Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയിൽ തുടങ്ങി മറാത്താ പിടിച്ചു; ഇനി ബംഗാളിലേക്കും ബിഹാറിലേക്കും; പിഴയ്ക്കാത്ത തന്ത്രവുമായി അമിത് ഷാ; ഇന്ത്യയെ കാവിവൽക്കരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഈ താടിക്കാരന്റെ ഒരു ദൗത്യവും പിഴക്കുന്നില്ല

യുപിയിൽ തുടങ്ങി മറാത്താ പിടിച്ചു; ഇനി ബംഗാളിലേക്കും ബിഹാറിലേക്കും; പിഴയ്ക്കാത്ത തന്ത്രവുമായി അമിത് ഷാ; ഇന്ത്യയെ കാവിവൽക്കരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഈ താടിക്കാരന്റെ ഒരു ദൗത്യവും പിഴക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ബിജെപി സമീപകാലത്ത് കൈവരിച്ച നേട്ടങ്ങൾക്കൊക്കെ കാരണം നരേന്ദ്ര മോദിയുടെ ജനപ്രീതിയാണെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ, ഇത്തരമൊരു നേട്ടം കൈവരിക്കാനാകുന്ന തലത്തിലേക്ക് പാർട്ടിയെ ഉയർത്തുകയും സംഘടിപ്പിക്കുകയും ചെയ്ത ഒരാളുണ്ട്. അമിത് ഷാ. മഹാരാഷ്ട്രയിലും ഹരിയാണയിലും ബിജെപി നേടിയ വിജയങ്ങളോടെ അമിത് ഷായുടെ കരിയർ ഗ്രാഫ് ഒന്നുകൂടി ഉയർന്നു. ഇപ്പോൾ, ബിജെപിയിൽ മോദി കഴിഞ്ഞാൽ ഏറ്റവും സ്വാധീനശേഷിയുള്ള രണ്ടാമത്തെ നേതാവും മറ്റാരുമല്ല.

മോദിയുടെ ജനപ്രീതിയെ വോട്ടാക്കി മാറ്റാമെന്ന് കണ്ടെത്തിയത് അമിത് ഷായാണ്. പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷന് സാധിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്തുന്നു. യു.പി.യിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വലിയ വിജയത്തിന് അമിത് ഷായാണ് വഴിയൊരുക്കിയത്. യി,പിയിലും മഹാരാഷ്ട്രയിലും കൈവരിച്ച വിജയങ്ങളുടെ പശ്ചാത്തലത്തിൽ, അമിത് ഷാ ഇനി ലക്ഷ്യമിടുന്നത് ഒരുകാലത്ത് ചുവന്നുതുടുത്തുനിന്ന ബംഗാളിലേക്കും ജാതിവോട്ടുകൾ നിർണായകമായ ബിഹാറിലേക്കുമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

പാർട്ടിയോടുള്ള ആത്മാർഥതയും അവിശ്രമം പോരാടുള്ള മനസ്സുമാണ് അമിത് ഷായെ വേറിട്ടുനിർത്തുന്നത്. കേന്ദ്രത്തിൽ ബിജെപിക്ക് ഇത്രയും വലിയ വിജയം സമ്മാനിച്ചതിൽ ആ പ്രയത്‌നത്തിന് ഏറെ പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാർട്ടിയുടെ ദേശീയ പ്രസിഡന്റായി, അതുവരെ അത്ര പ്രശസ്തനല്ലാതിരുന്ന അമിത് ഷായെ മോദി നിർദ്ദേശിച്ചതും. ഗുജറാത്തിൽ ഒതുങ്ങിനിന്ന അമിത് ഷാ, വെറും രണ്ടുവർഷം കൊണ്ടാണ് രാജ്യത്തെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കളിലൊരാളായി മാറിയത്.

വർഷം മുഴുവനും 24 മണിക്കൂറും പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനെന്നാണ് അമിത് ഷായെ വിലയിരുത്തുന്നത്. അതുപോലെ, ജനവികാരം ഇത്ര കൃത്യമായി മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മഹാരാഷ്ട്രയിൽ വർഷങ്ങളായി തുടരുന്ന ശിവസേനയുമായുള്ള സഖ്യം വേണ്ടെന്നുവെക്കാനുള്ള തീരുമാനം, ഈ വികാരം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ അത്തരമൊരു തീരുമാനമെടുക്കരുതെന്ന് പാർട്ടിയിലെ മറ്റു നേതാക്കൾ ആവശ്യപ്പെട്ടപ്പോഴും, അമിത് ഷാ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അത് ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയും ചെയ്തു.



ഗുജറാത്തിൽ മോദിയുടെ വലംകൈയായിനിന്ന അമിത് ഷാ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസ്സുകളെത്തുടർന്നാണ് സംസ്ഥാനം വിട്ടത്. എന്നാൽ, ഗുജറാത്തിൽനിന്ന് വിട്ടുനിന്ന അമിത് ഷാ, രാജ്യം മുഴുവൻ കാവിവൽക്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. 1997 മുതൽ 2012 വരെ സർഖെഞ്ജിൽനിന്നുള്ള നിയമസഭാംഗമായിരുന്ന അമിത് ഷാ ഗുജറാത്തിൽ ആഭ്യന്തരമുൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തു. വ്യാജ ഏറ്റുമുട്ടൽ കേസ്സ് ഉയർന്നുവന്നതിനെത്തുടർന്ന് രാജിവെക്കുകയും അറസ്റ്റിലാവുകയും ചെയ്തു. ഗുജറാത്തിൽ താമസിക്കില്ലെന്ന ഉപാധിയോടെ ജാമ്യം നേടിയ ഷാ, രാജ്യം മുഴുവൻ ബിജെപിയുടെ സ്വാധീനം ശക്തമാക്കുകയെന്ന ദൗത്യത്തോടെ തന്റെ അശ്വമേഥമാരംഭിച്ചു.

യു.പിയും മഹാരാഷ്ട്രയും ഹരിയാണയും കീഴടക്കിയതോടെ, അമിത് ഷാ ഇനി ലക്ഷ്യമിടുന്നത് മറ്റു രണ്ട് പ്രധാന സംസ്ഥാനങ്ങളെയാണ്. ഇടതുപക്ഷവും പിന്നീട് തൃണമൂലും അടക്കിഭരിച്ച ബംഗാളിൽ കാവിക്കൊടി പാറിക്കുകയെന്നതാണ് അമിത് ഷായുടെ വലിയ ലക്ഷ്യം. മറ്റൊന്ന് നിതീഷും ലാലുവും ജാതി രാഷ്ട്രീയം കളിക്കുന്ന ബിഹാറിൽ അധികാരത്തിലെത്തുകയെന്നതും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലും ജമ്മു കാശ്മീരിലും ബിജെപിയെ കൊണ്ടുവരാനും അമിത് ഷാ കരുക്കൾ നീക്കുന്നുണ്ട്.

നിരന്തരം യോഗങ്ങൾ വിളിക്കുകയും എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരുമായി ചർച്ച ചെയ്യുകയും ചെയ്യുന്ന അമിത് ഷാ, സംഘടനയെ ശക്തിപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതിനൊപ്പം, സംഘടനയെ ശക്തിപ്പെടുത്തി വിജയത്തിന് കൂടുതൽ ശക്തിപകരാനും അദ്ദേഹം ശ്രമിക്കുന്നു. മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തലങ്ങളിലായി 700-ഓളം യോഗങ്ങളാണ് പാർട്ടിയിൽ അമിത് ഷാ വിളിച്ചുചേർത്തത്. മഹാരാഷ്ട്രയിൽ 27-ഉം ഹരിയാണയിൽ 20-ഉം തിരഞ്ഞെടുപ്പ് റാലികളിലും അദ്ദേഹം സംബന്ധിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP