Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കണമെന്ന് കൽപ്പിച്ചതാര്? വെറും 70 കൊല്ലം മുമ്പ് മരിച്ച സാധാരണ ഒരു സുറിയാനി സ്ത്രീയുടെതിൽ കവിഞ്ഞ അതിസൗന്ദര്യവും നിറവും അവകാശപ്പെടാൻ ഇല്ലാത്ത വിശുദ്ധ അൽഫോൻസാമ്മ എങ്ങനെ ബോളിവുഡ് സുന്ദരിയെ പോലെയായി: ഒരു വൈദികൻ തുടങ്ങിവച്ച ചർച്ച സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ..

വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കണമെന്ന് കൽപ്പിച്ചതാര്? വെറും 70 കൊല്ലം മുമ്പ് മരിച്ച സാധാരണ ഒരു സുറിയാനി സ്ത്രീയുടെതിൽ കവിഞ്ഞ അതിസൗന്ദര്യവും നിറവും അവകാശപ്പെടാൻ ഇല്ലാത്ത വിശുദ്ധ അൽഫോൻസാമ്മ എങ്ങനെ ബോളിവുഡ് സുന്ദരിയെ പോലെയായി: ഒരു വൈദികൻ തുടങ്ങിവച്ച ചർച്ച സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതത്തെ വിമർശിച്ചാൽ അതിനോട് സഹിഷ്ണതയോടെ പെരുമാറാൻ മടി കാണിക്കുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെയൊരു കാലത്ത് മതത്തിന്റെ സവർണ്ണ കാഴ്ചപ്പാടുകളെ വിമർശനാത്മകമായി കാണേണ്ടതിന്റെ ആവശ്യകതയാണ് ഒരു വൈദികൻ തുടങ്ങിവച്ചത്. നമ്മുടെ ദൈവങ്ങളും വിശുദ്ധരാക്കപ്പെട്ടവരുമെല്ലാം അതീവ സുന്ദരന്മാരും സുന്ദരികളും ആയിരിക്കുന്നതിന്റെ സാംഗത്യത്തെയാണ് ജിജോ കുര്യൻ എന്ന വൈദികൻ ചോദ്യം ചെയ്യുന്നത്. യേശുദേവൻ എന്നു പറയുന്നോൾ തന്നെ നമുക്ക് മുന്നിൽ ഒരു പൊതുരൂപം ഉയർന്നുവരും. അതുപോലെ തന്നെയാണ് ശ്രീനാരായണ ഗുരുവിന്റെ കാര്യത്തിലും. ആരോ വരച്ച സുന്ദരമുഖത്തിന് പിന്നാലെയാണ് ഭക്തലക്ഷങ്ങൾ ഇപ്പോഴും പരക്കം പായുന്നത്. ഈ സാഹചര്യത്തിലാണ് ജിജോ കുര്യൻ എന്ന വൈദികന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.

നമ്മുടെ വിശുദ്ധന്മാരും വിശുദ്ധകളും എന്തുകൊണ്ടാണ് സുന്ദരീസുന്ദരന്മാരായിരിക്കുന്നത് എന്ന പൊതുചോദ്യമാണ് ഫാദർ ജിജോ കുര്യൻ ഉയർത്തുന്നത്. വിശുദ്ധയായി പ്രഖ്യാപിച്ച അൽഫോൻസാമ്മയുടെ ചിത്രം സഹിതമാണ് വൈദികന്റെ ചോദ്യം. അൽഫോൻസാമ്മയുടെ രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്. അൽഫോൻസാമ്മയുടെ ഓർമ്മദിവസമാണ് ഇത്തരത്തിലൊരു കുറിപ്പ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ കാര്യത്തിൽ ചിലപ്പോൾ ചിത്രങ്ങളും യഥാർത്ഥ രൂപവും തിട്ടപ്പെടുത്താൻ അസാധ്യമായ ഘട്ടത്തിൽ സുന്ദര രൂപങ്ങളെ പൂജിക്കാറുണ്ട്. എന്നാൽ, 70 വർഷം മുമ്പ് ജീവിച്ചരുന്ന അൽഫോൻസാമ്മയുടെ ഫോട്ടോകൾ നമ്മുക്ക് ലഭ്യമാണ്. എന്നാൽ അവരുടെ നാമകരണ സമയത്ത് ഇത്തരം ഫോട്ടോകൾ ഒന്നും തന്നെ പ്രചരിപ്പിക്കാതെ ഏതോ ഒരു കലാകാരൻ തന്റെ ഭാവനയുടെ നിറം ചേർത്ത് വരച്ചെടുത്ത അതീവ സുന്ദരിയും ഒരു പാശ്ചാത്യ സ്ത്രീയുടെ വെളുപ്പും ഉള്ള ഒരു ചിത്രമാണ് സഭ വ്യാപകമായി പ്രചരിപ്പിച്ചത്. രണ്ട് ചിത്രങ്ങൾ സഹിതം ഫാ. ജിജോ കുര്യൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'ഒരു കാലത്തും ചരിത്രത്തിൽ നിന്ന് മിത്തുകളെ വേർതിരിച്ചെടുക അത്ര എളുപ്പമാവില്ല. മനുഷ്യന്റെ ചരിത്രം സംഭവിക്കുകയല്ല, സൃഷ്ടിച്ചെടുക്കുകയാണ്. അതുകൊണ്ടാണ് വെറും 70 വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഇടയിൽ ജീവിച്ചുപോയ അൽഫോൻസ എന്ന വിശുദ്ധ സന്യാസിനിയുടെ യഥാർത്ഥ രൂപത്തെ കണ്ടെടുക്കുക കൂടി ഇന്ന് വിഷമമാകുന്നത്. വിശുദ്ധിയെക്കുറിച്ചുള്ള വാർപ്പുമാതൃകകളിൽ അവർ സുന്ദരികൾ/സുന്ദരന്മാർ ആയിരിക്കണം, വെളുത്തവർ ആരിയിക്കണം. (അങ്ങനെ കൊളോനിയൻ പാശ്ചാത്യസംസ്‌കാരത്തിന്റെ ധാരണകൾ പലതും..). ഇന്ന് അൽഫോൻസയുടെ ഓർമ്മദിനം. ചരിത്രത്തെ നിലനിർത്താൻ ഒരു ശ്രമം അവളുടെ ചരിത്രത്തിലെ രൂപവും സൃഷ്ടിച്ചെടുത്ത രൂപവും.'

സ്വഭാവിക സംശയം ഉയർത്തിക്കൊണ്ട് വൈദികൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാനൂറിലേറെ പേർ ഷെയയർ ചെയ്യുകയും 800ലേറെ പേർ ലൈക്ക് ചെയ്യുകയും ചെയ്തു. നൂറ് കണക്കിന് പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. കറുപ്പിനെ അനാകർഷകമാക്കുന്നത് പലപ്പോഴും മതം തന്നെയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കച്ചവടവൽക്കരിക്കപ്പെടുന്ന ആത്മീയതയാണ് കറുത്തവളായ അൽഫോൻസാമ്മയെ വെളുത്തവളാക്കുന്നത് എന്നാണ് നല്ലൊരു ശതമാനവും അഭിപ്രായപ്പെടുന്നത്.



ഇന്ത്യയിൽ സൗന്ദര്യ വിപണി നിർമ്മിക്കാൻ സുസ്മിതയെയും ഐശ്വര്യായെയും ലോകസുന്ദരികളാക്കിയത് പോലെ ഒരു കോർപ്പറേറ്റു തന്ത്രമാണ്. അതുപോലെ തന്നെയാണ് വിശുദ്ധ അൽഫോൻസാമ്മയെ ബോളിവുഡ് സുന്ദരിയാക്കിയ വിധത്തിലുള്ള ഫോട്ടോ ഷോപ്പ് മാറ്റത്തിന് പിന്നിലെന്നും ചിലർ ഫേസ്‌ബുക്ക് ചർച്ചയിൽ അഭിപ്രായപ്പെടുന്നു. അൽഫോൻസാമ്മയെ വിശുദ്ധയാക്കിയതിനെപോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചർച്ചകൾ പോയിട്ടുണ്ട്. വിശുദ്ധയാക്കാൻ വേണ്ടിഅൽഫോൻസാമ്മ അനുഭവിച്ച ദുരിതങ്ങൾ പരിശോധിച്ചാൽ എന്തുകൊണ്ടും അവർ അത്രകണ്ട് സുന്ദരിയായിരിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതുതന്നെയാണ് ശവമഞ്ചത്തിൽ കിടക്കുന്ന അൽഫോൻസാമ്മയുടെ ഫോട്ടോ തെളിയിക്കുന്നതും. രോഗിണിയായ അവർ മരണത്തോട് അടുത്തപ്പോൾ സാധാരണയിൽ താഴെ ഒരു സൗന്ദര്യത്തിലേക്ക് മാറുന്നതായി ആ ചിത്രത്തിൽ നോക്കുന്ന ആർക്കും മനസ്സിലാകും.

ചെറുപ്പത്തിലേ പാവങ്ങളോട് കരുണകാട്ടി, സൗന്ദര്യം നശിപ്പിച്ച് വിവാഹം ഒഴിവാക്കാൻ സ്വയം പൊള്ളലേൽപ്പിച്ചു. സന്യാസിനിയായതിനുശേഷം ദീർഘകാലം കഠിനമായ രോഗപീഡകൾ സഹിച്ചു. മരണശേഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു... ഇങ്ങനെ പോകുന്നു അൽഫോൻസാമ്മയെക്കുറിച്ചുള്ള വിവരണങ്ങൾ. ഈ വിവരണങ്ങളും പലർ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അൽഫോൻസാമ്മയെ മാത്രം ചൂണ്ടിയണ് ചർച്ച ആരംഭിച്ചതെങ്കിലും വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കുന്നതിന്റെ സവർണ്ണമതാത്മകതയാണ് സൈബർ ലോകത്ത് സജീവമാകുന്നത്. 

അതേസമയം അൽഫോൻസാമ്മയുട ചിത്രം ഇന്ത്യൻ സ്റ്റാമ്പിലും ഇടംപിടിച്ചിരുന്നു. 1996ൽ പുറത്തിറക്കിയ സ്റ്റാമ്പിൽ അൽഫോൻസാമ്മ കറുത്തവൾ ആണെങ്കിൽ വിശുദ്ധയാക്കപ്പെട്ട ശേഷം അവരുടെ വർണ്ണം മറ്റുകയായിരുന്നു. ഈ സ്റ്റാമ്പിലെ ചിത്രവും പുതിയ ചിത്രവുമായുള്ള സാദൃശ്യവും ഇതോടെ സൈബർ ലോകത്ത് ചർച്ചയായി.

വൈദികന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട് വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്:

രാമപുരത്തെ കുഞ്ഞച്ചൻ ദളിതരുടെയിടയിൽ പ്രവർത്തിച്ചതിനാൽ അദ്ദേഹം ജീവിച്ചിരുന്ന കാലമെല്ലാം 'പെലയൻ കുഞ്ഞച്ചനാ'യിരുന്നു. പിന്നീട് വിശുദ്ധൻ കുഞ്ഞച്ചനായപ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിനു വെളുപ്പു വന്നു. ദിവ്യപ്രഭാവലയവും പ്രത്യക്ഷപ്പെട്ടു. അന്ധവിശ്വാസത്തിന്റെ കച്ചവടവത്ക്കരണത്തിൽ എന്തെല്ലാം മറിമായങ്ങൾ!- ഇയ്യോബ് ജോൺ

ഓരോ പള്ളിയിൽ കയറുമ്പോഴും ഞാൻ ഓടി അൾത്താരയിലെ യേശുവിനെയാണ് നോക്കാറ്. ഷാരൂഖ് ഖാൻ മുതൽ പൃഥ്വിരാജ് വരെയുള്ളവരെ അവിടെ കാണാറുണ്ട്. പക്ഷെ എന്റെ യേശുവിനെ ഇന്നുവരെ എവിടെയും കണ്ടിട്ടില്ല. -ജോസി വർക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP