Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യജമാനന്റെ ശവപ്പെട്ടിക്ക് സമീപത്ത് നിന്നും മാറാൻ കൂട്ടാക്കാതെ നായ; ഇറ്റാലിയൻ ഭൂകമ്പ ദുരന്തത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

യജമാനന്റെ ശവപ്പെട്ടിക്ക് സമീപത്ത് നിന്നും മാറാൻ കൂട്ടാക്കാതെ നായ; ഇറ്റാലിയൻ ഭൂകമ്പ ദുരന്തത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

നായകളുടെ യജമാനസ്നേഹം പണ്ടു മുതലേ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ്. അതിനിതാ ഇറ്റലിയിൽ നിന്നും പുതിയൊരു ഉദാഹരണം. ഈ ആഴ്ച ഇറ്റലിയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാനൊരുങ്ങുമ്പോഴാണിത് വെളിപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ മരിച്ച ഒരാളുടെ ശവപ്പെട്ടിക്ക് സമീപത്ത് നിന്നും അയാളുടെ നായ മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇറ്റാലിയൻ ഭൂകമ്പ ദുരന്തത്തിന്റെ ഭാഗമായുണ്ടായ ഹൃദയഭേദകമായ ചിത്രങ്ങളിലൊന്നാണിത്. ബ്ലോണ്ട് കോക്കർ സ്പാനിയേൽ വിഭാഗത്തിൽ പെട്ട ഒരു നായയാണ് യജമാനന്റെ മരണം ഉൾക്കൊള്ളാനാകാതെ ശവപ്പെട്ടിക്ക് ചുറ്റിപ്പറ്റി വിട്ട് പോകാൻ കൂട്ടാക്കാതെ ദുഃഖത്തോടെ നിന്നത്.

ഒരു ജിമ്മിൽ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിക്ക് സമീപമാണ് നായയുടെ നിൽപ്പ്. ഭൂകമ്പം താണ്ഡവമാടിയ അകുമോളി ഗ്രാമനിവാസിയുടെ നായയാണിതെന്ന് സൂചനയുണ്ട്. ഈ ആഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ച 291 പേരിൽ പെട്ട കുറച്ചാളുകളുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കൂട്ടത്തോടെ സംസ്‌കരിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾ ദുഃഖം താങ്ങാനാവാതെ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നത് കാണാമായിരുന്നു. അതിനിടയിൽ ഈ നായയുടെ ദുഃഖം തികച്ചും വേറിട്ട് ശ്രദ്ധേയമായിരുന്നു. സ്പോർട്സ് ഹാളിൽ ഏതാണ്ട് 35ഓളം ശവശരീരങ്ങളാണ് സൂക്ഷിച്ചിരുന്നത്. അതിനിടയിലൊന്നിനടുത്താണീ നായ വിടാതെ കാവൽ നിന്നിരുന്നത്. ഇക്കൂട്ടത്തിൽ 18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെയും ഒമ്പത് വയസുകാരിയുടെയും മൃതദേഹങ്ങളും ഉൾപ്പെടുന്നു. ഭൂകമ്പത്തിൽ മരിച്ച 21 കുട്ടികളിൽ രണ്ടു പേരാണിത്. സെൻട്രൽ ഇറ്റലിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഭൂകമ്പമുണ്ടായത്.

ഈ പരീക്ഷണത്തിന്റെയും തീരാനഷ്ടത്തിന്റെ ഘട്ടത്തിൽ ധൈര്യം കൈവിടരുതെന്നാണ് ചടങ്ങിൽ പങ്കെടുത്ത ബിഷപ്പ് ജിയോവനി ഡി എർകോൾ ആശ്വാസവചനങ്ങൾ ചൊരിഞ്ഞിരുന്നത്. ശവസംസ്‌കാരം നടക്കുമ്പോഴും രക്ഷാ പ്രവർത്തകർ അമാട്രൈസ് പട്ടണത്തിിൽ തെരച്ചിൽ നടത്തൽ തുടരുന്നുണ്ടായിരുന്നു. അതിജീവിച്ചവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ ഇവർക്ക് കുറവാണെന്നും റിപ്പോർട്ടുണ്ട്. ഭൂകമ്പം കനത്ത ദുരന്തം വിതച്ച പട്ടണങ്ങളിലൊന്നാണിത്. ഏഴ് വർഷങ്ങൾക്ക് ശേഷം ഇറ്റലിയിലുണ്ടായ ഏറ്റവും കടുത്ത ഭൂകമ്പമായിരുന്നു ഇത്. ഈ പട്ടണത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങളായിരുന്നു. തകർന്ന ഹോട്ടലായ റോമയുടെ ഉള്ളിൽ മൂന്ന് ദിവസത്തോളം പെട്ട് പോയ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 387 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.

അവശിഷ്ടങ്ങളിൽ നിന്നും ഏറ്റവുമൊടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടത് ജിയോർജിയ എന്ന പെൺകുട്ടിയാണ്. ഇന്നലെയായിരുന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവളുടെ സഹോദരിയായ ജിയുലിയ മരിച്ചിരുന്നു. ഈ കുട്ടിയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു.സ്പോർട്സ് ഹാളിൽ കിടത്തിയിട്ടിരുന്ന മൃതദേഹങ്ങൾക്കടുത്ത് ബന്ധുക്കൾ ഇരുന്നിരുന്നു. പലരും ശവപ്പെട്ടിക്ക് മുകളിൽ കൈകൾ വയ്ക്കുന്നത് കാണാമായിരുന്നു. ആദരാജ്ഞലി അർപ്പിച്ച് കൊണ്ടുള്ള പുഷ്പങ്ങൾ അവിടെ നിറഞ്ഞിരുന്നു. ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മറ്റാറെല്ല, പ്രധാനമന്ത്രി മറ്റിയോ റെൻസിൽ എന്നിവർ അനുശോചനം അറിയിക്കാനെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP