Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികേഷ് കുമാർ തിരിച്ചെത്തുമോ? പരിചിത മുഖങ്ങൾ കൂടുമാറുമ്പോൾ നികേഷിന്റെ അഭാവം നിഴലിച്ച് മലയാളം വാർത്താചാനൽ ലോകം; ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സജീവ ചർച്ചയാക്കി സോഷ്യൽ മീഡിയ; തിരികെ എത്താൻ അഭ്യർത്ഥനകളുമായി ഫാൻസുകാർ; അക്‌ബറിന് ആകാമെങ്കിൽ നികേഷിനും ആയിക്കൂടെയെന്ന് ചോദ്യം

നികേഷ് കുമാർ തിരിച്ചെത്തുമോ? പരിചിത മുഖങ്ങൾ കൂടുമാറുമ്പോൾ നികേഷിന്റെ അഭാവം നിഴലിച്ച് മലയാളം വാർത്താചാനൽ ലോകം; ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സജീവ ചർച്ചയാക്കി സോഷ്യൽ മീഡിയ; തിരികെ എത്താൻ അഭ്യർത്ഥനകളുമായി ഫാൻസുകാർ; അക്‌ബറിന് ആകാമെങ്കിൽ നികേഷിനും ആയിക്കൂടെയെന്ന് ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളം വാർത്താചാനൽ ലോകത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വം തന്നെയാണ് എം വി നികേഷ് കുമാറിന്റേത്. ഇന്നത്തെ നിലയിലേക്ക് മലയാളികളെ വാർത്തകളിലേക്ക് അടുപ്പിച്ചതിൽ നികേഷ് കുമാറിന് നിർണ്ണായക റോൾ തന്നെയുണ്ട്. റിപ്പോർട്ടർ ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായി നികേഷ് രാഷ്ട്രീയ മോഹങ്ങളുമായി അഴീക്കോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരികെ സ്വന്തം ചാനലിന്റെ നടത്തിപ്പും മറ്റുമായി അദ്ദേഹം സജീവമായെങ്കിലും തിരികേ ഫ്രേമിലേക്ക് എത്തിയിരുന്നില്ല. റിപ്പോർട്ടർ ചാനലിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടിയായ എഡിറ്റേഴ്‌സ് അവറിൽ നികേഷിന്റെ അഭാവം ശരിക്കും നിഴലിക്കുന്നുണ്ട്. മറ്റ് ചാനലുകളിലെല്ലാം അവതാരകൻ ഉണ്ടെങ്കിലും നികേഷ് എന്ത് അഭിപ്രായം പറഞ്ഞു എന്നറിയാൻ മലയാളി താൽപ്പര്യപ്പെട്ടിരുന്നു.

അതുകൊണ്ട് തന്നെ നികേഷ് തിരികെ ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തണമെന്ന നല്ലൊരു ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്. സജീവ മാദ്ധ്യമപ്രവർത്തന രംഗത്തേക്ക് താനില്ലെന്ന് നികേഷ് നേത്തെ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ചാനൽ നടത്തിപ്പുമായി രംഗത്തുള്ളപ്പോഴും ഫ്രേമിലേക്ക് തിരിച്ചെത്താത്തത്. എന്നാൽ, ഇപ്പോൾ നികേഷ് വീണ്ടും തിരികെ ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തുമോ എന്ന ചോദ്യം പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം മലായാളം വാർത്താചാനൽ ലോകത്ത് എടുത്തുപറയാൻ പറ്റുന്ന ഒരു ഐക്കൺ ഇപ്പോൾ ഇല്ല എന്നതു തന്നെയാണ്. പലരും ചാനലുകളിൽ നിന്നും കൂടു വിട്ട് കൂടു മാറുകയാണ്. ഇങ്ങനെ കൂടുമാറ്റം സജീവമായ വേളയിലാണ് നികേഷിന്റെ അഭാവം ശരിക്കും മലയാളം വാർത്താ ചാനൽ ലോകത്ത് നിഴലിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ തീരുമാനം തിരുത്തി നികേഷ് വീണ്ടും വാർത്താ ചർച്ചകളെ നയിക്കാൻ എത്തണമെന്ന അഭ്യാർത്ഥനകൾ സജീവമാണ്.

ഇത് സംബന്ധിച്ച സോഷ്യൽ മീഡിയയിലും ചില ചർച്ചകൾ നടക്കുന്നുണ്ട്. പ്രശസ്ത മലയാളം ബ്ലോഗറും പ്രവാസിയുമായി ബഷീർ വള്ളിക്കുന്നാണ് നികേഷിന്റെ തിരിച്ചുവരവ് ചർച്ചകൾ ഫേസ്‌ബുക്കിൽ തുടങ്ങിവച്ചത്. അൽപ്പം ആക്ഷേപത്തിന്റെ ചേരുമ്പടിയോടെയാണ് ബഷീർ കാര്യം പറഞ്ഞതെങ്കിലും നികേഷ് കുമാർ തിരിച്ചുവരണമെന്ന ആഗ്രഹിക്കുന്ന നിരവധി പേർ ഇതോടെ അവരുടെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. നികേഷിന് തിരിച്ചുവരാൻ പറ്റിയ സമയാണ് ഇതെന്നും പറഞ്ഞു കൊണ്ടാണ് നിരവധി പേർ ഫേസ്‌ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയത്. നികേഷ് വീണ്ടും വാർത്താലോകത്തേക്ക് തിരിച്ചുവരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പലരും ചരിത്രത്തെ ചൂണ്ടി അഭിപ്രായപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. പലരും ഗൗരവത്തോടെ തന്നെ നികേഷിനോട് തിരിച്ചുവരാൻ അഭ്യർത്ഥിച്ചു. മീഡിയാ വണിൽ നിന്നും സനീഷും, ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും ലല്ലു ശശിധരൻ പിള്ളയും ഗോപീകൃഷ്ണനുമൊക്കെ പുതിയ ചാനലാണ് നെറ്റ്‌വവർക്ക് 18ലേക്ക് ചുവടുമാറിയിട്ടുണ്ട്. ബിജെപി അനുകൂല വിവാദം ഏഷ്യാനെറ്റ് ന്യൂസിന് കനത്ത തിരിച്ചടിയുമായി. മാതൃഭൂമിയിലെ പ്രമുഖ അവതാരകനായ വേണു ബാലകൃഷ്ണന് പഴയ ആരാധകർ ചാനൽ ലോകത്തില്ല താനും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിയാണ് പലരും നികേഷ് കുമാർ തിരികെ എത്തണമെന്ന് അഭ്യാർത്ഥിക്കുന്നത്.

നികേഷ് തിരികെ വരണമെന്ന് അഭ്യർത്ഥിച്ചുള്ള ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

സനീഷ് മീഡിയ വണ്ണിൽ നിന്ന് രാജി വച്ചു.. ലല്ലുവും ഗോപീകൃഷ്ണനും ഏഷ്യാനെറ്റിൽ നിന്ന് രാജി വച്ചു.. രാജിയോട് രാജി.. പലരും പുതിയ ചാനലുകളിലേക്ക് കൂടു മാറുമ്പോൾ ഇതുവരെ കൂടണയാത്ത നികേഷിനെ ഓർമ വരുന്നു.
നികേഷേ, നീ എവിടെപ്പോയി ഒളിച്ചിരിക്കുവാ.. പുറത്തിറങ്ങി വാ.. ഇത് ബെസ്റ്റ് ടൈം ഡാ..
ഒരു തോൽവിയൊക്കെ ആർക്കും പറ്റില്ലേ. ഒരു കിണറ്റിലൊക്കെ ആരും വീഴില്ലേ..
നിങ്ങൾക്ക് രാഷ്ട്രീയത്തേക്കാൾ നല്ലത് മാദ്ധ്യമ പ്രവർത്തനമാണ്.
'ഇറങ്ങി വാടാ.. നിന്റെ ഫാൻസാടാ പറയുന്നത്'

ബഷീർ വള്ളിക്കുന്നതിന്റെ പോസ്റ്റിന് പിന്തുണച്ച് നിരവധിപേർ അനുകൂല അഭിപ്രായം രേഖപ്പെടുത്തി. മറ്റൊരാൾ എഴുതിയത് ഇങ്ങനെ:

മലയാള വാർത്താമാദ്ധ്യമ രംഗത്തേക്ക് അഥവാ ക്യാമറയ്ക്ക് മുന്നേലേക്ക് M V നികേഷ് കുമാർ തിരിച്ചു വരണം. ദൃശ്യ മാദ്ധ്യമരംഗത്തെ ഇന്നത്തെ എല്ലാം ട്രെൻഡുകളൂം സെറ്റ് ചെയ്തത് താങ്കൾ ആണ്. ഒരുകാലത്ത് ചുണ്ടനക്കി,മൂക്കിൻ തുമ്പത്തു ഈച്ച വന്നുനിന്നാൽ പോലും അനങ്ങാതെ വാർത്ത വായിച്ചിരുന്ന അവതാരകരെ ഇപ്പോൾ കാണുന്ന ഈ നിലവാരത്തിലേക്ക് എത്തിച്ചതിൽ താങ്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോൾ ഈ രംഗത്ത് ഉള്ളവർ മികച്ചവർ തന്നെയാണെങ്കിലും താങ്കൾ പോയതിനു ശേഷം പൊതുതാല്പര്യമുള്ള വിഷയങ്ങൾ പഠിച്ചു മുന്നിൽ നിന്ന് ചർച്ച ചെയ്യാൻ ഒരാളില്ലാത്ത അവസ്ഥ സത്യത്തിൽ ഇവിടുണ്ട് .ഒരു വിഷയം പഠിച്ചുഅവതരിപ്പിച്ചു ചർച്ച ചെയ്യാനും നേരിന്റെ പക്ഷത്തു നിന്ന് എതിരാളികളെ കടിച്ചുകീറാനും താങ്കളോളം മിടുക്ക് ഇവിടെ ആർക്കും ഇല്ല. താങ്കളുടെ അസാന്നിധ്യം വല്ലാതെ ഇവിടെ ഫീൽ ചെയ്യുന്നു.

ഇടത് സർക്കാർ അധികാരത്തിൽ വരാനും പിണറായി വിജയനെ പോലെ നിലപാടുകളിൽ കരുത്തുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടാനും ഇടയായതിനു പ്രധാന കാരണങ്ങളിൽ ഒന്ന് താങ്കളുടെ ചാനൽ ചർച്ചകളും ബ്രേക്കിങ് ന്യൂസ്‌കളും ആണെന്നതിൽ തർക്കമില്ല.കേരളത്തിലെ പ്രതിപക്ഷത്തേക്കാളും അവരുടെ ടെലിവിഷൻ ചാനലിനേക്കാളും ശക്തമായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതികൾക്കെതിരെ കാമ്പെയിൻ ചെയ്തത് നികേഷും റിപ്പോർട്ടർ ചാനലുമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ നിലപാടുകൾ രൂപപ്പെടുത്തുന്നതിനു ദൃശ്യ മാദ്ധ്യമ രംഗത്തെ ചർച്ചകൾ എപ്പോഴും സഹായകരമാകാറുണ്ട് അത്തരം നിലപാടുകൾ, സോളാർ ബാർകോഴ തുടങ്ങീ അനേകം വിഷയങ്ങളിൽ സമൂഹത്തിന് എടുക്കാൻ ഈ ചർച്ചകൾ മൂലം സാധിച്ചു എന്ന് നിസ്സംശയം പറയാം.

ചിലർ ചരിത്രത്തെ ചൂണ്ടിയാണ് ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. അക്‌ബറിന് ആകാമെങ്കിൽ നികേഷിന് എന്താ തിരികെ എത്തിക്കൂടേ എന്നാണ് ഇവരുടെ ചോദ്യം. ഇതേക്കുറിച്ച് ഒരാൾ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

നികേഷ് കുമാർ മാദ്ധ്യമപ്രവർത്തന രംഗത്തേക്ക് തിരിച്ചുവരുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ആദ്യ മാദ്ധ്യമപ്രവർത്തകൻ അല്ലല്ലോ നികേഷ്. കേരളത്തിലെ പ്രമുഖരായ പല നേതാക്കളും പത്രപ്രവർത്തനവും രാഷ്ട്രീയവും സമാന്തരമായി കൊണ്ടുനടന്നവരാണല്ലോ. പ്രശസ്ത പത്രപ്രവർത്തകനായ അന്തരിച്ച ബി.ജി.വർഗീസ് 1977ലെ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അദ്ദേഹം തുടർന്നും മാദ്ധ്യമപ്രവർത്തനം നടത്തി. എം.ജെ.അക്‌ബർ 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 1991ൽ പരാജയപ്പെട്ടു. തുടർന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അഡ്‌വൈസറായി പ്രവർത്തിക്കുകയായിരുന്ന അക്‌ബർ അത് ഉപേക്ഷിച്ചാണ് മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിലിറങ്ങിയ അക്‌ബർ 2014ൽ ബിജെപിയിൽ ചേരുകയും മന്ത്രിയാവുകയും ചെയ്തു.

ഇനി നിഷ്പക്ഷത ആണ് പ്രശ്‌നമെങ്കിൽ, വീണ്ടും അവതാരം എടുക്കുന്ന ദിവസം പിണറായി സർക്കാരിനെതിരെ ഒരു വാർത്ത ചെയ്തുകൊണ്ട് തുടങ്ങാവുന്നതാണ്. അതോടെ നിഷ്പക്ഷതയ്‌ക്കെ ജനങ്ങൾ തന്നെ ചാർത്തിക്കൊടുക്കും. അതുകൊണ്ട് അക്കാര്യം ഓർത്ത് മാറി നിൽക്കേണ്ടതില്ല.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുമ്പോൾ തന്നെ നികേഷ് കുമാർ ഫ്രേമിലേക്ക് തിരിച്ചു വരുമെന്നും അത് ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്റെ മോഡലിൽ ആയിരിക്കുമെന്നും ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കം ബാക്ക് നികേഷ് കുമാർ എന്ന പേരിൽ ഹാഷ് ടാഗ് പ്രചരണവും നടക്കുന്നുണ്ട്. വാർത്തകളെ നയിക്കാൻ നികേഷ് എത്തിയിലേക്കില്ലെങ്കിലും ഡിസംബർ ആദ്യവാരം നികേഷ് ഷോ എന്ന പേരിൽ പുതിയ പരിപാടിയുമായി രംഗത്തെത്താൻ ഉദ്ദേശിക്കുന്നയാണ് അറിഞ്ഞതെന്ന് റിപ്പോർട്ടർ ടി വി കേരളാ ഫാൻസ് എന്ന ഫേസ്‌ബുക്ക് പേജിൽ പറുയന്നത്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കമോൺഡ്രാാാാ....
നികേഷ് കുമാർ തിരിച്ച് വരുന്നു.....
മലയാളം ന്യൂസ് ചാനലുകളിലെ മുൻനിരപോരാളികൾ കൂട്ടത്തോടെ അംബാനിയുടെ ചാനലിലേക്ക് കൂടിയേറിയിരിക്കുകയാണ്.ഒന്നാമനായി നിലനിന്നിരുന്ന ഏഷ്യാനെറ്റിന് പോലും ഈ കൂടുമാറ്റത്തിനിടെ ഇളക്കം സംഭവിച്ചിരിക്കുന്നു...ഇതാണ് നികേഷേ നിന്റെ സമയം..ഇനിയും വരാതിരിക്കരുത്.നികേഷ് കുമാർ സ്‌ക്രീനിന് മുന്നിലെത്തരുത് എന്നാഗ്രഹിക്കുന്നത് റിപ്പോട്ടറിനെ ഭീതിയോടെ മാത്രം നോക്കിക്കാണുന്ന മറ്റ് ചാനലുകളാണ്.നികേഷ് സ്‌ക്രീനിലേക്ക് തിരിച്ച് വരാത്തതുകൊണ്ട് നേട്ടം ഇവർക്ക് മാത്രമാണ്.ഡിസംബർ ആദ്യവാരം നികേഷ് ഷോ എന്ന പേരിൽ പുതിയ പരിപാടിയുമായി രംഗത്തെത്താൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞു.എന്തിനാണ് അത്രയും കാത്തിരിക്കുന്നത്.അങ്ങയെ എത്രയും പെട്ടെന്ന് സ്‌ക്രീനിൽ കാണാൻ എന്നെ പോലെ ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്നു.താങ്കളുടെ രാഷ്ട്രീയ എതിരാളികൾ പോലും അത് ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.അംബാനിയുടെ ചാനലിലേക്ക് ആരും പോക്കോട്ടെ നികേഷ് സ്‌ക്രീനിലുണ്ടെങ്കിൽ പ്രേക്ഷകർ പിന്നെ ഒരു കുത്തക ചാനലും കാണാൻ പോകുന്നില്ല..അതുകൊണ്ട് അടുത്ത ദിവസം തന്നെ സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു....

അതേസമയം സോഷ്യൽ മീഡിയയിൽ പല വിധത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും നികേഷ് കുമാർ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മലയാളം വാർത്താ ചാനൽ ലോകത്തെ ഇന്നത്തെ വിധത്തിലേക്ക് രൂപപ്പെടുത്തിയതിൽ നിർണ്ണായക പങ്കുള്ള നികേഷിന്റെ അഭാവം ചാനൽ ലോകത്ത് നിഴലിക്കുന്നുണ്ടെന്നത് വാസ്തവമാണ് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP