Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈന ഉള്ളിടത്തോളം കാലം ഒറ്റപ്പെടുത്തുക അസാധ്യം; സിന്ധുനദീജല കരാർ റദ്ദുചെയ്താൽ ലോകം ഇന്ത്യക്കെതിരാകും; അടിച്ചാൽ തിരിച്ചടി രൂക്ഷമാകും; മോദിയുടെ വാചകമടികൊണ്ട് പാക്കിസ്ഥാനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എന്തുകൊണ്ട് താൻ വിശ്വസിക്കുന്നു എന്നു വിശദീകരിച്ച് ശശി തരൂർ

ചൈന ഉള്ളിടത്തോളം കാലം ഒറ്റപ്പെടുത്തുക അസാധ്യം; സിന്ധുനദീജല കരാർ റദ്ദുചെയ്താൽ ലോകം ഇന്ത്യക്കെതിരാകും; അടിച്ചാൽ തിരിച്ചടി രൂക്ഷമാകും; മോദിയുടെ വാചകമടികൊണ്ട് പാക്കിസ്ഥാനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എന്തുകൊണ്ട് താൻ വിശ്വസിക്കുന്നു എന്നു വിശദീകരിച്ച് ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് നദീജലം തടഞ്ഞ് പാക്കിസ്ഥാനെ വലയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ കോഴിക്കോട്ടെ പ്രസംഗം വെറും വീമ്പുപറച്ചിലാണെന്നും വ്യക്തമാക്കി ശശി തരൂരിന്റെ ലേഖനം. 

പാക്കിസ്ഥാന്റെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്നതിനായി സിന്ധു നദീജല കരാർ പ്രകാരം നൽകുന്ന വെള്ളം പിടിച്ചുനിർത്തി പാക്കിസ്ഥാന്റെ പ്രധാന മേഖലകൾ വരൾച്ചയുടെ പിടിയിലാക്കാൻ ഇന്ത്യ ശ്രമിച്ചാൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അന്തസ്സില്ലാത്ത പ്രവർത്തനമായി അത് വിലയിരുത്തപ്പെടുമെന്ന മുന്നറിയിപ്പു നൽകുകയാണ് മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറലും ഇപ്പോൾ എംപിയുമായ തരൂർ.

ഒട്ടും വീണ്ടുവിചാരമില്ലാതെ നടത്തിയ വെറും വീമ്പുപറച്ചിൽ മാത്രമാണ് മോദി നടത്തിയതെന്നാണ് ദി ക്വിന്റിന് നൽകിയ ലേഖനത്തിൽ തരൂർ കുറ്റപ്പെടുത്തുന്നത്. പാക്കിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്താനും വെള്ളംകുടി മുട്ടിച്ച് സമ്മർദ്ധത്തിലാക്കാനുമുള്ള തന്ത്രങ്ങൾ വിലപ്പോകില്ലെന്നാണ് നയതന്ത്രജ്ഞൻ എന്ന നിലയിൽക്കൂടി ഖ്യാതി നേടിയിട്ടുള്ള തരൂരിന്റെ വിലയിരുത്തൽ. പാക്കിസ്ഥാനെതിരായുള്ള നടപടികളിൽ എന്തുകൊണ്ട് മോദിയുടെ സമീപനങ്ങൾ വാചകക്കസർത്തു മാത്രമാണെന്ന് വിലയിരുത്തേണ്ടിവരുന്നുവെന്ന് തരൂർ ലേഖനത്തിൽ കാര്യകാരണസഹിതം വ്യക്തമാക്കുന്നു.

ഭീകരത കയറ്റിയയക്കുന്ന രാജ്യമെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും അവർക്ക് ലഭിക്കുന്ന രാജ്യാന്തര സഹായങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ കാര്യമായി വിജയിക്കില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. കാര്യമായ സാമ്പത്തിക താൽപര്യങ്ങളില്ലാതെ ചൈന പാക്കിസ്ഥാനിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ അന്താരാഷ്ട്ര ഒറ്റപ്പെടുത്തൽ എന്ന നയം ആദ്യംതന്നെ പരാജയപ്പെടും. അതുപോലെ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ഇല്ലാതാക്കുകയെന്ന പദ്ധതിയും വമ്പൻ പരാജയമായിരിക്കും.

സിന്ധുനദിജലം തടഞ്ഞുള്ള സമ്മർദ്ദംചെലുത്തൽ ഇന്ത്യക്കുതന്നെയാണ് രാജ്യാന്തര തലത്തിൽ നാണക്കേടായി മാറുക. ഇത്തരം വളഞവഴികൾ സ്വീകരിക്കുന്നതിന് പകരം പത്താൻകോട്ട് ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ തിരിച്ചടിക്കേണ്ടതെങ്ങനെയെന്ന് പഠിച്ച് വിലയിരുത്തിയ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് ഇന്ത്യ നടപ്പാക്കുന്നില്ലെന്നും തരൂർ ചോദിക്കുന്നു. നയതന്ത്രപരമായും സാമ്പത്തികപരമായും സൈനികപരമായും ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ സ്വീകരിക്കാവുന്ന മാന്യമായ നിരവധി മാർഗങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് നദീജലം തടയുമെന്നുംമറ്റും പറഞ്ഞ് മോദി സമയം കളയുന്നതെന്ന ചോദ്യമാണ് തരൂർ ഉയർത്തുന്നത്.

പാക്കിസ്ഥാന് തിരിച്ചടി നൽകുന്നതിൽ ഇന്ത്യ തോൽക്കുന്നതെവിടെ?

പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഏതാണ്ട് മാസത്തിൽ ഒരിക്കലെന്ന തോതിൽ ആക്രമണം നടപ്പിലാക്കുമ്പോൾ ഇന്ത്യ ഒന്നും ചെയ്യാതിരിക്കുക എന്നത് ഒരിക്കലും ഒരു പ്രതിരോധ മാർഗമല്ല. ഇതിൽ പങ്കെടുക്കുന്ന ഭീകരരെ കൊലപ്പെടുത്തുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും നടക്കുന്നില്ലെന്ന് എല്ലാ ഇന്ത്യക്കാരുടെയും മനസ്സിനെ വ്രണപ്പെടുത്തുന്ന കാര്യമാണ്. പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്കെതിരെ വെറും വാചകമടിമാത്രമാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്ലാമാബാദിന് തോന്നാത്തവിധത്തിൽ കാര്യങ്ങൾ ചെയ്യണമെന്ന് തരൂർ വ്യക്തമാക്കുന്നു.

ആഗോള തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എളുപ്പമല്ല. ഇപ്പോൾ കോഴിക്കോട് മോദി നടത്തിയതുപോലെയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് എട്ടുവർഷം മുമ്പ് മുംബൈയിൽ 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശേഷവും ഉണ്ടായത്. പാക്കിസ്ഥാനെതിരെ നയതന്ത്രസമ്മർദ്ദമെന്ന തന്ത്രം വർഷങ്ങൾക്കുശേഷം പിൻവലിക്കപ്പെടുകയും ചെയ്തു. സ്വന്ത്ം രാജ്യത്ത് വളരുന്ന ഭീകരതയെ തടയാൻ പോലും കെൽപില്ലാത്ത രാജ്യമാണ് പാക്കിസ്ഥാനെന്നതിനാൽ അവർ ഭീകരത വളർത്തുന്നുവെന്ന് ആർക്കും ചൂണ്ടിക്കാട്ടാനാകും.

പക്ഷേ, അവരെ അതുയർത്തിക്കാട്ടി ഒറ്റപ്പെടുത്തുകയെന്നത് എളുപ്പമല്ല. മുംബൈയെ അപേക്ഷിച്ച് താരതമ്യേന ചെറിയ ആക്രമണമാണ് ഉറിയിൽ നടന്നത്. സൈനികരാണ്, സാധാരണക്കാരല്ല അവിടെ മരിച്ചുവീണത്. ഈ രണ്ടു കാരണങ്ങൾകൊണ്ടും പാക്കിസ്ഥാനുമായി ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ശക്തമായ ഉഭയകക്ഷി ബന്ധമുണ്ട് എ്ന്നതിനാലും ഇപ്പോഴത്തെ ആക്രമണം ഉന്നയിച്ച് അവരെ ഒറ്റപ്പെടുത്തുക എളുപ്പമാവില്ല.

അഫ്ഗാനിലെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കയ്ക്ക് പാക്കിസ്ഥാനെ വേണം. അതിലുപരി ചൈനയ്ക്ക് അനന്തമായ താൽപര്യങ്ങൾ പാക്കിസ്ഥാനിലുണ്ട്. 46 ബില്യൺ ഡോളറിന്റെ സാമ്പത്തിക കോറിഡോർ പദ്ധതിയാണ് ചൈന പാക്കിസ്ഥാനിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഈ രണ്ടു വൻ ശക്തികൾക്കും പാക്കിസ്ഥാനിൽ താൽപര്യമുള്ള സ്ഥിതിക്ക് പാക്കിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ അവരുടെപോലും പിന്തുണ കിട്ടില്ല.

ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉദ്ദേശിച്ച ഫലം ചെയ്യില്ല

ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര പരിശീലന കേന്ദ്രങ്ങൾ ഇല്ലാതാക്കാമെന്ന തന്ത്രമാണ് മറ്റൊന്ന്. അതിർത്തി കടന്ന് നല്ല ഉയരത്തിൽ പറന്നുചെന്ന് പെട്ടെന്ന് ഒരു ബോംബാക്രമണം നടത്തി തിരിച്ചുവരികയെന്ന തന്ത്രം. ശത്രുക്കളെ ഞെട്ടിക്കാനും ഇതുകൊണ്ട് കഴിയും.

പക്ഷേ, അതിന് നിരവധി ന്യൂനതകളുമുണ്ട്. പാക് അധീന കാശ്മീരിലും ലാഹോറിന് സമീപത്തുമെല്ലാം പാക്കിസ്ഥാനിൽ ഭീകര പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനങ്ങൾ. ഇത്തരത്തിൽ ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി കുറച്ചു ടെന്റുകൾ നശിപ്പിക്കാമെന്നും ചെറിയ നാശങ്ങളുണ്ടാക്കാമെന്നും വച്ചാൽ തന്നെ അവർക്ക് അതെല്ലാം എളുപ്പം പുനർ നിർമ്മിക്കാവുന്നതേയുള്ളൂ.

പക്ഷേ, ഈ ആക്രമണത്തിനിടെ ഇന്ത്യയുടെ ഒരു വിമാനമെങ്കിലും വെടിവച്ചു വീഴ്‌ത്തപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? പാക്കിസ്ഥാനും തിരിച്ചടിച്ചു തുടങ്ങിയാൽ പ്രശ്‌നം വഷളാകും. പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്ന പരിധിവിടാതെ ഇത്തരം ആക്രമണങ്ങൾ നടത്താനാകുമോയെന്നും തരൂർ ചോദിക്കുന്നു. നിയന്ത്രണരേഖ ലംഘിച്ചുവെന്ന ചീത്തപ്പേരും കേൾക്കേണ്ടിവരും.

ഇതിനെല്ലാം പുറമെയാണ് ഇതിന്റെ തീവ്രത കൂട്ടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ. സാമ്പത്തികരംഗത്ത് മുന്നേറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് വിദേശ നിക്ഷേപം പരമപ്രധാനമാണ്. ഇന്ത്യ സൈനിക സാഹസികത കാട്ടിത്തുടങ്ങിയാൽ യുദ്ധസാഹചര്യം നിൽക്കുന്നിടത്ത് സാമ്പത്തിക നിക്ഷേപത്തിന് ഒരു നിക്ഷേപകനും തയ്യാറാവില്ല. ദാരിദ്ര്യത്തിൽ ന്ിന്ന് രാജ്യത്തെ കരകയറ്റുന്നതിന് ശ്രമം നടക്കുന്നതിനിടയിൽ ഇത്തരമൊരു തിരിച്ചടി ഇന്ത്യക്ക് നേരിടാനാവില്ല.

1960ലെ സിന്ധുനദീജല കരാറിൽ നിന്ന മാറുമ്പോൾ

പാക്കിസ്ഥാനുമായി 1960ൽ ഒപ്പുവച്ച സിന്ധു നദീജല കരാർ ഇന്ത്യ പുനഃപരിശോധിക്കണമെന്ന വാദം എങ്ങുമുയരുന്നുണ്ട്. മോദിയും ഈ നിലപാടുമായാണ് ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. അര നൂറ്റാണ്ടുമുമ്പ് ഒപ്പിട്ട കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, റാവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. കരാർ പ്രകാരം പാക്കിസ്ഥാന് സിന്ധുനദിയിലെ 80 ശതമാനം വെള്ളം കിട്ടുന്നുണ്ട്.

ഇത് ഇന്ത്യ നിയന്ത്രിച്ചുതുടങ്ങിയാൽ പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുൾപ്പെടെ പല മേഖലകളും പൂർണമായും വരൾച്ചയിലായി മാറുമെന്നതാണ് അവസ്ഥ. പക്ഷേ, ഇത്തരമൊരു നീക്കം ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയാകുമെന്നാണ് ശശി തരൂർ ചൂണ്ടിക്കാട്ടുന്നത്.
വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ വികാസ് സ്വരൂപ് ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ സഹകരണം തുടരണമെങ്കിൽ മറ്റു കാര്യങ്ങളിലും നല്ലരീതിയിലാകണം ബന്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇരുരാജ്യങ്ങളും തമ്മിൽ നല്ല രീതിയിൽ സഹകരണമുണ്ടെങ്കിലേ കരാർ തുടരേണ്ടതുള്ളൂ എന്ന അഭിപ്രായം ശരിയാണെങ്കിലും സിന്ധുനദിയുടെയും അഞ്ച് ഉപനദികളുടേയും വെള്ളത്തിന്റെ കാര്യം രണ്ടു രാജ്യങ്ങളുടെ മാത്രം ഉഭയകക്ഷി വിഷയമല്ല. ലോകബാങ്കിന്റെ ഇടപെടലുകൾ ഉൾപ്പെടെ ഈ നദീജല വിതരണവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യ എന്തെങ്കിലും ചെയ്തു തുടങ്ങിയാൽ അവർ ഇടപെടുമെന്ന് തീർച്ച.

പാക് ഭൗമമേഖലയിലേ 65 ശതമാനം പ്രദേശത്തേക്കുള്ള ജലവിതരണത്തെ ഇന്ത്യയുടെ ഇടപെടൽ ബാധിക്കും. പഞ്ചാബ് മേഖല മുഴുവനായും തന്നെ വരണ്ടുപോകുകയും പാക്കിസ്ഥാൻ മുട്ടുമടക്കുകയും ചെയ്യും. പക്ഷേ, അതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നിരവധി രാജ്യങ്ങൾ ഇതിനെതിരെ അതേസമയം രംഗത്തുവരുമെന്നും ഉറപ്പാണെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. ഒരു ടാപ്പ് അടച്ചുപൂട്ടി വെള്ളമൊഴുക്ക് നിർത്തുന്നതുപോലെ എളുപ്പമല്ല ഇത്. ഇന്ത്യയിലെ പല മേഖലയിലും വൻ വെള്ളപ്പൊക്കത്തിന് തന്നെ വഴിവച്ചേക്കാവുന്ന തീരുമാനമാകും അത്.

പാക്കിസ്ഥാനിലേക്കുള്ള നദീപ്രവാഹം തടയുമ്പോൾ ഇന്ത്യ അങ്ങനെയൊരു പ്രശ്‌നംകൂടി നേരിടേണ്ടിവരും. ഇതിനു പുറമെയാണ് ഇന്ത്യയുടെ ധാർമിക മൂല്യത്തിന് ആഗോളതലത്തിൽ ഉണ്ടാകാൻ പോകുന്ന തകർച്ച. ചൈന സമാനമായ രീതിയിൽ ബ്രഹ്മപുത്രയുടെ ഒഴുക്കു തടഞ്ഞാൽ എന്തു സംഭവിക്കുമെന്നുകൂടി ഇന്ത്യ ഓർക്കണം. ഏറെക്കാലമായി ഇന്ത്യ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മാതൃകാ രാജ്യമാണ് ലോക വീക്ഷണത്തിൽ. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും പാക്കിസ്ഥാനിൽ വെള്ളപ്പൊക്കവും ഭൂകമ്പവുമൊക്കെ ഉണ്ടായപ്പോൾ സഹായമെത്തിച്ചും ഉണ്ടാക്കിയെടുത്ത സൽപേരാണത്.

പക്ഷേ, ഇത്തരത്തിൽ നദീജലം തടഞ്ഞ് പാക്കിസ്ഥാനിൽ കൃഷിയും കുടിവെള്ളവും ഇല്ലാതാക്കി ആയിരങ്ങളെ പട്ടിണിയിട്ടാൽ ഒറ്റയടിക്ക് ഇന്ത്യയുടെ ആദർശം ഇടിഞ്ഞുവീഴും. അടുത്തിടെ ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടിയതും അതാണ്. ഈ നദീജലക്കരാർ നാലു യുദ്ധങ്ങളെയും കരാർ റദ്ദാക്കാൻ ജമ്മു കാശ്മീർ അസംബ്‌ളി ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തേയും അതിജീവിച്ചും കരാർ ഇപ്പോഴും തുടരുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.

പക്ഷേ, ഈ കരാർ പാലിച്ചുകൊണ്ടുതന്നെ ഇന്ത്യക്ക് പാക്കിസ്ഥാനെ വിറപ്പിക്കാനാകുമെന്ന നയതന്ത്രവും തരൂർ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുമായി നദീജല കരാറുള്ള ചൈന ബ്രഹ്മപുത്രയ്ക്കു കുറുകെ കൂറ്റൻ ഡാം നിർമ്മിക്കുന്നുണ്ട്. ഇത് കരാർ പ്രകാരം അനുവദനീയമാണെന്നാണ് ചൈനയുടെ വാദം. അതുപോലെ ഇന്ത്യക്കും പാക്കിസ്ഥാനിലേക്കൊഴുകുന്ന നദികളിൽ ഡാമുകൾ നിർമ്മിക്കാം. ഇത്തരത്തിൽ 3.6 ദശലക്ഷം ഏക്കർ അടി വെള്ളം പടിഞ്ഞാറൻ നദികളിൽ നിന്ന് നമുക്ക് സംഭരിക്കാനാകും. ഇത് പാക്കിസ്ഥാനിലേക്ക് ഒഴുക്ക് നിയന്ത്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ അത് അവർക്കുള്ള ശക്തമായ സിഗ്നലാകുമെന്നും ഉറപ്പാണ്. - തരൂർ വ്യക്തമാക്കുന്നു.

നമ്മൾ അതിർത്തി സുരക്ഷ വർദ്ധിപ്പിച്ചേ മതിയാകൂ

ഇതിനെല്ലാം പുറമെ ഇന്ത്യ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കുന്ന കാര്യത്തിലും ശക്തമായ നടപടികളെടുക്കണമെന്ന് തരൂർ വ്യക്തമാക്കുന്നു. നിയന്ത്രണരേഖയോട് ചേർന്ന് ഉറി മേഖലയിലെ പാക്കിസ്ഥാൻ പോസ്റ്റുകൾ നശിപ്പിക്കുന്നതിന് ഇന്ത്യക്ക് നീക്കം നടത്താം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യമായി മാത്രമേ അത് വിലയിരുപത്തപ്പെടൂ. നുഴഞ്ഞുകയറ്റത്തെ സഹായിക്കുന്നതിന് നൽകുന്ന തിരിച്ചടിയായി അത് വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ ഇന്ത്യക്ക് നയതന്ത്ര ക്ഷീണമായി അത് മാറില്ല.

ഇത്തരത്തിൽ പത്താൻ കോട്ട് ആക്രമണം ഉണ്ടായതിന് പിന്നാലെ ഇതിലെ സുരക്ഷാ വീഴ്ച അന്വേഷിച്ച കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാനാണ് മോദി സർക്കാർ മുൻഗണന നൽകേണ്ടതെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. മുൻ ആർമി ഉപമേധാവി ലെഫ്. ജനറൽ ഫിലിപ് നൽകിയ റിപ്പോർട്ടിന്മേൽ ഡിഫൻസ് മന്ത്രാലയം മാർച്ചിനുശേഷം ഒരു നടപടിയും എടുത്തില്ല. ഇത് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായേ കാണാനാകൂ. ഡിഫൻസ് മന്ത്രാലയം അവരുടെ കടമ നിറവേറ്റിയിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം ഉണ്ടാവില്ലായിരുന്നു.

നമ്മുടെ സൈനിക ബേയ്‌സുകൾ സംരക്ഷിക്കുന്നതിന് സാങ്കേതികമായും ആയുധപരമായും ശക്തിവർദ്ധിപ്പിക്കണം. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഉറിയിലെ അതിർത്തി ഭേദിക്കപ്പെടില്ലായിരുന്നു. പാക്കിസ്ഥാനിൽ കയറി ആക്രമിക്കണമെന്നും തിരിച്ചടിക്കണമെന്നും നദീജലം കൊടുക്കാതെ പാക്കിസ്ഥാനെ തകർക്കണമെന്നുമെല്ലാമുള്ള നടക്കാത്ത വാദങ്ങൾ ഉന്നയിക്കുന്നതിനു പകരം ജാഗ്രതയോടെ, ഉത്തരവാദിത്തത്തോടെ നമ്മുടെ സർക്കാർ ഇന്ത്യ-പാക് വിഷയത്തിൽ ഇടപെടണമെന്ന് തരൂർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP