Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറം ചുവപ്പാണെങ്കിലും ഗുണം കാവിയുടേതു തന്നെ! പൂജയും ആരതിയും ഒക്കെ ഗുണം ചെയ്തു! ഹിന്ദു സ്നേഹിയായ ട്രംപിന്റെ വിജയത്തിൽ ആഹ്ലാദിച്ചു സംഘപരിവാർ; അമേരിക്കയിലും ബിജെപിക്കാരൻ പ്രസിഡന്റ് ആയതിന്റെ ആഹ്ലാദത്തിൽ സോഷ്യൽ മീഡിയ

നിറം ചുവപ്പാണെങ്കിലും ഗുണം കാവിയുടേതു തന്നെ! പൂജയും ആരതിയും ഒക്കെ ഗുണം ചെയ്തു! ഹിന്ദു സ്നേഹിയായ ട്രംപിന്റെ വിജയത്തിൽ ആഹ്ലാദിച്ചു സംഘപരിവാർ; അമേരിക്കയിലും ബിജെപിക്കാരൻ പ്രസിഡന്റ് ആയതിന്റെ ആഹ്ലാദത്തിൽ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ അധികാര കസേരിയിലേക്ക് ട്രംപ് നടന്നെത്തുമെന്ന് ആരും കരുതിയില്ല. ഹിലരി ക്ലിന്റണ് തന്നെയായിരുന്നു സർവ്വേകളെല്ലാം മുൻതൂക്കം നൽകിയത്. ഇതോടെ ഇന്ത്യയിലെ സംഘപരിവാർ നിരാശയിലുമായി. ട്രംപിന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചവർ ഇതോടെ പ്രാർത്ഥനകളിലായി. നേർച്ചകൾ നേർന്നു. എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കൻ നേതാക്കളുടെ നേതൃത്വത്തിൽ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച പരിവാറുകാരനായിരുന്നു അവർക്ക് ട്രെംപ്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ കൊടിയുടെ നിറം ചുവപ്പാണ്. പക്ഷേ ട്രംപിനെ പിന്തുണയ്ക്കാൻ ഈ ചുവപ്പ് നിറം പിരവാറുകാർക്ക് തടസ്സമായില്ല. ചാനൽ ചർച്ചകളിൽ കോൺഗ്രസും ഇടതുപക്ഷവുമെല്ലാം ഹിലരിയുടെ വിജയത്തിനായി ആർപ്പുവിളിച്ചു. ഇവിടെ ചർച്ചയെക്കെത്തിയ ബിജെപിക്കാർ അപ്പോഴെല്ലാം നിശബ്ദരായി. ആരേയും അവർ പിന്തുണച്ചില്ല. മോദിയും ബരാക് ഒബാമയുമായുള്ള നല്ലബന്ധം ഹിലരിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഇതോടെ തെറ്റി. ചർച്ചകളിൽ ഒന്നും പറയാതിരുന്നവർ തങ്ങളുടെ സ്ഥാനാർത്ഥി ട്രംപാണെന്ന് പറയാതെ പറയുകയായിരുന്നു. ഇത് ശരിവച്ചായിരുന്നു പുറത്ത് സംഘപരിവാർ സംഘടനകൾ മൗനം പാലിച്ചത്. ഇപ്പോഴിതാ ട്രംപ് വിജയിയാകുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രംപിനെ ആവേശത്തോടെ അഭിനന്ദിക്കുകയാണ് സംഘപരിവാറുകാർ.

അമേരിക്കയും ബിജെപി പിടിച്ചുവെന്ന് പോലും കമന്റുകളെത്തുന്നു. മോദിയുടെ നേട്ടം അമേരിക്കയിൽ ട്രംപ് ആവർത്തിച്ചുവെന്നാണ് അവരുടെ ആവേശം. ഏതായാലും വിജയിയായ ട്രംപ് ഇന്ത്യയേയും ആർ എസ് എസിനേയും തള്ളിപ്പറയില്ലെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു ലോകനേതാവ് ഹിന്ദുത്വത്തെ തുറന്ന മനസോടെ പിന്തുണച്ചത്. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി ട്രംപ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് തന്നെയാണ് ട്രംപിന്റെ വിജയം സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കാൻ പരിവാറുകാരെ പ്രേരിപ്പിക്കുന്നതും. അമേരിക്കൻ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കുമെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.. ന്യൂജഴ്സിയിൽ നടന്ന അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവകാരുണ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യാഥാർത്ഥത്തിൽ ഈ പരിപാടിക്ക് പിന്നിലും സംഘപരിവാർ സംഘടനകളായിരുന്നു.

ഇന്ത്യൻ വോട്ടർമാരുടെ മനസ്സ് ട്രംപിന് അനുകൂലമാക്കാനുള്ള തന്ത്രമായിരുന്നു ഈ പരിപാടി. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഇരുരാജ്യങ്ങൾക്കും ആശ്ചര്യകരമായ ഭാവിയാണ് ഉള്ളതെന്നു പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്‌ത്തി. വലിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ മോദി ഇന്ത്യയെ വളർച്ചയുടെ പാതയിൽ എത്തിച്ചിരിക്കുകയാണ്. മോദിയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണ്. ട്രംപ് ഭരണത്തിൽ ഇന്ത്യയും ഇന്ത്യക്കാരും വൈറ്റ് ഹൗസിന്റെ യഥാർഥ മിത്രങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചിട്ടുണ്ട്. താൻ പ്രസിഡന്റായാൽ ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി രഹസ്യങ്ങൾ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിനേക്കാൾ എല്ലാം സംഘപരിവാറുകാരെ ആഘോഷത്തിലാക്കിയത് ട്രംപിന്റെ ഈ വാക്കുകളായിരുന്നു. താൻ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ വൈറ്റ്ഹൗസിൽ ഇരുന്നുകൊണ്ട് ഹിന്ദു സമൂഹത്തിന്റെയും ഇന്ത്യയുടെയും യഥാർത്ഥ സുഹൃത്തായി നിലകൊള്ളും. താൻ 19 മാസം മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇനിയും ഒരുപാടൊരുപാട് തവണ ഇന്ത്യ സന്ദർശിക്കണമെന്ന് പ്രതീക്ഷിക്കുന്നുഡൊണാൾഡ് ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെയും ട്രംപ് പ്രശംസിച്ചു. 26/11 അടക്കമുള്ള പല ആക്രമണങ്ങളിലൂടെയും ഭീകരവാദത്തിന്റെ ക്രൂരമുഖം ഇന്ത്യ കണ്ടതാണ്. മുംബൈ സിറ്റി തനിക്ക് വളരെ ഇഷ്ടമാണ്. ഇവിടെ നടന്ന ഭീകരാക്രമണം നിഷ്ഠൂരമാണെന്നും 5,000ത്തോളം ഇന്ത്യക്കാർ പങ്കെടുത്ത ചടങ്ങിൽ ട്രംപ് പറഞ്ഞു. ഇത് കൂടിയായപ്പോൾ ട്രംപും സംഘപരിവാരുകാരനായി. പരിവാറുകാർ ജയത്തിനായി പൂജയും പ്രാർത്ഥനയും തുടങ്ങി.

ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്നി പൂജ. ലോകത്തെ 'ഇസ്ലാമിക് ഭീകരത'യിൽ നിന്ന് രക്ഷിക്കാൻ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ. ഡൽഹിയിലെ ജന്തർമന്തറിൽ ആണ് പൂജ നടന്നത്. ഡൊണാൾഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാൽ ഇസ്ലാമിക ഭീകരത അവസാനിക്കും. ഞങ്ങൾ ട്രംപിനെ സ്നേഹിക്കുന്നുവെന്നും പ്രവർത്തകർ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദു സേന നേരത്തെ ട്രംപിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ഇതെല്ലാം നടന്നത് ഹിന്ദുത്വത്തെ ട്രംപ് പുകഴ്‌ത്തുന്നത് മുമ്പായിരുന്നു. എന്നാൽ ഹൈന്ദവതയെ പുകഴ്‌ത്തിയതോടെ പൂജകൾ ക്ഷേത്രങ്ങളിലേക്ക് മാറ്റി. എങ്ങനേയും ട്രംപ് ശത്രുനിഗ്രഹം തെരഞ്ഞെടുപ്പിൽ നടത്തണമെന്ന ആഗ്രഹം തന്നെയായിരുന്നു ഇതിന് കാരണം.

മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് ട്രംപിന്റെ ചിത്രംവച്ച് പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയത്. അമേരിക്കയിൽ താമസമാക്കിയ മുംബൈ സ്വദേശികളാണ് പൂജ നടത്താനായി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞിരുന്നു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉൾപ്പെടെയുള്ളവയാണ് നടത്തിയത്. ഇന്ത്യയുമായുള്ള അടുപ്പത്തിനും ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡോണൾഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവർ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു. ഇതിന് പിറകിലും സംഘപരിവാർ അനുയായികളായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP