Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയൽ എസ്‌റ്റേറ്റിൽ തൊട്ട സ്വർണ്ണക്കട മുതലാളിമാർക്കെല്ലാം കൈ പൊള്ളി; ജൂലറികളിൽ പണം നിക്ഷേപിച്ചവർ ദുരിതത്തിലാകമോ? ഫ്രാൻസിസ് ആലൂക്കാസിനും അറ്റ്‌ലസിനും അവതാറിനും അടിതെറ്റിയതിന്റെ പിന്നാമ്പുറക്കഥ

റിയൽ എസ്‌റ്റേറ്റിൽ തൊട്ട സ്വർണ്ണക്കട മുതലാളിമാർക്കെല്ലാം കൈ പൊള്ളി; ജൂലറികളിൽ പണം നിക്ഷേപിച്ചവർ ദുരിതത്തിലാകമോ? ഫ്രാൻസിസ് ആലൂക്കാസിനും അറ്റ്‌ലസിനും അവതാറിനും അടിതെറ്റിയതിന്റെ പിന്നാമ്പുറക്കഥ

എം പി റാഫി

കോഴിക്കോട്: സ്വർണ വ്യാപാരത്തിന്റെ മറവിൽ നടക്കുന്നത് വൻ നികുതി വെട്ടിപ്പ് മുതൽ കള്ളപ്പണം വെളുപ്പിക്കൽ വരെ. തെറ്റായ സാമ്പത്തിക ക്രമങ്ങളും നികുതിവെട്ടിപ്പിനും പുറമെ അനുമതിയില്ലാതെ നടത്തുന്ന വിവിധ തരം നിക്ഷേപ പദ്ധതികളുടെ പുറം മോടി ധരിച്ചാണ് വൻ കൊള്ള നടത്തുന്നത്. തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നതും തകർന്നടിയുന്നതുമായ ജുവലറി ബിസിനസുകാരുടെ പിന്നാമ്പുറകഥകളെല്ലാം ഇതുതന്നെയാണ്.

രാജ്യത്തിന്റൈ സാമ്പത്തിക ഭദ്രതയ്ക്കു ഭീഷണിയാകുന്ന ഇത്തരം പദ്ധതികൾ യഥേഷ്ടം നടക്കുമ്പോഴും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ നടപടിയെടുക്കാതെ മൗനം തുടരുകയാണ്. ചെറുതും വലുതുമായ ജുവലറി ബിസിനസുകാരെല്ലാം പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്ന് പഠിച്ചാൽ, തെറ്റായ സാമ്പത്തിക ക്രമങ്ങളാണെന്ന് വ്യക്തമാകും. നികുതി വെട്ടിപ്പിലൂടെ മാത്രം എക്കാലവും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നതാണ് വസ്തുത. സ്വർണക്കടകളിൽ നടക്കുന്ന നിക്ഷേപ പദ്ധതികളും ഷെയർ ഡെപ്പോസിറ്റ് സ്‌കീമുകൾക്കും മറവിൽ നടക്കുന്നത് ഞെട്ടിക്കുന്ന വൻ നികുതി വെട്ടിപ്പുകളാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടുകയും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്ത ഫ്രാൻസിസ് ആലുക്കാസ്, നിക്ഷേപകരുടെ പണവും സ്വർണവും നൽകാതെ അടച്ചു പൂട്ടിയ അവതാർ ഗോൾഡ്, തുഞ്ചത്ത് ജൂവലേഴ്‌സ്, അറ്റ്‌ലസ്, കൂടാതെ ബോബി ചെമ്മണ്ണൂർ ജൂവലറി, മലബാർ ഗോൾഡ്, അപ്പോളോ തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി സ്വർണ വ്യാപാര കേന്ദ്രങ്ങൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിൽ പലതും അടച്ചു പൂട്ടിയതാണ്. ഇന്ന് പ്രവർത്തിക്കുന്ന മിക്ക വൻകിട ജൂവലറികളടക്കം ബാങ്ക് ലോണിലാണ് മുന്നോട്ടു പോകുന്നത്. ഷെയറുകളും വിവിധ നിക്ഷേപ പദ്ധതികളും നടത്തുന്നതിനാലാണ് അധിക സ്ഥാപനവും നിലനിന്നു പോകുന്നത് തന്നെ. എന്നാൽ ജൂവലറികൾക്കു മറവിൽ ബ്ലാക്ക് മണി വൈറ്റാക്കുകയും ഇതിലൂടെ കോടികളുടെ ലാഭമുണ്ടാക്കുകയുമാണ് ചെയ്തുവരുന്നത്. ഇതിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ പ്രതിസന്ധികളുടെയെല്ലാം കാരണം.

നിക്ഷേപിക്കുന്ന തുകയുടെ പകുതിയോ നാലിൽ ഒന്നോ കണക്കുകൾ മാത്രമാണ് ജൂവലറി ഉടമകൾ വെളിപ്പെടുത്തുക. ബാക്കിയെല്ലാം റിയൽ കണക്കിൽപ്പെടാത്തതും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിപ്പോസിറ്റ് ചെയ്തതുമായിരിക്കും. ആസ്ഥിയുടെ ഇരട്ടി നിക്ഷേപം സ്വീകരിച്ച് ലാഭം കൊയ്യുന്നവരുമുണ്ട്. ജൂവലറി ഉടമകൾക്കെല്ലാം ഏക്കറു കണക്കിനു ഭൂമികൾ വാങ്ങിക്കൂട്ടിയതായി കാണാം. കഴിഞ്ഞ പത്തു വർഷമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ വൻ ലാഭ സാധ്യതകൾ കണ്ടാണ് ഉടമകൾ ഭൂമി വാങ്ങിക്കൂട്ടിയത്. ഇതിൽ കോടികൾ സമ്പാദിച്ചവർ ഉണ്ട്. എന്നാൽ ഭൂമി മറിച്ചു വിൽക്കാനാകാതെ വലിയ നഷ്ടം നേരിടുന്ന ബിസിനസുകാരാണ് അധികവും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈയടുത്തുണ്ടായ തകർച്ചയും സ്വർണവ്യാപാര രംഗത്ത് സാരമായി ബാധിച്ചിട്ടുണ്ട്. ഈയിടെ മലപ്പുറം തിരൂരിൽ അടച്ചു പൂട്ടിയ വിവിധ ബ്രാഞ്ചുകളുള്ള തുഞ്ചത്ത് ജൂവലേഴ്‌സ് ഉടമ നിക്ഷേപ തുകയെല്ലാം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ച് ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. ഫ്രാൻസിസ് ആലുക്കയും ചെയ്തത് ഇതുതന്നെ. നിക്ഷേപകർക്ക് തുകതിരിച്ചു നൽകാനാകാതെ തുഞ്ചത്ത് ജൂവലേഴ്‌സ് അടച്ചു പൂട്ടുകയായിരുന്നു. എന്നാൽ ഭൂമി വിറ്റ് പണം തിരികെ നൽകുമെന്ന്ു പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.

നിക്ഷേപ പദ്ധതിയിലേക്കും ഷെയറിലേക്കുമായി വിദേശ രാജ്യങ്ങളിൽ നിന്നും അധികജൂവലറികളിലേക്കും സ്വർണവും പണവും ഒഴുകുന്നുണ്ട്. വിവിധ സ്‌കീമുകളിൽ പണം നിക്ഷേപിച്ചാൽ നല്ല ലാഭം ലഭിക്കുകയും നികുതി നൽകേണ്ടി വരികയുമില്ലെന്നതാണ് പ്രവാസികളടക്കം കോടികൾ ജൂവലറികളിൽ നിക്ഷേപിക്കുന്നത്. അവതാർ ഗോൾഡിൽ നിന്നടക്കം നിക്ഷേപ പദ്ധതിയിൽ ചേർന്ന് പണം നഷ്ടമായവർ പരാതിപ്പെടാൻ മടിക്കുന്നതും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ്. എന്നാൽ ഇത്തരം പദ്ധതിയിൽ അകപ്പെടുന്ന സാധാരണക്കാരും നിരവധിയുണ്ട്. അറ്റ്‌ലസും അവതാറും ഫ്രാൻസിസ് ആലുക്കാസും മാത്രമല്ല ജൂവലറി വ്യാപാര രംഗത്തെ തകർച്ച നേരിടുന്നത്. ഈ മേഖലയിൽ മറ്റു പ്രമുഖ അഞ്ചു സ്ഥാപനങ്ങൾ കൂടി സമാനമായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. രൂക്ഷമായില്ലെന്നുമാത്രം.

ബോബി ചെമ്മണ്ണൂർ ജൂവലറി ഷെയറും നിക്ഷേപ പദ്ധതികളിലൂടെയുമായി സമാഹരിച്ചത് 4000(നാലായിരം) കോടി രൂപയാണ്. എന്നാൽ സ്ഥാപനത്തിന്റെ ആസ്തി 1300 കോടി രൂപയിൽ താഴെയാണ് ഇൻകം ടാക്‌സ് കണ്ടെത്തിയത്. തൃശൂരിലെ എസ്.ബി.ഐ ശാഖയിൽ നിന്ന് 25 കോടി രൂപയടക്കം വിവിധ സ്വകാര്യ ബാങ്കുകളിൽ നിന്നായി 400 കോടി രൂപ ലോൺ എടുത്താണ് ബോബി ചെമ്മണ്ണൂർ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നത്. നിക്ഷേപകർ കൂട്ടത്തോടെ വന്നാൽ ബോബി മുതലാളിയും നാടുകടക്കേണ്ടി വരും. എന്നാൽ ഇതെല്ലാം മുൻകൂട്ടി കണ്ട് കമ്പനി നഷ്ടത്തിലാണെന്ന രേഖകൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഈ രേഖകൾ ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. പിടിച്ചു നിൽക്കാനായി പുതിയ പുതിയ പദ്ധതികളുമായി രംഗത്തു വരുന്ന ജൂവലറികളെല്ലാം ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് തള്ളി നീക്കുന്നത്. നിരവധി ജീവനക്കാരുടെ ജീവിതം വഴിയാധാരമാവുകയും സാധാരണക്കാരുടെ പണവും സ്വർണവും നഷ്ടമാവുകയുമായിരിക്കും ഇതിന്റെയെല്ലാം വരാനിരിക്കുന്ന ഭവിഷ്യത്ത്.

ജുവലറി വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പുമെല്ലാം ഇവിടത്തെ രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും അറിവോടെയാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പ്രതികരിക്കാൻ മുതിർന്നാൽ വായടപ്പിക്കുകയും ചെയ്യും. 2000 കോടി നികുതി വെട്ടിപ്പ് നടത്തിയതായി ചൂണ്ടിക്കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ വി എസ് അച്ചുതാനന്ദൻ സെബി ചെയർമാന് നൽകിയ പരാതിന്മേൽ കഴിഞ്ഞ ആറു മാസമായി അന്വേഷണം നടക്കുകയാണ്. എന്നാൽ ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ട ആർ.ബി.ഐ അടക്കമുള്ള സ്ഥാപനങ്ങളും ഇത്തരം വെട്ടിപ്പുകൾക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP