Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സസ്‌പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു പ്രതികാര കഥ; ആവർത്തിക്കപ്പെടുന്ന സീനുകൾ: എങ്കിലും പൃത്വി - ജീത്തു ചിത്രം 'ഊഴം' പ്രേക്ഷകരെ നിരാശരാക്കില്ല

സസ്‌പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു പ്രതികാര കഥ; ആവർത്തിക്കപ്പെടുന്ന സീനുകൾ: എങ്കിലും പൃത്വി - ജീത്തു ചിത്രം 'ഊഴം' പ്രേക്ഷകരെ നിരാശരാക്കില്ല

മികച്ച ത്രില്ലർ സിനിമകളൊരുക്കുന്നതിൽ പ്രത്യേക സിദ്ധി കൈവരിച്ച സംവിധായകനാണ് ജീത്തു ജോസഫ് . ആ സംവിധായകനും മലയാളത്തിലെ യൂത്ത് ഐക്കണായ പ്രിത്വി രാജും മെമ്മറീസിന് ശേഷം ഒരുമിക്കുന്നു എന്ന വാർത്തയാണ് ഊഴം എന്ന സിനിമക്ക് ലഭിച്ചിട്ടുള്ള പ്രധാന പ്രചാരണായുധം. എതിരാളി ഉന്നതനാണെങ്കിൽ അയാളെ എങ്ങനെ ഒതുക്കാം എന്ന ചിന്തയിൽ നിന്നും ജീത്തു രൂപപ്പെടുത്തിയിട്ടുള്ള ഒരു കഥയാകണം ഈ സിനിമക്ക് പിന്നിൽ. പ്രിത്വി അവതരിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന നായക കഥാപാത്രമാണ് എതിരാളിയെ മലർത്തിയടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതും കരുക്കൾ നീക്കുന്നതും. ഒരു സസ്‌പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു പ്രതികാര കഥയാണ് ഇത്തവണ ജീത്തു പറഞ്ഞിട്ടുള്ളത്.

വൈറ്റ് പോയന്റ്‌സ്:-

ചില സംവിധായകരുടെ പേരിനോട് ചേർന്ന് തന്നെ അവരുടെ ആവിഷ്‌കാര ശൈലിയും ആഖ്യാന രീതിയും പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തും. ആ ശൈലി തന്നെയാണ് ഈ സിനിമയുടെ സവിശേഷത. പുതുമയെന്ന് അവകാശപ്പെടാവുന്ന കഥയോ തിരക്കഥയോ ഒന്നുമല്ല ''ഊഴത്തിന്റേത്''. എന്നിരുന്നാലും അത് ജനങ്ങൾക്ക് പകർന്ന് നൽകിയ രീതിയാണ് ''ഊഴത്തിന്റെ'' പ്രത്യേകത. ആ പ്രത്യേകത ഒരുക്കിയ ജീത്തുവിന് അഭിനന്ദനങ്ങൾ. വില്ലനെ തേടി പോകുന്ന നായക സങ്കൽപങ്ങളിൽ നിന്നും വില്ലന് എന്തുകൊണ്ട് നായകനെ തേടി പൊയ്ക്കൂടേ എന്ന ചോദ്യത്തിലേക്കാണ് ജീത്തുവിന്റെ കഥാവതരണ രീതി കൊണ്ട് പോയത്. വൻകിട കമ്പനികളുടെ കൊള്ളക്കും അഴിമതിക്കും എതിരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള രംഗങ്ങൾ ഒരു സാധാരണക്കാരന് ഇത്തരം അനീതിയോടും അന്യായങ്ങളോടുമുള്ള വിമുഖതയെ ഓർമിപ്പിച്ചു. ഈ മേഖലയിലേക്കുള്ള എഴുത്തുകാരന്റെ കടന്ന് കയറ്റം ശ്ളാഘനീയമാണ്.

പ്രിത്വി രാജ് മികച്ച അഭിനയമാണ് കാഴ്ച വച്ചത്. യൂത്ത് നായക നടന്മാർ ഒരുപാടുണ്ടെങ്കിലും ഇമോഷൻസും സീരിയസ്‌നെസും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയ വിവിധ ഭാവങ്ങൾ ത്രില്ലർ കഥക്ക് യോജിച്ച രീതിയിൽ സമന്വയിപ്പിച്ച് അഭിനയിക്കാൻ തനിക്കൊരു എതിരാളി ഇല്ല എന്നത് തന്നെയാണ് പ്രിത്വി രാജിന്റെ വിജയം. പശുപതി, ജയപ്രകാശ്, നീരജ്, ദിവ്യ പിള്ള, കിഷോർ, ബാല ചന്ദ്ര മേനോൻ, ഇർഷാദ് തുടങ്ങിയ ഒട്ടുമിക്ക അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തോട് നീതി നിർവ്വഹിച്ചു. അനിൽ ജോൺസന്റെ പശ്ചാത്തലം മികച്ചതായിരുന്നു. കഥയുടെ സ്വാഭാവികത ഒട്ടും ചോർന്ന് പോകാതെ കഥയേയും കഥ ഗതിയേയും മുന്നോട് കൊണ്ട് പോകുന്നതിൽ പശ്ചാത്തല സംഗീതം വിജയിച്ചു. ഷാംദത്തിന്റെ ക്യാമറ ശരാശരി നിലവാരം പുലർത്തി. അയൂബ് ഖാന്റെ വേറിട്ട എഡിറ്റിങ് സിനിമക്ക് മാറ്റ് കൂട്ടി.

ബ്ലാക്ക് പോയന്റ്‌സ്:-

നായകന് മുന്നിൽ ദുർബലരായി പോകുന്ന വില്ലന്മാരെയും ഗുണ്ടകളെയും അന്യ ഭാഷാ സിനിമകളിൽ നിന്ന് മലയാള സംവിധായകരും കടമെടുത്തിട്ടുണ്ട്. ഇത്തരം ക്‌ളീഷേ രംഗങ്ങൾ സീൻ പൂർത്തീകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ നമ്മുടെ സംവിധായകർക്ക് കൈമോശം വരരുത്.

ഒരു മികച്ച തിരക്കഥ ഈ സിനിമക്ക് ഒരിക്കലും അവകാശപെടാൻ കഴിയില്ല. സംവിധായകനും എഴുത്തുകാരനും ഒരാളായതുകൊണ്ട് തന്നെ ആ പോരായ്മ സിനിമക്ക് ദോഷം ചെയ്തില്ല. എന്നാൽ തിരക്കഥാ കൃത്തും സംവിധായകനും വേറെ വേറെ ആളുകളാകുമ്പോൾ അതിലെ പൊരുത്തമില്ലായ്മ മുളച്ച് നിൽക്കുകയും അത് സിനിമക്ക് ദോഷം ചെയ്യുകയും ചെയ്യും.

സിനിമയിലെ പല സീനുകളും ആവർത്തനങ്ങളായിരുന്നു. പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇത്തരം ചെറിയ അശ്രദ്ധകൾ കാരണമായേക്കാം. ചെറുതും വലുതുമായ പ്രതികാരങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. ഭരണഘടനയെ പൊളിച്ചടക്കുന്ന നിയമ വ്യവസ്ഥയെ നോക്ക് കുത്തിയാക്കുന്ന നീതി പീഠത്തെ കൊഞ്ഞനം കാട്ടുന്ന പ്രതികാരങ്ങൾ സിനിമയിൽ നിന്ന് ജീവിതത്തിലേക്ക് പറിച്ച് നടണം എന്ന ആഗ്രഹവുമായി ആരും ഒരു സിനിമയും കാണാൻ പോകരുത്. പ്രത്യേകിച്ച് ''ഊഴം'' പോലെയുള്ള ത്രില്ലറുകൾ. (ദൃശ്യം സിനിമക്കെതിരെ ഉണ്ടായ വിവാദമാണ് ഇത് പറയാനായുള്ള കാരണം). പ്രതികാരങ്ങൾ ചെയ്യുമ്പോഴാണ് സമൂഹത്തിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത്. പക്ഷെ ഇത് സിനിമയാണ്; സിനിമയിൽ പ്രതികാരമാകാം. എന്നാൽ ഇതിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നിടത്താണ് പ്രശ്‌നം. ഒരു മികച്ച ത്രില്ലർ. അതിന്റെ എല്ലാ ചേരുവകളും കോർത്തിണക്കിയ സിനിമ. വലിയ നിരാശയില്ലാതെ പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്നും മടങ്ങാം. നൂറിൽ(100) എഴുപത് (70) മാർക്ക് തീർച്ചയായും കൊടുക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP