Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട്ടെ കേരള കൗമുദിയുടെ 30 കോടി രൂപ വിലയുള്ള ഭൂമി കല്ല്യാൺ സിൽക്‌സിന് വിറ്റത് 12 കോടിക്ക്; തങ്ങൾ അറിയാതെ വിറ്റെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും; കള്ളപ്പണത്തിന് തടയിടാൻ മോദി നോട്ട് പിൻവലിച്ചതിന് പിന്നാലെ മുത്തശ്ശി പത്രവും വ്യവസായ ഭീമനും തമ്മിൽ നടത്തിയ ഇടപാട് വിവാദമാകുമ്പോൾ

കോഴിക്കോട്ടെ കേരള കൗമുദിയുടെ 30 കോടി രൂപ വിലയുള്ള ഭൂമി കല്ല്യാൺ സിൽക്‌സിന് വിറ്റത് 12 കോടിക്ക്; തങ്ങൾ അറിയാതെ വിറ്റെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും; കള്ളപ്പണത്തിന് തടയിടാൻ മോദി നോട്ട് പിൻവലിച്ചതിന് പിന്നാലെ മുത്തശ്ശി പത്രവും വ്യവസായ ഭീമനും തമ്മിൽ നടത്തിയ ഇടപാട് വിവാദമാകുമ്പോൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത് നിയമവിരുദ്ധമായ ഇടപാടുകൾ പൂർണമായും തടയാനാണ്്. ഇനി ആധാരത്തിൽ വിലകുറച്ച് ആരും വസ്തുവിൽക്കില്ല എന്നൊക്കെയായിരുന്നു അവകാശ വാദങ്ങൾ. പത്രങ്ങൾ മുഖപ്രസംഗങ്ങളും ലേഖനവുമെഴുതി വാർത്തയ്ക്ക് പുതിയ തലം നൽകി. കറൻസി നിരോധനം വന്നതോടെ കാശ് മാറ്റാൻ ക്യൂനിന്ന് ജനം വലഞ്ഞു. ഇതിനിടെയിലാണ് കോഴിക്കോട്ടെ വസ്തുകച്ചവടം വാർത്തയാകുന്നത്. അതും കേരളത്തിലെ മുത്തശ്ശി പത്രങ്ങളിലൊന്നായ കേരള കൗമുദിയുടെ വസ്തു ഇടപാട്. വാങ്ങിയത് കല്ല്യാൺ സിൽക്‌സും.

അതിരൂക്ഷമായ തർക്കമായിരുന്നു കേരള കൗമുദി നടത്തിപ്പിനെ ചൊല്ലി ഈ അടുത്ത കാലം വരെ. അതിനിടെയാണ് ഈ വാർത്തയും. ഡയറക്ടർ ബോർഡ് അംഗങ്ങൾ അറിയാതെ കേരള കൗമുദിയുടെ സ്വത്ത് വിറ്റുവെന്നാണ് ആക്ഷേപം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപമുള്ള കേരളകൗമുദി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഇരുപത് സെന്റ് സ്ഥലമാണ് വിൽപന നടത്തിയത്. പന്ത്രണ്ട് കോടി രൂപയ്ക്കാണ് വില്പന. ഇതിലാണ് അസ്വാഭാവികത നിലനിൽക്കുന്നത്. കല്ല്യാൺ സിൽക്‌സ് സ്വന്തമാക്കിയ ഈ ഭൂമി കോഴിക്കോട്ടെ കണ്ണായ സ്ഥലമാണ്. ഇവിടെ സെന്റിന് കുറഞ്ഞത് ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും വിലവരും. അതായത് ഇത്രയും വസ്തു വിറ്റാൽ കുറഞ്ഞത് 30 കോടിയെങ്കിലും കേരള കൗമുദിക്ക് ലഭിക്കും. പക്ഷേ ആധാരം ചെയ്തത് 12 കോടിക്കും.

കേരള കൗമുദി സ്ഥാപകനായ പത്രാധിപർ സുകുമാരന്റെ നാല് മക്കൾക്ക് അവകാശപ്പെട്ട സ്വത്താണിത്. എം എസ് മണി, എംസ് മധുസൂദനൻ , എം എസ് ശ്രീനിവാസൻ, എം എസ് രവി എന്നിവരാണ് സുകുമാരന്റെ മക്കൾ. ഇവർക്കിടയിൽ കൗമുദിയുമായി ബന്ധപ്പെട്ട അവകാശ തർക്കം രൂക്ഷമായിരുന്നു. ഇതിനിടെ എംഎസ് മണി തന്റെ ഷെയറുകളിൽ ബഹുഭൂരിഭാഗവും വേണ്ടെന്ന് വച്ച് കലാകൗമുദിയുമായി പോയി. പക്ഷേ ഇപ്പോഴും നാമമാത്രമായ ഷെയറുകൾ മണിക്കുണ്ടെന്നാണ് സൂചന. എന്നാൽ എംഎസ് മധുസൂദനൻ, എം എസ് ശ്രീനിവാസൻ എന്നിവർക്ക് കാര്യമായ ഓഹരി ഇപ്പോഴും ഉണ്ട്. ഇതിൽ എംഎസ് മധുസൂദനനും ഏറെക്കാലം എംഡിയായിരുന്ന എംഎസ് ശ്രീനിവാസനും നിര്യാതരായതോടെ ഇവരുടെ അനന്തരാവകാശികൾക്കാണ് അവകാശം.

അതുകൊണ്ട് തന്നെ കോഴിക്കോട്ടെ ഭൂമിയിൽ എല്ലാവരുടെയും രേഖാമൂലമുള്ള അനുമതിപ ത്രമില്ലാതെ വില്പന സാധ്യമല്ല. പിന്നെങ്ങനെ വിൽപ്പന നടന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇതിൽ എംഎസ് രവിയുടെ മകനായ ദീപു രവിയാണ് കല്യാൺ സിൽക്ക്‌സിന്റെ ടി പി സീതാറാമന് ഈ ഭൂമി കൈമാറിയത്. നിലവിൽ കേരള കൗമുദിയുടെ നേതൃത്വം ദീപു രവിക്കാണ്. ദൈനംദിന കാര്യങ്ങളും അദ്ദേഹമാണ് ചെയ്യുന്നത്. എന്നാൽ ഭൂമി വിൽപ്പനയ്ക്ക് ഇത് പോരെന്നാണ് എംഎസ് മണിയുടേയും എംഎസ് മധുസൂദനന്റേയും മക്കളുടെ നിലപാട്. അതുകൊണ്ട് കൊണ്ട് തന്നെ സീതാരാമന് ഭൂമി വിറ്റത് നിയമപരമായി ചോദ്യം ചെയ്യാനാണ് സാധ്യത. മധുസൂദനന്റെ മക്കൾ അമേരിക്കയിലാണ് ഉള്ളത്. ഇതു സംബന്ധിച്ച നിയമവശങ്ങൾ അവർ തേടി തുടങ്ങിയതായാണ് അറിയുന്നത്.

നെല്ലിക്കോട് വില്ലേജ് ഓഫീസിൽ ഇതുസംബന്ധിച്ച രേഖകൾ ഇന്നലെയാണ് രജിസ്റ്റർ ചെയ്തത്. സ്വത്തിനെ ചൊല്ലി ഏറെക്കാലമായി കേരള കൗമുദിയിൽ തർക്കം തുടങ്ങിയിട്ട്. ഇതിന് പുതിയ മാനം നൽകുന്നതാണ് കോഴിക്കോട്ടെ ഭൂമി വിൽപ്പന. 1911ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരനും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. നിലവിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നുണ്ട്.

സുകുമാരന്റെ മക്കളിലേക്ക് പത്രത്തിന്റെ നിയന്ത്രണം എത്തി കുറച്ചുകാലം കഴിഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു. ഇതിനിടെ കേരള കൗമുദിയുടെ പേരിൽ ചാനലും തുടങ്ങി. ദീപു രവിയാണ് ചാനലിന് നേതൃത്വം നൽകുന്നത്. ചാനൽ വമ്പൻ നഷ്ടത്തിലാണെന്നും ഇത് നികത്താനാണ് കേരള കൗമുദിയുടെ ഭൂമി വിൽക്കുന്നതെന്നുമാണ് സംസാരം. ഈ സാഹചര്യത്തിൽ കോഴിക്കോട്ടെ ഭൂമി വിൽപ്പനയിലെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP