Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലബാർ ക്യാൻസർ സെന്ററിലെ പ്യൂണായ കോടിയേരിയുടെ ഭാര്യാസഹോദരനെ സർക്കാർ സ്ഥാപനത്തിന്റെ എംഡിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിക്കുമ്പോൾ; അളിയനെ നിയമിക്കാൻ കോടിയേരി ലക്ഷ്യമിട്ട പദവിയിൽ ശ്രീമതിയുടെ മകനെ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമായി: കുഞ്ഞാലിക്കുട്ടി-കോടിയേരി ബന്ധം സിപിഎമ്മിൽ ചർച്ചയാക്കാൻ ഉറച്ച് ഇ പി

മലബാർ ക്യാൻസർ സെന്ററിലെ പ്യൂണായ കോടിയേരിയുടെ ഭാര്യാസഹോദരനെ സർക്കാർ സ്ഥാപനത്തിന്റെ എംഡിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിക്കുമ്പോൾ; അളിയനെ നിയമിക്കാൻ കോടിയേരി ലക്ഷ്യമിട്ട പദവിയിൽ ശ്രീമതിയുടെ മകനെ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമായി: കുഞ്ഞാലിക്കുട്ടി-കോടിയേരി ബന്ധം സിപിഎമ്മിൽ ചർച്ചയാക്കാൻ ഉറച്ച് ഇ പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും ഇപി ജയരാജനു രാജി വെയ്‌ക്കേണ്ടി വന്നത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ മൂലമാണെന്ന ആരോപണം സജീവമാകുന്നു. പാർട്ടി സെക്രട്ടറിയ്‌ക്കെതിരെ ഇ പി ജയരാജൻ അടുപ്പക്കാരോട് ഇക്കാര്യം തുറന്നു സംസാരിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകി. കോടിയേരിയുടെ ഭാര്യാ സഹോദരനും കൊല്ലം യൂണൈറ്റഡ് ഇലക്ട്രിക്കൽസ് എം ഡിയുമായ വിനയകുമാറിനെ ചൊല്ലിയാണ് തർക്കം ചൂടു പിടിച്ചത്. യാതൊരു യോഗ്യതയുമില്ലാത്ത വിനയകുമാറിനെ മാറ്റി നിയമിക്കാൻ കണ്ടെത്തിയ തസ്തികകളിൽ ഒന്നിൽ ശ്രീമതിയുടെ മകനെ നിയമിച്ചതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ച പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മറുനാടൻ മലയാളിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു.

സോളാറും ബാർകോഴയും അടക്കമുള്ള വിഷയങ്ങളിൽ എൽഡിഎഫും, യുഡിഎഫും വൻ യുദ്ധം നടത്തി കൊണ്ടിരുന്നപ്പോഴും രണ്ട് മുന്നണികളും ചേർന്നുള്ള കൂട്ടുകച്ചവടം ശക്തമായിരുന്നു എന്നു തെളിയിക്കുന്നതാണ് മറുനാടന് ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നും മാറാൻ മാസങ്ങൾ ശേഷിക്കവെയാണ് കോടിയേരിയുടെ ഭാര്യ സഹോദരനായ വിനയകുമാർ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എംഡിയായി നിയമിതനാകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആരോപണങ്ങൾ കേൾക്കാതെ മെച്ചപ്പെട്ട പദവിയിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം എന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടി നിയമിച്ച കോടിയേരിയുടെ അളിയന് കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്യൂണിന് സമാനമായ പദവിയായിരുന്നു വിനയകുമാറിന്റേത്. പൊതുമേഖല സ്ഥാപനങ്ങളിൽ താരതമ്യേന ചെറുതായ യുണൈറ്റഡ് ഇലക്ട്രോണിക്കൽസിൽ നിയമിച്ചാൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ വലിയ പദവിയിലേയ്ക്ക് മാറ്റാം എന്നതായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ വ്യവസായ മന്ത്രിയായ ഇ പി ജയരാജൻ ഇതിന് വഴങ്ങിയില്ല. വിനയകുമാർ ലക്ഷ്യമിട്ട കെസിഐഡിസിയിൽ ശ്രീമതിയുടെ മകൻ സുധീറിനെ നിയമിച്ചു. ഇ പി വിനയകുമാർ ലക്ഷ്യമിട്ട സിഡ്‌കോയിൽ എംഡിയാക്കിയത് പ്രവർത്തന മികവ് തെളിയിച്ച ഒരു ഉദ്യോഗസ്ഥനെ ആയിരുന്നു.

ഇതിന്റെ വാശി തീർക്കാൻ വേണ്ടിയാണ് ബന്ധു നിയമന വിവാദം ഉണ്ടാക്കിയതെന്നാണ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ വിഷയം ഇ പി ഇന്ന് ശക്തമായ ഭാഷയിൽ പാർട്ടി വേദികളിൽ ഉന്നിയിച്ചു കഴിഞ്ഞതായാണ് സൂചന. ഇക്കാര്യം സംസ്ഥാന സമിതിയിൽ ഉന്നയിക്കാൻ കഴിഞ്ഞ ദിവസം പി കെ ശ്രീമതി ശ്രമിച്ചെങ്കിലും കോടിയേരി അനുവദിച്ചിരുന്നില്ല. അന്ന് ഇപി യോഗം ബഹിഷ്‌ക്കരിച്ച് കണ്ണൂരിന് പോയിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗവും ബഹിഷ്‌ക്കരിക്കാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി എത്തുകയായിരുന്നു. സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാക്കളോട് ഇപി തന്റെ വാദങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ കോടിയേരിയുടെ ബന്ധുത്വ നിയമന വിവാദം പാർട്ടിക്കുള്ളിൽ ചർച്ചയാക്കി തിരിച്ചടി നൽകനാണ് കോടിയേരിയുടെ ശ്രമം. മന്ത്രിസ്ഥാനത്ത് താൻ തിരിച്ചെത്താതിരിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നത് അളിയന് മെച്ചപ്പെട്ട സ്ഥാപനം വ്യവസായ വകുപ്പിൽ ലഭിക്കാനാണെന്നാണ് ആക്ഷേപം.

ഇതിനുവേണ്ടി തനിക്കെതിരെ കള്ളക്കളികൾ നടത്തുന്നുവെന്നാണ് ആക്ഷേപം. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ. ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം നിലപാട് എടുത്തത്.

പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ചർച്ചയാകുന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ തന്നെ കോടിയേരിയുടെ ബന്ധുവിന്റെ നിയമന വിവാദം ഇപി നേരിട്ട് ചർച്ചയാക്കാനൊരുങ്ങുന്നത്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചവെന്ന വാദമാണ് കോടിയേരി ചർച്ചയാക്കുന്നത്. സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം.

ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം മനസ്സിലാക്കി ഇപിയെ കണ്ണൂർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താനാണ് കോടിയേരി ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റത്. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. എന്നാൽ കോടിയേരി അനുവദിച്ചില്ല. പകരം ജയരാജനെ അപമാനിക്കുന്ന വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

അതുകൊണ്ട് കൂടിയാണ് താൻ രാജിവച്ച ഒഴിവിൽ തന്നോടാലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയിച്ച സിപിഐ(എം). നടപടിയിലുള്ള അമർഷം പരസ്യമാക്കി് ഇ.പി. ജയരാജൻ പ്രത്യേക നിയമസഭാ യോഗവും എംഎം മണിയുടെ സത്യപ്രതിജ്ഞയും ബിഹിഷ്‌കരിച്ചത്. ബന്ധുത്വ നിയമനത്തിൽ വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതിൽ ജയരാജൻ അതൃപ്തനാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂർത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

നിയമന കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് വിജിലൻസ് അന്വേഷണ നിഗമനമെന്നാണ് ജയരാജൻ കരുതുന്നത്. അതിനിടയിൽ മന്ത്രിയെ പെട്ടെന്ന് തീരുമാനിച്ചതാണ് ജയരാജനെയും ചൊടിപ്പിച്ചത്. ഇതിന് പിന്നിൽ കോടിയേരിയുടെ വൈരാഗ്യം തീർക്കലാണെന്നാണ് ഇപി വിഭാഗം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിനയകുമാറിന്റെ യുഡിഎഫ് ഭരണകാലത്തെ നിയമനവും ഇപി വിഭാഗം ചർച്ചയാക്കുന്നത്.

ഇതിലൂടെ യുഡിഎഫ് നേതാക്കളുമായുള്ള കോടിയേരിയുടെ വഴിവിട്ട ബന്ധങ്ങളും ചർച്ചയാക്കുകയാണ് ലക്ഷ്യം. കണ്ണൂരിൽ പിണറായി ക്യാമ്പിലെ ഒന്നാമനായിരുന്നു ജയരാജൻ. സിപിഐ(എം) പാർട്ടി സംവിധാനത്തിലും അത് തന്നെയായിരുന്നു അവസ്ഥ. ജയരാജനെ മോശക്കാരനാക്കി മാറ്റി കണ്ണൂരിൽ ചുവടുറപ്പിക്കാനുള്ള കള്ളക്കളികളാണ് പാർട്ടി സെക്രട്ടറി നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP