Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടനിലും ശരണ ശംഖൊലി; മണ്ഡല കാല ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജ; വൃതാവസാനം ബാലാജി ക്ഷേത്രത്തിൽ കെട്ടുനിറയും ശബരിമല യാത്രയും; അയ്യപ്പ ഗാനസുധക്ക് നേതൃത്വം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദൻ

ബ്രിട്ടനിലും ശരണ ശംഖൊലി; മണ്ഡല കാല ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജ; വൃതാവസാനം ബാലാജി ക്ഷേത്രത്തിൽ കെട്ടുനിറയും ശബരിമല യാത്രയും; അയ്യപ്പ ഗാനസുധക്ക് നേതൃത്വം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദൻ

പ്രത്യേക ലേഖകൻ

ലണ്ടൻ: ദക്ഷിണേന്ത്യ ഇനിയുള്ള നാളുകളിൽ ശരണ മന്ത്രങ്ങളാൽ നിറയുമ്പോൾ അതിന്റെ അലയൊലി കടൽ താണ്ടി ബ്രിട്ടനിലും എത്തുന്നു. മനസും ശരീരവും നിർമ്മലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മണ്ഡല കാല വൃത പുണ്യം നേടി അയ്യപ്പ ഭക്തർ വൃശ്ചിക പുലരിയെ കൺകുളിർ വരവേറ്റതോടെ 41 ദിവസത്തെ വ്രതകാലത്തിനു യുകെയിലും തുടക്കമായി. പതിവ് പോലെ ഇത്തവണയും അനേകം സ്ഥലങ്ങളിൽ അയ്യപ്പ പൂജ ഒരുക്കിയാണ് ഭക്തർ മണ്ഡല കാലം പൂർത്തിയാകുന്നത്. ജാതി മത ഭേദമെന്യേ സർവരും ആരാധിക്കുന്ന ഹൈന്ദവ സങ്കൽപ്പം എന്ന നിലയിൽ അയ്യപ്പ സ്വാമിയും ശബരിമല ക്ഷേത്രവും കേരളത്തിലെ മതേതര സങ്കൽപ്പത്തിന്റെ ഭാവമായി നിലകൊള്ളുമ്പോൾ യുകെയിലെ അയ്യപ്പ പൂജയിലും മത ഭേദമന്യേ മലയാളികൾ പങ്കെടുക്കുന്നു എന്നതും പ്രത്യേകതയാണ്. ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിൽ ഉപ ദേവത പ്രതിഷ്ടയായി അയ്യപ്പ ക്ഷേത്രം യാഥാർഥ്യമായതിനാൽ ഇക്കുറി മലയാളികളുടെ നേതൃത്വത്തിൽ വിപുലമായ തോതിൽ മുദ്ര നിറച്ചു ഇരുമുടി താങ്ങി പ്രതീകാൽമക ശബരിമല യാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്നു ബർമിങ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് കുമാർ അറിയിച്ചു. മുൻ വർഷങ്ങളിൽ തമിഴ്, തെലുങ്ക് ഭക്തരുടെ നേതൃത്വത്തിൽ നടന്ന മണ്ഡലാപൂജയിൽ ഇത്തവണ യുകെയിലെ മുഴുവൻ ഹൈന്ദവ വിശ്വാസികളുടെയും സാന്നിധ്യം ലഭ്യമാക്കാൻ ഉള്ള പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നതെന്നു രണ്ടു വർഷമായി അയ്യപ്പ പൂജയുടെ മുൻനിര സംഘാടകൻ കൂടിയായ ന്യൂകാസിൽ ഹിന്ദു സമാജം പ്രവർത്തകൻ ജിബി ഗോപാലനും വ്യക്തമാക്കി.

പ്രധാനമായും ബർമിങ്ഹാം, കവൻട്രി, ന്യൂകാസിൽ, കെന്റ , ലണ്ടൻ, ഡോർസെറ്റ് , ഹേവാർഡ് ഹീത്, മിൽട്ടൺ കെയിൻസ്, മാഞ്ചസ്റ്റർ, ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ ഇതിനകം താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതീകാൽമക ശബരിമല യാത്രയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നതിനാൽ മലയാളികളായ ഭക്തർ ക്ഷേത്രം ഭാരവാഹികളെയോ ബർമിങ്ഹാം, കവൻട്രി ഹിന്ദു സമാജം ഭാരവാഹികളെയോ ബന്ധപ്പെടേണ്ടത് ആണെന്നും ഇരുവരും അറിയിച്ചു. ഇരുമുടിക്കെട്ടും നെയ്‌ത്തേങ്ങയും അടക്കമുള്ള പൂജ വസ്തുക്കളും ഭക്തർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്. ഈ വർഷത്തെ മണ്ഡലകാല സമാപനമായ ഡിസംബർ 25 നാണു ബാലാജി ക്ഷേത്ര സന്നിധിയിലെ പ്രസിദ്ധമായ അയ്യപ്പ പൂജയും സംഘടിപ്പിച്ചിരിക്കുന്നത്. ബാലാജി ക്ഷേത്ര സന്നിധിയിൽ നിന്നും ഇരുമുടി നിറച്ചു 30 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര മൈതാനി ചുറ്റിയാണ് പ്രതീകാൽമക ശബരിമല യാത്ര അയ്യപ്പ സന്നിധിയിൽ എത്തിച്ചേരുക. തുടർന്ന് പടിപ്പൂജയും ശ്രീകോവിൽ അടച്ചുള്ള മണ്ഡലപൂജയും നടക്കും. ഒപ്പം നെയ് അഭിഷേകവും ഭക്തർക്ക് സായൂജ്യമായി മാറും.

ഇത്തവണ ബാലാജി സന്നിധിയിൽ മലയാളികളുടെ നേതൃത്വത്തിൽ മണ്ഡല പൂജയുടെ ഭാഗമായി മണിക്കൂറുകൾ നീളുന്ന സംഗീത ആരാധനയും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളികൾക്കിടയിൽ പ്രമുഖരായ പാട്ടുകാരും അയ്യപ്പ ഗാനങ്ങളുമായി എത്തുമ്പോൾ അവർക്കു നേതൃത്വം നൽകി മലയാളികളെ ഒരിക്കലും മറക്കാത്ത പാട്ടുകൾ പാടി ആനന്ദിപ്പിച്ച സാക്ഷാൽ ബ്രഹ്മാനന്ദന്റെ മകനും പുത്തൻ പാട്ടുകാരിലെ മുൻ നിര ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ തന്നെ ഗാനപൂജക്കു നേതൃത്വം നൽകാൻ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നിരവധി അയ്യപ്പ ഗാനങ്ങളുമായി ഇതിനകം അയ്യപ്പ ഭക്തരുടെ പ്രിയ ഗായകനാകാൻ കഴിഞ്ഞ രാകേഷിനു ഗാനരംഗത്തു ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ വർഷം കൂടിയാണ് കൊഴിഞ്ഞു പോകുന്നത്. ജവാൻ ഓഫ് വെള്ളിമലയും മാഡ് ഡാഡും അടക്കമുള്ള ചിത്രങ്ങളിലൂടെ ഗാനരംഗത്തു കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞ രാകേഷ് അയ്യപ്പ സ്വാമിക്ക് നടത്തുന്ന വഴിപാടായി മാറും യുകെ യിലെ മണ്ഡല പൂജയെന്നു ജിബി ഗോപാലൻ പറയുന്നു.

അതിനിടെ വിവിധ ഹിന്ദു സമാജങ്ങൾ യുകെയിൽ അയ്യപ്പ പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. പ്രധാനമായും ബ്രിസ്റ്റോൾ, കേംബ്രിജ് , നോർവിച്ച്, ഡോർസെറ്റ്, ക്രോയിഡോൺ, ഹേവാർഡ് ഹീത്, നോട്ടിങ്ഹാം, ഡെർബി, മാഞ്ചസ്റ്റർ, കെന്റ് എന്നിവിടങ്ങളിലൊക്കെ ഇത്തവണയും പതിവ് പോലെ അയ്യപ്പ പൂജക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ശരണം വിളിയുടെ നിർവൃതിയിൽ അയ്യപ്പ സാന്നിധ്യം വഴി മനഃശാന്തി കണ്ടെത്താൻ ഉള്ള ശ്രമമാണ് ഓരോ അയ്യപ്പ പൂജയും ലക്ഷ്യമിടുന്നത്. കലിയുഗവരദനും ശനീശ്വരനുമായ ഭഗവൻ അയ്യപ്പനു കാണിക്കയായി ഒരുക്കുന്ന മണ്ഡല പൂജ ചടങ്ങുകളിൽ നൂറു കണക്കിന് ഭക്തരാണ് ഓരോ വർഷവും പങ്കെടുക്കുന്നത്.

ഏറെ വർഷങ്ങളായി നടന്നു വരുന്ന അയ്യപ്പ പൂജ എന്ന നിലയിൽ ബ്രിസ്റ്റോൾ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഈ ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ 9 വരെ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിൽ ഈ വർഷത്തെ ആദ്യ അയ്യപ്പ പൂജയും ബ്രിസ്റ്റോളിലേതു തന്നെ ആയിരിക്കും. ബാത്ത്, ഗ്ലോസ്റ്റർ, ചെൽറ്റനാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ബ്രിസ്റ്റോൾ അയ്യപ്പ പൂജയിൽ പങ്കാളികളാകും. ഗണപതി പൂജ, ഭഗവതി പൂജ, ശാസ്താ കലശ പൂജ, വിളക്ക് പൂജ, ശാസ്ത്രീയ സംഗീതം എന്നിവയോടെയാണ് അയ്യപ്പ പൂജ ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കിഷൻ പയ്യനാ, സെൽവരാജ് രഘുവരൻ, വർമ്മ സഞ്ജീവ് എന്നിവരാണ് അയ്യപ്പ പൂജക്ക് ചുക്കാൻ പിടിക്കുന്നത്.

ഈ മാസം 26 നു കെന്റിൽ ഹിന്ദു സമാജം പ്രവർത്തകർ ഹിന്ദു മന്ദിറിൽ പതിവ് പോലെ അയ്യപ്പ പൂജ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേത്യൻ വംശജരുടെ സാന്നിധ്യത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ പടിപൂജ, അന്നദാനം, അയ്യപ്പ സഹസ്രനാമം, അഷ്‌ട്ടോത്തര പൂജ, നീരാഞ്ജനം, താലപ്പൊലി, നെയ്യഭിഷേകം എന്നിവയൊക്കെയായി ശബരിമലയിലെ ചടങ്ങുകൾ ഏറെക്കുറെ പൂർണ്ണമായും പാലിക്കപെടുന്നു എന്നതും പ്രത്യേകതയാണ്. വിളക്കുപൂജയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ നിലവിളക്കു, പൂജ പുഷ്പ്പം, നാളികേരം എന്നിവ കരുതണമെന്നും സംഘാടകർ പറയുന്നു.

ഡോർസെറ്റ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ അടുത്ത മാസം മൂന്നിന് ആദ്യ ശനിയാഴ്ച ആയിരിക്കുമെന്ന് ഭാരവാഹിയായ മനോജ് പിള്ള അറിയിച്ചു. താലപ്പൊലി, അയ്യപ്പ ഭജൻ, വിളക്ക് പൂജ, പടിപൂജ, അന്നദാനം എന്നിവയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കുക. നൂറിലേറെ അയ്യപ്പ ഭക്തരുടെ സാന്നിധ്യമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. വിളക്കുപൂജയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ നിലവിളക്കു, പൂജ പുഷ്പ്പം, നാളികേരം എന്നിവ കരുതണമെന്നും സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP