Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമ്മൂട്ടി കൂടുതൽ സുന്ദരനായി.. ചില രംഗങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുത്തു; പ്രായം മറന്നുള്ള കബഡി കളി അറുബോറായി; കോട്ടയം കുഞ്ഞച്ചനെ പ്രതീക്ഷിച്ച തോപ്പിൽ ജോപ്പന് ടിക്കറ്റെടുത്താൻ നിരാശ മാത്രം ഫലം: ഒരു പ്രേക്ഷക റിവ്യൂ

മമ്മൂട്ടി കൂടുതൽ സുന്ദരനായി.. ചില രംഗങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുത്തു; പ്രായം മറന്നുള്ള കബഡി കളി അറുബോറായി; കോട്ടയം കുഞ്ഞച്ചനെ പ്രതീക്ഷിച്ച തോപ്പിൽ ജോപ്പന് ടിക്കറ്റെടുത്താൻ നിരാശ മാത്രം ഫലം: ഒരു പ്രേക്ഷക റിവ്യൂ

തോപ്പിൽ ജോപ്പൻ! പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു പുരുഷ കേന്ദ്രീകൃത കഥയാണ്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമ ജോണി ആന്റണിയാണ് സംവിധാനം ചെയ്തത്. അമിത പ്രതീക്ഷയില്ലാതിരുന്ന തോപ്പിൽ ജോപ്പൻ പുലിമുരുഗൻ എന്ന ഹൈ ബജറ്റ് സിനിമയുടെ കൂടെ റിലീസ് ചെയ്യുന്നു എന്നതിനാൽ ഏറെ വാർത്താ പ്രചാരം നേടിയിരുന്നു. ആ ഹൈപ്പാണ് എന്നെ തിയേറ്ററിലേക്ക് അടുപ്പിച്ചത്. ആദ്യമേ പറയാം. ഇതൊരു വമ്പൻ സിനിമയൊന്നുമല്ല. എന്നാൽ തീരെ മോശമാണെന്നും പറയാൻ പറ്റില്ല. ശരാശരിയുടെ തുലാസിൽ ആടിയുലയുന്ന ഒരു സാധാരണ സിനിമ. തന്റെ എല്ലാമെല്ലാമായ പ്രണയിനിയെ സ്വന്തമാക്കാൻ സാമ്പത്തികം ഒരു തടസ്സമായപ്പോൾ പണക്കാരനാകാൻ വേണ്ടി നാട് വിട്ട് പോകുന്ന നായകൻ പണക്കാരനായി തിരിച്ച് വരുമ്പോഴേക്കും തന്റെ പ്രാണ പ്രിയ മറ്റൊരാളുടെ വിരലിൽ തുമ്പിലെ വാഗ്ദാനമായി മാറപ്പെടുന്നു. ഇതിൽ മനഃക്ലേശം സംഭവിക്കുന്ന നായകൻ ശിഷ്ട ജീവിതം വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച് മദ്യത്തിൽ അഭയം പ്രാപിച്ച് കൂട്ടുകാരുമൊത്ത് കഴിയുകയാണ്. ഇതാണ് സിനിമയുടെ സംക്ഷിപ്തം.

വൈറ്റ് പോയന്റ്‌സ്:-

മ്മൂട്ടി! ആ പേര് തന്നെയാണ് ഈ സിനിമയുടെ യഥാർത്ഥ ഊർജം. അദ്ദേഹം കൂടുതൽ സുന്ദരനായിരിക്കുന്നു. കഥാപാത്രമാകാനുള്ള മമ്മൂട്ടിയുടെ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടു. തുറുപ്പുഗുലാൻ എന്ന സിനിമയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിലപ്പോഴൊക്കെ സാമ്യം തോന്നുമെങ്കിലും തന്റെ സംഭാഷണ ശൈലി കൊണ്ടും ഭാവ പ്രകടനം കൊണ്ടും മമ്മൂട്ടി മികവുറ്റതാക്കി. ചില രംഗംങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം അദ്ദേഹത്തിന് ചേരുന്നില്ലെന്ന് തോന്നുമെങ്കിലും തന്നാൽ കഴിയുന്ന വിധം ഭംഗിയാക്കാൻ അദ്ദേഹം ശ്രമിച്ചു. സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു എല്ലാ തരാം വേഷങ്ങളും ചെയ്യാൻ തയ്യാറാകുമ്പോഴേ ഒരാൾ മികച്ച നടാനാകുന്നുള്ളൂ. മമ്മൂട്ടിക്ക് ഒരിക്കലും യോജിച്ചതല്ലെന്ന് തോന്നുന്ന ഇത്തരം കഥാപാത്രങ്ങൾ വലിയ പിഴവുകളില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹം കാണിച്ച ആത്മ സമർപ്പണം ശ്ലാഖനീയമാണ്. ധ്യാനം കഴിഞ്ഞ് പോകുമ്പോൾ കാമുകിയെ കെട്ടാൻ പോകുന്ന റോയിയോടുള്ള മമ്മൂട്ടിയുടെ ഇമോഷണൽ ഡയലോഗ് ഡെലിവറി ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. മറ്റ് വേഷങ്ങൾ അഭിനയിച്ച കവിയൂർ പൊന്നമ്മ, അലൻസിയർ, പാഷാണം, ശ്രീജിത്ത് രവി , രഞ്ജി പണിക്കർ, ജൂഡ്, തെസ്‌നിഖാൻ, ആര്യ, മമ്ത. തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

ജോണി ആന്റണിയുടെ സംവിധാന മേൽക്കോയ്മ എങ്ങും കാണാൻ കഴിഞ്ഞില്ലെങ്കിലും കുറ്റമില്ലാതെ തിരക്കഥയെ ദൃശ്യവൽക്കരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സലിം കുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവരെ വീണ്ടും സ്‌ക്രീനിലേക്ക് കൊണ്ട് വന്നതിൽ ജോണി ആന്റണിയെ പ്രത്യേകം അനുമോദിക്കുന്നു. നിഷാദ് കോയയുടെ തിരക്കഥ ക്‌ളീഷെയായിരുന്നു. എന്നിരുന്നാലും അശ്ലീലമോ ദ്വയാർത്ഥ സംഭാഷണങ്ങളോ കുത്തി തിരുകാതെ മാന്യമായ ഭാഷ സിനിമയിൽ ഉൾപ്പെടുത്തിയ നിഷാദ് കോയക്ക് അഭിനന്ദനങ്ങൾ. വിദ്യാ സാഗറിന്റെ ക്രിസ്റ്റീയ ഗാനം മനോഹരമായിരുന്നുവെങ്കിലും മറ്റുള്ള ഗാനങ്ങൾ മനസ്സിൽ നിൽക്കുന്നില്ല. രഞ്ജന്റെ എഡിറ്റിങ് ഉചിതമായിരുന്നു. വാസ്താലങ്കാരം (മമ്മൂട്ടിയുടെ മുണ്ടും ഷർട്ടും സൂപ്പറായിരുന്നു. എല്ലാത്തിലും ഒരു പുതുമ തോന്നി.)

ബ്ലാക്ക് പോയന്റ്‌സ്:-

ജീവിതത്തിലും നിരാശയുണ്ടാകുന്നവർ മദ്യത്തിൽ അഭയം പ്രാപിക്കണമെന്ന മുടന്തൻ തത്വം ഏത് മണ്കൂസനാണ് കൊണ്ട് വന്നതെന്നറിയില്ല. ആ മണ്ടൻ സിദ്ധാന്തം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അതിപ്രസരം സിനിമയിലുടനീളം കാണപ്പെട്ടു.പലപ്പോഴും സംവിധായാകനോട് ഇങ്ങനെ ചെയ്യരുതെന്ന് പറയാൻ തിയേറ്ററിൽ നിന്ന് തോന്നി. കബഡി കളിക്കുന്ന ആദ്യ പകുതിയിലെ പ്രധാന രംഗം ബോറായിരുന്നു. മമ്മൂട്ടിയെ ഇങ്ങനെ ഒരു രംഗത്ത് അഭിനയിക്കാൻ അനുവദിക്കരുതായിരുന്നു. ആ സീനിലെ സ്ലോ മോഷനുകൾ അരോചകമായി തോന്നി. മെഡിക്കൽ ക്യാംപിൽ എന്തിനായിരുന്നു ഒരു പാട്ട്? രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ ഒന്നടങ്കം രോഗികളെ ഉപേക്ഷിച്ച് പെരുമഴയത്തു നൃത്തം ചെയ്യുന്നതും പാടുന്നതും ലോജിക്കിന് വിപരീതമാണ് . അത് ഒഴിവാക്കാമായിരുന്നു.

നിഷാദിന്റെ കഥക്ക് കെട്ടുറപ്പില്ല. പ്രണയം, വിരഹം, മദ്യം, നാട് വിടൽ. ഇതൊക്കെ എല്ലാ സിനിമയിലും കാണുന്നതാണ്. ഒരു സീനിൽ പോലും പുതുമ കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല രംഗങ്ങളും ക്‌ളീഷേ നിറഞ്ഞതായിരുന്നു. അനാവശ്യമായി തിരുകി കേറ്റിയ പൊലീസുകാരനുമായുള്ള സംഘട്ടനം അസ്സൽ ബോറായിരുന്നു. സീൻ പൂർത്തീകരണത്തിന് വേണ്ടി ഇത്തരം കൂട്ടിച്ചേർക്കലുകൾ സ്വാഭാവികതയിൽ മുഴച്ചു നിൽക്കുന്ന പാറകളായി മാറി. സുനോജിന്റെ ക്യാമറ തീരെ വ്യക്തതയില്ലായിരുന്നു. ആകെ മൊത്തം ഒരു മങ്ങൽ. ആ പോരായ്മ സിനിമയുടെ മൊത്തം ആസ്വാദനത്തെ സാരമായി ബാധിച്ചു. ആൻഡ്രിയയുടെ അഭിനയം നിഗൂഢത നിറഞ്ഞത് പോലെ തോന്നി.

ഈ സിനിമ എന്തായാലും കാണണമെന്ന് ഒരിക്കലും പറയുന്നില്ല. കണ്ടില്ലെങ്കിൽ ഒരിക്കലും ഇതൊരു നഷ്ടവുമല്ല . എന്നിരുന്നാലും കോട്ടയം കുഞ്ഞച്ചൻ മനസ്സിൽ വച്ച് ആരും തോപ്പിൽ ജോപ്പന് ടിക്കറ്റെടുക്കരുത്. നേരെ മറിച്ച് താപ്പാന മനസ്സിൽ വച്ച് ടിക്കറ്റെടുത്തോളൂ നിരാശരാകാതെ തിരിച്ച് വരാം.

നൂറിൽ(100) അറുപത് (60) മാർക്ക് കൊടുക്കുന്നു.

(ഈ റിവ്യൂവിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്. മറുനാടൻ മലയാളിയുമായി യാതൊരു ബന്ധവുമല്ല)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP