Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീറിന്റെ തലസ്ഥാനത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമയക്ക് കൈമാറാൻ ചരടുവലിച്ച സിഡ്‌കോ മുൻ എംഡി വിജിലൻസ് അന്വേഷണം നേരിടുന്നത് എട്ട് ആരോപണങ്ങളിൽ

രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീറിന്റെ തലസ്ഥാനത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമയക്ക് കൈമാറാൻ ചരടുവലിച്ച സിഡ്‌കോ മുൻ എംഡി വിജിലൻസ് അന്വേഷണം നേരിടുന്നത് എട്ട് ആരോപണങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഡ്‌കോ മുൻ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് പരിശോധന. രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീർ 6 വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുമുണ്ട്. എ്ൽഡിഎഫ് -യുഡിഎഫ് സർക്കാരുകൾ മാറിമാറി വരുമ്പോഴും സജി ബഷീറിനെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്നതായി ഏറെക്കാലമായി ആരോപണമുണ്ട്. സജി ബഷീറിനെതിരെ ഉയർന്ന ആരോപണങ്ങൾ തെളിവുകൾ സഹിതം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കത്തിനു പിന്നിൽ വൻ ക്രമക്കേടു നടന്നതായും സൂചനകൾ പുറത്തുവന്നു. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

നേരത്തെ സിഡ്‌കോ, കെ.എസ് . ഐ .ഇ എന്നീ സ്ഥാപനങ്ങളുടെ എം ഡി യായിരുന്നു സജി ബഷീർ. കഴിഞ്ഞ എൽ ഡിഎഫ് സര്ക്കാരിന്റെ കാലത്തായിരുന്നു സജി ബഷീറിനെ സിഡ്‌കോ എം ഡി ആക്കിയത്. 10 വർഷമാണ് സജി ബഷീർ സിഡ്‌കോ എം ഡി യായി പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് സജിക്കെതിരെ ഉയർന്നത്. 8 വിജിലൻസ് അന്വേഷണങ്ങൾ വന്നു. രണ്ടെണ്ണത്തിൽ ഒന്നാംപ്രതിയാക്കി. ഒലവക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഷെഡുകൾ വാടകയ്ക്ക് നൽകിയതിൽ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്.

കഴക്കൂട്ടത്ത് മേനംകുളത്തെ ടെലികോം സിറ്റി പദ്ധതിയുടെ ഭാഗമായി മണലെടുപ്പ് നടത്തിയതിലെ ക്രമക്കേടാണ് രണ്ടാമത്തെ കേസ്. ഇതുവഴി സജിബഷീർ 5 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തി. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. ആഭ്യന്തര സെക്രട്ടറിയും ഇതുതന്നെ ആവശ്യപ്പെട്ടു . എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ല . തലസ്ഥാനത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ ഇടപെടൽ സജി ബഷീറിന് പലപ്പോഴും സംരക്ഷണകവചമായി മാറി. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചെന്നിത്തല ഫയലിൽ എഴുതി. ഇത് വാർത്തയായതോടെ സർക്കാർ സജിബഷീറിനെ സിഡ്‌കോയിൽ നിന്ന് മാറ്റാൻ നിർബന്ധിതമായി . അവിടെ വ്യവസായ മന്ത്രി സജിയെ തുണച്ചു. വകുപ്പിന് കീഴിലെ കെ എസ് ഐ ഇയുടെ എം ഡിയായി മാറ്റി നിയമനം. അവിടെയിരുന്നും സജി തനിസ്വരൂപം കാണിച്ചു. ഇഷ്ടക്കാരെ വഴിവിട്ട് സ്ഥാപനത്തിൽ നിയമിച്ചതായി ആരോപണം വന്നു. ഇതോടെയാണ് അവിടെനിന്നും മാറ്റിയത്.

ഈ കേസെല്ലാം നിലനിൽക്കെത്തന്നെ പുതിയ സർക്കാർ വന്ന ശേഷവും സജി ബഷീറിനെ കെൽട്രോണിന്റെ എംഡിയാക്കാൻ നീക്കം നടന്നു. മറുനാടൻ ഈ വഴിവിട്ട നീക്കം പുറത്തുകൊണ്ടുവന്നതോടെയാണ് സർക്കാർ അതിൽ നിന്ന് പിൻതിരിഞ്ഞത്. ഇതോടെ സജിക്കെതിരെ അന്വേഷണങ്ങളും ശക്തമായി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിജിലൻസ് കേസുകളിൽ അന്വേഷണം ത്വരിതഗതിയിലാകുന്നത്. ഇതിന്റെ ഭാഗമായാണ് അനധികൃത സ്വത്തുക്കൾ കണ്ടെത്താൻ ഇന്ന് തിരുവനന്തപുരത്ത് സജി ബഷീറിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടക്കുന്നത്.

സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ വഴിവിട്ട നീക്കം നടന്നത് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വഴിയായിരുന്നു. ഇതിനായി തലസ്ഥാനത്തെ സഹായിയായ ഒരു മാദ്ധ്യമ പ്രവർത്തകൻ നേതാവുമായി ചർച്ച നടത്തുകയും ചെയ്തു. സജി ബഷീറിന്റെ അടുപ്പക്കാരനാണ് ആർഎസ്എസ് അനുഭാവ മാദ്ധ്യമത്തിലെ റിപ്പോർട്ടർ. സജി ബഷീറിനെ നിയമിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിനു മേൽ വൻ സമ്മർദ്ദവുമുണ്ടായി. കെൽട്രോണിന്റെ എം ഡിയാക്കാൻ സാധിച്ചില്ലെങ്കിൽ കിൻഫ്രയുടെ എം ഡി യാക്കാനും ചർച്ചകൾ നടന്നു. പക്ഷേ, ഇതെല്ലാം മറുനാടനിൽ വാർത്തകളായതോടെ ആ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

ഏതു സർക്കാർ വന്നാലും പിടിച്ചുനിൽക്കാൻ കഴിയുന്നു എന്നതാണ് സജി ബഷീറിന്റെ സവിശേഷത. സസ്‌പെൻഡ് ചെയ്യാൻ ഒന്നിലേറെ തവണയാണ് വിജിലൻസ് സർക്കാരിന് ശുപാർശ നൽകിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടു പോലും സർക്കാർ സജിബഷീറിനെ തൊടാൻ തയ്യാറായില്ല. രണ്ടു തവണയാണ് രമേശ് ചെന്നിത്തല സജിയെ സംരക്ഷിച്ച് ഫയലിൽ എഴുതിയത്.

80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതിയെന്ന നിബന്ധനയാണ് ഭീമയ്ക്ക് ഭൂമി കൈമാറുന്നതിനായി മുന്നോട്ടുവച്ചത്. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തി. 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോയിൽ അടയ്ക്കുകയും ചെയ്തു.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ . സജി ബഷീർ തലപ്പത്ത് നിന്ന് തെറിച്ച ശേഷം ഇപ്പോഴത്തെ സിഡ്‌കോ മാനേജ്‌മെന്റ് ഈ തീരുമാനം സർക്കാരിന്റെ അഭിപ്രായത്തിനു വേണ്ടി വിട്ടു. എന്നാൽ കരാർ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഭീമ.

കണ്ണായ സ്ഥലത്താണ് കടവന്ത്രയിലെ സർക്കാർ ഭൂമി കിടക്കുന്നത്. 5.13 ഏക്കർ. ഒരുമിച്ച് ഇത്രയും സ്ഥലം ആ ഭാഗത്ത് ഒന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ മോഹവിലയാണ് ഈ ഭൂമിക്ക്. ചോദിക്കുന്ന കാശുകിട്ടും. ഈ ഭൂമിയിൽ ബഹുനിലമന്ദിരങ്ങൾ നിർമ്മിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും ഫ്‌ലാറ്റുകളായും ആവശ്യക്കാർക്ക് കൈമാറുക എന്നതാണ് പദ്ധതി. നിർമ്മാണം ഭീമ പൂർത്തീകരിക്കണം. ഇവിടെ നിന്ന് 80 വർഷത്തേക്ക് ലഭിക്കുന്ന വരുമാനം ഭീമയ്ക്ക് സ്വന്തം. ഏകദേശ കണക്കനുസരിച്ച് 3000 കോടി വരും ഇത്. 80 വർഷം കൊണ്ട് സിഡ് കോയ്ക്ക് കിട്ടുന്നതാകട്ടെ 113 കോടി മാത്രം. ഒരു സ്വകാര്യ സംരംഭകന് ഇത്രയും ലാഭം ഉണ്ടാക്കികൊടുക്കുന്ന ഒരു സർക്കാർ പദ്ധതി വേറെ ഉണ്ടാവില്ല.

വ്യവസായ കേന്ദ്രം തുടങ്ങാൻ സിഡ്‌കോ ടെണ്ടർ വിളിച്ചിരുന്നു. ഭീമയും ഗ്രീൻ ടിവി എന്ന കമ്പനിയും മാത്രമാണ് മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഭീമയ്ക്ക് കരാർ ലഭിച്ചു . ടെണ്ടറിൽ പങ്കെടുത്ത രണ്ടു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും രസാവഹമാണ്. രണ്ടു സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP