Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസിനെ കടന്നാക്രമിച്ച പ്രസംഗങ്ങളാൽ സംഘപരിവാറുകാരുടെ ശത്രുവായ തീപ്പൊരി പ്രാസംഗിക; സുരേഷ്‌ഗോപിയെ അവഹേളിച്ച് പ്രസംഗിച്ച് പക്വതയില്ലാത്ത നേതാവെന്ന് വിമർശനം നേരിട്ടു; ജിഎസ് പ്രദീപിന്റെ വാക്കുകൾ ഫേസ്‌ബുക്ക് പോസ്റ്റാക്കിയതിന് ട്രോളിംഗിന് ഇരയായി: സിന്ധു ജോയി തിരസ്‌ക്കരിച്ച യുവജന കമ്മീഷൻ ചെയർപേഴ്‌സനായി ചിന്താ ജെറോം എത്തുമ്പോൾ

ആർഎസ്എസിനെ കടന്നാക്രമിച്ച പ്രസംഗങ്ങളാൽ സംഘപരിവാറുകാരുടെ ശത്രുവായ തീപ്പൊരി പ്രാസംഗിക; സുരേഷ്‌ഗോപിയെ അവഹേളിച്ച് പ്രസംഗിച്ച് പക്വതയില്ലാത്ത നേതാവെന്ന് വിമർശനം നേരിട്ടു; ജിഎസ് പ്രദീപിന്റെ വാക്കുകൾ ഫേസ്‌ബുക്ക് പോസ്റ്റാക്കിയതിന് ട്രോളിംഗിന് ഇരയായി: സിന്ധു ജോയി തിരസ്‌ക്കരിച്ച യുവജന കമ്മീഷൻ ചെയർപേഴ്‌സനായി ചിന്താ ജെറോം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐ വേദികളികളിൽ പ്രസംഗങ്ങളുമായി കത്തിക്കയറുന്ന പെൺകുട്ടി എന്ന നിലയിലാണ് ചിന്താ ജെറോം എന്ന പേര് കേരളത്തിന് പരിചയമായി തുടങ്ങിയത്. സിന്ധു ജോയിക്ക് ശേഷം എസ്എഫ്‌ഐയിൽ പേരെടുത്ത വനിതാ നേതാവായിരുന്നു അവർ. സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി ഇപ്പോൾ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണനായി നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. യുവജന കമ്മീഷന്റെ ആദ്യ വനിതാ ചെയർപേഴ്‌സണാണ് ചിന്ത.

നേരത്തെ സിന്ധു ജോയിയെ ഈ തസ്തികയിൽ നിയമിക്കാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും അന്നത്തെ ഗ്രൂപ്പ് രാഷ്ട്രീയം കൊണ്ട് അതിന് സാധിക്കാതെ പോകുകയായിരുന്നു. ആർ വി രാജേഷ് സ്ഥാനമൊഴിയുമ്പോൾ പകരക്കാരിയായാണ് ഡിവൈഎഫ്‌ഐയുടെ തീപ്പൊരി നേതാവ് എന്ന വിശേഷണമുള്ള ചിന്ത ആ സ്ഥാനത്തേക്ക് എത്തുന്നത്. ഒന്നര ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും സഞ്ചരിക്കാൻ വാഹനവും ലഭിക്കുന്ന പോസ്റ്റാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സന്റേത്. അതുകൊണ്ട് തന്നെ ഈ സൗകര്യങ്ങളെല്ലാം ഇനി ചിന്തയ്ക്ക് ലഭിക്കും.

മൈക്കിന് മുന്നിലെത്തിയാൽ പിന്നെ രാഷ്ട്രീയ എതിരാളികളെ വാക്ശരം കൊണ്ട് മുറിവേൽപ്പിക്കുക എന്ന ശൈലിയാണ് കൊല്ലം സ്വദേശിയായ ചിന്താ ജെറോമിന്റേത്. ഇങ്ങനെ വിമർശനം തൊടുക്കുമ്പോൽ തന്നെ ഒന്നിന് പത്തെന്ന നിലയിൽ മറുവിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. അതുകൊണ്ട് തന്നെ പലപ്പോഴും ചിന്തയുടെ വിവാദ പ്രസംഗങ്ങളും പരാമർശങ്ങളുമാണ് പലപ്പോഴും ഇവരെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമാക്കിയത്.

സോഷ്യൽ മീഡിയയിലും സജീവമായിരുന്ന വ്യക്തിതമാണ് ചിന്തയുടേത്. മനസിൽ തോന്നുന്ന കാര്യങ്ങൾ അതേപടി ഫേസ്‌ബുക്കിൽ കുറിക്കുക വഴിയും ചിന്ത വിവാദങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നാലും അതിനെയൊന്നു കൂസുന്ന പ്രകൃതമല്ല ചിന്ത ജെറോമിന്റേത്. വിമർശനങ്ങളെ കൂസാതെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ചിന്ത സംഘപരിവാറുകാരുടെയും നോട്ടപ്പുള്ളിയാണ്. കടുത്ത ആർഎസ്എസ് വിമർശനങ്ങൾ തന്നെയാണ് ചിന്തയെ സംഘപരിവാറിന്റെ ശത്രുവാക്കി മാറ്റിയതും.

ചെറുപ്പകാലത്തെ എസ്എഫ്‌ഐ പ്രവർത്തനങ്ങൾക്കൊപ്പം ചിന്ത ജെറോം എന്ന പേരിലെ കൗതുകം കൊണ്ട് കൂടിയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. പാർട്ടി കുടുംബത്തിൽ തന്നെയാണ് ചിന്ത ജനിച്ചത്. കുണ്ടറയിലെ സഖാക്കളായ സ്വദേശിയായ സി. ജെറോമിന്റെയും എസ്തറിന്റെയും മകളാണ് ചിന്ത. സ്‌കൂൾ പഠനം കൊല്ലം വിമലാഹൃദയം സ്‌കൂളിലാണ്. ചെറുപ്പത്ിലെ പ്രസംഗ വേദികളിലെ ചുറുചുറുക്കാണ് ചിന്തയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ അവസരം ലഭിച്ചത്.

ഫാത്തിമാ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് അവർ ശക്തമായി പ്രവേശിച്ചത്. തുടർന്നങ്ങോട്ട് വളർച്ചയുടെ നാളുകളായിരുന്നു ചിന്തയ്ക്ക്. പ്രസംഗിക്കാനും വിമർശിക്കാനും ശേഷിയുള്ള ചിന്തയ്ക്ക് നേട്ടമായത് വിമർശനങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആർഎസ്എസിനെ കടുത്ത ഭാഷയിൽ ചിന്ത വിമർശിക്കുകയുണ്ടായി. 'എന്റെ അറിവിൽ കേരളത്തിലും ഇന്ത്യയിലും നിക്കർ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേ ഉള്ളു.. ഒന്ന് ആർഎസ്എസ്‌കാരന്മാരും രണ്ട് എൽപി സ്‌കൂൾ വിദ്യാർത്ഥികളും. നിക്കറിട്ട് ടിന്റുമോന്മാരെപ്പോലെ കടന്ന് വരുന്ന ഇവന്മാരാണ് വലിയ രാജ്യസ്‌നേഹം പറയുന്നവർ.. ചെരിപ്പിടില്ല ഇവന്മാർ, ചെരിപ്പിട്ടാൽ ഭൂമിദേവിക്ക് നോവുമെന്നാ ഇവന്മാർ പറയുന്നത്.' ഇങ്ങനെയാണ് പ്രസംഗത്തിനിടെ സംഘപരിവാറുകാരെക്കുറിച്ച് ചിന്ത പറഞ്ഞത്.

ഈ പ്രസംഗം ശരിക്കും വിവാദമാകുകയും ചെയ്തു. തുടർന്ന് ചിന്തയ്ക്ക് കടുത്ത ഭീഷണികളും നേരിടേണ്ടി വന്നു. എന്നാൽ, അതിനെയാന്നും കൂസാൻ അവർ തയ്യാറായില്ല. ചുംബന സമരത്തോടുള്ള ചിന്തയുടെ സമീപനവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചുംബന സമരം നടത്തിയവരെ അരാജകവാദികൾ എന്നായിരുന്നു ചിന്തയുടെ നിലപാട്. ഫാസിസത്തെ അരാജകത്വം കൊണ്ട് തോൽപിക്കാമെന്നത് മൗഢ്യമാണ്. യഥാർത്ഥ രാഷ്ട്രീയം അവരുടെ മനസ്സിന്റെ അതിരുകൾക്കപ്പുറമാണെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിലപാടിന് വിരദ്ധമായ നിലപാടായിരുന്നു എം എ ബേബിയും എം ബി രാജേഷിനെയും പോലുള്ളവർ സ്വീകരിച്ചിരുന്നത്.

ഇത് കൂടാതെ കൊട്ടാരക്കരയിൽ വച്ചൊരു പരിപാടിയിൽ നടൻ സുരേഷ് ഗോപിയെ വിമർശിച്ചതിനും ചിന്ത കടുത്ത വിമർശനം നേരിടേണ്ടി വന്നു. ബിജെപി രാഷ്ട്രീയത്തിന്റെ പേരിൽ കടുത്ത ഭാഷയിൽ സുരേഷ് ഗോപിയെ വിമർശിച്ചപ്പോൾ പൊതു സമൂഹത്തിൽ നിന്നുപോലും വിമർശനം ഉയർന്നു. ഒരാാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്ന ചോദ്യമാണ് ഉയർന്നത്.

സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിംഗിന് ഇരയായ വ്യക്തി കൂടിയാണ് യുവജന കമ്മീഷന്റെ പുതിയ ചെയർപേഴ്‌സൺ. ഈദ് ആശംസകൾ നേർന്ന് ചിന്തയിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് അന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നത്. അന്ന് ചിന്ത ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയിയിരുന്നു: പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യ സ്‌നേഹികൾകും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ:::ഈദ് മുബാറക്!

ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങൽ കണ്ട് പലരും വിമർശനവുമായി രംഗത്തെത്തി. ചിന്ത്ക്ക് ഇത്രയും വലിയ ചിന്ത വിടർത്തുന്ന വാക്കുകൾ എവിടെ നിന്നും കിട്ടി എന്നതായി പലരുടെയും ചോദ്യം. ഇതേക്കുറിച്ച് അന്വേഷിച്ചു പോയവർ ആശംസാ വാക്കുകളുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപിന്റെ വാക്കുകളായിരുന്നു അതേപടി പകർത്തി ചിന്ത ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. വാക്കുകൾക്ക് കടപ്പാടും ഉണ്ടായിരുന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ചിന്ത നേരിട്ടത്.

സ്ത്രീവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ് ചിന്താ ജെറോമിന്റേത്. ചാനൽ ചർച്ചകളിലും അവർ സജീവ സാന്നിധ്യമാണ്. സ്ത്രീവിഷയങ്ങളും യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവ സാന്നിധ്യമായ ചിന്താ ജെറോമിന്റെ പുതിയ സ്ഥാനലബ്ദി പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യുവജന കമ്മീഷന്റെ പ്രവർത്തനം കൂടുതൽ ക്രിയാത്മകമാക്കാൻ ചിന്തയ്ക്ക് കഴിയുമെന്ന് കരുതുന്നവർ ഏരെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP