Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പടച്ചോന്റെ ചിത്രപ്രദർശനം': മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന പി ജിംഷാറിന്റെ കഥയുടെ പൂർണ്ണ രൂപം വായിക്കാം

'പടച്ചോന്റെ ചിത്രപ്രദർശനം': മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന പി ജിംഷാറിന്റെ കഥയുടെ പൂർണ്ണ രൂപം വായിക്കാം

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ ജിംഷാറിന്റെ കഥാസമാഹാരം പുറത്തിറങ്ങാനിരിന്ന യുവ എഴുത്തുകാരൻ പി ജിംഷാർ ആക്രമിക്കപ്പെട്ടു. പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ എഴുതിയതിന്റെ പേരിൽ പി.ജിംഷാർ ആണ് ആക്രമിക്കപ്പെട്ടത്. ദൈവനിന്ദയാണ് ഈ യുവ എഴുത്തുകാരനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. എന്നാൽ പ്രവാചകനെയോ ദൈവത്തെയോ നിന്ദിക്കുന്ന ഒന്നുംതന്നെ ഈ കഥയിലില്ല എന്നതാണ് യാഥാർത്ഥ്യം. മലയാളം സർവ്വകലാശാലയുടെ പ്രഥമ സാഹിതി പുരസ്‌കാരം നേടിയ കഥയാണ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ. 2014ൽ ശാന്തം മാസിക പ്രസിദ്ധീകരിച്ചു. ഈ കഥയുടെ പൂർണ്ണ രൂപം ചുവടെ

'പടച്ചോന്റെ ചിത്രപ്രദർശനം'
പി ജിംഷാർ

വെള്ളിക്കോലുകൊണ്ട് അസ്മാബി ബാർബി പാവയുടെ ഉണ്ടക്കണ്ണിൽ ഒരു വര വരച്ചു. കുഞ്ഞുന്നാളിൽ വട്ടുകളിക്കാൻ കളം വരയ്ക്കുന്നമാതിരി. ഈർക്കിലിയുടെ കടഭാഗംപോലെ തടിച്ച വെള്ളിക്കോലിൽ സുറുമ പറ്റിപ്പിടിച്ചിരുന്നു. അതു കണ്ട പാവക്കുട്ടിയുടെ കണ്ണുകൾ ഒന്ന് പിടയ്ക്കുകയും പിന്നെ തണുത്ത് തണുത്ത് ഒരു മഞ്ഞുതുള്ളിയെ ഒളിപ്പിക്കുകയും ചെയ്തു. സുറുമയെഴുതിയ പാവക്കുട്ടിയുടെ മുഖം സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു പൂച്ചക്കുട്ടിയായി മാറിയിരിക്കുന്നു. സംശയം തോന്നി അവൾ ഒന്നുകൂടി നോക്കി. നോമ്പിന് പായസം വെക്കാൻ നുറുക്കിവച്ച സേമിയ ചുണ്ടിന്റെ വശങ്ങളിൽ തിരുകിവച്ച് ഉണ്ടാക്കാറുള്ള മീശപോലെ തുറിച്ച് നിൽക്കുന്ന മീശയുണ്ട്. പിന്നെ വളരെ ചെറുതായ പുലീടെ മുഖവും. എന്നാലും ഒരു ഉറപ്പില്ലായ്മ. അസ്മാബി പതിയെ വിരലുകൾ നീട്ടി. പാവക്കുട്ടിയുടെ മുഖത്ത് പരതി നടന്ന വിരലുകളെ രോമങ്ങൾ തൊട്ടുനോക്കുന്നില്ല. ഇത് പൂച്ചയല്ല. വേറെ എന്തോ ആണ്?

'കുഞ്ഞിമ്മാ, പെരിങ്ങോട്ട്ക്ക് പോകുമ്പൊ ഈ പൂച്ചനെ ഞാൻ കൊണ്ടോവട്ടേ?'
'അന്റെ ഉമ്മ കേക്കണ്ട, ഇതിനെ കൊഞ്ചിക്ക്ണതിന് ഇന്നെ ചീത്ത പറേണ ആളാ അന്റെ ഉമ്മ.'
താത്താന്റെ മോൻ യാസിറായിരുന്നു പൂച്ചനെ കുളിപ്പിക്കാനും കണ്ണെഴുതിക്കൊടുക്കാനും പൊട്ടുതൊടീക്കാനും അങ്ങനെ തന്റെ എല്ലാ കളിക്കും കൂട്ടുണ്ടായിരുന്നതെന്ന് അവൾ ഓർത്തു. വീണ്ടും ഡപ്പിയിൽനിന്ന് ഒരു തോണ്ട് സുറുമയെടുത്ത് അസ്മാബി പാവക്കുട്ടിയുടെ കണ്ണിൽ തേച്ചു. തണുപ്പു കൊണ്ട് അവൾ മെല്ലെ കണ്ണടച്ചു. സുറുമപ്പൊടികൾ കണ്ണിലെ നീലനിറത്തെ കറുപ്പിച്ചു.
'കുഞ്ഞിമ്മാക്ക് വട്ടാണ്. മക്കളെ ഒറക്ക്ണപോലെ ആരെങ്കിലും പൂച്ചനെ ഒറക്കോ?'
യാസിറിന്റെ കുഞ്ഞുശബ്ദം വല്ലാത്ത മുഴക്കത്തോടെ മുറിയിൽ പ്രതിധ്വനിച്ചു. ചെരിഞ്ഞു കിടന്ന് പാവക്കുട്ടിയെ ഉറക്കുന്ന അവളെ ആ ശബ്ദം വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. അങ്കലാപ്പോടെ അസ്മാബി എഴുന്നേറ്റു. ചകിരിനാര് പോലുള്ള മുടിയിൽ വിരലുടക്കിയതറിഞ്ഞ് അവളൊന്ന് കുനിഞ്ഞു. പിടിച്ച് വലിക്കുന്ന മുടിയിഴകളിൽനിന്നും വളരെ പതുക്കെ വിരൽപോലുമറിയാതെ അവൾ മുടിയെ സ്വതന്ത്രയാക്കി. നെറ്റിത്തടത്തിൽ തലോടി ഒരു ഉമ്മകൊടുത്തു. ബെഡ്‌ലാബിന്റെ നീലവെളിച്ചത്തിൽ സഫമോളുറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
'അക്‌ബർക്കാ മോൾടെ മേത്ത്ക്ക് ഉരുളല്ലേ, ഞാനൊന്ന് ബാത്ത്‌റൂമില് പോയി വരാം.'
'ഉം.' അയാളൊന്ന് മൂളിക്കൊണ്ട് പാവക്കുട്ടിയുടെ നേർക്ക് തിരിഞ്ഞുകിടന്നു. പതിയെ പാവക്കുട്ടിയുടെ വീതിയുള്ള നെറ്റിത്തടത്തിലും കവിളിലും തലോടി. തുളുമ്പിയ കണ്ണുകൾകൊണ്ട് അയാൾ പാവക്കുട്ടിയെ അടിമുടിയൊന്ന് നോക്കി. ഒട്ടും തിടുക്കപ്പെടാതെ ഒച്ചയുണ്ടാക്കാതെ ഒരിറ്റ് കണ്ണുനീർ പാവക്കുട്ടിയുടെ നെറ്റിത്തടത്തിൽ വീണ് പരന്നു. അയാളിൽനിന്ന് ഒരു ദീർഘനിശ്വാസം പറന്നുപോയി. ഉറക്കത്തിൽ താൻ ഉമ്മവച്ചതിന്റെ ചെറുചൂട് മോളുടെ നെറ്റിയിലുണ്ടോ എന്ന് ഉറപ്പുവരുത്തി ഒരു നിമിഷം അയാൾ ഭാര്യയുടെ വേഷത്തിലേക്ക് രൂപം മാറി.
ബക്കറ്റിലേക്ക് വെള്ളം ശക്തിയായി വീണുകൊണ്ടിരുന്നു. ഒരു പെരുമഴയുടെ താളത്തിൽ തുടങ്ങി പെയ്തുതോർന്ന പ്രതീതിയോടെ ബാത്ത്‌റൂമിൽനിന്നുള്ള ശബ്ദപ്രവാഹം നിലച്ചു. ക്ലോക്കിലെ ടിക്…ടിക്…ശബ്ദം മാത്രം. കുറച്ചുനേരം അങ്ങനെ ചെവിയോർത്ത് കിടന്നപ്പോൾ തനിക്കും ഭാര്യയെപ്പോലെ സമനില തെറ്റുമെന്ന് അക്‌ബറിന് തോന്നി.
'അസ്മൂ, കഴിഞ്ഞില്ലേ.'
'ആ കഴിഞ്ഞു.'
അവൾ വാതിൽ തുറന്നപ്പോൾ അരണ്ടവെളിച്ചത്തിലും കരഞ്ഞുകലങ്ങിയ മുഖം അയാൾ വ്യക്തമായി കണ്ടു. എന്നാൽ അയാളെ നോക്കുകപോലും ചെയ്യാതെ അവൾ എഴുന്നേറ്റിടത്ത് ചെന്ന് കിടന്നു. പാവക്കുട്ടിയുടെ പുറത്ത് തട്ടിക്കൊണ്ട് അവളൊരു താരാട്ട് ഓർത്തെടുത്തു.
'അസ്ബീ റബ്ബീ സല്ലള്ളാ
നൂറ് മുഹമ്മദ് സല്ലള്ളാ..
കോഴി വാ, മക്കള് വാ,
കൊത്തിതിന്നാൻ ചുണ്ടലി വാ..
ഉമ്മാന്റെ മോള് ഉറങ്ങിക്കോ,
അസ്ബീ റബ്ബീ..'
മോളും ഉമ്മയും ഉറങ്ങി. അവർക്ക് കാവൽ കിടന്നുകൊണ്ട് അക്‌ബർ ചെവിയോർത്തു. ശൂ… എന്ന് നീട്ടിവിളിച്ച് കറങ്ങുന്ന ഫാനും ടിക് ടിക് എന്നു കരയുന്ന ക്ലോക്കും അറവനമുട്ടിന്റെ താളത്തിൽ കൊട്ടിക്കേറാൻ തുടങ്ങി. ശൈയ്ഹ്, ശൈയ്‌ഹേ എന്ന വിളിക്കൊപ്പം ചെവിയിലേക്ക് പതിനായിരക്കണക്കിന് വാഹനങ്ങൾ ഒന്നിച്ച് ഹോണടിച്ച് പാഞ്ഞു വരുന്നു. അക്‌ബർ രണ്ട് കയ്യുംകൊണ്ട് ചെവിയമർത്തി. കണ്ണുകൾ ഇറുക്കിയടച്ചു.
'എന്തൊര് ഒറക്കാത്, സമയെത്രായെന്ന് അറിയോ? ണീറ്റേ.' അക്‌ബർ അസ്മാബിയുടെ വിളികേട്ട് ഉണർന്നു. തലക്കാമ്പുറത്ത് വച്ചിരുന്ന ഫോണെടുത്ത് കീപ്പാഡമർത്തി. വളരെ ചെറിയൊരു ഉണർച്ചയോടെ മൊബൈൽഫോൺ സമയം പറഞ്ഞുകൊടുത്തു 10.32 മാ. അയാൾ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് പോയി. അവൾ അടുക്കളയിലേക്കും.
പല്ലുതേപ്പും കുളിയുമൊക്കെ വേഗത്തിൽ കഴിച്ച് അയാൾ തീന്മേശയ്ക്ക് മുമ്പിലെത്തി. ചായകുടിക്കുമ്പോഴും പുട്ട് തിന്നുമ്പോഴും ഇന്ന് മീറ്റിങ്ങിൽ സംസാരിക്കാനുള്ള വാക്കുകൾ ഓർത്തെടുക്കുകയായിരുന്നു. ബി.ഒ.ടി. പാത വികസന സമരമുന്നണിയുടെ പ്രവർത്തകരുമായി കളക്ടർ ഉച്ചയ്ക്കുശേഷം ചങ്കുവെട്ടിയിൽ ഒരു മീറ്റിങ് വച്ചിട്ടുണ്ട്. മീറ്റിങ്ങിൽ അതിശക്തമായി പാതയിരട്ടിപ്പിക്കലിനെ എതിർക്കണമെന്ന് അയാൾ നിശ്ചയിച്ചുറപ്പിച്ചു. ഇനിയും റോഡിന് വീതി കൂട്ടിയാൽ വീട് നഷ്ടമാകും. ഇപ്പോൾ മുറ്റമേ പോയിട്ടുള്ളൂ. ഇനി വീടുകൂടി പോയാൽ? അതൊന്നും ഓർക്കാൻകൂടി വയ്യ. അയാൾ പുട്ടും പപ്പടവും കൂട്ടിക്കുഴച്ച് വായിലേക്ക് കൊണ്ടുപോയി. രണ്ട് പിടി വായിലിട്ടതോടെ ഓക്കാനം വന്ന് അയാൾ എഴുന്നേറ്റു.വീടിന്റെ തെക്ക് ഭാഗത്തുള്ള കോണിവഴി അക്‌ബർ ടെറസ്സിന്റെ മണ്ടയിലെത്തി. ഏറെ നേരം തപ്പിപ്പിടിച്ച് കണ്ടെത്തിയ ആക്‌സോ ബ്ലെയ്ഡിൽ തൊട്ടുനോക്കി ഇടയ്ക്കിടെ മൂർച്ച നോക്കി. ഡി.ടി.എച്ച്.ന്റെ വള്ളിയും വയറും അയാൾ വേർപ്പെടുത്തി. അസ്മൂന്റെ കണ്ടൻപൂച്ച മാന്തിപ്പൊളിച്ചിട്ട മെത്തപോലെ കേബിൾ വയറുകൾ ചിന്നിച്ചിതറി പോയിരിക്കുന്നെന്ന് അയാൾക്ക് തോന്നി. പെട്ടെന്നുതന്നെ അയാൾ മനസ്സിനെ തിരുത്തി. പറിച്ച് വലിച്ചിട്ട പോത്തിന്റെ കുടൽമാലയാണ് അതെന്ന് അയാൾ മനസ്സിനെ വിശ്വസിപ്പിച്ചു. ശത്രുവിനോടുള്ള പ്രതികാരം തീർത്തപ്പോൾ പേടിപ്പെടുത്തുന്ന ശബ്ദങ്ങളിൽനിന്നും കാഴ്ചകളിൽനിന്നും താനും അസ്മയും രക്ഷപ്പെട്ടിരിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ ടെറസ്സിൽനിന്ന് മുറ്റത്തേക്ക് നോക്കി. സോപ്പുപെട്ടിയുടെ വലിപ്പത്തിൽ വാഹനങ്ങൾ മുറ്റത്തൂടെ ചീറിപ്പായുന്നു. സോപ്പുപെട്ടികളല്ല. അവയെല്ലാം സഫമോളുടെ കളിക്കോപ്പുകളാണ്. അതൊന്നുമല്ല വണ്ടികളൊക്കെ ആനകളാണ്. കാലിനടിയിലിട്ട് അവ നമ്മളെ ചവിട്ടിയരയ്ക്കും.തന്റെ കുട്ടിക്കാലത്ത് കൺമുന്നിലെ ഈ റോഡിന് ഇത്രയ്‌ക്കൊന്നും വീതിയുണ്ടായിരുന്നില്ല. കൂട്ടുകാരോടൊത്ത് ചട്ടിപന്തും ക്രിക്കറ്റും കളിച്ചത് ആ മുറ്റത്തുവച്ചായിരുന്നു. അന്ന് റോഡായിരുന്നു ബൗണ്ടറിലൈൻ. അല്ലെങ്കിലും റോഡുകൾ യാത്രകളുടെ അതിരുകളിലേക്കുള്ള പാലങ്ങളാണല്ലോ? അക്‌ബർ ഒന്നു ചുമച്ചു. വായിൽ നിറഞ്ഞ കഫം തുപ്പിക്കളഞ്ഞു. ദേഷ്യപ്പെട്ടുകൊണ്ട് കഫം റോഡിന്റെ മുഖത്തേക്ക് പതിച്ചു.
അസ്മാബി പ്രസവിച്ച് കിടക്കുമ്പോഴാണ് ബി.ഒ.ടി.ക്കാർ പാത വികസനത്തിന് അളവെടുപ്പ് തുടങ്ങിയത്. സഫമോള് പിടിച്ച് നടക്കാൻ തുടങ്ങിയപ്പോഴേക്കും റോഡുപണി കഴിഞ്ഞിരുന്നു. അതിവേഗമായിരുന്നു വികസനത്തിന്റെ വരവ്. ഞങ്ങളുടെ മുറ്റത്തും അവർ വികസനത്തിന്റെ കല്ല് പാകി. ഉമ്മറത്തുകൂടെ വണ്ടിപോകുമെന്ന് പറയുന്ന വികസന സ്വപ്‌നത്തിലേക്ക് ഞങ്ങളും കണ്ണിചേർക്കപ്പെട്ടു. അക്‌ബർ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. ഇനി നിന്നാൽ സമയത്തിന് മീറ്റിങ്ങിനെത്താൻ പറ്റില്ല. അതുവരെ കയ്യിൽ പിടിച്ചിരുന്ന ആക്‌സോ ബ്ലെയ്ഡ് നിലത്തിട്ട് അയാൾ വേഗത്തിൽ കോണിപ്പടികളിറങ്ങി.
'അസ്മൂ, ഞാനെറങ്ങുന്നു' എന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ് അക്‌ബർ റോഡിലേക്ക് കാലെടുത്ത് വച്ചു.
ബസ്സ് കുറ്റിപ്പുറം പാലത്തിലേക്ക് പ്രവേശിച്ചു. തന്റെ നെഞ്ചിൽ കയറിയിരുന്ന് സഫമോള് കാറോടിക്കുന്നപോലെയാണ് ഡ്രൈവർ ബസ്സോടിക്കുന്നതെന്ന് അക്‌ബറിന് തോന്നി. ദൂരെ ആകാശത്തിനപ്പുറത്തുള്ള പടച്ചോന്റെ പൂന്തോട്ടത്തിൽനിന്ന് ഒരു കാറ്റു വന്ന് വളരെ പതുക്കെ അയാളുടെ കവിളിൽ തൊട്ടു. അക്‌ബർ ബസ്സിന്റെ ജാലകത്തോട് ഒന്നുകൂടി പറ്റിച്ചേർന്നിരുന്നു. നെഞ്ചിൽ കേറിയിരുന്ന് വണ്ടിയോടിക്കാൻ ഇടതുകയ്യിൽ ലോറിയുമെടുത്ത് വന്നതായിരുന്നു മോള്. പനിച്ച് വിറച്ചു കിടക്കുന്ന തന്റെ മേത്ത് കുത്തിമറിഞ്ഞ് പനി പിടിക്കണ്ടാന്ന് തോന്നി മോളെ അസ്മൂന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഇതിലും ഭേദം മോൾക്ക് പനിപിടിച്ചാ മതിയായിരുന്നു. സഫമോള് ഉമ്മവെക്കുമ്പോഴുള്ള നനവോടെ കാറ്റ് കവിളിലൊരു ഉമ്മ തന്നു. മഴയല്ല. ആരോ തുപ്പിയത് മുഖത്തേക്ക് തെറിച്ചതാണ്.
'ചങ്കുവെട്ടി, ചങ്കുവെട്ടി…ആളെറങ്ങ്, ആളെറങ്ങ്.' ബസ്സിലെ കിളി ചിലച്ചുകൊണ്ടിരുന്നു. അക്‌ബർ പതിയെ ബസ്സിറങ്ങി.കഞ്ഞി അടുപ്പത്തിട്ട് മോളെ ഇക്കാന്റെ അടുത്താക്കി കുളിക്കാൻ കേറിയതാണ്. പിന്നെ ഞാനൊന്നും അറിഞ്ഞില്ല. മുറീന്ന് എങ്ങനെ മോള് പുറത്തിറങ്ങിയെന്നോ എങ്ങനെ മുറ്റത്ത്, അല്ല റോഡിലെത്തിയതെന്നോ എനിക്കൊരു പിടിയുമില്ല. പനിച്ചു കിടക്കുന്ന ഇക്കയും ഒന്നും അറിഞ്ഞു കാണില്ല. ആരാണ് ബേബിഗേറ്റ് തുറന്ന് വച്ചത്? എങ്ങനെയാണ് മോള് റോഡിലെത്തിയത്? ഒരു ചോദ്യത്തിനും ഉത്തരം കിട്ടുന്നില്ല. കുളി കഴിഞ്ഞ് ഞാൻ മോളെ വിളിച്ച് ചുറ്റും തെര യാൻ തുടങ്ങിയപ്പോഴാണ് ചീന്തിയ മടലുപോലെ ചോരയിറ്റുന്ന എന്തോ ഒന്ന് ഏറ്റിക്കൊണ്ട് നാട്ടുകാർ ഉമ്മറത്തേക്ക് കയറി വന്നത്. 'ഇതെന്റെ മോളല്ല' ബോധം പോകുമ്പോൾ ചോരയിറ്റുന്ന കുഞ്ഞുശരീരം നോക്കി ഞാനെന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുനോക്കി.ഓടിക്കൂടിയവരുടെ ഒച്ചയും അസ്മൂന്റെ നിലവിളിയും കേട്ട് അക്‌ബർ ചാടിപ്പിടിച്ചെഴുന്നേറ്റു. ഉമ്മറത്തെത്തിയതും കണ്ടതെന്താണെന്നോ ചെയ്തതെന്താണെന്നോ വിവേചിച്ചറിയാൻ കഴിയാത്തവിധം അയാളുടെ ബുദ്ധി കെട്ടുപോയി. ഒരുവിധത്തിൽ ബുദ്ധിയെയും ഓർമയെയും വീണ്ടെടുത്തപ്പോൾ അസ്മു ഇപ്പോഴും മകളുടെ ഓർമയിൽതന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ആകെയുണ്ടായിരുന്ന മൊബൈൽഷോപ്പ് വിറ്റിട്ടും മകൾക്ക് നേടിക്കൊടുക്കാൻ കഴിയാത്ത നീതിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാൻ അക്‌ബറിന് തോന്നി. മീറ്റിങ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കുള്ള മടക്കം തലകുനിച്ചുകൊണ്ടായതിൽ അയാൾക്ക് അങ്ങേഅറ്റത്തെ വിഷമവും അഗാധമായ വെറുപ്പും തോന്നി. താളമുള്ള പാട്ടുപോലെ ബസ്സ് കുതിച്ചു പായുന്നു. മരങ്ങൾ ഓടിക്കേറാൻ തിരക്കുകൂട്ടി പരാജയപ്പെട്ട് പിന്മാറുന്നു. പരാജയപ്പെട്ടവന്റെ കേസ്, യാത്രകൾ, സമരം, എല്ലാം വെറുതെയാണ്. അക്‌ബറിന് ഉള്ളിന്റെ ഉള്ളിൽ തന്നോടുതന്നെ ഒരു പുച്ഛം മുളപൊട്ടി.
അസ്മാബി പാവക്കുട്ടിക്ക് ചിത്രകഥ വായിച്ച് കൊടുക്കുകയായിരുന്നു. 'പണ്ടു പണ്ടൊരു രാജ്യത്ത് .. 'പാവക്കുട്ടി കഥ കേട്ടുകൊണ്ട് സഫമോളെപ്പോലെ തലയാട്ടി.
'ഉമ്മാ, ഞാൻ കൊറച്ചേരം ടി.വി.കണ്ടോട്ട.'
'ഉം.'
അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓൺ ചെയ്തു. ചിത്രങ്ങളൊന്നും തെളിയാത്ത ടെലിവിഷനിൽ ഉമ്മയും മകളും ഒരുപാട് ലോകങ്ങൾ കണ്ടു. സമരങ്ങളും പോരാട്ടങ്ങളും കണ്ടു. പുളിച്ച കാഴ്ചകളും നാറുന്ന വാർത്തകളും ഒരിക്കൽപോലും ഉമ്മയെയും മകളെയും ശല്യപ്പെടുത്തിയില്ല. ചിത്രകഥകളിൽനിന്ന് അവർ ടെലിവിഷനിലേക്ക് യാത്രപോയി.
'വാവ മരിച്ചത് എങ്ങനേന്ന് ഉമ്മാക്കറിയോ?'
കടൽക്കരയിലെ സിമന്റുബെഞ്ചിൽ ഉമ്മാന്റെടുത്ത് പറ്റിച്ചേർന്നിരുന്ന് സഫ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചോദ്യത്തിനുള്ള ഉത്തരവും സഫമോള് പറഞ്ഞു തുടങ്ങി.
'ഇങ്ങള് കരുതുംപോലെ വണ്ടിയിടിച്ചിട്ടല്ല ഞാൻ മരിച്ചത്. വീട്ടില് വരാറുള്ള ഉപ്പാന്റെ ചെങ്ങായി, ഓരാണ്. ഞാൻ കണ്ടതാണ് ഉമ്മാ, നമ്മുടെ സഫമോളെ അയാള്.' പാവക്കുട്ടി എണ്ണിപ്പെറക്കികൊണ്ട് അസ്മാബിയോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
'ഇന്റെ മോൾക്കൊന്നും പറ്റീട്ടില്ല. ഒന്ന് വണ്ടിയിടിച്ചതല്ലേയുള്ളു, ആ ഉമ്പു ഒക്കെ ഇപ്പൊ മാറീലെ. ഉമ്മ ഒരു മന്ത്രം ചൊല്ലി തരാട്ടോ. അപ്പൊ എല്ലാ സൂക്കടും മാറും. മന്ത്രം കുന്ത്രോം മന്ത്രാച്ചി, മണ്ണാന്റെ അടുപ്പില് തീപൂട്ടി. ശിഫള്ളാ ശിഫ.' പാവക്കുട്ടിയുടെ മേത്ത് മന്ത്രിച്ചൂതിയശേഷം അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓഫ് ചെയ്തു. റിമോട്ട് കസേരയിലിട്ടശേഷം അവൾ പാവക്കുട്ടിയെ എടുത്ത് തോളിലിട്ടു. പെട്ടെന്ന് അതിന്റെ ഉണ്ടക്കണ്ണ് ഒരു ഗ്ലോബായി രൂപാന്തരപ്പെട്ടു. തിളങ്ങുന്ന ബാർബി പാവയുടെ കണ്ണുകളുടെ സ്ഥാനത്ത് ഒരു ടെലിവിഷൻ പ്രത്യക്ഷപ്പെട്ടു. സ്‌ക്രീനിൽ ന്യൂസ്ബുള്ളറ്റിൻ ആരംഭിക്കുന്നതിന്റെ അറിയിപ്പായി പശ്ചാത്തലസംഗീതം ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു.
'നമസ്‌കാരം, പ്രധാനവാർത്തകൾ, ആറു വയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി.' വാർത്ത മുഴുവനാകുന്നതിനുമുമ്പ് പേടികൊണ്ട് പാവക്കുട്ടി കണ്ണുകൾ ഇറുക്കിയടച്ചു. അസ്മാബി ഈണത്തിൽ താരാട്ട് പാടിക്കൊണ്ടിരുന്നു. ബസ്സിലിരുന്ന് അക്‌ബർ അതുകേട്ടു. വേരിൽനിന്ന് വേർപെട്ടിട്ടും മുളയ്ക്കുന്ന പേരറിയാത്ത കാട്ടുവള്ളി കണക്കേ ഡി.റ്റി,എച്ചിന്റെ കേബിൾ വയറുകൾ വളർന്ന് വളർന്ന് ഒരു വലിയ കാടായി മാറുന്നു.
'അസ്ബീ റബ്ബീ സല്ലള്ളാ,
നൂറ് മുഹമ്മദ് സല്ലള്ളാ.'
ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സ് വീടിന് മുമ്പിൽ കിതച്ചുകൊണ്ട് നിന്നു. അക്‌ബർ ബസ്സിന്റെ പടികളിറിങ്ങി മുറ്റത്തേക്ക് കാലെടുത്ത് വച്ചു. ഇരുട്ടിട്ട് നിറച്ചുവച്ച ഒരു വലിയ കുഴിയായിരുന്നു റോഡിനും വീടിനും ഇടയിൽ. വാരിക്കുഴിയിൽ വീണുപോയ കാട്ടാനയെപ്പോലെ ഉമ്മറത്തിന്റെ അവശിഷ്ടങ്ങളിൽ കാലൂന്നാൻ ശ്രമിച്ചുകൊണ്ട് അയാൾ നിലവിളിച്ചു. ചങ്കുപൊട്ടിയുള്ള ആ നിലവിളി പക്ഷേ, ആരും കേട്ടില്ല. ഇരുട്ടിൽ കലർന്ന് അയാളുടെ ശബ്ദം പൂജ്യത്തിലേക്ക് ആഴ്ന്നുപോയി.മോണയിൽ ബാക്കിയായ ഒറ്റപ്പല്ലുപോലെ മുറ്റത്ത് ഉന്തിനിൽക്കുന്ന പൈപ്പ് ഒച്ചയുണ്ടാക്കി. മടിച്ചുമടിച്ച് വന്ന വെള്ളത്തിൽ അക്‌ബർ കാലും മുഖവും കഴുകിക്കൊണ്ടിരിക്കെ അസ്മാബി അയാളുടെ ചുമലിൽ തൊട്ടു. ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കിയ അയാളിൽനിന്ന് എന്തോ പ്രതീക്ഷിച്ചുകൊണ്ട് അവൾ ചുണ്ടനക്കി.
'നാളെ മുതല് പത്രമിടണ്ടാന്ന് ഞാൻ ചെക്കനോട്
പറഞ്ഞിട്ടുണ്ട്.'
അയാൾക്ക് അവളെ മനസ്സിലാകുമായിരുന്നു. അതുകൊണ്ടുതന്നെ മറുപടിയൊന്നും പറയാതെ തലയാട്ടി. അവൾ നീട്ടിയ തോർത്തുമുണ്ട് വാങ്ങി കയ്യും മുഖവും തുടച്ച് അയാൾ അകത്തേക്ക് കയറി.
അക്‌ബറിന്റെ പിറകിൽ വീടിന് മുന്നിലൂടെ കൊലവിളികളുമായി പായുന്ന മനുഷ്യരുടെയും വാഹനങ്ങളുടെയും നിരവധി ചിത്രങ്ങൾ വരച്ചു പടച്ചോൻ ആകാശത്ത് തൂക്കിയിട്ടിരുന്നു. സഫമോള് തന്റെ നക്ഷത്രക്കണ്ണുകൊണ്ട് പടച്ചോൻ വരച്ച നല്ല കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെ പ്രദർശനം കണ്ട് ചിരിച്ചു. നിലാവുപോലെ ഒരു ചിരി ഭൂമിയിലാകെ പരന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP