Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിലെ ഉപ്പ് വ്യവസായം പോലും അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത വന്മാഫിയയുടെ കയ്യിൽ; കാണാതെ പോകുന്ന ചില കാഴ്ച്ചകൾ

ഇന്ത്യയിലെ ഉപ്പ് വ്യവസായം പോലും അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത വന്മാഫിയയുടെ കയ്യിൽ; കാണാതെ പോകുന്ന ചില കാഴ്ച്ചകൾ

ലോകത്തെ മൂന്നാമത്തെ വലിയ ഉപ്പുല്പാദന രാജ്യമായ ഇന്ത്യയിലെ ഉപ്പുനിർമ്മാണം അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത വന്മാഫിയയുടെ കൈയ്കളിലാണ്. ഇന്ത്യയിലെ ഉപ്പിന്റെ 30% വും തമിഴ്‌നാട്ടിലെ ഉപ്പളങ്ങളിൽ നിന്നാണ് ശേഖരിക്കുനത്. 2007 ലെ കണക്ക് അനുസരിച്ച് ഉപ്പു പാടത്ത് പണിയെടുക്കുന്ന ഒരു തൊഴിലാളി കുടുംബത്തിനു ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം പതിനായിരം രൂപയാണ്. അതായത് പ്രതിമാസം എണ്ണൂറ്റി അൻപതു രൂപ!! വർഷത്തിൽ ആറുമാസം ജോലിയില്ല, തൊഴിൽ ചൂഷണവും ബാലവേലയും സർവ്വസാധാരണം ഇതാണ് തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലയിലെ ഉപ്പു പാടങ്ങളിൽ ഇന്നും നടക്കുന്നത്.

തമിഴ്‌നാട്ടിൽ ആകെ 32,000 ഏക്കർ ഉപ്പു പാടങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വളരെ ലളിതമായ പ്രക്രിയവഴിയാണ് ഉപ്പ് ഉല്പാദിപ്പിക്കുന്നത്. ഉപ്പു വറ്റിച്ചെടുക്കുന്നതിന്റെ ആദ്യ പടിയായി പാടത്തെ നിലം ഉറപ്പിക്കുന്നു. തൊഴിലാളികൾ നിരന്നു നിന്ന് നഗ്നമായ കാലുകൾ കൊണ്ട് മണ്ണ് ചവിട്ടി ഉറപ്പിക്കുന്ന ജോലി കാഠിന്യമേറിയതാണ്.

തുടർന്ന് വേനൽക്കാലമാകുമ്പോൾ സാന്ദ്രത കൂടിയ കടൽവെള്ളം പാടത്ത് കയറ്റിവിടുന്നു. കടുത്ത വേനലിനിൽ വെള്ളം വറ്റുകയും ഉപ്പുപരലുകൾ അടിഞ്ഞു തുടങ്ങുകയും ചെയ്യും. അവ വകഞ്ഞു കൂട്ടി വലിയ കൊട്ടകളിൽ കോരിയെടുത്ത് കരയിലെത്തിച്ച് തെങ്ങിന്റെ ഓലകൊണ്ടോ പൊളിത്തീൻ ഷീറ്റുകൊണ്ട് മൂടിയിടുന്നു. അതിനു മുൻപ് ഉപ്പുകൂട്ടിയിട്ട് കടൽ വെള്ളം കൊണ്ട് തന്നെ ഒരു പ്രവശ്യം കഴുകി വൃത്തിയാക്കുകയും ചെയ്യും..

തുടർന്ന് ഫാക്ടറികളിൽ എത്തിച്ച് പൊടിച്ച് ഐഡിനും ചേർത്ത് വിൽപനയ്ക്ക് പാക്കറ്റുകളിലാക്കുന്നു. പ്രത്യേക വൈദഗ്ദ്ധ്യം ഉപ്പ് ഉണ്ടാക്കുന്നത് ആവശ്യമില്ലെങ്കിലും, ഒരു കൂട്ടും മനുഷ്യർക്ക് ദുരിതവും കഷ്ടപ്പാടുകളുകളും മാത്രമാണ് ഉപ്പളങ്ങൾ സമ്മാനിക്കുന്നത്. ഫാക്ടറിയിൽ എത്തുന്നതുവരെ ഉപ്പ് നിർമ്മാണത്തിന് ഒരു യന്ത്രസാമിഗ്രികളും ഉപയോഗിക്കുനില്ല. അല്പം പോലും തണൽ ഇല്ലാത്ത പാടത്ത് പൊരിയുന്ന വെയിലിൽ നിന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന തൊഴിലാളികൾ പണിയെടുകുന്നത്. ജോലിചെയ്യുന്നവർ ബഹുഭൂരിപക്ഷവും പിന്നോക്ക സമൂഹത്തിൽ നിന്നുമുള്ളവരായതുകൊണ്ട് അവഗണനയുടെയും പീഡനത്തിന്റേയും ആഴം വർദ്ധിക്കുന്നു.

വികസിത രാജ്യങ്ങളിൽ ഉപ്പുപാടങ്ങളിൽ പണിയെടുക്കുന്നവർക് ഗംബൂട്ടുകളും കറുത്ത കണ്ണടകളും നൽകാറുണ്ടെങ്കിലും തമിഴ്‌നാട്ടിലെ പാടങ്ങളിൽ ഇവയൊന്നും നൽകാറില്ല. ഉച്ചവെയിലിൽ വെണ്മയേറിയ ഉപ്പുകൂനയിൽ നിന്നുമുള്ള പ്രകാശം കണ്ണിനു കേടുവരുത്താൻ സാധ്യതയുള്ളതു കൊണ്ടാണ് തൊഴിലാളികൾക്ക് കണ്ണടകൾ നൽകുന്നത്.

2001 ലെ സുനാമിക്കു ശേഷം തൂത്തുകുടിയിലെ ഉപ്പളങ്ങൾ നശിക്കുകയും കുറെക്കാലം തൊഴിലാളികൽ മുഴുപ്പട്ടിണിയിലാവുകയും ചെയ്തു. തുടർന്ന് ഉപ്പുപാടങ്ങളിലെ തൊഴിലാളികളെപ്പറ്റി സംസ്ഥാന സർക്കാർ ചില പഠനങ്ങൾ നടത്തുകയും ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കപ്പെടുകയും ചെയ്തുവെങ്കിലും ഒന്നും നടപ്പാകുകയുണ്ടായില്ല.

ചില മാസങ്ങൾക്ക് തൂത്തുകുടിയിലെ ഉപ്പളങ്ങൾ സന്ദർശിച്ചപ്പോൽ കണ്ട കാഴ്ച അതി ദയനീയ മായിരുന്നു. മെലിഞ്ഞുണങ്ങിയ മനുഷ്യർ മാടുകളെപ്പോലെ പൊരിവെയിലിൽ ഉപ്പു പാടങ്ങളിൽ പണിയെടുക്കുന്നു. പാട്ടത്തിനു നൽകിയിരുന്ന സർക്കാർ ഭൂമി മറ്റു വ്യവസായങ്ങൾക്കു വേണ്ടി തിരിച്ചെടുക്കുന്നതുമൂലം ഉള്ള തൊഴിലുകൂടി ഇല്ലാതെയകുന്ന അവസ്ഥയിലാണ് അവിടുത്തെ അർത്ഥപട്ടിണിക്കാരായ തൊഴിലാളികൾ.

ഉപ്പുകൂട്ടി മേഷ്ടാനം ഭക്ഷിക്കുമ്പോൾ കൊടിയദാരിദ്ര്യത്തിൽ കഴിയുന്ന ഒരുകൂട്ടം ആശയറ്റമനുഷ്യരുടെ വിയർപ്പിന്റെ രുചിയാണതെന്ന് നമ്മൾ അറിയുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP