Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർകോടെന്താ... കേരളത്തിലല്ലേ...? തിരുവനന്തപുരം മുതൽ കണ്ണൂർവരെ റെയിൽവെ കോറിഡോർ പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; മാറിവരുന്ന സർക്കാരുകൾ ചിറ്റമ്മനയം കാട്ടുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ 'കാസർകോടിനൊരിടം'; അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഹൈടെക് ഒപ്പുശേഖരണവും

കാസർകോടെന്താ... കേരളത്തിലല്ലേ...? തിരുവനന്തപുരം മുതൽ കണ്ണൂർവരെ റെയിൽവെ കോറിഡോർ പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; മാറിവരുന്ന സർക്കാരുകൾ ചിറ്റമ്മനയം കാട്ടുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ 'കാസർകോടിനൊരിടം'; അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഹൈടെക് ഒപ്പുശേഖരണവും

കാസർകോട്: സംസ്ഥാനത്ത് സർക്കാരുകൾ മാറിമാറിവന്നിട്ടും കാസർകോടിന്റെ തലവരമാത്രം മാറുന്നില്ലെന്ന തിരിച്ചറിവുമായി ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിക്കാനും ഭരണകർത്താക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമായി ഒരു ഫെയ്‌സ് ബുക്ക് കൂട്ടായ്മ. തോമസ് ഐസകിന്റെ ബജറ്റിൽ അതിവേഗ റെയിൽ കോറിഡോർ കണ്ണൂർവരെയെന്ന പ്രഖ്യാപനം വന്നതോടെയാണ് അങ്ങനെ വിട്ടാൽപറ്റില്ലല്ലോയെന്ന ചിന്തയിൽ നിന്ന് ഇത്തരമൊരു കൂട്ടായ്മ രൂപംകൊള്ളുന്നത്. ജില്ലയുടെ ആവശ്യങ്ങൾ ജനശബ്ദമായി സർക്കാരിന് മുന്നിലെത്തിക്കാനുദ്ദേശിച്ചാണ് 'കാസർകോടിനൊരിടം' എന്ന പേരിൽ ഫേസ്‌ബുക്ക് സൗഹൃദക്കൂട്ടായ്മ തുടങ്ങിയിട്ടുള്ളത്.

ജില്ലയുടെ ആദ്യ ആവശ്യമെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതി കണ്ണൂർവരെ മാത്രം പോരെന്നും കാസർകോടുവരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ഒപ്പുശേഖരണവും തുടങ്ങിക്കഴിഞ്ഞു. അതിനുമുണ്ട് പുതുമ. ലോകത്താകമാനം മാറ്റങ്ങൾക്കുവേണ്ടി ആഗ്രഹിക്കുന്നവർക്ക് അവരുടെ വിഷയങ്ങൾ ഉന്നയിക്കാനും അതിന് പിന്തുണ തേടിയെടുക്കാനും സൗകര്യമൊരുക്കുന്ന ചെയ്ഞ്ച് ഡോട് ഓർഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഒപ്പുശേഖരണം.

നിരവധി വിഷയങ്ങളിൽ ജനാഭിപ്രായം സ്വരൂപിക്കാൻ അവസരമൊരുക്കുന്ന വെബ്‌സൈറ്റിലൂടെയാണ് കാസർകോടിനൊരിടം ഫെയ്‌സ് ബുക്ക് കൂട്ടായ്മയും ഹൈസ്പീഡ് റെയിൽ കോറിഡോറിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ മംഗലാപുരംവരെയെന്ന രീതിയിൽ ആദ്യം പറഞ്ഞിരുന്ന അതിവേഗ റെയിൽപാത ഇപ്പോൾ കണ്ണൂർവരെയാക്കി വെട്ടിച്ചുരുക്കിയതിൽ വൻ പ്രതിഷേധമാണ് കാസർകോട്ട് ഉയരുന്നത്. ഈ അവസ്ഥയിൽ പുതിയ കൂട്ടായ്മയിൽ നിരവധിപേർ അഭിപ്രായങ്ങളും കാസർകോടിന്റെ വികസന സ്വപ്‌നങ്ങളും പങ്കുവയ്ക്കുന്നു.

അതിവേഗ റെയിൽപദ്ധതിയുടെ കരട് പദ്ധതിയിൽ ഉൾപ്പെടെ അവഗണിച്ചതിനെതിരെ നേരത്തെ വാട്‌സാപ്പിലൂടെ തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോൾ ഫേസ്‌ബുക്ക് കൂട്ടായ്മയും ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി, കേന്ദ്ര റയിൽവേ മന്ത്രി, അതിവേഗ റയിൽവേ കോറിഡോർ പദ്ധതി അധികൃതർ തുടങ്ങിയവരെ പൊതുജനങ്ങളുടെ പരാതി ഓൺലൈൻ അറിയിക്കാൻ കൂടിയാണ് സംവിധാനം.

കാസർകോടിനൊരിടം ഗ്രൂപ്പിലെ അഭിപ്രായങ്ങളും നിർദേശങ്ങളും അടക്കം അധികൃതരെ അറിയിക്കും. ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർകോടിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ ജനപിന്തുണ തേടുന്നതിനായി പൊതുപരിപാടികളും ചർച്ചകളും നടത്താനും പരിപാടിയുണ്ട്.

കാസർകോട്ടെ ജനങ്ങൾക്കിടയിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾ ഒരേ പ്ലാറ്റുഫോമിൽ ഒരുമിച്ചു കൂട്ടുകയും അവ അധികാരികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാസർകോട്ടെ ഒരുസംഘം യുവാക്കൾ മുൻകയ്യെടുത്ത് ഫേസ്‌ബുക് ഗ്രൂപ് തുടങ്ങിയത്. ജില്ലയിലെ രാഷ്ട്രീയ,സാംസ്‌കാരിക,സാമൂഹ്യ,മാദ്ധ്യമ പ്രവർത്തകരുടെ പിന്തുണയും ഗ്രൂപ്പിനുണ്ട്. ഗ്രൂപ് തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ ജില്ലയോടുള്ള അവഗണനകൾക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ സജീവ ചർച്ചയാകുന്നു. പേജിൽ വരുന്ന അഭിപ്രായങ്ങൾ സ്വരൂപിച്ച് കാസർകോട്ടെ അഞ്ച് എംഎൽഎമാർ മുഖേന നിയമസഭയിൽ ഉന്നയിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളേയും നിർദേശങ്ങളെയും ഏകോപിച്ചു ജില്ലയിലെ അഞ്ചു എംഎൽഎ മാർ മുഖേന നിയമസഭയിൽ പ്രശ്‌നം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കാസർകോടിനൊരിടം ഫേസ്‌ബുക് ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർ.കൂടാതെ എംപി,മുഖ്യമന്ത്രി,റെയിൽവേ മന്ത്രി,കേരള ഹൈ സ്പീഡ് റെയിൽേവ കോർപറേഷൻ എന്നിവർക്ക് നിവേദനം നൽകാനുള്ള ഓൺലൈൻ ഒപ്പു ശേഖരണവും അഭിപ്രായ വോട്ടെടുപ്പും ഗ്രൂപ്പിൽ ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധമുണ്ടാക്കാനായി കാസർകോട് ആലിയ ലോഡ്ജ് പരിസരത്ത് ഇന്ന് ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

ജാതി മത,കക്ഷി രാഷ്ട്രീയ ഭേദമന്യേ കാസർക്കോട്ടെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം. 1984 മെയ്‌ 24നാണ് കാസർകോട് ജില്ല രൂപീകരിക്കപ്പെടുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് നല്ല രീതിയിൽ സംഭാവനകൾ നൽകുന്ന വിദേശ മലയാളികൾ ഏറെയുള്ള ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽപോലും സർക്കാരുകൾ ശ്രദ്ധിക്കുന്നില്ലെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. റെയിൽ വികസനത്തിനൊപ്പം ജില്ലയുടെ ഐടി വികസന സാധ്യതകളും ഫാഷൻ ഹബ് ആകാനുള്ള സാധ്യതകളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ നിവേദനം തയ്യാറാക്കി ഒപ്പുശേഖരണം നടത്തുന്നത്. കേരളത്തിൽ നിന്ന് ആയിരങ്ങളാണ് മംഗലാപുരത്ത് പഠനത്തിനും മറ്റുമായി എത്തുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം.

നിവേദനത്തിൽ ഒപ്പുവയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP