Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാർത്തോമാ മെത്രാപ്പൊലീത്ത നോർത്ത് കരോലിനയിൽ വിശുദ്ധ കുർബാന അർപ്പിച്ചു

മാർത്തോമാ മെത്രാപ്പൊലീത്ത നോർത്ത് കരോലിനയിൽ വിശുദ്ധ കുർബാന അർപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

റാലെ: മലങ്കര മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത ഒക്‌ടോബർ 12-ന് ഞായറാഴ്ച രാവിലെ 9.30-ന് റാലിയിലുള്ള 2773 മിൽബൺ റോഡ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. നേരത്തെ തന്നെ ഇടവക ജനങ്ങൾ ഭക്തിപൂർവ്വം പള്ളിയങ്കണത്തിൽ എത്തിച്ചേർന്നു. ഘോഷയാത്രയായി ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനിയെ ദേവാലയത്തിലേക്ക് ആനയിച്ചു. നോർത്ത് കരോലിന മാർത്തോമാ ഇടവക വികാരി റെനു ജോൺ അച്ചൻ ശുശ്രൂഷയിൽ ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനിയെ സഹായിച്ചു.

നോർത്ത് കരോലിന മാർത്തോമാ ഇടവക ഈ ഞായറാഴ്ച കുടുംബദിനമായി ആചരിക്കുകയും ഇടവകാംഗങ്ങൾ തങ്ങളുടെ ഒരുദിവസത്തെ വരുമാനം വിശുദ്ധ കുർബാന മധ്യത്തിൽ അർപ്പിക്കുകയും കുടുംബമായി തിരുമേശയിൽ പങ്കുചേരുകയും ചെയ്തു. കുർബാനയ്ക്കുശേഷം നടന്ന മാമ്മോദീസ ശുശ്രൂഷയുടെ മുഖ്യകാർമികത്വവും ബഹുമാനപ്പെട്ട മെത്രപ്പൊലീത്ത തിരുമേനി നിർവഹിച്ചു. ശുശ്രൂഷ മധ്യേ നടന്ന പ്രസംഗത്തിൽ, കുട്ടികൾ, ദാനം എന്നതിലുപരിയായി ഓരോ കുടുംബത്തിലും ദൈവം വിശ്വസ്തതയോടെ ഏൽപിച്ചിരിക്കുന്ന താലന്തുകൾ ആണെന്നും, അവരെ ഉത്തരവാദിത്വത്തോടെ ദൈവത്തിനും മനുഷ്യനും നന്മ പ്രദാനം ചെയ്ത് വളർത്തുവാൻ ഓരോ കുടുംബത്തിനുമുള്ള കർത്തവ്യ ബോധത്തെപ്പറ്റി ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനി ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

കുർബാനയ്ക്കുശേഷം മെത്രാപ്പൊലീത്ത തിരുമേനിയുടെ മഹനീയ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടവകയ്ക്ക് സ്വന്തമായി ഒരു ദേവാലയ സമുച്ചയം വാങ്ങിക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്ന ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനി നിർവഹിക്കുകയും, റാഫിൾ ടിക്കറ്റ് പ്രകാശനം ചെയ്യുകയും ചെയ്തു. ഇടവക വികാരി റെനു ജോൺ അച്ചൻ എല്ലാ സ്‌പോൺസേഴ്‌സിനേയും ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനിയുടെ സാന്നിധ്യത്തിൽ സദസിന് പരിചയപ്പെടുത്തുകയും, വേദിയിൽ വിളിച്ച് ആദരിക്കുകയും ചെയ്തു. തോമസ് ജോൺ (ഗ്രേറ്റർ ട്രയാങ്കിൾ റിയാലിറ്റി) ആയിരിക്കും റാഫിൾ ടിക്കറ്റ് സമ്മാനങ്ങളുടെ മുഖ്യ സ്‌പോൺസർ. കൂടാതെ സിതാർ റെസ്റ്റോറന്റ്, മാത്യൂസ് പിൽഗ്രിം, ലോയൽ ട്രാവൽ, ഡോ. വിനോദ്, ജോർജ് ചെറിയാൻ തുടങ്ങിയവും സ്‌പോൺസർമാരായിരിക്കുമെന്ന് വികാരി അറിയിച്ചു.

തുടർന്ന് ബോബി മാത്യൂസ് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും, ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ- ബാംഗ്ലൂർ ഭദ്രാസനത്തിൽ കൊടുക്കുന്ന പത്ത് തയ്യൽ മെഷീനുകൾക്കു വേണ്ടിയുള്ള തുക ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനിയെ ഏൽപിക്കുന്ന ചടങ്ങ് നടക്കുകയും ചെയ്തു. തോമസ് ജോൺ തന്നെയായിരുന്നു ഇതിനാവശ്യമായ തുകയും നൽകിയത്.

ആലീസ് രാജൻ മാത്യു ചടങ്ങിൽ എം.സിയായി പ്രവർത്തിച്ചു. റവ. ജോർജ് കനാരിയോ, ദിസ്സുങ്ങ് നുവെൻ എന്നിവർ ഇടവകയ്ക്ക് ആശംസകൾ നേർന്നു. യോഹന്നാൻ ദാനിയേൽ എല്ലാവരേയും ഇടവകയ്ക്കുവേണ്ടി സ്വാഗതം ചെയ്യുകയും, വർഗീസ് ജോൺ സദസ്സിനും പിന്നിൽ പ്രവർത്തിച്ച അഭ്യുദയകാംക്ഷികളായ എല്ല ഇടവകയിലെ പ്രിയപ്പെട്ടവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗത്തിലും ആരാധനയിലും സഹോദര സഭകളിൽ നിന്നും ഇടവകയിൽ നിന്നും നിരവധി കുടുംബങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഉണ്ടായിരുന്നു. ഗായകസംഘം ശ്രവണസുന്ദരമായ ഗാനങ്ങൾ ആലപിച്ചു. സ്‌നേഹവിരുന്നിൽ മെത്രാപ്പൊലീത്തയോടൊപ്പം എല്ലാവരും പങ്കെടുത്തു.

തുടർന്ന് മെത്രാപ്പൊലീത്ത തിരുമേനി കൈസ്ഥാന സമിതിയംഗങ്ങളുമായി കുറച്ചുനേരം ചെലവഴിക്കുകയും എല്ലാ ക്രമീകരണങ്ങളിലും പൂർണ്ണ തൃപ്തി അറിയിക്കുകയും ചെയ്തു. നോർത്ത് കരോലിന മാർത്തോമാ ഇടവക വികാരി റെനു ജോൺ അച്ചന്റെ നേതൃത്വത്തിൽ ഇന്ന് വളർച്ചയുടെ പാതയിലാണ് എന്നതിൽ മെത്രാപ്പൊലീത്ത തിരുമേനി സന്തോഷം അറിയിച്ചു. ഇടവകയ്ക്ക് സ്വന്തമായി ഒരു ആരാധന സ്ഥലം എന്നത് അനേക വർഷങ്ങളായുള്ള ഇടവക ജനങ്ങളുടെ ഒരു സ്വപ്നമാണ്. നിരവധി പേരുടെ പ്രാർത്ഥനയുടെ ഫലമായി ഒരു ആരാധനാ സമുച്ചയം ഇടവകയ്ക്കുവേണ്ടി കണ്ടെത്താനും, കരാർ ഒപ്പിടുന്നതിനും ഇതിനോടകം കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ബഹുമാനപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനി കുർബാന അർപ്പിച്ചതും ഈ ദേവാലയത്തിൽ തന്നെ. ഭംഗിയായ ഈ ദേവാലയം എത്രയും പെട്ടെന്ന് വാങ്ങിക്കുന്നതിനായുള്ള ധനശേഖരണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെപ്പറയുന്ന മേൽവിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Trustee, North Carolina Mar Thoma Church, Inc, 5117 Suda Drive, NC 27703,Contact: Vicar Rev. Renu John (919) 699-3614 Email: [email protected]

എല്ലാ ക്രമീകരണങ്ങളും ഭംഗിയായി മുന്നോട്ടുപോകുവാൻ സഹായിച്ച എല്ലാവർക്കും ഇടവക വികാരി പ്രത്യേകമായി നന്ദി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP