Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഗ്രാമത്തെ സേവിക്കാന് ഡോക്ടറാകാൻ കൊതിച്ച ഷംന തസ്‌നിമിന്റെ മരണത്തിലെ ചുരുൾ അഴിയുമോ? ചികിൽസയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഒടുവിൽ നീതിയുടെ പ്രകാശം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് എത്തും

സ്വന്തം ഗ്രാമത്തെ സേവിക്കാന് ഡോക്ടറാകാൻ കൊതിച്ച ഷംന തസ്‌നിമിന്റെ മരണത്തിലെ ചുരുൾ അഴിയുമോ? ചികിൽസയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഒടുവിൽ നീതിയുടെ പ്രകാശം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് എത്തും

കൊച്ചി: കളമേശരിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ഷംന തസ്‌നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ.കുട്ടപ്പൻ കൺവീനറായുള്ള മൂന്നംഗ ബോർഡാണ് രൂപീകരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശ്രീദേവിയും ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനുമാണ് മറ്റ് അംഗങ്ങൾ. അന്വേഷണസംഘം നൽകിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ സമർപ്പിച്ചതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സമ്മതം ആരാഞ്ഞ് ഫോറൻസിക് മേധാവിക്കും സർക്കാർ പ്ലീഡർക്കും ഡി.എം.ഒ കത്ത് നൽകിയത്.

പോസ്റ്റ്മാർട്ടം റിപ്പോർട്ട് വൈകുന്നുവെന്നാരോപിച്ച് ഷംനയുടെ പിതാവ് രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടിരുന്നു. ഒരു സിറ്റിങ്ങിൽ തന്നെ തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഈ മാസം 27ന് എറണാകുളത്ത് വച്ചായിരിക്കും സിറ്റിങ്. അതിനുമുമ്പ് റിപ്പോർട്ടുകൾ വിശദമായി അംഗങ്ങൾ പഠനവിധേയമാക്കും. ആവശ്യമെങ്കിൽ മറ്റ് വിദഗ്ധരെക്കൂടി ആദ്യ സിറ്റിങ്ങിൽ ഉൾപ്പെടുത്തും. കൂടുതൽ കാലതാമസം വരുത്താതെ എത്രയും വേഗം റിപ്പോർട്ട് പൊലിസിന് കൈമാറുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

ഇതിനു മുന്നോടിയായി അന്വേഷണസംഘം നൽകിയ എല്ലാ ഫയലുകളും എറണാകുളം ജനറൽ ആശുപത്രിയിലെ ഫിസിഷ്യന് നൽകിയിട്ടുണ്ട്. ഫിസിഷ്യന്റെ നിർദ്ദേശമനുസരിച്ചായിരിക്കും മറ്റു വിദഗ്ധരെക്കൂടി ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. 27ന് നിശ്ചയിച്ചിരിക്കുന്ന സിറ്റിങ്ങിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ തൊട്ടടുത്ത ദിവസമായ 28നു തന്നെ സിറ്റിങ് നടത്തും. രണ്ടു ദിവസംകൊണ്ട് റിപ്പോർട്ട് തയ്യാറാക്കി ഈ മാസം തന്നെ അന്വേഷണസംഘത്തിന് സമർപ്പിക്കാനാണ് തീരുമാനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷംന മരിച്ചത് ചികിത്സാപിഴവ് മൂലമാണോ എന്ന് തീർച്ചപ്പെടുത്തുക. ചികിത്സാപിഴവ് സംഭവിച്ചതായി മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കേസ് എടുക്കാം.

തന്റെ മകളുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും മരണത്തിനുത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടി രണ്ടു തവണ പരാതി നൽകിയിരുന്നു. പനി ബാധിച്ചതിനെതുടർന്ന് ജൂലൈ 18ന് താൻ പഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ ഷംന ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തതിനെതുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാർഡിൽ അടിയന്തര ജീവൻരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ഷംനക്ക് ഓക്‌സിജൻ നൽകാൻ പോലും സംവിധാനമുണ്ടായിരുന്നില്ല. വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ സ്‌ട്രെച്ചർ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു.

വിദ്യാർത്ഥിനിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെ മരണത്തിന് കാരണം ചികിൽസാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. തുടർന്ന് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. എം.കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ. അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോർട്ട് നൽകിയിരുന്നു.

കണ്ണൂർ സ്വദേശിനിയും എറണാകുളം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയുമായിരുന്നു ഷംന തസ്‌നിം. കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനി ബാധയെ തുടർന്ന് താൻ പഠിക്കുന്ന മെഡിക്കൽ കോളജിൽതന്നെ ചികിൽസതേടിയെത്തിയത്. ചികിൽസയുടെ ഭാഗമായി നൽകിയ കുത്തിവെയ്പ് എടുത്തതോടെയാണ് ഷംന കുഴഞ്ഞു വീണ് മരിച്ചത്. എന്നാൽ മറ്റ് അസുഖങ്ങളൊന്നും തന്നെയില്ലായിരുന്ന ഷംന കുത്തിവെപ്പ് എടുത്തയുടൻ കുഴഞ്ഞുവീണതിൽ നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ചികിൽസ നടത്തിയ ആശുപത്രിയിൽ അടിയന്തിര ജീവൻ രക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു ആശുപത്രിയിലെ സംവിധാനങ്ങൾ.

ചെറുപ്പം മുതലെ പഠനത്തിൽ മികവ് കാട്ടിയിരുന്ന ഷംനയ്ക്ക് ഡോക്ടറാവാൻ വലിയ മോഹമായിരുന്നു. കാരണം അവൾ വളർന്ന ശിവപുരം ഗ്രാമത്തിന് സ്വന്തമായൊരൂ ഡോക്ടറില്ലായിരുന്നു. ആ വിടവ് നികത്താനായിരുന്നു ഷംന ശ്രമിച്ചത്. പഠിച്ച് ഡോക്ടറായി സ്വന്തം ഗ്രാമത്തെ സേവിക്കുന്ന ഡോക്ടറായി മാറുകയെന്ന മഹത്തായ ദൗത്യമായിരുന്നു ഷംനയുടെ മനസിൽ മൊട്ടിട്ടിരുന്നത്. അതുക്കൊണ്ടു തന്നെ പ്രവാസിയായ ഉപ്പ മകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. ഒമാനിലെ മസ്‌കറ്റിൽ വർഷങ്ങളോളം ജോലിചെയ്ത കണ്ണൂർ ശിവപുരം മട്ടന്നൂർ പടുവാറ ഐഷാ മൻസിലിൽ അബൂട്ടിക്ക് സമ്പാദ്യങ്ങളായി മറ്റൊന്നുമില്ലായിരുന്നു. താൻ ചെയ്ത കച്ചവടങ്ങൾ ഒന്നൊന്നായി തകർന്നപ്പോഴും പ്രതീക്ഷ പഠിത്തത്തിൽ സമർഥയായ മൂത്ത മകളിലായിരുന്നു.ചെറിയ ക്ലാസുമുതൽ മകൾ ഉയർന്ന മാർക്ക് നേടി അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നേടിയമ്പോഴും ഇവൾ പഠിച്ച് മിടുക്കിയായി ഉയർന്ന നിലയിലെത്തുമെന്നും തനിക്ക് താങ്ങാകുമെന്നും അബൂട്ടി കരുതിയിരുന്നു. അപ്രതീക്ഷിതമായാണ് മകളെ വിധി തട്ടിയെടുത്തത്.

മകൾ മരിച്ച് ഒന്നര മാസം പിന്നിടുമ്പോഴും യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അബൂട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മകൾ മരിച്ചതെന്നും ഉത്തരവാദിയായവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിൽ വീണ്ടും സന്ദർശിച്ച് പരാതി പറഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ചടങ്ങായി മാറി. .ഇതിനുമുമ്പും മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് പരാതി നൽകിയിരുന്നു. തന്റെ അയൽവാസികൂടിയായ ആരോഗ്യമന്ത്രിയെ ഇതേ ആവശ്യമുന്നയിച്ച് നിരവധി തവണ ഇയാൾ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഷംനയുടെ പിതാവ് മകളുടെ മരണത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: ജൂലായ് 17 ഞായറാഴ്ച വൈകിട്ടോടെയാണ് പനിയെ തുടർന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കൾ ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്.ഹോസ്റ്റലിൽ നിന്ന് ഷംന നടന്നാണ് ആശുപത്രിയിലേക്ക് പോയത്.ഉടൻതന്നെ അവിടെയുണ്ടായിരുന്ന ഹൗസർജൻ പരിശോധിച്ച് ഡ്രിപ്പ് നൽകുകയും മരുന്നുകൾ നൽകി ഹോസ്റ്റലിലേക്ക് അയക്കുകയും ചെയ്തു.തുടർന്ന് രാത്രി ഒരു മണിക്ക് അവളുടെ മാതാവ് വിളിച്ചന്വേഷിച്ചപ്പോൾ പനി മാറിയെന്നും ആപ്പിൾ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. പനി മാറിയെങ്കിലും ഡ്യൂട്ടിഡോക്ടറെ നിർബന്ധമായും കാണണമെന്ന ഉമ്മയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു 18 ന് ഉച്ചയോടെ ഷംന ആശുപത്രിയിലെത്തിയത്.

വകുപ്പ് തലവൻ കൂടിയായ ഡോ.ജിൽസ് ജോർജാണ് ഷംനയെ പരിശോധിച്ച് കുത്തിവയ്‌പ്പിനും രക്തം പരിശോധിക്കാനുമൊക്കെ കുറിച്ചത്.ഉടൻതന്നെ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിയെങ്കിലും അടുത്ത ഡ്യൂട്ടി ഡോക്ടറോട് വിവരങ്ങൾ ധരിപ്പിച്ചിരുന്നില്ലെന്നും ഷംനയുടെ പിതാവ് പറയുന്നു. തന്റെ മകൾക്ക് സിഫ്ട്രിയാക്‌സോൺ ഇഞ്ചക്ഷൻ എടുത്തിനെ തുടർന്ന് വായിൽ നിന്ന് പതയും നുരയും വന്ന് മരിക്കുകയായിരുന്നെന്നും ഒന്നര മണിക്കൂറിനുശേഷമാണ് ഡോക്ടറെത്തിയതെന്നും പിതാവ് പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത വ്യക്തമാകുന്നതുവരെ നിയമത്തിന്റെ ഏതറ്റംവരെ പോകാനും തയ്യാറുകുമെന്ന് അബൂട്ടിയും കുടുംബാംഗങ്ങളും അറിയിച്ചിരുന്നു. ഈ പോരാട്ടമാണ് മെഡിക്കൽ ബോർഡ് രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP