Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തശ്ശി ഗദയിലെ പുതുമ കഥാപരിസരത്തിലും സുന്ദര വാർധക്യത്തിലും ഒതുങ്ങുന്നു; തിരക്കഥയിലെ ദുർബലത ചിത്രത്തിന് തിരിച്ചടിയാവുന്നു; നിരാശപ്പെടുത്തി ജൂഡ് ആന്റണി, പ്രേക്ഷകർ മുത്തശ്ശിയുടെ ഗദയാൽ തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ

മുത്തശ്ശി ഗദയിലെ പുതുമ കഥാപരിസരത്തിലും സുന്ദര വാർധക്യത്തിലും ഒതുങ്ങുന്നു; തിരക്കഥയിലെ ദുർബലത ചിത്രത്തിന് തിരിച്ചടിയാവുന്നു; നിരാശപ്പെടുത്തി ജൂഡ് ആന്റണി, പ്രേക്ഷകർ മുത്തശ്ശിയുടെ ഗദയാൽ തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ

കെ വി നിരഞ്ജൻ

സാധാരണമായൊരു പ്രണയകഥയെ വ്യത്യസ്തമായ അവതരണ ശൈലിയാൽ മികച്ചൊരു കാഴ്ചാനുഭവമാക്കിയ സിനിമയായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന. കഥ പറഞ്ഞതിലെ പുതുമകൊണ്ട് തന്നെ ആ ചിത്രം പ്രേക്ഷകർ ഇരുകൈയം നീട്ടി സ്വീകരിക്കുകയും ചെയ്തു. ഒരു മുത്തശ്ശി ഗദയെന്ന ചിത്രവുമായി ജൂഡ് വീണ്ടുമത്തെുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരുന്നത് സ്വഭാവികം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ മുത്തശ്ശിയുടെ ഗദയാൽ തലക്കടിയേറ്റ അവസ്ഥയിലാവുകയാണ് പ്രേക്ഷകർ!

വാർധക്യത്തിലെ ഏകാന്തതയും നൊമ്പരവുമെല്ലാം നിരവധി മലയാള സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. 'കരുണവും', 'തിങ്കളാഴ്ച നല്ല ദിവസവും' എല്ലാം ഇത്തരം പ്രമേയങ്ങളെ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുത്തശ്ശിയാണ് ജൂഡിന്റെ ഗദയിലെ കേന്ദ്ര കഥാപാത്രമെങ്കിലും പതിവ് കണ്ണീരിലേക്കും സങ്കടങ്ങളിലേക്കുമൊന്നുമല്ല സിനിമ കടന്നു കയറുന്നത്.

റൗഡി മുത്തശ്ശിയെന്ന് കൊച്ചുമക്കൾ ഉൾപ്പെടെ വിളിക്കുന്ന ലീലാമ്മയെന്ന വയോധികയുടെ കുശുമ്പും കുന്നായ്മകളും അവരുടെ കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റവും ജീവിതം ആഘോഷമാക്കാനുള്ള അവരുടെ ആഗ്രഹവുമെല്ലാം നർമ്മത്തിൽ കോർത്ത് അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. തീർച്ചയായും ഈയർഥത്തിൽ അഭിനന്ദനീയമാണ് ജൂഡിന്റെ ഈ യാത്ര. യാത്ര ചെയ്തും ബിയറടിച്ചും ജെ.സി.ബി ഓടിച്ചും നമ്മുടെ ലീലാമ്മ അടിച്ചു പൊളിക്കുന്നു. രസകരമായ ആ കഥാപാത്രവും ആഹ്‌ളാദം നിറയുന്ന വാർധക്യവും കൂട്ടിനുണ്ടായിട്ടും ജൂഡ് തന്നെയെഴുതിയ തിരക്കഥയിലെ ദുർബലതകളാണ് ചിത്രത്തിന് വിനയായി തീരുന്നത്.

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗൃഹനാഥനും ഭാര്യ ലെനയും മകൾ അപർണ ബാലമുരളിയും മകനും ഉൾപ്പെടുന്ന കുടുംബത്തിലെ മുത്തശ്ശിയാണ് ലീലാമ്മയെന്ന കഥാനായിക (രജനി ചാണ്ടി). മകന്റെയും കൊച്ചുമക്കളുടെയുമെല്ലാം ജീവിതത്തിൽ നിരന്തരം ഇവർ ഇടപെടുകയാണ്. മുത്തശ്ശിയെ പേടിച്ച് ടി. വി കാണാനോ കമ്പ്യൂട്ടറിൽ ഗെയിം കളിക്കാനോ മൊബൈൽ ഫോണിൽ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലാണ് കൊച്ചുമക്കൾ. മുത്തശ്ശിയുടെ വിക്രിയകൾ കാരണം വേലക്കാർ പോലും ഈ വീട്ടിൽ അധിക കാലം നിൽക്കാറില്ല. ഒടുവിൽ ഈ വീട്ടിൽ ഒരു ബംഗാളി വേലക്കാരൻ വരുന്നു. ഭൂഷൺ ബാബു. ഇതിനിടയിൽ മകന്റെ ബോസായ വിജയരാഘവന്റെ നിർദ്ദേശ പ്രകാരം വയോധിക സദനത്തിലാക്കാനുള്ള മകന്റെ ശ്രമം മുത്തശ്ശി പൊളിച്ചടുക്കുന്നുമുണ്ട്. മുത്തശ്ശി സൃഷ്ടിക്കുന്ന പൊല്ലാപ്പുകളിൽ മനം മടുത്ത സുരാജും കുടുംബവും മുത്തശ്ശിയെ ഭാര്യയുടെ അമ്മയെ കൂട്ടിനേൽപ്പിച്ച് ഒരു യാത്ര പോകുകയാണ്.

വീട്ടിൽ അങ്ങിനെ ഭാര്യയുടെ അമ്മയായ സൂസനും (ഭാഗ്യലക്ഷ്മി) വേലക്കാരൻ ഭൂഷൺ ബാബുവും ലീലാമ്മയും മാത്രമാവുന്നു. ഉടക്കിയും ഇണങ്ങിയും മുന്നോട്ട് പോകുന്നതിനിടെ മുത്തശ്ശിയുടെ കാഴ്ചപ്പാടുകളിലും പതിയെ മാറ്റമുണ്ടാകുന്നു. അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഭാഗ്യലക്ഷ്മിയും വേലക്കാരനും രംഗത്തത്തെുന്നു. അങ്ങനെ ജീവിതം അടിച്ചു പൊളിച്ച് മുന്നോട്ട് പോകുകയാണ് മുത്തശ്ശി.

മുത്തശ്ശിയുടെ കോളജ് പഠന കാലത്തെ കാമുകനെ അന്വേഷിച്ച് ഭാഗ്യലക്ഷ്മിയും കൊച്ചുമകളും അവളുടെ കാമുകനും ചേർന്ന് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ഈ യാത്ര തുടക്കത്തിൽ രസമുണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് കാടുകയറുകയാണ്. ബംഗാളി വേലക്കാരൻ മലയാളിയാണെന്ന് മനസ്സിലാക്കുന്നതൊക്കെ പരമ ബോറൻ രംഗങ്ങളാണ്. ലീലാമ്മ പഴയ കാമുകനെ കണ്ടു മുട്ടുന്ന രംഗത്തിലെ നർമ്മത്തോട് ചേർത്ത് പടം നിർത്തിയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ഏറെ ആശ്വാസമാകുമായിരുന്നു. എന്നാൽ കഥയവിടെയൊന്നും നിർത്താതെ ഒരു വയോധിക സദനത്തിലെ പരിപാടിയും സംവിധായകൻ ലാൽ ജോസിന്റെയും മുത്തശ്ശിയുടെയുമെല്ലാം പ്രസംഗവുമെല്ലാം കാട്ടി പരമാവധി ബോറാക്കിത്തരുന്നുണ്ട് ജൂഡ് ആന്റണിയെന്ന സംവിധായകൻ. പരമാവധി ഇഴഞ്ഞ് വലിഞ്ഞ് കോമഡിക്കായി കോമഡി സൃഷ്ടിച്ചും സിനിമയുടെ രസം കൊല്ലുകയാണ്.

നായികയായ മുത്തശ്ശിയായത്തെുന്ന രജനിചാണ്ടി രൂപം കൊണ്ടും ഭാവം കൊണ്ടും കഥയ്ക്ക് ഏറെ അനുയോജ്യയാണ്. എന്നാൽ ഇവരുടെ പ്രകടനം അത്ര കണ്ട് ഉയരുന്നില്ല. കൃത്രിമത്വം നിറഞ്ഞ പ്രകടനത്താൽ ഇവർ നിരാശ സമ്മാനിക്കുന്നു. മറ്റൊരു മുത്തശ്ശിയായ സൂസന്നയായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഫ്‌ളാഷ് ബാക്ക് രംഗത്തത്തെുന്ന വിനീത് ശ്രീനിവാസനും പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, രമേശ് പിഷാരടി, രാജീവ് പിള്ള തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. ഓം ശാന്തി ഓശാനയിലെ അതേ ഡോക്ടർ കഥാപാത്രമായി രഞ്ജി പണിക്കരും ഭാര്യയും ഇതിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപദേശ പ്രസംഗം നടത്താനായി സംവിധായകൻ ലാൽ ജോസും.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ മികവ് ആ ചിത്രത്തിന്റെ തിരക്കഥയായിരുന്നു. മിഥുൻ മാനുവലിന്റെ തിരക്കഥ ചിത്രത്തിന് കരുത്തായിരുന്നു. എന്നാൽ സംവിധായകൻ സ്വന്തമായി തിരക്കഥയെഴുതിയപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയായിരുന്നു. മികച്ചൊരു സിനിമ സൃഷ്ടിക്കാനുള്ള കഥാപരിസരം ഒരുക്കിയിട്ടും അതെല്ലാം തിരക്കഥയുടെ ദുർബലതയാൽ നഷ്ടപ്പെടുന്ന കാഴ്ചയാണ് ഒരു മുത്തശ്ശി ഗദ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇതിനെല്ലാം പുറമെ സംവിധായകൻ ജൂഡ് ആന്റണി തന്നെ കോമഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വധിക്കാൻ രംഗത്തിറങ്ങുന്നുണ്ട്.

രസകരമായ ഒരു കഥാ പരിസരം സൃഷ്ടിക്കാനും പ്രസരിപ്പ് നിറഞ്ഞ വാർദ്ധക്യത്തിലേക്ക് ക്യാമറ തിരിക്കാനും ശ്രമിച്ചതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ രസകരമായി കഥ പറഞ്ഞു തുടങ്ങി ഒടുവിൽ നീട്ടിവലിച്ച് ഇളച്ച് നീക്കി ഉള്ള രസമെല്ലാം ഇല്ലാതാക്കി ഒടുവിൽ സംവിധായകൻ നിരാശ സമ്മാനിക്കുകയും ചെയ്യന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP