Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബില്ലില്ലാതെ സ്വർണം നൽകാറേയില്ല... നികുതിയോ വെറും 1.25 ശതമാനം മാത്രം..! നാട്ടുകാരെ കബളിപ്പിക്കുന്ന മലബാർഗോൾഡിന്റെ പരസ്യത്തിനെതിരെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ; പുതിയ പരസ്യം കള്ളക്കടത്തിന്റെ നിഴലിൽ നിന്ന ക്ഷീണം തീർക്കാനെന്നും ഹാൾമാർക്കിങ് നടത്തുന്നത് സ്വന്തം സ്ഥാപനത്തിലെന്നും ആരോപണം

ബില്ലില്ലാതെ സ്വർണം നൽകാറേയില്ല... നികുതിയോ വെറും 1.25 ശതമാനം മാത്രം..! നാട്ടുകാരെ കബളിപ്പിക്കുന്ന മലബാർഗോൾഡിന്റെ പരസ്യത്തിനെതിരെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ; പുതിയ പരസ്യം കള്ളക്കടത്തിന്റെ നിഴലിൽ നിന്ന ക്ഷീണം തീർക്കാനെന്നും ഹാൾമാർക്കിങ് നടത്തുന്നത് സ്വന്തം സ്ഥാപനത്തിലെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: ദൃശ്യ മാദ്ധ്യമങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇപ്പോൾ നൽകിയിരിക്കുന്ന ഒരു പരസ്യം കണ്ടാൽ പാവം ഉപയോക്താവ് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു പോകും. തങ്ങൾ ബില്ലില്ലാതെ സ്വർണം നൽകില്ല. ബില്ല് വേണ്ടാ എന്നു പറയുന്നവരോട്‌ ഒരു കാരണവശാലും അങ്ങനെ സ്വർണം തരാൻ പറ്റില്ലെന്ന് പറയുന്നു. തങ്ങൾ വെറും 1.25 ശതമാനം മാത്രമേ മൂല്യവർധിത നികുതി ഈടാക്കുന്നുള്ളൂവത്രേ. മറ്റുള്ളവരൊക്കെ അഞ്ച് മേടിക്കുന്നുണ്ടുപോലും. പരസ്യം കാണുന്നവർ നേരെ മലബാർ ഗോൾഡിലേക്ക് ഓടും. നികുതി വെറും 1.25 ശതമാനം മാത്രം, പോരെങ്കിൽ കൃത്യമായ ബില്ലും. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?

മലബാറിന്റെ ഈ പരസ്യത്തിലെ പൊള്ളത്തരം പൊളിച്ച് അടുക്കിയിരിക്കുകയാണ് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ. മലബാറിന്റെ 1.25 ശതമാനം നികുതി പരസ്യത്തിന് പിന്നിലെ യാഥാർഥ്യം അവർ തന്നെ പറയുന്നു. മലബാർ മാത്രമല്ല, കേരളത്തിൽ 6000 വരുന്ന സ്വർണവ്യാപാരികളിൽ 2800 ഓളം പേർ കോമ്പൗണ്ടിങ് നികുതി അടയ്ക്കുന്നവരാണ്. ഇവർക്ക് 1.25 ശതമാനം നികുതിയിട്ട് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും. ശേഷിച്ചവരാകട്ടെ അഞ്ചുശതമാനം നികുതിയും നൽകുന്നു. കോമ്പൗണ്ടിങ്ങ് നികുതി എന്നാൽ എന്താണ്?

ഒരു കടയുടമ അവസാന മൂന്നുവർഷം അടച്ച മൂല്യവർധിതനികുതിയിൽ ഏറ്റവും കൂടിയ തുക എത്രയാണെന്ന് വച്ചാൽ അതിന്റെ 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ച് നടപ്പുവർഷത്തിൽ അടയ്ക്കുന്നതാണ് കോമ്പൗണ്ടിങ് നികുതി. വാർഷിക വിറ്റുവരവ് ഇയാൾക്ക് ഒരു പക്ഷേ, മുൻവർഷത്തേക്കാൾ കുറവായിരിക്കും. എന്നിരുന്നാലും കോമ്പൗണ്ട് ചെയ്ത നികുതി അടയ്ക്കാൻ ഇദ്ദേഹം ബാധ്യസ്ഥനാണ്. ഇതുകൊണ്ട് തലവേദന ഒഴിയുന്നത് വിൽപന നികുതി ഉദ്യോഗസ്ഥർക്കാണ്. അവർക്ക് കൂടെക്കൂടെ കടയിൽ കയറി നിരങ്ങണ്ട. അടയ്‌ക്കേണ്ട നികുതി കൃത്യമായി ഉടമകൾ അടച്ചു കൊള്ളും. ഇങ്ങനെ കോമ്പൗണ്ട് ചെയ്ത് നികുതി അടയ്ക്കുന്ന കൂട്ടത്തിലുള്ളവരാണ് മലബാർ ഗോൾഡ്. അവർ അതുകൊട്ടിഘോഷിച്ച് പരസ്യമാക്കുമ്പോൾ ജനം കരുതുന്നത് മലബാർ ഒഴികെ ബാക്കിയെല്ലാവരും കള്ളന്മാരാണെന്നാണ്.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് പിന്മാറാൻ വൻകിട സ്വർണകട ഉടമകൾ തയാറാകണമെന്ന് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര ആവശ്യപ്പെട്ടു. കോമ്പൗണ്ടിങ് നികുതി നൽകാൻ തയാറാകാത്ത കടയുടമകൾ അഞ്ചു ശതമാനം വാറ്റ് ഈടാക്കുന്നു. സത്യം ഇതായിരിക്കേ പത്തോളം വരുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരസ്യം നൽകുന്നത്. ഇത് ഏറെയും ബാധിക്കുന്നത് ചെറുകിട വ്യാപാരികളെയാണെന്ന് ജസ്റ്റിൻ പാലത്ര ചൂണ്ടിക്കാട്ടി.

40,000 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ നടക്കുന്നത്. കോമ്പൗണ്ടിങ് കൊണ്ടു വന്നതിന് ശേഷം സർക്കാരിന് കിട്ടുന്ന നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം തന്നെയുണ്ടായിട്ടുണ്ട്. 2006 ൽ വാറ്റിലൂടെ സർക്കാരിന് കിട്ടിയിരുന്ന നികുതി വെറും 20 കോടിയായിരുന്നു. ഇന്നത് 500 കോടിയായി. സംസ്ഥാനത്ത് ആകെയുള്ള 6000 വരുന്ന സ്വർണ വ്യാപാരികളിൽ 2800 കടക്കാർ മാത്രമാണ് കോമ്പൗണ്ടിങ് നികുതി അടയ്ക്കുന്നത്. ശേഷിച്ചവർ കൂടി അടയ്ക്കാൻ തയാറായാൽ നികുതി വരുമാനം ഇതിലും അധികമാകും. ചെറുതും വലുതുമായ വ്യാപാരശാലകളിലെല്ലാം ഒരേ ഗുണമേന്മയുള്ള സ്വർണം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.

കള്ളക്കടത്ത് സ്വർണം റവന്യൂ ഇന്റലിജൻസ് പിടികൂടിയെന്ന ആരോപണ വിധേയരായ ജൂവലറിക്കാരാണ് തങ്ങൾ മാന്യന്മാരാണെന്ന് പറഞ്ഞ് പരസ്യം നൽകുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. താനൊഴികെ മറ്റ് സ്വർണവ്യാപാരികൾ ഒക്കെ കള്ളന്മാരാണ് എന്നു പറയാതെ പറയുകയാണ് മലബാർ ഗോൾഡ് പരസ്യത്തിലൂടെ ചെയ്യുന്നത്. മറ്റൊരു തട്ടിപ്പ് നടക്കുന്നത് ബി.ഐ.എസ് ഹാൾ മാർക്കിങ്ങിലൂടെയാണ്. സർക്കാർ സംവിധാനമല്ല, ഈ ഹാൾമാർക്കിങ് നടത്തുന്നത്. 10 ജൂവലറി സ്വന്തമായുള്ള ഒരാൾക്ക് ഹാൾമാർക്കിങ് നടത്താം. അതിനായി ബിനാമി പേരിൽ ഇവർ ഹാൾമാർക്കിങ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഇവർ ഹാൾമാർക്ക് ചെയ്യുന്ന ആഭരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ മറ്റു മാർഗമില്ല. മിക്കയിടത്തും ഇറിഡിയം ചേർത്ത ആഭരണങ്ങളാണ് ലഭിക്കുന്നത്. ഇത് കാൻസർ വരെ ഉണ്ടാക്കുന്നുണ്ട് എന്ന് ജസ്റ്റിൻ പാലത്ര പറഞ്ഞു.

നിലവിൽ അതത് ദിവസത്തെ സ്വർണവില തീരുമാനിക്കുന്നത് ഗോൾഡ് ഭവനിൽ നിന്നാണ്. 12 സ്വർണ വ്യാപാരികൾ അടങ്ങുന്ന സമിതിയാണ് അതത് ദിവസം ഇത് നിശ്ചയിച്ച് മറ്റ് വ്യാപാരികൾക്ക് സന്ദേശം അയയ്ക്കുന്നത്. ഇവർ നിശ്ചയിക്കുന്ന വിലയിൽ 100 രൂപയെങ്കിലും കൂട്ടിയാണ് കോർപ്പറേറ്റുകൾ ഗ്രാമിന് വാങ്ങുന്നത്. ചെറുകിട വ്യാപാരികൾ ഇതിന് തയാറാകുന്നില്ല. പഴയ സ്വർണം സുലഭമായി എത്തുന്നതിനാൽ അതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് കൂടി പങ്കുവയ്ക്കണമെന്നാണ് എകെജി-എസ്എംഎയുടെ നയമെന്ന് ജസ്റ്റിൻ പാലത്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP