Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊൻപതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊൻപതാം ഭാഗം

ജീ മലയിൽ

മാർച്ചുമാസത്തിന്റെ പകുതി കഴിഞ്ഞു. വേനൽക്കാലത്തെചൂട് അസഹ്യമായി വര്ദ്ധിച്ചു.

ആയിടയ്ക്ക് ആർട്‌സ് കോളേജിലെ പെൺകുട്ടികളെ കമന്റടിക്കുകയും അവരുടെ വഴി തടയുകയും ചെയ്തതിന് എഞ്ചിനീയറിങ് കോളേജ്‌ വിദ്യാർത്ഥികളുമായി ആർട്‌സ്‌ കോളേജ് വിദ്യാർത്ഥികൾ അടിപിടിയുണ്ടാക്കിയതിനാൽ രണ്ടുകോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. എങ്കിലും വർഷാവസാനപരീക്ഷ അടുത്തതിനാൽ അവർ വേഗം ഒത്തുതീർപ്പിൽ എത്തിച്ചേർന്നു.

ആ ബഹളം കഴിഞ്ഞ്എഞ്ചിനീയറിങ് കോളേജ് തുറന്നിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു.ഇനിയുംരണ്ടാഴ്ച കൂടിയേ എഞ്ചിനീയറിങ് കോളേജിൽ ക്ലാസ്സ് ഉണ്ടാവുകയുള്ളു.

അന്നു ഞായറാഴ്ചദിവസംതെളിഞ്ഞ പ്രഭാതമായിരുന്നു.ഉദിച്ചുയർന്ന സൂര്യൻ പ്രഭ വിടർത്തി ആകാശത്തിന്റെ മദ്ധ്യഭാഗത്തെത്തിയപ്പോഴേക്കുംഅന്തരീക്ഷത്തിൽഅതിതീഷ്ണമായ ചൂട് നിറഞ്ഞിരുന്നതിനാൽപ്രകൃതി തന്റെ ശരീരം ഊതി തണുപ്പിച്ചു തുടങ്ങി.

ചൂടിൽ നിന്നും രക്ഷപ്പെടാനായി ഹോസ്റ്റൽ നിവാസികൾ ഹോസ്റ്റലിലേക്കുള്ള ടാറിട്ട റോഡിലും ഫുട്‌ബോൾ കോർട്ടിലും ഹോസ്റ്റൽ കെട്ടിടത്തിന്റെ ടെറസ്സിലും മറ്റും വൈകിട്ട് അഞ്ചുമണി മുതൽ ഇരുൾ ആകുന്നതു വരെ ഇരിക്കുക സാധാരണമായിരുന്നു.

ആയിടയ്ക്കു പ്രദീപും വിനോദും ഒന്നിച്ചേ നടക്കാറുള്ളു. അതുകൊണ്ടു സഹപാഠികൾ അവരെ ഫ്രണ്ടും വീലും എന്നു പറഞ്ഞു കളിയാക്കാൻ തുടങ്ങി.

അന്നുവൈകുന്നേരവുംജൂണിയർ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിനു മുമ്പിലെ പോർട്ടിക്കോയിൽ വിനോദും പ്രദീപും അടുത്തടുത്താണിരുന്നത്.അവരോടൊപ്പംതമ്പാൻ, കുരുവിള എന്നിവരും.

അവർ തമാശ പറഞ്ഞും അന്യോന്യം കളിയാക്കിയും സമയംപോക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു രസത്തിന് അതു വഴി കടന്നു പോയ ഒന്നാം വർഷക്കാരെ തെറിയുംപറയുന്നുണ്ടായിരുന്നു.

അതിനിടയിൽ കുരുവിള വിനോദിനോടു ചോദിച്ചു.''ഇതൊക്കെപ്പറഞ്ഞാലും ഒന്നു ചോദിക്കട്ടെ. നിങ്ങടെ ഈ അടുപ്പത്തിന്റെ രഹസ്യമെന്താ?'

കുരുവിളഊറിച്ചിരിക്കുന്നതുകണ്ട് വിനോദ് പ്രദീപിന്റെ മുഖത്തേക്കു നോക്കി മന്ദഹസിച്ചു. പ്രദീപും.

'എന്താ ഊവ്വേ, പൂഞ്ചിരിക്കുന്നെ? ചോദിക്കാൻ അറിയുവാ.....? '

പ്രദീപ്‌ചോദിച്ചു.'എന്തോന്നാ, ചോദിക്കാൻ അറിയുവാന്നോ? '

'സോറി. സോറി. അറിയാൻ ചോദിക്കുവാ' കുരുവിളചിരിച്ചു.

'ആന്നേ?അല്ലാതെ ചോദിക്കാനറിയുവല്ലല്ലോ? '

അവൻ രണ്ടു കണ്ണുകളും ഇറുക്കിക്കാട്ടിയിട്ടു പറഞ്ഞു. 'എന്താ ഉവ്വേ മുപ്പത്തി രണ്ടു നാക്കിനിടയ്ക്ക് ഒരു പല്ലല്ലേയുള്ളു. സോറി. മുപ്പത്തി രണ്ട് പല്ലിനിടയ്ക്ക് ഒരു നാക്കല്ലേയുള്ളു. അല്പം പിശകു പറ്റരുതോ? '.

വിനോദ്‌ചോദിച്ചു.' തീർച്ചയാന്നേ ആ പറയുന്നത്? '

പ്രദീപും തുടർന്നു ചോദിച്ചു. 'തീർച്ചയാന്നേ? പിന്നെ ചോദിക്കാനാ അറിഞ്ഞതെന്നു പറയരുത്. പറഞ്ഞാൽ ഞങ്ങടെ വിധം മാറും .''

''ആരാടാ ഈ ഞങ്ങൾ ?'' കുരുവിള പ്രദീപിനോടുചോദിച്ചിട്ടു തമ്പാനെ നോക്കി.

''ഏ..... തമ്പാൻ കേറ്റീ, ഇവരു രണ്ടും ഒന്നാണോ? ഞങ്ങൾ ഞങ്ങൾ എന്നു പറയുന്നത്.'

'ഒന്നാണെങ്കിൽ ഞങ്ങൾ എന്നു പറയുമോടാ വിഡ്ഡീ....?' തമ്പാൻ കുരുവിളയെ പരിഹസിച്ചിട്ട് ഉറക്കെച്ചിരിച്ചു. പ്രദീപും വിനോദും അതേറ്റു ചിരിച്ചു.

കുരുവിള ഇളിഭ്യനായെങ്കിലും വീണ്ടുംതർക്കിച്ചു. 'അല്ല ഒരാളെയുള്ളെങ്കിലുംനിങ്ങൾ എന്നു പറയില്ലേ? ഞാൻ ഒറ്റയ്‌ക്കേ ഉള്ളെങ്കിലുംനമ്മൾഎന്നു പറയില്ലേ? അതു പോലെയുള്ള വല്ല അർത്ഥത്തിലും പ്രയോഗിച്ചതാകരുതോ?''

''എന്ന് .........'' വിനോദ് ഉരുവിട്ടു.

വിരലുകൾ നാലും മടക്കി പെരുവിരൽ മാത്രം നിവർത്തു വലതു കൈ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രദീപും പിന്താങ്ങി. 'എന്ന്.'

'നിനക്കറിയാരുന്നേൽ എന്തിനാടാ കെഴങ്ങാ ചോദിച്ചെ?അല്ലേൽ തന്നെ അവരു തമ്മിൽ എന്താണേൽ നിനക്കെന്താ?അവരുടിഷ്ടമല്ലിയോ ഒന്നിച്ചു നടക്കുന്നെ.നീ നിന്റെ കാര്യം നോക്കെടാ.'

കുരുവിളക്കു തമ്പാനോടു ദേഷ്യം തോന്നി.

' എടാ, തമ്പാനെ..... നീ എല്ലാവരോടും പേരു പറയുന്നെ, തമ്പാൻ കേറ്റീന്നല്ലേ? എന്തോന്നാടാഈ കേറ്റീന്നു പറഞ്ഞാൽ? അതു മാത്രം നീ ആരോടും പറയുന്നില്ല. ഒന്നുകിൽ അതു കൂടി പറയണം. അല്ലെങ്കിൽ മേലിൽ പേര്‌കെറ്റി തമ്പാൻ എന്നേ പറയാവൂ. '

അവൻ എന്തോ വലിയ കാര്യം പറഞ്ഞു ഫലിപ്പിച്ച മാതിരി പൊട്ടിച്ചിരിച്ചു. എന്നാൽമറ്റാരും അതു ഗൗനിച്ചില്ല.

പെട്ടെന്ന് പ്രദീപ് ഇടയ്ക്കുകയറികുരുവിളയോടു ചോദിച്ചു.'നീവലിയ കേമനാണെന്നൊക്കെ വീരവാദം പറയാറുണ്ടല്ലോ. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ വലിയ ഷൈനിംഗാരുന്നു, വെളഞ്ഞു നടന്നതാ എന്നും മറ്റും. നീ കേമനാണെങ്കിൽ, ഞാനൊരു കാര്യം പറയാം, ചെയ്യാമോ ? '

കുരുവിളയുടെ മുഖം കരുവാളിച്ചു.അവൻ ശബ്ദം ഉയർത്തി പ്രദീപിനോടു ദേഷ്യത്തോടെപറഞ്ഞു. ' ആരുന്നെടാ. നിനക്കു സംശയം ഉണ്ടോ? സംശയോണ്ടെങ്കിൽ എന്റെ കോളേജിൽ പഠിച്ച ആരോടെങ്കിലും ചോദിച്ചു നോക്ക്. '

'ശരിയായിട്ടു ഷൈനിങ് നടത്തിയിട്ടുള്ളവരാരും പറഞ്ഞോണ്ടു നടക്കത്തില്ല. അറിയാമോടാ?മറ്റുള്ളവരാ പറയേണ്ടത്, അവൻ വലിയ ഷൈനിംഗായിരുന്നെന്ന്. ഇതാണേൽ നീ തന്നെ പറഞ്ഞു നടക്കുവല്യോ ഷൈനിംഗാരുന്നു, ആരെയും പേടിയില്ലായിരുന്നു എന്നൊക്കെ. ഞങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ഞങ്ങളുടെയടുത്തു ചെലവാകത്തില്ല നിന്റെ ഷൈനിംഗും മറ്റേ....... 'തമ്പാൻപറഞ്ഞു.

''വേണമെന്നു വച്ചാൽ എന്റെ പഴയ സ്വഭാവം ഞാൻഎടുക്കും.'കുരുവിള ദേഷ്യപ്പട്ടു.

'ഞങ്ങടെ അടുത്തു ചെലവാകത്തില്ല. നീ നിന്റെ കോളേജിൽ വെളഞ്ഞവനാരുന്നേൽ ഞങ്ങടെ കേളേജിൽ ഞങ്ങളും ഒട്ടും പുറകിലായിരുന്നില്ല വെളച്ചിലിന്. നിന്റെ കൂട്ട് വീമ്പ്ഇളക്കി നടക്കുന്നില്ലെന്നു മാത്രം.'തമ്പാനും ദേഷ്യം വന്നു.

'അതു വിട്. നമുക്ക് കുരുവിളയുടെ ധൈര്യം ഒന്നു പരിശോധിക്കാം.'വിനോദ് അവരുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി ശ്രദ്ധ മാറ്റാൻ ശ്രമിച്ചു.

കുരുവിള ദേഷ്യത്തോടെ എല്ലാവരെയും നോക്കി.

'ദേഷ്യപ്പെടുകയും ഒന്നും വേണ്ട.തമാശിനു പറയുന്നതാ.നിനക്ക് വാർഡനെ തെറി വിളിക്കാമോ? അങ്ങേരുടെ മുറിയുടെ മുമ്പിൽ ചെന്നു നിന്നുകൊണ്ടു വിളിക്കണം. എന്നാൽ പറയാം നിനക്കു ധൈര്യം ഉണ്ടെന്ന്.'

'വാർഡൻ ഇപ്പോൾ മുറിക്കകത്തുണ്ട്.വിളിക്കാമെങ്കിൽ വിളി. കാണട്ടെ നിന്റെ ധൈര്യം.'

പ്രദീപും കുരുവിളയ്ക്കു എരിവു കൂട്ടിക്കൊടുത്തു.തമ്പാൻ തന്റെ മുഖത്തു ഉറഞ്ഞു കൂടിയ ദേഷ്യത്തോടെ ദൂരേക്കു നോക്കിയിരുന്നു.

'വാർഡനെയല്ല, പ്രിൻസിപ്പാളിനെ വരെ വിളിക്കും. പിന്നാ ഈ ഊപ്രിക്കാ വാർഡൻ.'

'വീമ്പിളക്കാതെ കാണട്ടെ നിന്റെ ധൈര്യം.' വിനോദ്പറഞ്ഞു.

കുരുവിളവാർഡന്റെമുറിയുടെമുമ്പിലേക്കു നടന്നു ചെന്നു. മുറിയുടെ കതകടച്ചിരിക്കുകയായിരുന്നു. അവിടെ നിന്നു വാർഡനെ ഉച്ചത്തിൽ തെറി പറഞ്ഞിട്ട് അവൻ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയിലേക്കു ചാടിക്കയറിപ്പോയി.

അസഭ്യംപറഞ്ഞിട്ട് അവൻഓടുന്നതു കണ്ടപ്പോൾ അവർ വിഷണ്ണരായി.അവൻഅസഭ്യം വിളിച്ചു പറയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.

വാർഡൻ കതകു തുറന്നു വെളിയിലേക്ക് ഇറങ്ങി വന്ന് ചുറ്റുപാടും സസ്സൂക്ഷ്മം നോക്കി.

നടന്ന സംഭവം കേൾക്കുകയോ കാണുകയോ ചെയ്തില്ല എന്ന മട്ടിൽപ്രദീപും തമ്പാനും ഫുട്‌ബോൾ കോർട്ടിലേക്കു നോക്കി ഒന്നും അറിയാത്തവരെപ്പോലെ ഇരുന്നു.വിനോദ്ഏറുകണ്ണുകൊണ്ട് വാർഡനെശ്രദ്ധിച്ചു.

അവരെ അല്പ നിമിഷങ്ങൾ ക്രുദ്ധനായി നോക്കി നിന്ന ശേഷം വാർഡന്മുറിയിലേക്കു കയറിപ്പോയി.എങ്കിലും പിന്നീടുകതകടച്ചില്ല.

കുരുവിള സ്റ്റെയർകെയ്‌സിന്റെ അടുത്തു വന്ന് പോർട്ടിക്കോയിൽഇരിക്കുന്നവരെ ആംഗ്യം കാട്ടി വിളിച്ചു. അതവർ കണ്ടില്ല.

അതിനാൽ കുരുവിള ഒരു ശബ്ദമുണ്ടാക്കി.'ശ്ശ് ..... ശ്ശ് .....'

അവർ തിരിഞ്ഞു നോക്കിയപ്പോൾ വാർഡൻ അവിടെ നില്ക്കുന്നുണ്ടോ എന്ന് അവൻ ആംഗ്യഭാഷയിൽ ചോദിച്ചു.

വിനോദ് കൈ ചൂണ്ടിക്കൊണ്ട്'ഉണ്ട്'എന്ന് ചുണ്ടുകൾ ചലിപ്പിച്ചുപറഞ്ഞു.

കുരുവിള അവിടെ അല്പനേരം കൂടിനിശ്ചലനായി നിന്നിട്ട് വാർഡന്റെ മുറിയുടെ ഭാഗത്തേക്ക് ഒളിഞ്ഞു നോക്കി. വാർഡൻഅവിടെ ഇല്ല എന്നു മനസ്സിലായപ്പോൾ ഇറങ്ങി വന്ന്അവിടെ കിടന്നമേശമേൽ കയറിയിരുന്നു.

അവന്റെ മുഖത്തെവിജയഭാവം കണ്ട്പ്രദീപ് അടക്കത്തിൽ ചോദിച്ചു.'ഇങ്ങനെയാണോ ധൈര്യം കാട്ടുന്നത്? വിളിച്ചിട്ട് ഓടിയതെന്തിനാ?'

കുരുവിള പറഞ്ഞു. 'വിളിക്കാനല്ലേ പറഞ്ഞുള്ളു. വിളിച്ചു.'

'അതു ധൈര്യമല്ല. വിളിച്ചിട്ട് അവിടെ നില്ക്കണമായിരുന്നു.' വിനോദും അവൻ കാട്ടിയതു ധൈര്യമല്ല എന്നർത്ഥത്തിൽ നിസ്സാരമാക്കി പറഞ്ഞു.

'ഇനിയും വിളിക്കണോ?'

'എന്റെ പൊന്നേ....... വേണ്ട. ഞങ്ങൾ അങ്ങു മാറി നിന്നിട്ട് എന്തു വേണേൽ വിളിച്ചോ. ഞങ്ങളെ ഉപദ്രവിക്കാതിരുന്നാൽ മതി.'

'ഇങ്ങനെയാ ആണുങ്ങടെ ധൈര്യം. മനസ്സിലായോടാ?'

കുരുവിള നടന്നു പോകുമ്പോൾപ്രദീപ് അവനെ പുച്ഛിച്ചു.'മനസ്സിലായെടാ നീയാണാണെന്ന്. പോടാ പോ.'

സന്ധ്യയായിരുന്നു. പക്ഷികൾ ചേക്കേറാൻ തുടങ്ങിയിരുന്നു. അപ്പോൾഒന്നാം വർഷ വിദ്യാർത്ഥിയായ സുരേന്ദ്രനാഥ് ഹോസ്റ്റലിലേക്കു വരുന്നത് അവരുടെ ശ്രദ്ധയിൽപെട്ടു.

പ്രദീപ് വിളിച്ചു. 'സുരേന്ദ്രൻ ഇങ്ങു വന്നേ. ഒരു കാര്യം ചോദിക്കട്ടെ.'

സുരേന്ദ്രനാഥ്കുണ്ടി കുലുക്കിഅവരുടെ അടുത്തേക്ക് നടന്നു വന്നു.

അവൻ ചോദിച്ചു. 'എന്തിനാടാാാ വരാൻ പറഞ്ഞെ?'

അവന്റെ നീട്ടിയുള്ള സംഭാഷണം കേൾക്കുന്നത് അവർക്കു രസമായിരുന്നു.

പ്രദീപും അതു പോലെ നീട്ടിപ്പറഞ്ഞു. 'ഒരു കാര്യം അറിയാനാടാാാ.'

'എന്നാടാാാ പറയെടാാാ. എന്തു കാര്യമാ?'അവൻ നിലത്തു കാൽ വിരലുകൊണ്ടു വരച്ചു.

കറുത്ത നിറവും മുഖം നിറയ മുഖക്കുരു വന്നു പോയതിന്റെ വടുക്കളും ഉള്ള സുരേന്ദ്രനാഥിന്റെമുഖത്ത്എപ്പോഴും ലജ്ജ ഒളിഞ്ഞു കിടക്കുന്നതായി തോന്നും.അധികം നീളവും വണ്ണവും ഇല്ല. സംസാരിക്കുമ്പോൾ വാക്കുകൾ നീട്ടി ഉച്ചരിക്കും.ചന്തി കുലുക്കിയുള്ള അവന്റെ്‌നടത്തം കണ്ടാൽ ആരും ശ്രദ്ധിക്കും. ആനടത്തം സൂക്ഷിച്ചു നോക്കിയാൽ ചിരിക്കും.

പെണ്ണ് എന്നു കേട്ടാൽ ഒരു പ്രത്യേക വികാരം സുരേന്ദ്രനാഥിന്റെമുഖത്തു വന്നടിയും. ഏതു പെണ്ണിനോടും മമതയാണ്. ഏതു പെണ്ണിനെ കണ്ടാലും അവളെ പ്രേമിക്കാൻ കിട്ടിയിരുന്നുവെങ്കിൽ എന്നാശിക്കും. ഒരു പെണ്ണ് തന്നെ നോക്കി ചിരിക്കുകയോ എന്തെങ്കിലുംസംസാരിക്കുകയോ ചെയ്താൽ തന്നെ ഇഷ്ടപ്പെട്ടിട്ടാണെന്ന് അവൻ ധരിക്കും. ഉടൻ തന്നെ അവളെ പ്രേമിക്കാൻ തുടങ്ങും. ഏതു പെണ്ണിനോടും എത്രനേരം വേണമെങ്കിലും സംസാരിച്ചുകൊണ്ടു നില്ക്കും.അവൻ പെണ്ണുങ്ങളുടെ അടുത്തു ചെന്നാൽ അവരുടെ മുഖങ്ങളിലേക്കു നോക്കില്ല. നമ്രശിരസ്സോടു കൂടി ലജ്ജാവിവശനായി നില്ക്കും.ഇടയ്ക്കിടയ്ക്കു തല ഉയർത്താതെ തന്റെ ദൃഷ്ടികൾ ഒന്നെറിയും.വേഗം പിൻവലിച്ചു താഴേക്കു നോക്കും.പെൺകുട്ടികളുമായി സംസാരിക്കുമ്പോഴും അവൻ തന്റെ കാൽവിരലുകൾ കൊണ്ടുനിലത്തു വരച്ചുകൊണ്ടിരിക്കും.

അവന്റെ സ്വഭാവം വളരെച്ചുരുങ്ങിയ കാലം കൊണ്ടു ഹോസ്റ്റലിലുള്ള എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞിരുന്നു.

കോളേജിൽ ആകെ മൂന്നു പെൺകുട്ടികളെ ഉള്ളു. അതും ഒന്നാം വർഷ വിദ്യാർത്ഥിനികൾ. അവർ മൂന്നു പേരും തന്റെ കാമുകികൾ ആണെന്നു സുരേന്ദ്രനാഥ് കരുതി. മൂന്നു പേരോടും സുരേന്ദ്രനാഥ് സംസാരിക്കും. തന്നോട് അവർക്കെല്ലാം പ്രേമമാണെന്നു സുരേന്ദ്രനാഥ് വിശ്വസിച്ചുനടന്നു. തന്റെ സൗന്ദര്യത്തിൽസ്വയം മതിപ്പു തോന്നിയതിനാൽഅവസരംകിട്ടുമ്പോഴെല്ലാംഅവൻകണ്ണാടിയിൽ നോക്കി തന്റെ കുറ്റിത്തലമുടി ചീകി വയ്ക്കും.പാന്റ്‌സിന്റെ പോക്കറ്റിൽ എപ്പോഴും കൊണ്ടു നടക്കാൻ അതിനുപരുവത്തിലുള്ള ഒരു ചെറിയ കണ്ണാടിയും ചീപ്പും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

തന്റെ കാമുകികളെ കാണാൻസുരേന്ദ്രനാഥ്എല്ലാ ദിവസവും വൈകിട്ട് ലേഡീസ് ഹോസ്റ്റലിൽ എത്തും. ഒരു ദിവസമെങ്കിലും അതിനു സാധിച്ചില്ലെങ്കിൽ ആ ദിവസം നഷ്ടപ്പെട്ട പ്രതീതിയാണ് സുരേന്ദ്രനാഥിന്. ലേഡീസ് ഹോസ്റ്റലിലെ മേട്രൻ ഇറങ്ങി വന്ന് സമയം കഴിഞ്ഞുവെന്നു പറയുമ്പോൾനിരാശനായി അവൻ ഇറങ്ങിപ്പോരും.

എന്നാൽപെൺകുട്ടികൾക്കു സുരേന്ദ്രനാഥിനോടു സഹതാപം ആയിരുന്നു. സുരേന്ദ്രനാഥ്എന്തു പറഞ്ഞാലും അവർ അതു കേട്ടു ചിരിക്കും. അപ്പോൾ സുരേന്ദ്രനാഥ് അവരുടെ മുമ്പിൽ വച്ചു സന്തോഷത്താൽകോൾമയിർ കൊണ്ടുപുളയും. തങ്ങൾക്കാവശ്യമുള്ള ബുക്കുകളും മറ്റും കിട്ടാൻ സുരേന്ദ്രനാഥ് മാത്രമേ അപ്പോൾ പെൺകുട്ടികൾക്ക് ആശ്രയമുണ്ടായിരുന്നുള്ളു.പെൺകുട്ടികളെ മറ്റു ആൺകുട്ടികൾ അന്നൊന്നും ഗൗനിക്കാറില്ലായിരുന്നു.ലേഡീസ് ഹോസ്റ്റലിലേക്കുപോകുമ്പോൾ പെൺകുട്ടികളുടെആവശ്യപ്രകാരം നോട്ടു ബുക്കുകളോ പുസ്തകങ്ങളോറിക്കാർഡു ബുക്കുകളോ കൊണ്ടുപോകുന്നതും സുരേന്ദ്രനാഥിന്റെ ചുമതലയായിരുന്നു.അതിനാൽ അവനെ മോഹിപ്പിച്ചും അവന്റെ സ്വഭാവത്തിൽ നിന്നു മുതലെടുത്തുംഅവർ അവനെപിണക്കാതെ നിർത്തി.

ആസ്വഭാവം കൊണ്ട് സഹപാഠികൾഅവനെകാമുകൻ എന്നു വിളിച്ചു. കാലക്രമേണ അവശകാമുകൻ എന്നു വിളി തുടങ്ങി. വീണ്ടും ഓമനപ്പേരിനും പരിവർത്തനം ഉണ്ടായി. അവശൻ എന്നു ചുരുങ്ങി. ചിലർ അവശൻ എന്നതിനു പകരം വിവശൻ എന്നും വിളിച്ചു..

അങ്ങനെ വിളിക്കുമ്പോൾ സുരേന്ദ്രനാഥ്‌ചോദിക്കും. 'നീ എന്തിനാടാാാ എന്നെ അങ്ങനെ വിളിക്കുന്നത്?എന്നെ ഇനിയും അങ്ങനെ വിളിക്കല്ലേടാാാ.'

അതു കേൾക്കുമ്പോൾ വിളിക്കുന്ന ആൾ അതേ സ്വരത്തിൽ നീട്ടിപ്പറയും.'ഞാൻ ഇനീം അവശനായ സുരേന്ദ്രനാഥനെ ഒരിക്കലും അവശനെന്നു വിളിക്കത്തേയില്ല. കേട്ടോടാ അവശാാാ. '

അപ്പോൾഅവൻ തലയാട്ടും. സന്തുഷ്ടനാകും.

അവർ അന്നു തന്നെ അടുത്തേക്കുവിളിച്ചപ്പോൾഅവശനെന്നു വിളിക്കാതിരുന്നതിനാൽ സുരേന്ദ്രനാഥിനു സന്തോഷം തോന്നി.

പ്രദീപ്്അവനോടുചോദിച്ചു. 'നീ എന്തിനാ കുണ്ടി കുലുക്കി നടക്കുന്നത്? അതു കുലുക്കാതെ ആണുങ്ങളേപ്പോലെ നടക്കാൻ വയ്യായോ ?''

''എന്താടാാാ അങ്ങനെ പറയുന്നത്? ഓരോരുത്തർക്കും ഓരോ നടപ്പല്യോടാാാ? നീ നടക്കുന്ന പോലാണോടാാാ ഇവൻ നടക്കുന്നേ ......?'

'പ്രദീപേനീയെന്തു കരുതി. ഈ കുലുക്കം ഉണ്ടായിട്ടല്ലിയോ പെണ്ണുങ്ങൾ സുരേന്ദ്രനെ വളഞ്ഞു നടക്കുന്നത്. അല്ലയോ സുരേന്ദ്രാ?'

വിനോദ്അങ്ങനെപറയുന്നതുകേട്ട്‌സുരേന്ദ്രനാഥിനു അഭിമാനം തോന്നി,.

'എനിക്കറിയത്തില്ലേ പെണ്ണുങ്ങൾക്ക് എന്റെ ഏതാ ഇഷ്ടപ്പെട്ടതെന്ന്...'

'അപ്പോൾ നീ കരുതിയിരിക്കുന്നത് പെണ്ണുങ്ങക്കെല്ലാം നിന്നോടു പ്രേമമാണെന്നാണോ?' തമ്പാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

സുരേന്ദ്രനാഥിന്റെ മുഖം വാടി. മുഖം കുനിഞ്ഞു.

വിനോദ് സുരേന്ദ്രനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.'പെണ്ണുങ്ങൾക്ക് അവനോടു പ്രേമം തന്നെയാണ്.യാതൊരു സംശയോമില്ല. എനിക്കും തോന്നിയിട്ടുണ്ട് അത്. അല്ലേ സുരേന്ദ്രാ?'

സുരേന്ദ്രന്റെ മുഖം തെളിയാൻ തുടങ്ങി. അവൻ ഉരുവിട്ടു. 'എനിക്കറിയത്തില്ലേ..... പ്രേമമാണോന്ന്. എന്നാലും....'അവൻ നിർത്തിയിട്ടു കാൽവിരലുകൊണ്ടു നിലത്തു വരച്ചു.

'എന്നാലും.... കേക്കട്ടെ.'പ്രദീപ് അവനെ പ്രോത്സാഹിപ്പിച്ചു.

'എന്നാലും എന്തോ ഒന്നുണ്ട്.'

'ഊണ്ട്. ഊണ്ട്..'

'കഷ്ടം.' തമ്പാൻഉരുവിട്ടു.

''അതെന്താടാ അങ്ങനെ പറഞ്ഞെ?'

'വെറുതെ പറഞ്ഞതാടാ അവശാ.'

അവശൻ എന്നുള്ള തമ്പാന്റെ വിളി കേട്ടപ്പോൾ സുരേന്ദ്രന്റെ മുഖം വാടി. ചോരയോട്ടം നിലച്ചു.

'എടാാാ, എടാാാ, എന്നെ അങ്ങനെ വിളിക്കല്ലേടാാാ.പെണ്ണുങ്ങളുടെ മുമ്പീ വച്ച് മറന്നു പോലും വിളിക്കല്ലേടാാാ.'

അവന്റെ ദയനീയമായ അപേക്ഷ കേട്ടു തമ്പാൻ പറഞ്ഞു. 'ഞാൻ വിളിക്കും. സൗകര്യം ഉണ്ടെങ്കിൽ നീ കേട്ടാൽ മതി'

സുരേന്ദ്രന്റെ മുഖംവാടിക്കരിഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ തമ്പാൻ വീണ്ടും പറഞ്ഞു. 'മെസ്സിൽ നിന്നും ഒരു കൂൾഡ്രിങ്‌സ് വാങ്ങിത്തരാമോ. എങ്കിൽ വിളിക്കില്ല.'

അവൻ തമ്പാന്റെ നേരേ ദയനീയമായി മുഖം തിരിച്ചു. 'എനിക്കു വീട്ടീന്ന് അയച്ചു തരുന്ന കാശ് തികയത്തില്ലെടാാാ. അതുകൊണ്ട്....'അവൻ നിർത്തിയിട്ടു തുടർന്നു. 'ഒന്നു മതിയോടാാാ?വാങ്ങിച്ചു തരാം. പിന്നെ ചോദിക്കല്ലേ.വിളിക്കേം അരുത്. കേട്ടോടാാാ.'

'നിന്റെ കൂൾഡ്രിങ്‌സും വേണ്ടാ. ഒരു കോപ്പും വേണ്ടാ..ഞാൻ ചിലപ്പോഴൊക്കെ വിളിക്കും. നീനിന്റെ പാട്ടിനു പോ.'

''എന്നാലൊരു കാര്യം ചെയ്യടാാാ. പെണ്ണുങ്ങടെ മുമ്പിൽ വച്ച് വിളിക്കാതിരുന്നാൽ മതി. കേട്ടോടാ.'

'തമ്പാനേ ഇനിയും അവനെ അവശനെന്നു വിളിക്കല്ലേ. കാമുകനെന്നു വിളിച്ചോ. എന്താ സുരേന്ദ്രാ?'വിനോദ് തമ്പാനോടു പറഞ്ഞു.

'ഒന്നും വിളിക്കെണ്ടെടാാാ. എന്നെ സുരേന്ദ്രനാഥ് എന്നു വിളിച്ചോ.'സുരേന്ദ്രനാഥ് അതു പറയുമ്പോൾ അറിയാതെ തല കുലുക്കിക്കൊണ്ടിരുന്നു.

'ആട്ടെ ഒന്നു ചോദിക്കട്ടെ. ഇപ്പം നീ എവിടെ പോയിട്ടുള്ള വരവാ?'

വിനോദിന്റെ ചോദ്യംകേട്ട് ആദ്യം മടിച്ചുവെങ്കിലും സുരേന്ദ്രനാഥ്പറഞ്ഞു. 'ഞാൻ ലേഡീസ് ഹോസ്റ്റലിൽ വരെ പോയെടാാാ. ആ ലീല പറഞ്ഞു അവിടെ വരെ ഒന്നു ചെല്ലണമെന്ന്.'

'ലീലയോ? എന്തിനാരുന്നു വല്ല എഴുത്തും തന്നോ?' വിനോദിന്റെ അന്വേഷണം.

'ഞങ്ങക്ക് എഴുത്തിലൊന്നും വിശ്വാസൂല്ലെടാാാ.'

'അതാണു ദിവ്യമായ പ്രേമം. അവൾക്കറിയാം സുരേന്ദ്രനെ എഴുത്തിൽ കൂടിയല്ല പ്രേമം അറിയിക്കേണ്ടത്, നേരിട്ടാണെന്ന്. തന്നെയുമല്ല സുരേന്ദ്രന്റെ മുഖവും നേരിൽ കാണാമല്ലോ.' വിനോദ് നിർത്തിയിട്ടു സുരേന്ദ്രന്റെ മുഖത്തെഭാവമാറ്റങ്ങൾ ശ്രദ്ധിച്ചു.

'അപ്പോൾ മേരി നിന്നെ ഉപേക്ഷിച്ചോ?'പ്രദീപിന്റെ സംശയം കേട്ട്‌സുരേന്ദ്രന്റെ മുഖത്ത് ആനന്ദം അടിഞ്ഞു കൂടി.

'മേരി ഉപേക്ഷിച്ചോന്നു ചോദിക്കാതെ മേരിയെ ഉപേക്ഷിച്ചോന്നു ചോദിക്ക്. അല്ലേ സുരേന്ദ്രാ?'തമ്പാന്റെ വകകമന്റ്ത.

'ഉപേക്ഷിച്ചൊന്നുംഇല്ലെടാ.എനിക്കറിയത്തില്ലെ എല്ലാരും എന്നെ അങ്ങു പ്രേമിക്കാൻ വരുവാടാാാ. നീ പറേടാാ. ഞാനെങ്ങനാടാാാ എല്ലാരേം പ്രേമിക്കുന്നെ....?'അവൻ കുണുങ്ങി.

'അയ്യോ, ഇതെന്തു ന്യായം? ഞങ്ങളോ ഇവിടെ പച്ചക്കിരിക്കുന്നു. ഒറ്റപ്പെണ്ണും ഇല്ലാതെ. ഭാഗ്യവാനായ സുരേന്ദ്രനു മൂന്നു പെണ്ണുങ്ങൾ.

ഇതെന്തു ന്യായം, ഇതെന്തു നീതി, പറയൂ പറയൂ സർക്കാരേ...?'വിനോദ് പാടി.

'അതിനു സർക്കാരെന്തു വേണം?രാഷ്ട്രീയക്കാർ മുറവിളി കൂട്ടുന്നപോലെഇങ്ങനെ എല്ലാത്തിനും സർക്കാർ ഉത്തരം പറയാനൊക്കുമോ?' തമ്പാൻതമാശ പറഞ്ഞു.

' എന്നാ, ഇതെന്തു ന്യായം, ഇതെന്തു നീതി, പറയൂ പറയൂ പാമ്പാട്ടീ?''

കോണിപ്പടികളിലൂടെ മുകളിലോട്ടു കയറിപ്പോകുന്ന പാമ്പാട്ടിയെന്ന്‌ഹോസ്റ്റലില്അയറിയപ്പെടുന്ന ജയരാജിനെനോക്കി വിനോദ് പാടി.

പാട്ടു കേട്ടപ്പോൾ പതിഞ്ഞ മൂക്കും ഒരു കലാകാരന്റെ ജീവനുള്ള കണ്ണുകളും സിഗററ്റ് പുകയേറ്റു തടിച്ച ചുണ്ടുമുള്ള സ്വതേ ഹാസ്യഭാവം മുഖത്തുറഞ്ഞു കിടക്കുന്നജയരാജ് ഇറങ്ങി വന്നു.

മറ്റുള്ളവരെ കലാപരമായി പരിഹസിക്കാൻ കഴിവുള്ള അവൻ സുരേന്ദ്രനെ നോക്കി ഗൗരവത്തിൽ ചോദിച്ചു. 'ഇന്ന് ലീലയുമായിട്ടായിരുന്നു ലീലാവിലാസങ്ങളും കേളികളും. അല്ലേ? '

അവൻ സുരേന്ദ്രന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ചുണ്ടുകളിൽ ഊറി വരുന്ന ചിരി ആ മുഖത്തെ പരിഹാസത്തിന് മാറ്റു കൂട്ടി.

സുരേന്ദ്രൻ അതിശയിച്ചു. ' ഇതെങ്ങനെ ഇവനറിഞ്ഞു?'

അവൻ ചോദിച്ചു. 'നീയെങ്ങനാടാാാ ഇതറിഞ്ഞെ?'

'എടാ അവശാ, അവൻ കുഴലൂതി പാമ്പിന്റെ വിഷമിറക്കുന്നവനാ. സൂക്ഷിച്ചില്ലേൽ നിന്റെ വിഷോം അവനിറക്കുമേ....' തമ്പാൻ തട്ടി വിട്ടു.

'നീ പോടാ ചട്ടി നക്കീ......തമ്പാനേ......'ജയരാജ് ഉരുളയ്ക്ക് ഉപ്പേരി മാതിരി നിമിഷനേരം കൊണ്ടു തമ്പാനെ പരിഹസിച്ചുപറഞ്ഞിട്ട്‌സുരേന്ദ്രനെ നോക്കി പറഞ്ഞു.

'നീ എന്നെക്കുറിച്ച് എന്തു കരുതി ?ഏ....ഏ....പിന്നെശുദ്ധ ജാതിയിൽപ്പെട്ട എന്നെ എല്ലാരുംപാമ്പാട്ടിയെന്നു വിളിക്കുന്നതെന്തിനാണെന്നാ നീ വിചാരിച്ചെ? മുഖത്തു നോക്കി ലക്ഷണം പറയും. കൈരേഖകൾ നോക്കി ഭൂതവർത്തമാനഭാവി മുഴുവൻ വള്ളി പുള്ളി വ്യത്യാസമില്ലാതെ പറയും. ശരീരം നോക്കി രോഗം, ആരോഗ്യം, കാമാവേശം എല്ലാം പറയും. വേലുവിനെ നോക്കി നടപ്പ് ശീഘ്രമോ എന്നു പറയും. വേണ്ടി വന്നാൽ മഷിയിട്ടു നോക്കും.കവടിയും നിരത്തും.....നിന്റെ കയ്യിങ്ങു നീട്ടിക്കേ. ഞാനൊന്നു നോക്കട്ടെ. '

'പിന്നെ പാമ്പിന്റെ വിഷമിറക്കി കുടിക്കും.'തമ്പാന്റെ കമന്റ്.

അത്ഭുതപരതന്ത്രനായി നില്ക്കുന്ന സുരേന്ദ്രന്റെ കൈ പിടിച്ചു വലിച്ചിട്ട് ജയരാജ് ഒന്നും മിണ്ടാതെ കുറെ നേരം ആ കയ്യിലേക്കു ഉറ്റു നോക്കി നിലകൊണ്ടു. അതും വളരെ ഗൗരവത്തിൽ. നാനാവിധ ഭാവങ്ങൾ ആ വദനത്തിൽ അപ്പോൾതെളിഞ്ഞു മാഞ്ഞു.

സുരേന്ദ്രനു ദുഃഖം തോന്നി. 'എന്താണ് അവൻ ഒന്നും പറയാത്തെ?'

സുരേന്ദ്രൻപറഞ്ഞു.'നിന്നെക്കൊണ്ട് കൈ നോക്കിക്കണംന്ന് ഞാൻ വിചാരിച്ചിരിക്കുവാരുന്നെടാാ. എടാ ഒന്നു പറേടാാാ.'

'എന്താ പറയേണ്ടത്? ' വിനോദിന്റെ അന്വേഷണം.

'എന്തെങ്കിലും ഒക്കെ മതിയെടാ.'

'ശരി. ജയരാജേ ഒന്നു പറഞ്ഞു കൊടുക്ക്.'

ഗൗരവം വിടാതെ ജയരാജ് ഒന്നു കോടി ഊറിച്ചിരിച്ചു.

'ശരി. ഒറ്റക്കാര്യം ഇപ്പോൾ പറയാം. ദക്ഷിണ തന്നിട്ട് ബാക്കി പറയാം. ദക്ഷിണേം കൊണ്ട് എന്റെ മുറിയിൽ ഇന്നു രാത്രി വന്നാൽ മതി.'

'അതെന്തിനാ പാമ്പാട്ടീ, അവനെപ്പിടിച്ചു പാമ്പാടാനല്ലിയോ. ഊം... ഊം...? സുരേന്ദ്രാ,ഇവന്റെ മുറീലെങ്ങും ചെല്ലല്ലേ. അവൻ പിടിച്ചു തിന്നു കളയുമേ. നിന്റെ വിഷോമിറങ്ങും. പിന്നെ....' തമ്പാൻ സുരേന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിച്ചു.

സുരേന്ദ്രനാഥ് ഒന്നും മിണ്ടാതെ ജയരാജിന്റെ വാക്കുകൾക്കുവേണ്ടി ദാഹിച്ചു നിന്നു.

'നിന്നെ പ്രേമിക്കുന്നവരായിട്ട് ഇപ്പോൾ അഞ്ചു പെണ്ണുങ്ങൾ ഉണ്ട്. അവരിൽ നാലു പേർക്കും നിന്നോട്അഗാധമായ പ്രേമമാണ്. ഒരുവൾ മാത്രം നിന്നെ പറ്റിക്കാൻ വേണ്ടി പ്രേമം നടിക്കുവാണ്.'

സുരേന്ദ്രനാഥ് പെട്ടെന്നു ചോദിച്ചു. 'അതാരാടാാ? ഒന്നു പറേടാാാ.'

'ഇടയ്ക്കു കേറി ശല്യം ഉണ്ടാക്കരുത്.എല്ലാം പറഞ്ഞു കഴിഞ്ഞ് സംശയം ചോദിച്ചാൽ മതി. അവരിൽ ഒരുവൾ മാത്രം നിന്നെ പറ്റിക്കുവാണ്. പ്രേമിക്കുന്നവരിൽ നാലു പേർ ഈ സ്ഥലത്തുണ്ട്. ഒരാൾ നിന്റെ നാട്ടിലും.ഞാൻ പറഞ്ഞതു ശരിയല്ലേ?'

സുരേന്ദ്രനു നാണം തോന്നി. അവൻ ഉരിയാടിയില്ല.

'ശരിയാണെങ്കിൽ സത്യം പറയണം. കൈനോട്ടക്കാരുടെ അടുത്തും ഡോക്ടറുടെ അടുത്തും കള്ളം പറയാൻ പാടില്ല. മനസ്സിലായോടാ? അഞ്ചു പെണ്ണുങ്ങൾ നിന്റെ പുറകെ നടക്കുന്നില്ലേ?'

'നാലു പേരുണ്ടെന്നറിയാമെടാാാ. മൂന്നു പേർ ഇവിടേം ഒരാൾ നാട്ടിലും. നീ പറേടാാാ. അഞ്ചാമത്തവൾ ആരാടാാാ?'സുരേന്ദ്രൻ കുണുങ്ങിപ്പോയി.

'കണ്ടോ ഞാൻ എത്ര കൃത്യമായി പറഞ്ഞു, നാട്ടിലേ കാര്യം. അപ്പോൾ ഞാൻ പറഞ്ഞതു സത്യമാണെന്നു മനസ്സിലായില്യോ. നാലല്ല, അഞ്ചുപേരുമുണ്ട്. സുരേന്ദ്രൻ ഒന്നൂടെ ഒന്നാലോചിച്ചേ.'

സുരേന്ദ്രനാഥ്എന്തോ ഓർക്കുന്നതു പോലെ കൃഷ്ണമണികൾ മേലേക്ക് ഉയർത്തിപ്പിടിച്ചു. അല്പനേരം കഴിഞ്ഞു പറഞ്ഞു. 'ശെരിയാണെന്നാടാാാ തോന്നുന്നെ. ഞാൻ ഇന്നാളിൽ പോസ്റ്റാപ്പീസി പോയപ്പം ആർട്‌സ്‌കോളേജിലെ ഒരു പെണ്ണ് എന്നെ നോക്കി ചിരിച്ചെടാാാ.'

സുരേന്ദ്രൻ നാണം മൂലം വീണ്ടും കുണുങ്ങിപ്പോയി.

'ചിരിച്ചോ, മതി.അത്രേം മതി.' ജയരാജ് അവനെ പ്രോത്സാഹിപ്പിച്ചു.

'ചിരിയാണീ ലോകത്തിൽ പ്രേമത്തിൻ തുടക്കം, പിന്നാണീ കള്ളക്കണ്ണേറിന്റെ തുടക്കം.

അതു നിനക്കറിയില്ലേ?ചിരിച്ചാൽ മതി. അതിനർത്ഥം പ്രേമം ഉണ്ടെന്നാണ്. അല്ലേൽ പിന്നെ ഞങ്ങൾ പോവുമ്പം ആരും ചിരിക്കാത്തതെന്താ? നീ തന്നെ പറ.' ജയരാജ് അത്രയും പറഞ്ഞപ്പോഴേക്കും സുരേന്ദ്രൻ സന്തോഷം കൊണ്ടു തുള്ളിപ്പോയി.

'ശരിയാടാാാ. ഒണ്ടാരിക്കും. അവക്കെന്നോടൊണ്ടെന്ന് ഞാനെങ്ങനറിയുമെടാാാ?'

'അങ്ങനെയാണു വലിയ വലിയ ആളുകൾക്ക്.' വിനോദ് മനഃപൂർവ്വംസുരേന്ദ്രനെ അല്പം പൊക്കിക്കൊടുത്തു.

'നിനക്ക് പെണ്ണെന്നു പറഞ്ഞാൽ എന്താന്നറിയുമോടാ?' തമ്പാൻ ചോദിച്ചതു കേട്ട് സുരേന്ദ്രൻ വിഷണ്ണനായി. അപ്പോൾ തമ്പാൻ തുടർന്നു പറഞ്ഞു, ഒരു പാട്ടു രൂപത്തിൽ.

'പെണ്ണെന്നു വച്ചാലെന്താണ്? ഹും ....എന്താണ്?

ഒരു ചെങ്കോട്ട നെല്ലിക്ക......, ഒരു ചെങ്കോട്ട നെല്ലിക്ക......

ചവയ്ക്കുമ്പോൾ ആദ്യം കയ്പാണ്, പിന്നെ കവർപ്പാണ്...,

ചവച്ചു ചവച്ചൊരു പരുവത്തിലെത്തുമ്പോൾ,

എത്തുമ്പോൾ, നാക്കിനു മധുരക്കനിയാണേ..

പെണ്ണ്, നാക്കിനു മധുരക്കനിയാണേ.... '

'എടാാാ....'സുരേന്ദ്രൻ കാൽവിരലുകൾ കൊണ്ടു നിലത്തു വരച്ചു. ഒരു കൈവിരൽ ചുണ്ടത്തു വച്ചു. എന്നിട്ടു കുണുങ്ങിച്ചോദിച്ചു. 'എടാാ...... എങ്ങനാടാ ജയരാജേ, പെണ്ണുങ്ങക്ക് നമ്മളോടു പ്രേമമുണ്ടോന്നറിയുന്നേ? എടാ ഒന്നു പറേടാാാ .........'

'നീ ഇന്നു രാത്രീ പോര് എന്റെ മുറീല്. ഞാൻ എല്ലാം വിശദമായി പഠിപ്പിച്ചു തരാം.' ജയരാജ് മറ്റുള്ളവരെ കണ്ണിറുക്കി കാട്ടി പറഞ്ഞപ്പോഴും രവീന്ദ്രൻ ചിരിച്ചു.

'ഇന്നു രാത്രീൽ ഞാൻ വരാം, നിന്റെ മുറീല്. ബാക്കി പറേണേടാാാ.'സുരേന്ദ്രൻ വിനയ പുരസ്സരം ഉരുവിട്ടു.

ജയരാജ് മറ്റുള്ളവരെ നോക്കി, സുരേന്ദ്രൻ കാണാതെ വീണ്ടും കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു. 'വന്നേര് എല്ലാം പറയാം. പക്ഷേ ചോദിക്കുന്നതു തരണം. ഇപ്പം കൊച്ചാശാൻ പോയാട്ടെ.'
'ഞാനെന്തോ തരാനാടാ? എന്റെ കയ്യിലൊന്നുമില്ലെടാ..പറേണേടാാാ.''

''പറയാമെടാ അവശാ വിവശാ കൊശവാ കാമുകാ. പറയാം. ഇപ്പം കൊച്ചൻ പോയാട്ടെ.' ജയരാജ് ഉറച്ച സ്വരത്തിൽ പാടി.

സുരേന്ദ്രൻ പോകാൻ തുനിഞ്ഞപ്പോൾ ജയരാജ് അവനെ വീണ്ടും വിളിച്ചു.

'നിന്നേടാ. കയ്യിലിരിക്കുന്ന ബുക്ക് ഒന്നു കാണട്ടെ.'അവൻ ബുക്കു ജയരാജിന്റെ കയ്യിലേക്കു വച്ചു കൊടുത്തു.

ജയരാജ് ബുക്കു തുറന്ന് പേരു വായിച്ചു. 'ലീല ചെറിയാൻ, ഫസ്റ്റ് ഇയർ എഞ്ചിനീയറിങ്. നീയെന്തിനാ ഇത് ഇവിടെ കൊണ്ടുവന്നത്?'

'അവൾക്ക് ഇന്നലത്തെ ഇലക്ട്രിക്കലിന്റെ നോട്ടിന്റെ കുറച്ച് എഴുതിക്കൊടുക്കണംന്ന് പറഞ്ഞെടാ. പറഞ്ഞപ്പം എഴുതി കൊടുക്കാതിരിക്കാനൊക്കുമോടാാാ? അതിനു കൊണ്ടുവന്നതാടാാാ.'എന്തോ വലിയ സംഗതി സാധിക്കുന്നുവെന്ന ഭാവത്തിൽ സുരേന്ദ്രൻ ചിരിച്ചു.

'നീ കൊണ്ടുപോയി എഴുതിക്കൊട്. നിന്റെ കാര്യമെങ്കിലും നടക്കട്ടെ.ശരി. എന്നാ നീ ഇപ്പം പോയാട്ട്. ഇന്നു രാത്രീൽ വരണേ. എല്ലാം പറയാൻ തയ്യാറായി ഞാൻ കാത്തിരിക്കും. മറക്കരുതേ.'ജയരാജ് ബുക്ക് അവന്റെ കയ്യിൽ ഏൽപ്പിച്ചു.

സുരേന്ദ്രനാഥ് കുണുങ്ങി കുണുങ്ങി നടന്നു പോയി.

ജയരാജ് പറഞ്ഞു. 'നമുക്കിവനെ ഒന്നു പറ്റിക്കണം.'

'ശരിയാ. ഒന്നു പറ്റിക്കണം.'പ്രദീപ് വിനോദിന്റെയും ജയരാജിന്റെയും മുഖങ്ങളിലേക്കു മാറി മാറി നോക്കി. 'അതിനെന്താ ഒരു വഴി?'

'ഞാൻ ഒരു പണി പറ്റിക്കാം. നാളെ നിങ്ങൾ നോക്കിക്കോ. അവൻ വൈകുന്നേരം കോളേജിൽ ഒരാളെ കാത്ത് അക്ഷമനായി നിൽക്കുന്നത്.'

'നീയെന്തു പണിയാ പറ്റിക്കാൻ പോകുന്നെ ? ' തമ്പാൻ അന്വേഷിച്ചു.

'ഹ്... പണി പറ്റിക്കാനാണോ വഴിയില്ലാത്തത്. തൽക്കാലം അതു സസ്‌പെൻസാ... നാളെ കണ്ടോ എന്താണെന്ന്. എന്തു ചെയ്താലും ആ കെഴങ്ങന് ഒന്നും മനസ്സിലാവത്തില്ല.'ജയരാജിന്റെ മുഖത്തു വിജയഭാവം തെളിഞ്ഞു വന്നു. പിറകേ ചിരിയും.

'നീ ഇപ്പോ പറയേണ്ട.'പ്രദീപ് ജയരാജിനെ അനുകൂലിച്ചു.

അപ്പോൾ ഒരുവൻ ഒരു ബ്രീഫ്‌കേസും പിടിച്ചു ടാറിട്ട റോഡിൽക്കൂടി ഹോസ്റ്റലിലേക്കു നടന്നടുക്കുന്നത് അവർ കണ്ടു.

'ഗോപകുമാറല്ലേആ വരുന്നത്.'ജയരാജ് ചോദിച്ചു.

'അതെ അതെ. ആശാൻ സമരവും ബഹളവും ഒക്കെ കഴിഞ്ഞിപ്പോഴാണോ എഴുന്നള്ളുന്നത്. 'വിനോദ്ഉരുവിട്ടു.

'അവനെന്നതാ. പഠിച്ചില്ലെങ്കിലും ഒന്നും വരാനില്ല.അപ്പൻസിംഗപ്പൂരിൽ കിടന്നു സമ്പാദിക്കുന്നു. അമ്മ വീട്ടിൽ കിടന്നു സമ്പാദിക്കുന്നു. അവനാണെങ്കിൽ കൂട്ടിന് ഒരു ലേഡീ ഡോക്ടറുമുണ്ട്.സ്വന്തം കസിനാ.അത്രയും പോരേ ആണാണെങ്കിൽ.'ജയരാജ് പറഞ്ഞു.

'അവന്റെ അപ്പൻസിംഗപ്പൂരിലാണോ? ' വിനോദ് സംശയത്തോടെ അന്വേഷിച്ചു.

'ആണോന്ന്. പത്തിരുപതു കൊല്ലം കൊണ്ട് അവിടെയാ. സമ്പാദിച്ചു സമ്പാദിച്ച്‌സിംഗപ്പൂരു മുഴുവൻ അയാളുടെ വീട്ടിലെത്തിയിട്ടുണ്ട്. ഇനിയും കിടക്കുകയാണ് വാരിക്കൊണ്ടു വരാൻ.'

'അമ്മയ്ക്കു ജോലിയുണ്ടോ ? '

'അമ്മയ്ക്കു വീട്ടുജോലി. പിന്നെ സമ്പാദിച്ചുകൊണ്ടു വന്നിടുന്നതിനു കാവലിരിപ്പും.'

'പിന്നെ അമ്മയും സമ്പാദിച്ചു കൂട്ടുവാണെന്നു പറഞ്ഞത്?'

'ഞാൻ വെറുതെ ഒരു ഈണത്തിനങ്ങു പറഞ്ഞതാ. ചുമ്മാ...വെറും ഒരു തമാശിന്. അവൻ വരുമ്പോ ചോദിക്കുവേം ഒന്നും ചെയ്യല്ലേ.'ജയരാജ് അതു പറഞ്ഞിട്ട് ഊറിച്ചിരിച്ചു.

'അവൻ കേൾക്കണമാരുന്നു.'

'കേട്ടാലെന്നതാ?അവന്റെ മുമ്പിൽ വച്ച് എത്ര പ്രാവശ്യം ഞാൻ ഇതു പറഞ്ഞിരിക്കുന്നു. തമാശയായിട്ടാണെ. പിന്നെ അവനതു കേട്ടാലൊന്നും കാര്യമാക്കില്ല.കേട്ട ഭാവം പോലും നടിക്കില്ല. പിന്നെ എന്തിനാടാ ഈ റാഗിങ് നടത്തുന്നതിവിടെ. ഇതൊന്നും കേട്ടാലും ദേഷ്യം പിടിക്കരുത്. അതിനൊക്കെയാ റാഗിങ്.' ജയരാജ് വലിയൊരു സിദ്ധാന്തം അടിച്ചു വിട്ടു.

ഗോപകുമാർ നിലത്തു നോക്കി നടന്നടുത്തു കൊണ്ടിരുന്നു.

'അവനു ലേഡീഡോക്ടറുണ്ടോ?'' വിനോദ് തിരക്കി.

'അവൻ പറഞ്ഞതാ. എനിക്കറിയില്ല.കേട്ടിട്ട് ഉണ്ടെന്നു തോന്നുന്നു.'

'ശരിയാ, ശരിയാ. അവനെ ഉള്ളൂ റാഗിങ് പിരീഡിൽ ഏതാണ്ടൊക്കെ ചെയ്തിട്ടുണ്ടെന്നു സമ്മതിച്ചിട്ടുള്ളത്.'വിനോദ് പറഞ്ഞു.

'അവൻ സമ്മതിച്ചോ?'പ്രദീപ് തിരക്കി.

''ഊം.ലൂയി ചോദിച്ചപ്പോഴാണ്. ബാക്കിയെല്ലാവരോടും അവൻ കള്ളം പറഞ്ഞു. ലൂയി വിരട്ടിക്കൊണ്ടമറി. 'എടാ നിന്നെ കണ്ടിട്ട് ചാരിത്ര്യം പോയവനാണെന്നു വ്യക്തമാണല്ലോടാ...'എന്ന്അതു കേട്ടപ്പോൾ തന്നെ ആശാൻ സമ്മതിച്ചു പോയി.'
ഗോപകുമാർശിരസ്സു കുനിച്ചു ഹോസ്റ്റലിലേക്കു കയറി.

പ്രദീപ് വിളിച്ചു പറഞ്ഞു. 'എടോ, എടോ, തന്നെക്കുറിച്ചാ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നെ. എന്താ ഞങ്ങളെയൊന്നു ഗൗനിക്കാതെ പോകുന്നത്.'

'ആലുവാ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലുമില്ലല്ലോ. ഏ...ഏ.'തമ്പാൻ് ഏറ്റു പാടി.
ഗോപകുമാർ ചിരിച്ചുകൊണ്ടു തിരിഞ്ഞു നിന്നു ചോദിച്ചു.'എന്നെക്കുറിച്ച് എന്ത്ന്നാ പറ്‌ഞ്ഞെ? '
' നിന്റെ ലേഡിഡോക്ടറുടെ കാര്യം.'

അവൻ അതു കേട്ടു ചിരിച്ചുകൊണ്ട് തന്റെ മുറിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
' ഒന്നു നില്ലെടോ. തിന്നാൻ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ.'ജയരാജ് ഉറക്കെ ചോദിച്ചു.
അവൻ കേട്ട ഭാവം നടിക്കാതെ നടന്നു.

'വരിൻ. അവൻ എന്തെങ്കിലുംകൊണ്ടുവന്നു കാണും. കഴിഞ്ഞ മാസം പോയിട്ടു വന്നപ്പോൾ അവന്റെ ലേഡിഡോക്ടർ മിക്‌സ്ചർ ഉണ്ടാക്കി കൊടുത്തു വിട്ടിരുന്നു. ഇപ്പം എന്തെങ്കിലും കാണാതിരിക്കില്ല.'

ജയരാജ് ഉറക്കെപറഞ്ഞുകൊണ്ട് ഗോപകുമാറിന്റെ പുറകെ ഓടി. ബാക്കിയുള്ളവരും അവനെ അനുഗമിച്ചു.

എല്ലാവരും ഗോപകുമാറിന്റെമുറിയിൽ കയറി.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP