Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും ഭേദം പ്രേക്ഷകരെ ജയിലിൽ അടയ്ക്കുന്നതായിരുന്നു; കോമഡി കൊണ്ടുള്ള ആക്രമണം അസഹനീയം; ദിലീപ് ഈ കോപ്രായത്തിന് തലവച്ചു കൊടുത്തതോ? സുന്ദർദാസിന്റെ 'വെൽക്കം ടു സെൻട്രൽ ജയിൽ' കണ്ട ഒരു പ്രേക്ഷകൻ എഴുതുമ്പോൾ

ഇതിലും ഭേദം പ്രേക്ഷകരെ ജയിലിൽ അടയ്ക്കുന്നതായിരുന്നു; കോമഡി കൊണ്ടുള്ള ആക്രമണം അസഹനീയം; ദിലീപ് ഈ കോപ്രായത്തിന് തലവച്ചു കൊടുത്തതോ? സുന്ദർദാസിന്റെ 'വെൽക്കം ടു സെൻട്രൽ ജയിൽ' കണ്ട ഒരു പ്രേക്ഷകൻ എഴുതുമ്പോൾ

ദിലീപിനെ ജനപ്രിയ നടൻ എന്ന് വിളിക്കുന്നത് ജനങ്ങളുടെ മനസ്സറിഞ്ഞ നടനായതുകൊണ്ടാണ്. നമ്മുടെയൊക്കെ തൊട്ടടുത്ത വീട്ടിലെ ഒരാളോട് തോന്നുന്ന ഇഷ്ടവും സ്‌നേഹവുമൊക്കെ ദിലീപ് എന്ന നടനോട് മലയാളികൾക്കുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമൾക്ക് കുടുംബങ്ങളുടെയും കുട്ടികളുടെയും പിൻബലം കിട്ടുന്നത്. തമാശയാണ് ദിലീപ് സിനിമകളുടെ കരുത്ത്.

13 വർഷങ്ങൾക്ക് ശേഷം സുന്ദർ ദാസും ദിലീപും ഒന്നിക്കുന്ന സിനിമ. മലയാളികളുടെ എക്കാലയത്തെയും മികച്ച ജോഡികളായ മഞ്ജു വാര്യറെയും ദിലീപിനേയും കേരളീയർക്ക് സമ്മാനിച്ച സംവിധായകൻ. ദിലീപ് ചിത്രങ്ങളുടെ വിജയ ശിൽപിയായ ബെന്നി പി. നായരംമ്പലവുമായി ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴുണ്ടായ പ്രതീക്ഷ പലരേയും പോലെ എന്നെയും തിയേറ്ററിലേക്ക് വലിച്ചു കൊണ്ട് പോയി. ജയിലിൽ ജനിക്കേണ്ടി വന്ന ഉണ്ണിക്കുട്ടന്റെ കഥയാണ് ''വെൽക്കം ടു സെൻട്രൽ ജയിൽ'' .

ജയിലിൽ ജനിക്കേണ്ടി വന്നതുകൊണ്ട് തന്നെ ഉണ്ണിക്കുട്ടന് (ദിലീപ്) ജയിലധികൃതരുമായി അഗാധമായ ബന്ധമാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പോലും ആർക്കെങ്കിലും വേണ്ടി ജയിൽ ശിക്ഷ അനുഭവിക്കാനും അത് വഴി ജയിലിലേക്ക് തന്നെ മടങ്ങി വരാനും ഉണ്ണിക്കുട്ടൻ ശ്രമിക്കും. അങ്ങനെ ഒരു മടങ്ങി വരവിൽ നായികയായ രാധികയെ (വേദിക) കണ്ട് മുട്ടുന്നതും പ്രണയിക്കുന്നതുമൊക്കെയാണ് സിനിമയുടെ ഉള്ളടക്കം.

വൈറ്റ് പോയന്റ്‌സ്:-

ദിലീപിന്റെ പ്രകടനം ഒരു പരിധി വരെ സഹനീയമായിരുന്നു. തന്റെ സ്ഥിരം നമ്പറുകളുപയോഗിച്ച് ഏറെക്കുറെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ദിലീപിന് കഴിഞ്ഞു. ഹരീഷ് പെരുമണ്ണ എന്ന താരം ഇന്ന് മലയാള സിനിമകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമായി മാറിയിരിക്കുന്നു. മലബാറി ഭാഷ കൊണ്ടുള്ള കോമഡികൾ ഹരീഷ് മികച്ച രീതിയിൽ അവതരിപ്പിക്കുകയും വലിയ രീതിയിലുള്ള അംഗീകാരം തിയേറ്ററിൽ നിന്ന് തന്നെ കരഘോഷത്തോടെ പ്രേക്ഷകർ നൽകുകയും ചെയ്തു. അഴകപ്പന്റെ ക്യാമറ കുറ്റമറ്റതായിരുന്നു. മികച്ച ഷോട്ടുകളൊന്നുമില്ലെങ്കിലും ദോഷം പറയാൻ മാത്രം മോശമായില്ല.

ബ്ലാക്ക് പോയന്റ്‌സ്:-

രു സിനിമയുടെ കാമ്പ് അതിന്റെ തിരക്കഥയാണ്. അടിത്തറ മോശമായാൽ അതിന് മുകളിൽ പണിയുന്ന ബിൽഡിങ് എത്ര നല്ല എഞ്ചിനീയർ കെട്ടിയാലും അത് നിലം പരിശാകും. ബെന്നി. പി. നായരമ്പലം ദിലീപിന് ഒരുപാട് ഹിറ്റുകളുണ്ടാക്കി കൊടുത്ത എഴുത്തുകാരനാണ്. ആ വിശ്വാസം തന്നെയായിരിക്കും ഇത് പോലെയുള്ള കോപ്രായം സിനിമകൾക്ക് ദിലീപ് തല വച്ച് കൊടുക്കേണ്ടി വരുന്നത്. ഒരു ലോജിക്കുമില്ലാത്ത തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ശാപം. ജയിലിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ ഉണ്ണിക്കുട്ടൻ തന്റെ പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി ജയിൽ സൂപ്രണ്ടിനെ വരെ ഉപയോഗിക്കുന്നുണ്ട്. യുക്തിക്ക് തീരെ സ്ഥാനമില്ലാത്ത ഇത്തരം പൊള്ളയായ രംഗങ്ങളുടെ കൂമ്പാരം തന്നെ ഈ സിനിമയിലുണ്ട്. ആണിനും പെണ്ണിനും വെവ്വേറെ സെല്ലുകളാണാല്ലോ ജയിലിൽ? എന്നാൽ ഈ സിനിമയിൽ ഒരു അച്ചടക്കവുമില്ലാതെ സ്ത്രീകളുടെ സെല്ലിലേക്ക് എത്തിച്ചേരുന്ന നായകനെ കാണുമ്പൊൾ ഇങ്ങനെയൊക്കെ ജയിലിൽ നടക്കുമെങ്കിൽ ഒന്ന് ജയിലിൽ പോകാമായിരുന്നു എന്ന തെറ്റായ തോന്നലിലേക്ക് മനഃപൂർവ്വമല്ലെങ്കിൽ പോലും യുവാക്കളെ നയിക്കുമെന്ന് കരുത്താതിരിക്കാനാകില്ല.

കോമഡി കൊണ്ടുള്ള ആക്രമണം പലയിടത്തും കാണാമായിരുന്നു. ദിലീപ് ശരാശരിയും ഹരീഷ് ശരാശരിക്ക് മുകളിലുമുള്ള പ്രകടനം കാഴ്ച വച്ചപ്പോൾ ബാക്കിയുള്ളവരുടെ കോപ്രായങ്ങൾ അസഹനീയമായി തോന്നി. കഥയിലെ പുതുമ തിരക്കഥയിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല.

സുന്ദർ ദാസിന്റെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു തിരിച്ച് വരവ് ആഗ്രഹിച്ച് തിയേറ്ററിലേക്ക് പോയ പ്രേക്ഷകരെ ഈ സിനിമ വളരെ നിരാശപ്പെടുത്തി. ഒരു സംവിധായകന് വ്യകതമായ കാഴ്ചപ്പാടും നിർദ്ദേശങ്ങളുമുണ്ടായിരിക്കണം. എഴുത്തുകാരനെഴുതി വെക്കുന്ന പൊള്ളയായ മണ്ടത്തരങ്ങൾ അതേ പോലെ ദൃശ്യവൽക്കരിക്കുന്നതല്ല സംവിധാനം. തിരക്കഥയിലെ പോരായ്മകളും കുറവുകളും തരണം ചെയ്യുംവിധം തന്റെ സൃഷ്ടിയെ ഉപയോഗപ്പെടുത്താൻ കഴിയണം. അങ്ങനെ ചെയ്യുമ്പോഴേ ഒരാൾ യദാർത്ഥ സംവിധായകനാകുകയുള്ളൂ. ഈ ഒരു സിനിമ ചെയ്യാൻ വേണ്ടിയായിരുന്നു സുന്ദർ ദാസ് ഇത്രയും വലിയൊരു ഗാപ് എടുത്തതെന്ന് സിനിമ കണ്ട ഏതൊരാൾക്കും തോന്നിപ്പോകും. ദുർബലമായ തിരക്കഥ വച്ച് ഏത് പ്രഗത്ഭനായ സംവിധായകൻ സിനിമ ചെയ്തിട്ടും കാര്യമില്ല. ബേണി ഇഗ്‌നേഷ്യസിന്റെ സംഗീതം സാമാന്യ നിലവാരം പോലും പുലർത്തിയില്ല . സൗജന്യമായി ടിക്കറ്റ് കിട്ടുമെങ്കിൽ ഈ സിനിമ ആർക്കും കാണാവുന്നതാണ്. നൂറിൽ (100) അൻപത്തി രണ്ട് (52) മാർക്ക് കൊടുക്കുന്നു. (ഇത് തന്നെ അധികമാണ്).

(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.)

 (തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP