Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ജയ്ഹിന്ദും മാതൃഭൂമിയും വാശി പിടിക്കുന്നത് എന്തുകൊണ്ട്? രണ്ട് ദിവസം കാഷ്യൽ ലീവ് എടുത്തതോടെ മനംമടുത്ത് അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത കൊടുത്തതിന്റെ പിന്നിൽ ഗൂഢാലോചന; രാജിക്കാര്യം സ്വപ്‌നത്തിൽ പോലും ആലോചിക്കാതെ ജേക്കബ് തോമസ്

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ജയ്ഹിന്ദും മാതൃഭൂമിയും വാശി പിടിക്കുന്നത് എന്തുകൊണ്ട്? രണ്ട് ദിവസം കാഷ്യൽ ലീവ് എടുത്തതോടെ മനംമടുത്ത് അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത കൊടുത്തതിന്റെ പിന്നിൽ ഗൂഢാലോചന; രാജിക്കാര്യം സ്വപ്‌നത്തിൽ പോലും ആലോചിക്കാതെ ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകളുടെ വിവാഹത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഏതൊരു അച്ഛനേയും പോലും മകളുടെ വിവാഹത്തിന്റെ ചൂട് ജേക്കബ് തോമസിനേയും തേടിയെത്തി. ഇതോടെ ജേക്കബ് തോമസ് രണ്ട് ദിവസം അവധിയെടുക്കാൻ തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. ഇതോടെ കഥകൾ പ്രചരിക്കുകയാണ്. ജേക്കബ് തോമസ് രാജിക്കൊരുങ്ങുന്നുവെന്നാണ് വാർത്ത. ജയ്ഹിന്ദ് ടിവിയിൽ വന്ന വാർത്ത മാതൃഭൂമി ഏറ്റെടുത്തു. ഇതോടെ ഊഹോപോഹങ്ങൾ സജീവമായി. എന്നാൽ രണ്ട് ദിവസത്തെ ക്വാഷൽ അവധിയെടുത്തതാണ് ഈ വാർത്തകൾക്ക് ആധാരമെന്ന് മറുനാടൻ മലയാളിക്ക് അന്വേഷണത്തിൽ വ്യക്തമായി. വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് സ്വപ്‌നത്തിൽ പോലും ജേക്കബ് തോമസ് ആലോചിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

അഡീഷണൽ ചീഫ് സെക്രട്ടറിമാരും വിജിലൻസ് ഡയറക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു വ്യക്തിവൈരാഗ്യം തീർക്കാൻ പരസ്പരം പോരാടുമ്പോൾ, ഒന്നും പരിഹരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു മൂലം സംസ്ഥാനത്തു ഭരണം നിശ്ചലാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഒരു വശത്തും അഡീഷണൽ ചീഫ് സെക്രട്ടറിമാരായ കെ.എം. ഏബ്രാഹാമും ടോം ജോസും മറുവശത്തുമായാണു ചക്കളത്തിപ്പോരു തുടരുന്നത്. ഇവരുടെയെല്ലാം പരാതികൾ തലയണയ്ക്ക് അടിയിൽ വച്ചു മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് രാജിവയ്ക്കുന്നതെന്ന പ്രചരണം എത്തുന്നത്. ജേക്കബ് തോമസിനെ പീഡിപ്പിച്ച് രാജിവയ്‌പ്പിച്ചുവെന്ന അവസ്ഥയുണ്ടാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമമെന്ന വാദവും സജീവമാണ്.

വിജിലൻസ് ഡയറക്ടറെന്ന നിലയിൽ ജേക്കബ് തോമസ് ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഈ മാസം 28നാണ് മകളുടെ വിവാഹം. അമേരിക്കിയിൽ ജോലി നോക്കുന്ന മകളുടെ വിവാഹം നാട്ടിലാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി രണ്ട് ദിവസത്തെ ക്യാഷ്യൽ അവധി ജേക്കബ് തോമസ് എടുത്തുവെന്നതാണ് യാഥാർത്ഥ്യം. കല്ല്യാണത്തിനായി അധികമായി അവധി പോലും എടുക്കാൻ ആഗ്രഹിക്കുന്നുമില്ല. അതിനിടെയാണ് ദീർഘകാല അവധിയും രാജിയുമൊക്കെ വാർത്തയാകുന്നത്. സർക്കാരുമായി പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർത്ത് ജേക്കബ് തോമസിനെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമം നടക്കുന്നത്- ജേക്കബ് തോമസിന്റേത് പ്രതിഷേധ അവധിയെടുക്കലെന്ന മാതൃഭൂമി വാർത്തയോട് വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

തിരുവനന്തപുരത്തെ ചിലരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. കോൺഗ്രസിന്റെ ചാനലായ ജയ്ഹിന്ദിലെ തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടറാണ് ഇതു സംബന്ധിച്ച് പ്രചരണത്തിന് പിന്നിൽ. ജേക്കബ് തോമസ് രാജിവച്ചേക്കുമെന്നും ദീർഘകാല അവധിയിൽ പ്രവേശിക്കുമെന്നും മാദ്ധ്യമ പ്രവർത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വാർത്തിയിട്ടത് ജയ്ഹിന്ദിലെ റിപ്പോർട്ടറാണ്. ഇത് പല തരത്തിൽ പ്രചരിക്കപ്പെട്ടു. അതിന് ശേഷം മിഡിയാ വൺ ചാനലിൽ ഒരിക്കൽ വന്നു. പിന്നീട് അവരും നൽകിയില്ല. അതിന്റെ ചുവടു പിടിച്ചാണ് മാതൃഭൂമിയിലെ ദീർഘകാല അവധി വാർത്ത,. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് ജേക്കബ് തോമസുമായി ബന്ധപ്പെട്ടവർ പറയുന്നത്. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജേക്കബ് തോമസിന് യാതൊരു ഭയവുമില്ല. അങ്ങനെയുണ്ടെന്ന് വരുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കാനാണ് ശ്രമം.

മാതൃഭൂമിയിലെ വാർത്തകളുടെ വരിക്കിടയിൽ നിന്ന് ഇത് വായിച്ചെടുക്കാമെന്നതാണ് യാഥാർത്ഥ്യം. മാതൃഭൂമി വാർത്ത പറയുന്നത് ഇ്ങ്ങനെ- വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധിക്കായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി. ഡിസംബർ 28-നുനടക്കുന്ന മകളുടെ വിവാഹത്തിനുമുന്നോടിയായാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഉന്നതർ ഉൾപ്പെട്ട വിജിലൻസ് കേസുകളിൽ ചില ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് അവധിയെന്നും സൂചനകളുണ്ട്. ജേക്കബ് തോമസ് ചുമതല വഹിച്ചിരുന്ന കാലത്ത് തുറമുഖവകുപ്പിൽനടന്ന ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ധനവകുപ്പിന്റെ റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയെടുത്തേക്കും. സർക്കാർ സർവീസിൽ നിന്നുമാറി അദ്ധ്യാപകജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജേക്കബ് തോമസെന്നും അഭ്യൂഹങ്ങളുണ്ട്.

ജേക്കബ് തോമസിന്റെ മകളുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ജോലി ചെയ്തിരുന്ന മകൾ എറണാകുളത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് രണ്ട് ദിവസം മാത്രമാണ് അവധിയെടുത്തത്. കല്ല്യാണ ദിവസം മാത്രം അവധിയെടുക്കുന്നതിനെ പറ്റിയാണ് ജേക്കബ് തോമസ് ആലോചിക്കുന്നതെന്നും വിജിലൻസിലെ ഉന്നതർ തന്നെ പറയുന്നു. അധികകാലം അവധിയെടുക്കില്ലെന്നാണ് അവർക്ക് ജേക്കബ് തോമസ് നൽകിയിരിക്കുന്ന സൂചന. ഇതിനിടെയാണ് അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരെ ആശങ്കയിലാക്കാൻ വ്യാജ വാർത്തകളെത്തിക്കുന്നത്. എങ്ങനേയും ജേക്കബ് തോമസിനെ വിജിൻസ് ഡയറക്ടറുടെ കസേരയിൽ നിന്ന് മാറ്റാൻ അഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. അവധിയെടുക്കലിന് തെറ്റായ പ്രചരണം നടത്തുന്ന ജയ്ഹിന്ദിലെ മാദ്ധ്യമ പ്രവർത്തകന് മുന്മന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും ആക്ഷേപം സജീവമാണ്.

ഏത് ഉത്തരവാദിത്തം കിട്ടിയാലും കളഞ്ഞിട്ടു പോകുന്ന വ്യക്തിയാണ് ജേക്കബ് തോമസെന്ന ധാരണയുണ്ടാക്കാനാണ് ശ്രമമെന്നാണ് ഉയരുന്ന സംശയം. ജേക്കബ് തോമസിനെ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും സമർദ്ദത്തിലൂടെ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്ന വ്യക്തിയാണെ്‌നും വരുത്താനുള്ള ബോധപൂർവ്വമായ ഗൂഢാലോചന നടക്കുന്നതായും സംശയം സജീവമാണ്. ഈ വിവാദങ്ങളോട് പ്രതികരിക്കാൻ ജേക്കബ് തോമസ് തയ്യാറല്ല. ഊപോഹോഹങ്ങൾക്ക് മറുപടി പറയാനില്ലെന്നും തന്റെ ഉത്തരവാദിത്തം ശരിയായി നിർവ്വഹിക്കുമെന്നുമാണ് ജേക്കബ് തോമസിന്റെ നിലപാട്. അതിനപ്പുറത്തേക്കൊന്നും പ്രതികരിക്കുന്നുമില്ല.

ഐഎഎസ് ലോബി ജേക്കബ് തോമസിനെതിരെ സജീവമായി പ്രവർത്തിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ ഭാഗമായി ധനകാര്യ പരിശോധനാ വിഭാഗം ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറയി വിജയനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. ശത്രുതാ മനോഭാവത്തോടെയാണ് ധനകാര്യ വകുപ്പ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും താൻ മുമ്പ് ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. മറ്റ് വകുപ്പുകളോടൊന്നും ഇല്ലാത്ത താത്പര്യം താൻ ജോലി ചെയ്ത വകുപ്പുകളോട് മാത്രം ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഇതെല്ലാം ചർച്ചയാക്കുന്ന തരത്തിലാണ് ഇപ്പോൾ കഥകൾ പ്രചരിക്കുന്നത്.

മുഖ്യമന്ത്രിയും ജേക്കബ് തോമസും തമ്മിൽ പ്രശ്‌നമുണ്ടെന്ന് വരുത്താനാണ് നീക്കം. എന്നാൽ സർക്കാരുമായി യാതൊരു പ്രശ്‌നവും ജേക്കബ് തോമസിനില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ജേക്കബ് തോമസിന്റെ ആവശ്യങ്ങളിൽ അനുകൂല തീരുമാനം എടുത്തു. വിജിലൻസിനെ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനമാണ് ഇതിൽ പ്രതിഫലിച്ചത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ 24 അധിക തസ്തികകൾ സൃഷ്ടിച്ചു. ഒരു അഡ്‌മിനിസ്‌റ്റ്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ടുമാർ, 20 ക്ലാർക്കുമാർ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതാണ് സത്യമെന്നിരിക്കെയാണ് വ്യാജ പ്രചരണമെന്നും ജേക്കബ് തോമിസനൊപ്പമുള്ളവർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP