Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോം ജോസിന്റെ സ്വത്തിൽ 65 ശതമാനവും അനധികൃതമെന്ന് വിജിലൻസ്; പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് ഒരു കോടി 19 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യം; മൊത്തം സമ്പാദ്യം 2 കോടി 39 ലക്ഷം രൂപ; പരിശോധിക്കുന്നത് 2010 മുതലുള്ള കണക്കുകൾ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വിജിലൻസ് തീരുമാനം

ടോം ജോസിന്റെ സ്വത്തിൽ 65 ശതമാനവും അനധികൃതമെന്ന് വിജിലൻസ്; പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് ഒരു കോടി 19 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യം; മൊത്തം സമ്പാദ്യം 2 കോടി 39 ലക്ഷം രൂപ; പരിശോധിക്കുന്നത് 2010 മുതലുള്ള കണക്കുകൾ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വിജിലൻസ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന് അനധികൃത സമ്പാദ്യമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് വിജിലൻസ് ഇന്ന് അദ്ദേഹത്തിന്റെ വസതികളിൽ റെയ്ഡിന് ഇറങ്ങിയത്. അദ്ദേഹത്തിന്റെ ആറ് വർഷത്തെ സമ്പാദ്യത്തിന്റെ പകുതിയിൽ ഏറെയും അനധികൃതമാണെന്ന് വ്യക്തമായതോടെയാണ് വിജിലൻസ് വലവിരിച്ചത്. എഫ്‌ഐആറിൽ പറയുന്നത് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ടോം ജോസിന്റെ സ്വത്തിന്റെ 65 ശതമാനവും അനധികൃതമാണെന്നാണ് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ നൽകിയ എഫ്‌ഐആറിൽ പറയുന്നു. പ്രത്യക്ഷത്തിലുള്ള ഈ പൊരുത്തക്കേടുകൾക്ക് ഉത്തരം പറയുക ടോം ജോസിന് വിഷമകരമാകും.

ടോം ജോസിന് 1 കോടി 19 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 2010 മുതലുള്ള കണക്കുകൾ പരിശോധിച്ച ശേഷമാണ് വിജിലൻസിന്റെ നടപടികളിലേക്ക് കടന്നത്. ഈ ആറ് വർഷത്തെ കാലയളവിൽ ഒരു കോടി 91 ലക്ഷത്തിന്റെ സമ്പാദ്യമാണ് അദ്ദേഹത്തിന് ഉള്ളത്. ഇതിൽ 72 ലക്ഷം രൂപയുടെ ചെലവാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ടോം ജോസിന്റെ മൊത്തം സമ്പാദ്യം 2 കോടി 39 ലക്ഷമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റെജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഈ സ്വത്തിൽ അസ്വാഭാവികയില്ലെന്നാണ് ടോം ജോസിന്റെ പക്ഷം.

കോട്ടയം രാമപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ അടക്കം അഞ്ചിടത്താണ് വിജിലൻസ് റെയ്ഡ് നടത്തിയിരിക്കുന്നത്. ടോം ജോസിന്റെ എറണാകുളം തിരുവനന്തപുരം നഗരങ്ങളിലെ ഫ്‌ലാറ്റുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. വൈകുന്നേരം വരെ പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറയിലെ ഫ്ളാറ്റിലും കലൂരിലെ ഫ്‌ലാറ്റിലും ഒരേ സമയത്താണ് വിജിലൻസ് റെയ്ഡിനായി എത്തിയത്. എന്നാൽ എറണാകുളത്ത് 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ടോം ജോസിന്റെ ഭാര്യ തൃശ്ശൂരിൽ നിന്നും ഫ്‌ലാറ്റിന്റെ താക്കോലുമായി കൊച്ചിയിൽ എത്തിയ ശേഷം മാത്രമാണ് റെയ്ഡ് നടപടികൾ ആരംഭിച്ചത്.

രണ്ടു വർഷം മുൻപ് വിജിലൻസ് പരിശോധന നടത്തിയ സർക്കാർ അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ സർക്കാറിന് ടോം ജോസ് പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ കേസുകളിൽ അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിജിലൻ്‌സ നടപടിയിൽ ഇടതു സർക്കാറിന്റെ താൽപ്പര്യം കൂടി പ്രതിഫലിക്കുന്നുണ്ട്. 

പരിശോധനക്ക് പിന്നാലെ ടോം ജോസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കുകൾക്ക് വിജിലൻസ് കത്ത് നൽകി. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കേണ്ടതുള്ളതിനാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നാണ് വിജിലൻസ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാന ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് കൂടായാണ് ടോം ജോസ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ തലത്തിൽ വിജിലൻസിനെതിരെ കടുത്ത വിമർശനം ഉർന്നുവരാനും സാധ്യതയുണ്ട്. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ തന്നെ നിരവധി ആരോപണങ്ങളാണ് ടോം ജോസിനെതിരെ ഉയർന്നിട്ടുള്ളത്. ചവറയിലെ കെ.എം.എം.എൽ ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ടോം ജോസിനെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മഗനീഷ്യം വാങ്ങിയ വകയിൽ വൻതിരിമറി നടന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.

ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നൽകിയാണ് മഗ്‌നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തൽ. അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇടെൻഡർ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെ.എം.എം.എൽ ലംഘിച്ചുവെന്നും ആരോപണമുയർന്നിരുന്നു.മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയിൽ 60 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ചും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് ടോം ജോസ് മഹാരാഷ്ട്രയിൽ ഭൂമി വാങ്ങിയത്. മഹാരാഷ്ട്രയിൽ നടന്ന ഭൂമിയിടപാടിൽ നിരവധി ദുരൂഹതകൾ അവശേഷിക്കുന്നുണ്ട്.

ഭൂമി വാങ്ങുന്നതിന് ലഭിച്ച പണത്തിന്റെ ഉറവിടം വ്യക്തമല്ല. സന്തോഷ് നകുൽ ദുമാസ്‌ക്കർ എന്ന കൂലിപ്പണിക്കാരനാണ് ഭൂമി വിറ്റതായി രേഖകളിൽ കാണുന്നത്. ഇയാൾ ബിനാമിയാണെന്നാണ് കരുതപ്പെടുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഭൂമി വാങ്ങുമ്പോൾ അക്കാര്യം സർക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പണത്തിന്റെ സ്രോതസ്സും കാണിക്കണം. എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം തേടിയിരുന്നു. അമേരിക്കയിൽ ആയിരുന്നതിനാലും തന്റെ ഔദ്യോഗിക തിരക്കുകളാലും മുൻകൂർ അനുവാദം വാങ്ങാൻ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നൽകിയ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP