Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുരേഷ് ഗോപി പിൻവാങ്ങിയപ്പോൾ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആദ്യം ബിജെപി പരിഗണിച്ചത് മഞ്ജു വാര്യരെ; എസ് ശ്രീശാന്തിന് നറുക്കു വീണത് നടി പിന്മാറിയപ്പോൾ; മോദിക്ക് മുമ്പിൽ നൃത്തം അവതരിപ്പിച്ച് നിത്യഹരിത നായിക വീണ്ടും ബിജെപിയുടെ കളത്തിലേക്ക്; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മഞ്ജു വാര്യർ ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന അഭ്യൂഹം ശക്തം

സുരേഷ് ഗോപി പിൻവാങ്ങിയപ്പോൾ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആദ്യം ബിജെപി പരിഗണിച്ചത് മഞ്ജു വാര്യരെ; എസ് ശ്രീശാന്തിന് നറുക്കു വീണത് നടി പിന്മാറിയപ്പോൾ; മോദിക്ക് മുമ്പിൽ നൃത്തം അവതരിപ്പിച്ച് നിത്യഹരിത നായിക വീണ്ടും ബിജെപിയുടെ കളത്തിലേക്ക്; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മഞ്ജു വാര്യർ ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന അഭ്യൂഹം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിനിമാ താരങ്ങളെയും ജനപിന്തുണയുള്ള സാംസ്കാരിക വ്യക്തിത്വങ്ങളെയും കൂടെ നിർത്തി ജനങ്ങൾക്കിടയിൽ കൂടുതൽ വേരോട്ടം ഉണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. അതിനായുള്ള ശ്രമങ്ങൾ കുറേക്കാലങ്ങളായി അവർ നടത്തിരുന്നു. കേരളത്തിൽ കോൺഗ്രസ് അനുദിനം ദുർബലമാകുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത് വിഷങ്ങളിൾ സജീവമായി ഇടപെടുന്നതിൽ ഒരു പരിധിവരെ കുമ്മനവും കൂട്ടരും വിജയിക്കുകും ചെയ്തു.

സിനിമാതാരം സുരേഷ് ഗോപിയെ രാജ്യസഭയിൽ എത്തിച്ച ബിജെപിക്ക് ഒ രാജഗോപാലിലൂടെ നിയമസഭയിലും അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നാൽ. എന്നാൽ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബിജെപി എംഎൽഎമാരുടെ അംഗബലം കൂട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇത്തരം ലക്ഷ്യങ്ങളോടെയാണ് കോഴിക്കോട് ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ വേദി ഒരുക്കുന്നതും. സ്വാഗതസംഘം കമ്മിറ്റിയുടെ അധ്യക്ഷയായി ഒളിമ്പ്യൻ പി ടി ഉഷയെ നിയമിച്ചതിലൂടെ ആദ്യം തന്നെ വാർത്തകളിൽ ഇടംപിടിച്ച ദേശീയ കൗൺസിൽ ഇപ്പോൾ സമാനമായ വിധത്തിലുള്ള പരിപാടികളുമായി രംഗം കൊഴുപ്പിക്കുകയാണ്.

മലയാളം സിനിമാ നടി മഞ്ജു വാര്യരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. സുരേഷ് ഗോപിക്കും ശ്രീശാന്തിനും ശേഷം ബിജെപി പ്രധാനമായും പരിഗണിക്കുന്നത് മഞ്ജു വാര്യരെയാണ്. ഇതിന്റെ ഭാഗമായി പാർട്ടി ദേശീയ കൗൺസിലിൽ നൃത്തം അവതരിപ്പിക്കാൻ മഞ്ജുവിനെ ക്ഷണിച്ചിരിക്കയാണ് ബിജെപി. സുരേഷ് ഗോപിയെ പോലെ ഭാവിയിൽ രാജ്യസഭയിലേക്കുള്ള പരിഗണനയോ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം ഒരുക്കുകയോ ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

23, 24, 25 തീയതികളിലാണു ബിജെപി ദേശീയ കൗൺസിൽ കോഴിക്കോട്ട് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു വാര്യർക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയത്. മോദിക്ക് മുമ്പിൽ നൃത്തം ചെയ്യാൻ മഞ്ജു വാര്യരും സമ്മതിച്ചിട്ടുണ്ട്. എന്തായാലും വേദി കണ്ടറിഞ്ഞു തന്നെയാണ് നൃത്തരൂപം മഞ്ജു അവതരിപ്പിക്കുന്നതും. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈർഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു ബിജെപി നേതാക്കൾക്ക് മുമ്പിൽ അവതരിപ്പിക്കുക. 24നു വൈകുന്നേരമാകും പരിപാടി അവതരിപ്പിക്കുക.

മഞ്ജു വാര്യർ ബിജെപിയുടെ സുപ്രധാന വേദിയിൽ എത്തുന്നു എന്നതു കൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ നീക്കമായി കാണുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ അത്തരം കിംവതന്ദികളും ശക്തമാണ്. മഞ്ജു വാര്യർ ബിജെപിയോട് അടുക്കുന്നതിൽ സംസ്ഥാന നേതാക്കൾക്കെല്ലാം തന്നെ സമ്മതമാണ്. പാർട്ടിയുടെ മുഖം ജനകീയമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്തിടെ പല സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലും ഫേസ്‌ബുക്കിലൂടെയും അല്ലാതെയും മഞ്ജു ഇടപെടൽ നടത്തുന്നുണ്ട്. ഒരു കലാകാരി എന്ന സ്റ്റാറ്റസ് നിലനിർത്തിക്കൊണ്ട് തന്നെയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് മഞ്ജു വാര്യർ ഇതുവരെ നടത്തിവന്നത്. അത്തരത്തിൽ തുടർന്നുപോകാൻ സാധിക്കുമെങ്കിൽ മഞ്ജുവിന് ബിജെപി രാഷ്ട്രീയത്തോടും താൽപ്പര്യമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങൾ നടക്കുന്നത്.

ഇതിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിലും മഞ്ജു വാര്യരുടെ പേര് ബിജെപി രാഷ്ട്രീയവുമായി ഉയർന്നു കേട്ടിരുന്നു. തിരുവനന്തപരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാൻ സുരേഷ് ഗോപി വിസമ്മതിച്ചതോടെ മഞ്ജുവിനെ രംഗത്തിറക്കാൻ നീക്കങ്ങൾ നടന്നുവെന്നായിരുന്നു അന്ന് പറത്തുവന്ന വാർത്തകൾ. മഞ്ജുവിനോട് നേരിട്ട് ചർച്ച നടത്തിയില്ലെങ്കിലും അനൗപചാരികമായി ചർച്ചകൾ നടന്നിരുന്നു. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ വഴി നടത്തിയ ഈ നീക്കം അത്രകണ്ട് വിജയിച്ചില്ല. ഇതോടെയാണ് ഇവിടെ ശ്രീശാന്ത് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായതോടെ മഞ്ജുവിനെ തേടി സിനിമയിൽ ഒരുപാട് അവസരങ്ങൾ എത്തുന്നുണ്ട്. എന്നാൽ, തുടക്കത്തിൽ കിട്ടിയ സ്വീകരണം ഇപ്പോൾ ലഭിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നൃത്തവേദികളിലും മറ്റും സജീവമാകുകയാണ് മഞ്ജുവിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിക്ക് മുമ്പിൽ നൃത്തമാടാൻ അവർ സമ്മതം മൂളിയതും. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളെ കുറിച്ച് മഞ്ജു ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നാണ് സൂചന.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് വർഷത്തോളം ഇനിയും കാത്തിരിക്കണം. അതുകൊണ്ട് തന്നെ ഇപ്പോൾ ബിജെപി നേതാക്കളുമായി നല്ലബന്ധം സ്ഥാപിച്ചാൽ തന്നെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മഞ്ജു ഇറങ്ങുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമാകാൻ ഇടയില്ല. എന്തായാലും ദേശീയ കൗൺസിലിൽ മഞ്ജുവിന്റെ സാന്നിധ്യം നിരവധി രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP