Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപേക്ഷയെഴുതാൻ 30 രൂപ വാങ്ങി; നൂറു രൂപ തന്നിട്ടു ബാക്കി വാങ്ങാതെ അപേക്ഷക പോയി; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസ് പിടികൂടി: '70 രൂപ കൈക്കൂലി' കേസിൽ പത്തുദിവസം അഴിക്കുള്ളിലായ ശശിധരൻ നായർക്കു പറയാനുള്ളത്

അപേക്ഷയെഴുതാൻ 30 രൂപ വാങ്ങി; നൂറു രൂപ തന്നിട്ടു ബാക്കി വാങ്ങാതെ അപേക്ഷക പോയി; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസ് പിടികൂടി: '70 രൂപ കൈക്കൂലി' കേസിൽ പത്തുദിവസം അഴിക്കുള്ളിലായ ശശിധരൻ നായർക്കു പറയാനുള്ളത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഗൂഢാലോചനയും കൂർമ്മബുദ്ധിയും ശശിധരൻ നായർക്ക് നഷ്ടമാക്കിയത് ഉപജീവനമാർഗ്ഗമാണ്. പത്ത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും തകർന്നത് ജീവിക്കാനുള്ള വഴിയായിരുന്നു. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിനെ ചിലർ തെറ്റദ്ധരിപ്പിച്ചതിന്റെ ബാക്കി പത്രം. കളക്ടർ പദവിയിൽ നിന്ന് ബിജു പ്രഭാകർ മാറുകയാണ്. പുതിയ ആൾ ഉടനെത്തും. അപ്പോഴെങ്കിലും ഈ വയോധികന്റെ കണ്ണീരിന് അവസാനമാകുമോ?

എഴുപത് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എഴുപതുകാരനെ ജയിലിലടച്ചത് 10 ദിവസം. കള്ളക്കേസിൽ കുടുക്കിയതെന്ന് കാണിച്ച് കളക്ടർക്കെതിരെ ഉൾപ്പെടെ പരാതിയുമായി ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശശിധരൻ നായർ.

തിരുവനന്തപുരം കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ അപേക്ഷ എഴുതി നൽകിയും ഫോറങ്ങൾ പൂരിപ്പിച്ച് നൽകിയും സഹായിച്ച് ശശിധരൻ 35 വർഷമായി കളക്ടറേറ്റിന്റെ മുന്നിലെ ഇരിപ്പ് തുടങ്ങിയിട്ട്. 1981 മുതൽ ഇതാണ് ശശിധരന്റെ തൊഴിൽ. അപേക്ഷയെഴുതി നൽകുന്നതിനായി ശശിധരൻ 70 രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുക്കുകയും തുടർന്ന് 10 ദിവസം പൂജപ്പുര സബ് ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തു. കളക്ടറേറ്റിനുള്ളിലുള്ള ചിലരുടെ ശത്രുതയാണ് കളക്ടറെ ഉപയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും തനിക്കെതിരെ കേസെടുത്തതിന് കാരണമെന്നും ശശിധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ 16ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. വട്ടിയൂർക്കാവ് ഫർദ്ദീസ് മൻസിലിൽ ഫാത്തിമ ബീവി എന്ന സ്ത്രീയും മരുമകളുമായി അപേക്ഷ എഴുതുന്നതിനായി ശശിധരൻ നായരെ സമീപിക്കുകയായിരുന്നു. അവരുടെ റേഷൻകാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലായി മാറ്റുന്നതിനായി അപേക്ഷ എഴുതാനാണ് ഇവർ സമീപിച്ചത്. ചില രേഖകളും ഇവർ കൊണ്ട് വന്നിരുന്നു. അതിൽ വരുമാന സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനെ തുടർന്ന് വില്ലേജോഫീസിൽ നിന്നും അതും വാങ്ങണമെന്ന് ശശിധരൻ നായർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിനുള്ള അപേക്ഷ കൂടി എഴുതണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതും എഴുതി നൽകുകയായിരുന്നു.

ഭർത്താവിന്റെ ചികിത്സാ ചെലവിളവ് നേടുന്നതിനായിട്ടാണ് ഇവർ റേഷൻ കാർഡ് ബിപിഎല്ലാക്കാനായി എത്തിയത്. അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ കൊണ്ട് അറ്റസ്റ്റ് ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന് അപേക്ഷ എഴുതിയതിന് എത്ര രൂപയായി എന്ന് ചോദിച്ചപ്പോൽ 30 രൂപ എന്ന് പറയുകയായിരുന്നു. 100 രൂപയുടെ നോട്ട് നൽകിയ ഇവർക്ക് ബാക്കി നൽകുന്നതിനായി കൈവശം ചില്ലറ ഇല്ലായിരുന്ന. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറോട് തിരക്കിയെങ്കിലും അയാളുടെ കൈവശവും ചില്ലറ ഇല്ലായിരുന്നു. തുടർന്ന് അവർ തന്നെ പറയുകയായിരുന്നു തിരികെ വരുമ്പോൾ ബാക്കി തുക വാങ്ങിക്കോളാമെന്ന്.

വൈകുന്നേരമായിട്ടും ഇവർ തിരികെ വന്നില്ല. സിവിൽ സ്റ്റേഷനുമുന്നിൽ നിന്നു തന്നെ അവർ ബസിൽ കയറിയതാകുമെന്നും അതിനാൽ മറന്നതാകുമെന്നുമാണ് ശശിധരൻ നായർ കരുതിയത്. കുറച്ച് ദിവസം കഴിഞ്ഞ് പേരൂർക്കട പൊലീസ് അഡീഷണൽ എസ്ഐ വന്ന് തനിക്കെതിരെ ഒരു പരാതി ഉണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോവുകയായിരുന്നുവെന്നും ശസിധരൻ പറയുന്നു. കളക്ടറേറ്റിലെ തന്നെ അക്ഷയ കേന്ദ്രം നടത്തുന്ന സജിലാൽ എന്നയാളാണ് തന്നെ കള്ളക്കേസിൽ കുടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെന്നും ശശിധരൻ പറയുന്നു. ഇയാൾ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ എഴുതി നൽകിയിരുന്നു.

താനുൾപ്പടെയുള്ളവർ പുറത്ത് അപേക്ഷ എഴുതാനിരിക്കുന്നത് കാരണം തന്റെ ബിസിനസ് കുറഞ്ഞതിലെ അമർഷമുള്ളതിനാലാണ് ചിലരെ കൂട്ടുപിടിച്ച് സജിലാൽ തന്നെ കുരുക്കിയതെന്നും ശശിധരൻ പറയുന്നു. 70 രൂപ കൈക്കൂലി വാങ്ങി എന്ന് ഫാത്തിമ ബീവിയെയും മരുമകളെയും കൊണ്ട് എഴുതി വാങ്ങിയ ശേഷം ഒപ്പിടീപ്പിക്കുകയും തുടർന്ന് കളക്ടർ ബിജു പ്രഭാകറിനെ അറിയിക്കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ കേസെടുക്കാൻ കളക്ടർ നിർദ്ദേശിക്കുകയുമായിരുന്നു. താൻ പ്രശ്നക്കാരനാണെന്ന സജിലാലും സെക്യൂരിറ്റി കളക്ടറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശശിധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷനിൽ എത്തിയ ശേഷം പൊലീസുകാർ കലക്ടറോട് ചോദിച്ചിരുന്നു സർ 70 രൂപയല്ലേ എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോൾ അവർക്ക് കിട്ടിയ മറുപടി നിയമപരമായി മുന്നോട്ട് പോകു എന്നാണ്.

മജിസ്ട്രേട്ടിന്റെ മുൻപാകെ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേക്ക് അയക്കുകയുമായിരുന്നു. പിന്നീട് ജയിലിൽ വച്ച്  ഹൃദ്രോഗി കൂടിയായ ശശിധരനെ ആരോഗ്യനില വഷളായതിനെതുടർന്ന് ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും അവിടെനിന്നും മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളെജിൽ സെൽ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം 16ാം വാർഡിലേക്ക് മാറ്റിയെങ്കിലും ഡിസ്ചാർജ് കാർഡ് ഉൾപ്പടെയുള്ളവ കളക്ടറുടെ ഓഫീസ് ഇടപെട്ട് തടഞ്ഞ് വെയ്‌പ്പിക്കുകയായിരുന്നുവെന്നും ശശിധരൻ നായർ ആരോപിക്കുന്നു.

70 വയസ്സ് പിന്നിട്ടിട്ടും സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത്. തന്റെ മാനത്തിന് ഒരു വിലും കൽപ്പിക്കാതെ 70 രൂപയുടെ പേരിൽ തന്നെ തുറങ്കിലടച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ശശിധരൻ നായരുടെ തീരുമാനം. എന്തൊക്കെ തടസ്സം ഉണ്ടായാലും നഷ്ടപ്പെട്ട മാനം തിരിച്ചു പിടിക്കാനുള്ള ഉറച്ച തീരുമാനമാണ് തന്റേതെന്നും ശശിധരൻ പറയുന്നു. തന്റെ ആവശ്യം ന്യായമായത് മാത്രമാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതിന് പ്രതികാരം ഒന്നുമാത്രമാണ് ഇനിയും തനിക്ക് അതേ ജോലി ചെയ്യണം. കളക്ടറേറ്റ് വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കാലം മുതൽ തുടങ്ങിയ ജോലിയാണിത്. ഇത്രയും കാലം അന്നം തന്ന തന്റെ തൊഴിൽ തുടർന്നും ചെയ്യാൻ അനുവദിക്കണമെന്‌നു മാത്രമെ ഈ വയോധികന് അപേക്ഷിക്കാനുള്ളു. കോടികൾ കട്ടുമുടിക്കുന്ന പല അധികാരികളും കൊടിവച്ച കാറിൽ കറങ്ങി നടക്കുന്ന നമ്മുടെ രാജ്യത്ത് വെറും 70 രൂപയടെ പേരിൽ ഇല്ലാത്ത കൈക്കൂലിക്കേസുണ്ടാക്കിയത് എന്ത് ധാർമികതയാണെന്നും ശശിധരൻ നായർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP