ്ഞു നടക്കും. ആഹാരം വിളമ്പി വച്ച് ഈച്ച വരാതെ നോക്കും; പക്ഷേ, ക്ഷണിക്കില്ല. പതിവുള്ള ''ചേട്ടാ, വരിൻ'' പാടെ പിൻവലിച്ചു. പകരം, കുഞ്ഞുങ്ങളെക്കൊണ്ടു വിളിപ്പിക്കും: ''പപ്പയെ വിളിക്ക്''.

രാത്രി കിടക്കുമ്പോളവൾ പുറം തിരിഞ്ഞുകിടക്കും. നിലത്തു പുല്പായ് റെഡി. ഞാനെങ്ങാൻ അവളെ സ്പർശിച്ചുപോയാൽ, അവളിറങ്ങി പുല്പായിൽ കിടന്നുകളയും!

ഞാൻ പല ശ്രമങ്ങളും നടത്തി നോക്കി. ''ഞാനങ്ങനൊരു വിടുവായത്തരം പറഞ്ഞുപോയീന്ന്വച്ച് നീയിങ്ങനെ മിണ്ടാതിരിക്കണ്ട ആവശ്യെന്താള്ളത്!''

പ്രതികരണമില്ല.

ഇത്ര വലിയ ബോയ്‌ക്കോട്ടിനുള്ളതൊന്നും ഞാൻ പറഞ്ഞുപോയിരുന്നില്ല. അവളെന്നും വർണശബളമായിരിക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലുമെന്നു കൂട്ടിച്ചേർത്തെന്നതു ശരി തന്നെ. ഇന്നത്തെ ലോകത്തു നടക്കാത്തതൊന്നുമല്ലല്ലോ പുനർവിവാഹം. എന്റെ മരണശേഷം അവളും...

അല്പമൊന്നാലോചിച്ചപ്പോൾ ഞാൻ പറഞ്ഞുപോയതിനെപ്പറ്റി എനിക്കുമല്പം വല്ലായ്മ തോന്നി. ആലോചിക്കാൻ തീരെ സുഖമില്ലാത്തൊരു വിഷയമാണത്...

''എന്റെ തങ്കം, നീയെന്നോടൊന്നു ക്ഷമിക്ക്.'' അവളെ പിടിച്ചുനിറുത്തി യാചിച്ചു. യാചനയും വിഫലം. കേട്ടഭാവമില്ല.

ഓഫീസിൽ നിന്നു ഞാൻ രണ്ടു മൂന്നു തവണ ഫോൺ ചെയ്തു: ഫോണിൽക്കൂടി അവളെന്തെങ്കിലുമൊക്കെയൊന്നു പറഞ്ഞുകിട്ടിയെങ്കിലോ! അവിടന്നു മുന്നോട്ടു പോകുകയും ചെയ്യാം.

പക്ഷേ, ഫോണിന്റെ കോളർ ഐഡി പറ്റിച്ചു; വിളിക്കുന്നതു ഞാനാണെന്ന് അതവൾക്കു കാണിച്ചുകൊടുത്തിരിക്കണം. ഞാൻ ഹലോ ഹലോയെന്നു പറഞ്ഞിട്ടും, അവൾ ഫോണെടുത്തു പിടിച്ചതല്ലാതെ, മിണ്ടിയില്ല.

അവളെക്കൊണ്ടു സംസാരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ വൃഥാവിലായി. എത്ര നാളാണാവോ ഈ ബോയ്‌ക്കോട്ടു സഹിയ്‌ക്കേണ്ടി വരിക!

ഒടുവിൽ സഹികെട്ടു ഞാൻ അമ്മയെ സമീപിച്ചു. ''അമ്മേ, അവളെന്നോടു മിണ്ടണില്ല. രണ്ടു ദെവസായി. അമ്മയൊന്നു ചോദിയ്‌ക്ക്വോ?''

''നീ വല്ല തോന്ന്യാസോം കാട്ടീട്ട് ണ്ടാവും.'' അമ്മ ഉടൻ പ്രത്യാരോപണം നടത്തി.

ഞാൻ അമ്മയുടെ മകനാണ്, അവളാകട്ടെ, ഇടക്കാലത്തു വന്നുകയറിയ മരുമകൾ മാത്രവും. എങ്കിലും അമ്മ അവളുടെ ഭാഗമാണു പിടിക്കാറ്. പക്ഷപാതം തന്നെ.

എന്നിരുന്നാലും, എന്റെ പരാതിയിന്മേൽ അമ്മ ഉടൻ നടപടി തുടങ്ങി. ''മോളേ, കൗസൂ...'' അമ്മ നീട്ടി വിളിച്ചു.

വിളിയിലെ ഗൗരവം എനിക്കിഷ്ടപ്പെട്ടു. എനിക്കാശ്വാസമായി. ഇന്ന് അമ്മ എന്റെ ഭാഗത്തായിരിക്കും. അല്ലെങ്കിലും ഭർത്താക്കന്മാരോടു ഭാര്യമാരു മിണ്ടാതിരിക്കാമോ! കടുപ്പമല്ലേ അവൾ കാണിക്കണത്!

''എന്താമ്മേ'' എന്നു ചോദിച്ചുകൊണ്ട് അവൾ വന്നു, വന്നയുടൻ അമ്മയെ മുട്ടിയുരുമ്മിയിരുന്നു.

അവൾക്ക് എന്നെ മാത്രമേ മുട്ടാൻ ബുദ്ധിമുട്ടുള്ളൂ! അമ്മായിഅമ്മയെ മുട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല!

അവളെന്നെ കണ്ട ഭാവം നടിച്ചില്ല.

''നീ മിണ്ടണില്ലാന്ന് ഇവൻ കമ്പ്ളേന്റ് പറേണ് ണ്ടല്ലോ. എന്താ മോളേ?''

അവൾ മിണ്ടിയില്ല. പകരം അവളെന്നെ രൂക്ഷമായൊരു നോട്ടം നോക്കി.

''ഇവൻ വേണ്ടാതീനം വല്ലോം ചെയ്‌തോ?''

അമ്മ വീണ്ടും ചോദിച്ചപ്പോ അവളുടെ കണ്ണിൽ നിന്നു ശരേന്നു കണ്ണീരൊഴുകി. ഇതിത്ര പെട്ടെന്ന് എവിടന്നൊഴുകി വരുന്നു!

ദാ, ഞാനവളെ പീഡിപ്പിച്ചെന്നാണ് ഇക്കണ്ണീരു കാണുമ്പൊ അമ്മ വിചാരിക്കാൻ പോണത്! ഞാനതു കൃത്യമായി മനസ്സിലാക്കി.

പരാതിക്കാരനെ 'അകത്ത്' ആക്കുന്ന പൊലീസിനെപ്പോലെ, യാതൊരു ചോദ്യം ചെയ്യലുമില്ലാതെ, മിന്നൽ വേഗത്തിൽ, അമ്മയെന്റെ ചെവിയിൽ പിടിത്തമിട്ടു!

എന്റെ ചെവിയോടൊരു പ്രത്യേക താല്പര്യം എന്റെ ബാല്യം മുതൽക്കേ അമ്മയ്ക്കുള്ളതാണ്. ചെവി പിടിച്ചു തിരിച്ചുവയ്ക്കാൻ ഇത്തവണയും അമ്മ പരിശ്രമിച്ചു.

''അയ്യോ, അമ്മേ, ചെവി പറിഞ്ഞുപോരും, വിടമ്മേ...''

എന്റെ നിലവിളി കേട്ട് അവൾ കണ്ണീരിനിടയിലും ചിരിച്ചു; ഭർത്താവു പീഡിപ്പിക്കപ്പെടുന്നതു കണ്ട് ആഹ്ലാദിക്കുന്ന ഭാര്യ!

''ഇനിയിവൾടെ കണ്ണീരിവിടെ കാണരുത്!'' അമ്മ ചെവിയിന്മേലുള്ള പിടി വിട്ടു.

''അമ്മേ, അതിന്, ഞാനവളെ ഒന്നും ചെയ്തിരുന്നില്ലമ്മേ...''

''പോടാ, അവടന്ന്! ഇവള് രണ്ടു ദെവസം നെന്നോടു മിണ്ടാതിരിക്കണങ്കി നീയെന്തോ കാര്യായ തോന്ന്യാസങ്ങള് ചെയ്തട്ട് ണ്ടാവും. നിക്കറിഞ്ഞൂടേ!''

''ഇല്ലമ്മേ! ഞാമ്പറയാം...''

''വേണ്ട വേണ്ട! നെന്റെ വിശദീകരണോന്നും നിക്ക് കേക്കണ്ട.'' കുറ്റാരോപിതന്റെ ഭാഗം കേൾക്കാത്ത ജഡ്ജിയാണ് എന്റെ അമ്മ. അവളെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, ''മോളു വെഷമിക്കണ്ട. ഇവനെ ഞാൻ ശരിയാക്കിക്കോളാം.''

'അമ്മക്കോടതി'യിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അവളെന്നെ പുറകിൽ നിന്നു പിടിച്ചു നിർത്തി. ''നൊന്തോ ചേട്ടന്? പാവം.''

''എന്റെ ചെവി തിരിഞ്ഞുപോയി! എന്നട്ടും നീയത് കണ്ട് ചിരിച്ചേക്കണ്!'' ഞാൻ പരിഭവിച്ചു.

അവളെന്റെ ശിരസ്സുപിടിച്ചടുപ്പിച്ച്, അമ്മ തിരിച്ചുവയ്ക്കാൻ ശ്രമിച്ച ചെവിയിൽ ചുണ്ടമർത്തി.

ആ ഒറ്റ പ്രവൃത്തിയിൽ എന്റെ സകല വിഷമങ്ങളും പറപറന്നിരുന്നു. ഞാനവളെ പിടിച്ചടുപ്പിക്കാൻ കൈകൾ നീട്ടും മുമ്പ് അവൾ വഴുതിമാറിയിരുന്നു.

അന്നത്തെയാ തർക്കവും ഇന്നിപ്പോഴത്തെ തർക്കവും നിറത്തെച്ചൊല്ലിയുള്ളതു തന്നെ. അന്നത്തേതു വസ്ത്രത്തിന്റെ നിറത്തെപ്പറ്റിയുള്ളതായിരുന്നെങ്കിൽ, ഇന്നത്തേതു വീടിനടിക്കുന്ന പെയിന്റിന്റേതിനെച്ചൊല്ലിയുള്ളതാണ്.

ബൈക്ക് ഹൈവേയിൽക്കടന്ന് ഓട്ടം തുടങ്ങിയിരുന്നു. പത്തു കിലോമീറ്ററിലേറെയുണ്ടു ടൗണിലേയ്ക്ക്. വീടിനടുത്ത് ഒന്നു രണ്ടു പെയിന്റുകടകളുണ്ടെങ്കിലും, ടൗണിലെ കടകളിൽ വിലക്കുറവുണ്ടാകാറുണ്ട്; ഒന്നിലേറെ ഇനം പെയിന്റുകളുണ്ടാകും, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കിട്ടും. പെയിന്റു മാത്രമല്ല, വേറെ ചില സാധനങ്ങൾ കൂടി വാങ്ങാനുണ്ട്; അവളുടെ സാന്നിദ്ധ്യം ആവശ്യം.

ഞാൻ റിയർ വ്യൂ മിററുകളിലൂടെ നിരീക്ഷിച്ചു. സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയുള്ള ഇരിപ്പ് അവൾ തുടരുന്നു. സീറ്റിനു താഴെയുള്ള ഹോൾഡറിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന വലതുകൈ കാണാം. 'വെള്ളപ്പെയിന്റു വാങ്ങിയ ശേഷം മാത്രമേ ഇനി പരസ്പരം മുട്ടിയിരിക്കുന്ന പ്രശ്‌നമുള്ളൂ; അതുവരെ ഞാൻ ഇങ്ങനിരിക്കും!' എന്ന ഭാവം.

വീതിയുള്ള, നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേ. ഏതാനും നിമിഷനേരത്തേയ്ക്കു ബൈക്കിന്റെ ത്രോട്ടിലിൽ നിന്നു കൈയെടുത്തെന്നു വച്ചു പ്രശ്‌നമൊന്നുമില്ല. ഞാൻ കൈയെടുത്ത് അവളുടെ വലതുകൈയിൽ സ്പർശിക്കാൻ ശ്രമിച്ചു.

അവളെന്റെ ഉദ്ദേശങ്ങൾ മണത്തറിയും! എന്റെ കൈ ചെന്നപ്പോഴേയ്ക്ക് അവളുടെ കൈ പൊയ്ക്കഴിഞ്ഞിരുന്നു.

ഇളിഭ്യനായി ഞാൻ വീണ്ടും ത്രോട്ടിലിൽ പിടിച്ചു.

നീലസാരിയിൽപ്പൊതിഞ്ഞ വലതുതുട ഇടതു മിററിൽ കാണാം. ഞാൻ ക്ലച്ചിൽ നിന്നു കൈയെടുത്ത്, മെല്ലെ അവളുടെ തുടയിൽ സ്പർശിക്കാൻ ശ്രമിച്ചു. പക്ഷേ, അവളെന്റെ കൈ തള്ളിനീക്കി. രണ്ടു മൂന്നു തവണ ഞാനാ ശ്രമം ആവർത്തിച്ചു. ശ്രമങ്ങളെല്ലാം വിഫലമായി. ഒരു തവണ അവളെന്നെ നുള്ളിയകറ്റുകയും ചെയ്തു.

അതു ഹൈവേയിൽപ്പലരും കണ്ടിട്ടുണ്ടാകണം, എന്നെയൊരു പീഡകനായി അവരിൽച്ചിലരെങ്കിലും ധരിച്ചുപോയിട്ടുമുണ്ടാകണം!

ഞാൻ കൈ പിൻവലിച്ച്, ക്ലച്ചിൽത്തന്നെ പിടിച്ചു. എന്തിനു വെറുതേ നാട്ടുകാരുടെ മുന്നിൽ മാനം കളയണം!

ഇടതുവശത്തെ മിറർ ഞാൻ ശകലം തിരിച്ചു വച്ചു. ഇപ്പോളതിൽ അവളുടെ മുഖം കാണാം.

അവൾക്കറിയാം, അതിലൂടെ ഞാനവളെത്തന്നെ നോക്കുന്നുണ്ടെന്ന്. നോട്ടങ്ങൾ കൂട്ടിമുട്ടാത്ത തരത്തിൽ അവൾ അകലെ കണ്ണും നട്ടിരുന്നു.

''ചേട്ടന്റെ പൊന്നല്ലേ, ചേട്ടനോടൊന്നു കനിയ്, തങ്കം!'' ഞാൻ ശിരസ്സു പുറകോട്ടു തിരിച്ചുകൊണ്ട്, അല്പം ഉറക്കെത്തന്നെ പറഞ്ഞു. പക്ഷേ, അവൾ ശ്രദ്ധിച്ചില്ല. അതുകൊണ്ടു ഞാൻ പാടി, ''എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കല്ലാണീ നെഞ്ചീലെന്ന്, കരിങ്കല്ലാണ്...'' ആ കരിങ്കല്ലിനു ഞാനൂന്നൽ നൽകി.

ആ മുഖത്തൊരു മന്ദഹാസം മിന്നിമറഞ്ഞില്ലേ? മിററിൽ നോക്കിക്കൊണ്ടിരുന്ന എനിക്കങ്ങനെ തോന്നി.

ഒരു ജങ്ഷനിൽ സിഗ്‌നലിനു വേണ്ടി ബൈക്കു നിറുത്തി. സിഗ്‌നൽ കാത്തുകിടക്കുമ്പോൾ തോളത്തൊരു മൃദുസ്പർശം.

വിശ്വസിക്കാനാകാതെ ഞാൻ തിരിഞ്ഞുനോക്കി. അവളുടെ വലത്തുകൈ എന്റെ തോളിൽ! ഞങ്ങൾക്കിടയിലുണ്ടായിരുന്ന അകലം കുറയുകയും ചെയ്തിരിക്കുന്നു!

സിഗ്‌നൽ കിട്ടി, ബൈക്ക് ഓട്ടം തുടങ്ങിയപ്പോൾ, അവളുടെ കൈ എന്റെ തോളത്തുനിന്നിറങ്ങി, എന്റെ മുന്നിലൂടെ ചുറ്റിവളഞ്ഞ് എന്റെ നെഞ്ചിലമർന്നു. ഓടുന്ന ബൈക്കിന്മേലല്ലായിരുന്നെങ്കിൽ അവളുടെ വിരലുകൾക്കെന്റെ ഹൃദയസ്പന്ദനം അറിയാനാകുമായിരുന്നു.

ഞാനറിയാതെ തന്നെ എന്റെ മുഖത്തൊരു ചിരി വിടർന്നു. ആകാശത്തേയ്ക്കു നോക്കി ഞാൻ ആഹ്ലാദമാഘോഷിച്ചു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളെന്നോടു ചേർന്നിരുന്നു. ഇതുവരെച്ചെയ്ത വിക്രിയകളൊക്കെ അവൾ മാപ്പാക്കിത്തന്നിരിക്കുന്നു! അവളുടെ മൃദുലതകൾ എന്റെ പുറത്തമർന്നപ്പോഴുള്ള സുഖത്തോടും ഊഷ്മളതയോടുമൊപ്പം, ഹൃദയസ്പന്ദങ്ങളുടെ ഏകകാലപ്പൊരുത്തവും സ്വർഗസുഖം പകർന്നു.

അവളെന്റെ തോളത്തു ചുണ്ടുകളമർത്തി. മെല്ലെ മൊഴിഞ്ഞു, ''കച്ചേരിക്കളറു തന്നെ വാങ്ങിക്കോളൂ ട്ടോ.''

എനിക്കത്ഭുതമായി. അത്ഭുതത്തേക്കാളേറെ ആവേശവുമുണ്ടായി. അവൾക്കു കച്ചേരിക്കളറു സമ്മതമെങ്കിൽ, എനിക്കു വെള്ളനിറം അതിലേറെ സമ്മതം: ''വേണ്ട, തങ്കം. വെള്ള മതി. തൂവെള്ള, പാൽവെള്ള. മിൽക്ക് വൈറ്റ്. വൈറ്റ് വൈറ്റ്. അകത്തും പുറത്തും മാത്രമല്ല, ടെറസ്സിലും!''

''ഹ...ഹ...ഹ...''

ഹൈവേയിൽ, ഒപ്പമോടിക്കൊണ്ടിരുന്ന വാഹനങ്ങളെയെല്ലാം വിസ്മരിച്ചവൾ പൊട്ടിച്ചിരിച്ചു. സർവം മറന്നുള്ള ആ മണികിലുക്കം കേട്ടു ചില യാത്രികർ തിരിഞ്ഞുനോക്കി. ഹോ, ആ ചിരി കേൾക്കാൻ ഞാനെന്തു തന്നെ കൊടുക്കില്ല!

അവളെ ആ നിമിഷം ഉമ്മവയ്ക്കാൻ എനിക്കാർത്തി തോന്നി. ഞാൻ ബൈക്ക് റോഡരികിലടുപ്പിച്ചു നിറുത്തി. പിൻസീറ്റിൽ നിന്ന് അവളിറങ്ങിയെങ്കിൽ മാത്രമേ എനിക്കിറങ്ങാനാകൂ. ഞാൻ പറഞ്ഞു, ''നീയൊന്നിറങ്ങ്.''

ഞാൻ മനസ്സിൽ കണ്ടത് അവൾ മാനത്തു കണ്ടിട്ടുണ്ടാകും! അവൾ പറഞ്ഞു, ''ഉം-ഉം.''

ഇറങ്ങില്ല എന്നാണ് ആ ഇരട്ട ഉമ്മിന്റെ അർത്ഥം.

ഞാൻ നിർബന്ധിച്ചപ്പോൾ അവൾ മുന്നറിയിപ്പു നൽകി: ''ദേ, ചേട്ടാ, തോന്ന്യാസോന്നും കാണിക്കണ്ട. ഇത് നാഷണൽ ഹൈവേയാ.'' ഇരുകൈകൾ കൊണ്ടും ബൈക്കിൽ മുറുക്കിപ്പിടിച്ച് അവൾ ഉറച്ചിരുന്നു.

ഗത്യന്തരമില്ലാതെ ഞാൻ ബൈക്കു സ്റ്റാർട്ടു ചെയ്തു. വണ്ടി ടോപ്പ് ഗിയറിലെത്തിയ ഉടനെ, എന്റെ മാറത്തമർന്നിരുന്ന അവളുടെ കൈത്തലം ഞാനുയർത്തി ചുണ്ടോടമർത്തി.

അവളെന്റെ ചുണ്ടിൽ നിന്നു കൈ വലിച്ചെടുത്തു വീണ്ടുമെന്റെ മാറത്തമർത്തി: ''മര്യാദയ്ക്കു ബൈക്കോടിക്ക്.'' അവളെന്നോടു ചേർന്നിരുന്നു. അവളുടെ കവിൾത്തടം എന്റെ പുറത്തമർന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP