Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള നീക്കം നടക്കില്ല; മോട്ടോർ വാഹന നിയമത്തിൽ അത്തരം വ്യവസ്ഥകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ

15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള നീക്കം നടക്കില്ല; മോട്ടോർ വാഹന നിയമത്തിൽ അത്തരം വ്യവസ്ഥകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജനങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ പരിഗണിക്കാതെ ഹരിത ട്രിബ്യൂണൽ ഡീസൽവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ നടത്തിയ നീക്കത്തിനോട് വിയോജിപ്പുമായി കേന്ദ്രസർക്കാർ. അന്തരീക്ഷ മലിനീകരണ നിബന്ധനകൾ പാലിക്കുന്ന, 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിർത്തലാക്കാൻ മോട്ടോർ വാഹനനിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.

പത്തു വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഘന വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ നിലപാടിൽ അടുത്ത മാസം രണ്ടിന് ട്രിബ്യൂണൽ വാദം കേൾക്കും.

15 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ നിർത്തലാക്കുന്നതിന് 1988ലെ മോട്ടോർ വാഹന നിയമത്തിലോ, 2015ലെ ഇതിന്റെ ഭേദഗതിയിലോ വ്യവസ്ഥയില്ല. വാഹന ഉടമകൾ പുകപരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന വ്യവസ്ഥയാണുള്ളത്. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ നിലവിലെ വ്യവസ്ഥകൾ പര്യാപ്തമാണെന്നും മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഉത്തരവ് അടിച്ചേൽപിക്കുന്നത് അനാവശ്യമായ നിയമ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും രാജ്യത്തെ കോടതികളുടെ വിലപ്പെട്ട സമയം ഇതിനായി നീക്കിവയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ജനങ്ങളെ അനാവശ്യമായി ശിക്ഷിക്കുന്നതിനു തുല്യമാണിത്.

നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 10 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കാനായിരുന്നു ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശം. എന്നാൽ ഇത് ജനഹിതം മനസ്സിലാക്കാതെ എടുത്തുചാടിയുള്ള നടപടിയായെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. ജനങ്ങളിൽ നിന്ന് ലൈഫ് ടാക്‌സ് സ്വീകരിച്ചശേഷം പൊടുന്നനെ പത്തുവർഷം കാലാവധിയുള്ള വാഹനങ്ങൾ പിൻവലിക്കണമെന്ന് പറയുന്നത് കടുത്ത വിമർശനത്തിന് കാരണമായി. കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തുന്ന നിരവധി ബസ്സുകളും ചരക്കുകളെത്തിക്കുന്ന ലോറികളും റോഡിൽനിന്ന് പിൻവലിക്കേണ്ട സ്ഥിതിയാതോടെ വൻ പ്രതിഷേധവും ഉയർന്നു.

ട്രിബ്യൂണൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗതാഗത വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തത് സംസ്ഥാനത്ത് പുതിയ ഡീസൽവാഹനങ്ങളുടെ വിൽപനയെവരെ പ്രതികൂലമായി ബാധിച്ചു. അതേസമയം, കേന്ദ്ര സർക്കാർ ഇതിന് എതിരായ നിലപാടാണു സ്വീകരിച്ചത്. ഉത്തരവിനൊപ്പം, മലിനീകരണത്തിനു കാരണമാകാത്ത ഹൈബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ ഹരിത ട്രിബ്യൂണൽ കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് പുതിയ നിലപാട് സർക്കാർ വ്യക്തമാക്കിയത്.

പത്തു വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടി ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു ഹരിത ട്രിബ്യൂണൽ പിന്നീട് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ ആദ്യ ഘട്ടത്തിൽ റദ്ദാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ, മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥ പ്രകാരം പരിശോധന നടത്താതെ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു അധികാരമില്ലെന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. റജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനു മുൻപ് ഉടമയ്ക്കു സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. പരിഹരിക്കാൻ കഴിയാത്ത തകരാറുണ്ടെന്നും ഇതു ജനങ്ങൾക്കു ഭീഷണിയാണെന്നും കണ്ടെത്തിയാൽ മാത്രമേ വാഹനം നിരത്തിലിറക്കുന്നതു നിരോധിക്കാൻ കഴിയൂവെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്ന നടപടികൾ ഇവയാണ്: നാലു വർഷത്തിനകം 60 ലക്ഷം ഇലക്ട്രിക്കൽഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലിറക്കി 9500 ദശലക്ഷം ലിറ്റർ ഇന്ധന ഉപയോഗം കുറയ്ക്കാം (ഏകദേശം 60000 കോടി രൂപയുടെ ഇന്ധനം). ഇതോടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും. ഇതിനായി ഡൽഹി, കാൺപുർ, ബംഗളൂരു, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിൽ മലിനീകരണ നിയന്ത്രണത്തിന് പ്രത്യേക ഊന്നൽ നൽകണം. ഹെബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കണം.

ഇതേത്തുടർന്ന് ഹൈബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. നാലു വർഷത്തിനകം ഇത്തരത്തിലുള്ള 60 ലക്ഷം വാഹനങ്ങൾ വിറ്റഴിയുമെന്നാണു പ്രതീക്ഷയെന്നു ഘനവ്യവസായ മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ നിർമ്മിക്കാൻ വൻതുക വേണ്ടിവരുന്ന സാഹചര്യം പരിഗണിച്ച് സബ്‌സിഡിയോടെ ഇവ നിർമ്മിക്കാനും വിറ്റഴിക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഫേംഇന്ത്യ എന്ന പേരിൽ പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP