Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിള്ളയുടെ നിയമനം കമ്പനി നിയമത്തിന് വിരുദ്ധം; മുന്നോക്ക വിഭാഗ കോർപ്പറേഷൻ ഡയറക്ടർ ആക്കാനുള്ള നീക്കം കമ്പനികാര്യ വകുപ്പ് തള്ളി; മുസ്ലിം വിരുദ്ധ പ്രസ്താവനയോടെ പുലിവാലു പിടിച്ച ബാലകൃഷ്ണ പിള്ളക്ക് മുമ്പിൽ കാബിനറ്റ് പദവിയുടെ വാതിലും കൊട്ടിയടക്കപ്പെടുന്നു

പിള്ളയുടെ നിയമനം കമ്പനി നിയമത്തിന് വിരുദ്ധം; മുന്നോക്ക വിഭാഗ കോർപ്പറേഷൻ ഡയറക്ടർ ആക്കാനുള്ള നീക്കം കമ്പനികാര്യ വകുപ്പ് തള്ളി; മുസ്ലിം വിരുദ്ധ പ്രസ്താവനയോടെ പുലിവാലു പിടിച്ച ബാലകൃഷ്ണ പിള്ളക്ക് മുമ്പിൽ കാബിനറ്റ് പദവിയുടെ വാതിലും കൊട്ടിയടക്കപ്പെടുന്നു

തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാനാകാനുള്ള കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെ മോഹം ഉടൻ നടക്കില്ല. പദവിക്ക് പിള്ള ആയോഗ്യനാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 2013ൽ പാർലമെന്റ് പാസാക്കിയ കമ്പനി നിയമപ്രകാരം ഈ സ്ഥാനത്തേക്കു ബാലകൃഷ്ണപിള്ളയെ നിയമിക്കാനാവില്ല. എന്നാൽ 2017 ഫെബ്രുവരിക്ക് ശേഷം സർക്കാരിന് വേണമെങ്കിൽ ബാലകൃഷ്ണ പിള്ളയെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാനും കഴിയും

പുതുക്കിയ കമ്പനി നിയമമനുസരിച്ച് ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി തീരുന്നതു മുതൽ അഞ്ചുവർഷം കഴിഞ്ഞാലെ ആ വ്യക്തിയെ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറായി നിയമിക്കാൻ കഴിയുകയുള്ളൂ. കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടർമാരെ നിയമിക്കുകയും പിന്നീട് ഡയറക്ടർമാരിലൊരാളെ ചെയർമാനാക്കുകയുമാണ് ചെയ്യുന്നത്. ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ള ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിള്ളയുടെ ശിക്ഷാകാലാവധി കഴിഞ്ഞത് 2012 ഫെബ്രുവരിയിലാണ്. പുതുക്കിയ കമ്പനി നിയമപ്രകാരം പിള്ളക്കു 2017 ഫെബ്രുവരി വരെ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാനാകുന്നതിൽ അയോഗ്യതയുണ്ടെന്നാണ് നിയമ വിദ്ഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഇടതുമുന്നണിയുടെ ഭാഗമാണ് പിള്ള. പത്താനാപുരത്ത് ഗണേശ് ജയിച്ചതും ഇടത് പിന്തുണയോടെയാണ്. മുന്നോക്ക് വിഭാഗ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം പിള്ളയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് നൽകുന്നതിന് മുന്നോടിയായി നടത്തിയ നീക്കത്തിലാണ് കേന്ദ്ര സർക്കാർ ഉടക്ക് വയ്ക്കുന്നത്.

പിള്ളയെ ഡയറക്ടറാക്കുന്നതിനു വേണ്ടി മുന്നോക്ക ക്ഷേമ കോർപറേഷൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെല്ലിനു അപേക്ഷ നൽകി. ബാലകൃഷ്ണപിള്ളക്ക് ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ നിയമം ചൂണ്ടിക്കാട്ടി കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെൽ ഈ അപേക്ഷ നിരസിച്ചിരുന്നു. ഇക്കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നെങ്കിൽ കോർപറേഷന്റെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കുമായിരുന്നു. ഇതോടെ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേന്ദ്രകമ്പനി നിയമം ലംഘിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതെന്നും വ്യക്തമായി. അതിനിടെ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപറേഷന്റെ നിയമം ഭേദഗതി ചെയ്ത് ചെയർമാനായി നിയമിച്ചാൽ കമ്പനിനിയമം ബാധകമാകില്ലെന്ന നിർദ്ദേശം പിള്ള ഇടതു നേതൃത്വത്തിന് മുന്നിൽവച്ചിട്ടുണ്ട്.

പിള്ളയുടെ നിയമനം ചോദ്യം ചെയ്ത് അന്നു പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തു നൽകിയിരുന്നു. കേന്ദ്ര കമ്പനി നിയമത്തെ മറികടക്കാൻ നിയമമോ ഓഡിനൻസോ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ്. കത്തു നൽകിയത്. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഹർജി വന്നപ്പോൾ തെറ്റായ വിവരങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയതെന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. കേസിൽ അവസാന തീർപ്പുണ്ടാകുന്നതിനു മുമ്പ് പിള്ള ചെയർമാൻ സ്ഥാനം രാജിവച്ചതുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടാകാത്തത്. ഇത് മനസ്സിലാക്കിയാണ് പിണറായി സർക്കാർ കരുതലോടെ നീങ്ങിയത്. നിലവിലെ സാഹചര്യത്തിൽ 2007വരെ മുന്നോക്ക ചെയർമാൻ സ്ഥാനം ബാലകൃഷ്ണ പിള്ളയ്ക്ക് ലഭിക്കില്ല.

ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവു ചെയ്തതിനെതിരേ വി എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയിൽ നൽകിയ ഹർജി തീർപ്പാകാത്തതും പിള്ളയുടെ ചെയർമാൻ സ്ഥാനത്തിനു ഭീഷണിയാണ്. പത്തനാപുരം പ്രസംഗത്തിനെതിരേയുള്ള കേസുകൾപ്പെടെയുള്ള കേസുകളും പിള്ളക്കെതിരെ നിലനിൽക്കുന്നുണ്ട്. ഈ പ്രസംഗത്തോടെ ഇടത് നേതൃത്വത്തിന്റെ കണ്ണിലെ കരടായി പിള്ള മാറി. പ്രസംഗത്തിൽ കേസെടുക്കാനും തീരുമാനിച്ചു. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ പിള്ളയ്ക്ക് സ്ഥാനം നൽകാൻ സാധ്യതയില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP