Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടനാട് എസ്റ്റേറ്റിൽ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടത്തിന് മാത്രം 4000 കോടി; പോയസ് ഗാർഡനിലുള്ള വസതിക്കുമാത്രം മതിപ്പുവില 100 കോടി; തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ....; ഇരുപതിനായിരം കോടിയോളം വരുന്ന ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരവകാശി ആര്? വീണ്ടും ശശികല യുഗം തിരച്ചുവരുമെന്ന് പാർട്ടിയിൽ ആശങ്ക

കോടനാട് എസ്റ്റേറ്റിൽ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടത്തിന് മാത്രം 4000 കോടി; പോയസ് ഗാർഡനിലുള്ള വസതിക്കുമാത്രം മതിപ്പുവില 100 കോടി; തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ....; ഇരുപതിനായിരം കോടിയോളം വരുന്ന ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരവകാശി ആര്? വീണ്ടും ശശികല യുഗം തിരച്ചുവരുമെന്ന് പാർട്ടിയിൽ ആശങ്ക

കെ വി നിരഞ്ജൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം ഉയർത്തിയിരിക്കുന്ന ഭരണപരവും നേതൃത്വപരവുമായ പ്രശ്‌നങ്ങളേക്കാൾ എ.ഐ.ഡി.എം.കെ യെ വിഷമിപ്പിക്കുന്നത് അവരുടെ ഇരുപതിയിനായിരം കോടിയോളംവരുന്ന സ്വത്തുക്കളുടെ അനന്തരവകാശി ആരാണെന്നുള്ളത്. വരും ദിനങ്ങളിൽ ഈ പാർട്ടിയും പുതിയ മുഖ്യമന്ത്രി പനീർശെൽവവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും അതുതന്നെയാവും. ിയലളിതക്ക് കുടുംബത്തിൽ പിന്തുടർച്ചാവകാശികളില്ല. അവർ നിയപരമായി എന്തെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന് ഉറ്റതോഴി ശശികലക്ക് മാത്രമേ അറിയുകയുള്ളൂ. സ്വത്തുക്കൾ തന്റെ കാലശേഷം ശശികലയും വളർത്തുമകൻ സുധാകരനും ഉൾപ്പെടെയുള്ള വ്യക്തികൾക്കും ചില ട്രസ്റ്റുകൾക്കും ഒസ്യത്തായി എഴുതിവച്ചിട്ടുണ്ടെന്നും പറയുന്നു. പക്ഷേ ഇതിന്റെ നിജസ്ഥിതി ആർക്കും അറിയില്ല. ശികലയുടെ മരുമകൾ ജെ. ഇളവരശിയുടെ പേരിലും കോടികളുടെ സ്വത്തുക്കളുണ്ടെന്ന് പറയുന്നു.

അവസാനകാലത്ത് ജയലളിത സുധാകരനെയും ശശികലയെയും അധികം അടുപ്പിച്ചിരുന്നുമില്ല. പക്ഷേ ശശികലക്ക് മാത്രമാണ് ഇത്തരം രഹസ്യങ്ങൾ അറിയാവുന്നതുകൊണ്ട് പുതിയ മുഖ്യമന്ത്രി പനീർശെൽവത്തെപോലും നിയന്ത്രിക്കുന്ന പുതിയ അധികാര കേന്ദ്രമായി ഇവർ മാറുമെന്ന ഭീതിയും പാർട്ടിയിലുണ്ട്.എറ്റവും രസാവഹം പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പന്നീർശെൽവം ശശികലയുടെ നോമിനിയാണെന്നാണ്. പന്നീർ ശെൽവത്തെ ജയക്ക് പരിചയപ്പെടുത്തിയതുപോലും ശശികലയാണ്. വിനീത വിധേയനായ പന്നീർ ശെൽവത്തിന് ശശികലയുടെ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുമോയെന്നതും സംശയമാണ്.

നീലഗിരി ജില്ലയിൽ കോടനാട് എസ്റ്റേറ്റിൽ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടം. ഇതാണ് ജയയുടെ ഏറ്റവും മുന്തിയ സ്വത്ത്. ഏക്കറിന് ചരുങ്ങിയത് അഞ്ച് കോടി മതിപ്പുള്ളതിനാൽ ഇതിനു മാത്രം 4000 കോടി രൂപയാണ് മതിപ്പു വില. തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ, ശിറുതാവൂരിൽ 25 ഏക്കർ, കാഞ്ചിപുരത്ത് 200 ഏക്കർ, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കർ, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരിൽ 100 ഏക്കർ, ഹൈദരാബാദിലെ 14.50 ഏക്കർ മുന്തിരി തോട്ടം.. തീർന്നില്ല, ജയലളിതയുടെയും ബിനാമികളുടെയും പേരിൽ തമിഴ്‌നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ഇതുപോലെ നിരവധി സ്വത്തുക്കളുണ്ട്.

ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 'വേദനിലയം' വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയിൽ ജയലളിതയും അമ്മയും ചേർന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാർഡനിലെ വസതി വാങ്ങിയത്.  2015ൽ ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജയലളിത തന്റെ പേരിൽ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷൻ കമീഷനെ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നുമല്ല മൊത്ത കാൽലക്ഷം കോടിരൂപയുടെയെങ്കിലും ആസ്തി ജയലളിതക്കും ബിനാമികൾക്കും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

എം.ജി.ആറിന്റെ പാതയാണ് പിന്തുടർന്നത് പാർട്ടിയിലെ 'രണ്ടാമൻ' എന്ന നിലയിലേക്ക് ആരെയും വളർത്തിക്കൊണ്ടുവരാൻ ജയലളിത മുതിർന്നിരുന്നില്ല. സംഘടനയിൽ മേധാവിത്വം പുലർത്താൻ ശ്രമിച്ചവരെയെല്ലാം അതാത് സമയത്ത് അകറ്റിനിർത്താൻ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിനീതനും വിധേയനുമായ ഒ. പന്നീർശെൽവം വെറുമൊരു പകരക്കാരൻ മാത്രമായിരുന്നു. സിനിമാ നടൻ അജിത്തിന്റെ പേര് ഇടക്കാലത്ത് പറഞ്ഞുകേട്ടിരുന്നെങ്കിലും അദ്ദേഹം തൽക്കാലം രാഷ്ട്രീയത്തിൽ താൽപ്പര്യമില്‌ളെന്നാണ് അറിയിച്ചത്. അതുകൊണ്ടുതന്നെയാണ് ജയലളിതയുടെ 'ഉയിർ തോഴി' എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജൻ പാർട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

വിവിധ കേസുകളിൽ ജയലളിതയോടൊപ്പം ശശികലയും ജയിൽവാസമനുഭവിച്ചിരുന്നു. തഞ്ചാവൂർ മന്നാർഗുഡിയിലെ തേവർ കുടുംബാംഗമായ ശശികലജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നതാണ്. എം.ജി.ആറിന്റെ കാലത്ത് പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂർ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് വിൽപന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവൻ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടർന്നാണ് ശശികലജയലളിത ബന്ധം ശക്തിപ്പെട്ടത്.

ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, വി. ഭാസ്‌കരൻ തുടങ്ങിയവരുൾപ്പെട്ട ഈ സംഘമാണ് പിന്നീട് 'മന്നാർഗുഡി മാഫിയ' എന്ന പേരിലറിയപ്പെട്ടത്. ഒ. പന്നീർശെൽവം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറിൽ ശശികല, ടി.ടി.വി. ദിനകരൻ ഉൾപ്പെടെ 13 പേരെ സംഘടനയിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവർ പിടിമുറുക്കുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു നടപടി. പിന്നീട് 2012 മാർച്ചിൽ ശശികല വീണ്ടും ഗാർഡനിൽ തിരിച്ചത്തെി. പുതിയ സാഹചര്യത്തിൽ മന്നാർഗുഡി സംഘം വീണ്ടും പാർട്ടിയെ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കിൽ അത് ചരിത്രത്തിന്റെ ആവർത്തനം എന്നേ കരുതാനും കഴിയൂ.

അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധി വരുന്നതിനുമുമ്പാണ് ജയലളിത യാത്രയായത്. ജയയെ വെറുതെവിട്ട കർണാടക ഹൈക്കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയുന്നതിന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP