Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തര ഉൽപാദനത്തിൽ ബ്രിട്ടനെ ഇന്ത്യ തോൽപ്പിച്ചതിന്റെ ക്രെഡിറ്റ് മന്മോഹൻസിംഗിന്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗംകൂടിയത് 1991ൽ ധനമന്ത്രിയായതോടെ മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കരണങ്ങളിലൂടെ; പാവ പ്രധാനമന്ത്രിയെന്ന് കളിയാക്കിയ ധനതന്ത്രജ്ഞൻ രാജ്യത്ത് നടത്തിയത് നിശബ്ദ വിപ്‌ളവം

ആഭ്യന്തര ഉൽപാദനത്തിൽ ബ്രിട്ടനെ ഇന്ത്യ തോൽപ്പിച്ചതിന്റെ ക്രെഡിറ്റ് മന്മോഹൻസിംഗിന്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗംകൂടിയത് 1991ൽ ധനമന്ത്രിയായതോടെ മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കരണങ്ങളിലൂടെ; പാവ പ്രധാനമന്ത്രിയെന്ന് കളിയാക്കിയ ധനതന്ത്രജ്ഞൻ രാജ്യത്ത് നടത്തിയത് നിശബ്ദ വിപ്‌ളവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പിന്നിട്ട 150 വർഷ കാലത്തിനിടെ ആദ്യമായി ആദ്യമായി ഇന്ത്യ ബ്രിട്ടനെ ആഭ്യന്തര ഉത്പാദനത്തിൽ മറികടന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി മാറിയതിന്റെ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. രാജ്യത്തെ ഇത്തരമൊരു നേട്ടത്തിലെത്തിക്കാൻ പര്യപ്തമായത് 1991ൽ ധനമന്ത്രിയായിരുന്ന കാലം മുതൽ കോൺഗ്രസ് നേതാവ് മന്മോഹൻസിങ് നടപ്പിലാക്കിയ ധനനയങ്ങളാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ മന്മോഹൻസിംഗിന് കഴിഞ്ഞതായും അതിന്റെ പരിണിതഫലമായാണ് രാജ്യം ഇപ്പോൾ ഇന്ത്യയെ കീഴടക്കി ഭരിച്ച ബ്രിട്ടനെപ്പോലും മറികടന്നുള്ള പുരോഗതി കൈവരിച്ചതെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന് പ്രത്യേകിച്ച് സഹായിച്ചത് മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമിയായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്.

കറൻസി നിരോധനം മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് രണ്ടു ശതമാനത്തിലേറെ താഴോട്ടുപോകുമെന്ന് അടുത്തിടെ പാർലമെന്റിൽ സംസാരിച്ചപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻസിങ് ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷാംഗമെന്ന നി്‌ലയിലല്ല, മറിച്ച് മോദി കൊണ്ടുവന്ന കറൻസി നിരോധനം രാജ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന തന്റെ അറിവിന്റെ വെളിച്ചത്തിൽ മന്മോഹൻ അക്കമിട്ട് വ്യക്തമാക്കുകയായിരുന്നു പാർലമെന്റിൽ. സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ അവരുടെ നയങ്ങൾ നടപ്പാക്കുന്ന പാവ പ്രധാനമന്ത്രി മാത്രമാണ് മന്മോഹൻ എന്നായിരുന്നു അദ്ദേഹം മുമ്പ് പലപ്പോഴും വിമർശനങ്ങൾ നേരിട്ടത്.

മുമ്പ് റിസർവ് ബാങ്ക് ഗവർണറും പിന്നീട് 1991ൽ ധനമന്ത്രിയും അതിനുശേഷം 2004ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയപ്പോഴുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായകമായ ഇടപെടലുകൾ മന്മോഹൻസിങ് നടത്തിയതിന്റെ തെളിവായി മാറുകയാണ് ഇപ്പോൾ ഇന്ത്യ കൈവരിച്ച നേട്ടം. മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ 2020ഓടെ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കാൻ പര്യപ്തമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ധനമന്ത്രിയായിരിക്കെ മന്മോഹൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പടിപടിയായി ജിഡിപി ഉയർത്തിക്കൊണ്ടുവന്നു. 2004ൽ പ്രധാനമന്ത്രിയായി രണ്ടുവർഷം പിന്നിട്ടതോടെ തന്നെ ആഭ്യന്തര ഉൽപാദനത്തോത് എട്ടിനു മുകളിൽ എത്തിയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യകാലംവരെ ഇത് നല്ല നിലയിൽ നിലനിർത്തുകയും ചെയ്തു. ഒന്നു തളർന്ന ജിഡിപി വളർച്ച പിന്നീട് പത്തുവരെ ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ബ്രെക്‌സിറ്റിനെ തുടർന്ന പൗണ്ടിനുണ്ടായ മൂല്യച്യുതിയാണ് ഇന്ത്യയ്ക്ക് ബ്രിട്ടനെ മറികടക്കുന്നതിൽ കാര്യങ്ങൾ എളുപ്പമാക്കിയത്. ബ്രെക്‌സിറ്റിന്റെ പ്രശ്‌നങ്ങളെ തുടർന്ന് ബ്രിട്ടന്റെ വളർച്ച താഴോട്ടുപോയതുമാണ് ഇതിന് കാരണമെന്നു വിലയിരുത്തി ഫോബ്‌സ് മാഗസിനാണ് ഇന്ത്യ ബ്രിട്ടനെ മറികടന്ന കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനിവാഴ്ചക്കാലത്ത് അടക്കിഭരിച്ച രാജ്യമാണ് ബ്രിട്ടൻ. അവർ ഇന്ത്യഭരിച്ച കാലത്തുൾപ്പെടെ ഏതാണ്ട് 150 വർഷക്കാലത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ബ്രിട്ടനേക്കാൾ ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തുന്നത്. 2020 ആകുമ്പോഴേക്കും ഇന്ത്യ ബ്രിട്ടനെ വളർച്ചാ നിരക്കിൽ മറികടക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ പൗണ്ടിന്റെ മൂല്യച്യുതി കാര്യങ്ങൾ വേഗത്തിലാക്കി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇരുരാജ്യങ്ങളുടെയും കറൻസികളിൽ ഈ വ്യത്യാസം പ്രകടമാണ്. ബ്രിട്ടന്റെ 2016ലെ മൊത്തം ആഭ്യന്തര ഉൽപാദനമായി കണക്കാക്കുന്നത് 1.87 ലക്ഷം കോടി ബ്രിട്ടീഷ് പൗണ്ടാണ്. ഒരു ഡോളറിന്റെ മൂല്യം 0.81 പൗണ്ടാണിപ്പോൾ. അപ്പോൾ ബ്രിട്ടീഷ് ജിഡിപി 2.29 ലക്ഷം കോടിയാണെന്ന് കണക്കാക്കാം.

സമാനമായ രീതിയിൽ ഇന്ത്യയുടെ ജിഡിപി 153 ലക്ഷം കോടിയാണ്. ഒരു ഡോളറിന്റെ മൂല്യം 66.6 രൂപയെന്ന നിലയിൽ ഇന്ത്യയുടെ ജിഡിപി 2.3ലക്ഷം കോടി ഡോളറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി എന്നുതന്നെ പറയാവുന്ന തരത്തിൽ ബ്രിട്ടന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തെ മറികടക്കുകയായിരുന്നു. ഇപ്പോൾ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യ യുണൈറ്റഡ് കിങ്ഡത്തിനെ മറികടന്നതെങ്കിലും ഈ അകലം കൂടിവരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വർഷത്തിൽ ആറുമുതൽ എട്ടുശതമാനമെന്ന നിരക്കിൽ മുന്നേറുന്നതിനാൽ ബ്രിട്ടനെ ഇന്ത്യ കൂടുതൽ പിൻതള്ളുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ബ്രിട്ടന്റെ വളർച്ച 2020വരെ വർഷത്തിൽ ഒന്നുമുതൽ രണ്ടുശതമാനമെന്ന നിലയിലേ മുന്നേറൂ എന്നാണ് വിലയിരുത്തൽ.അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കു ശേഷം ബ്രിട്ടനെ പിൻതള്ളി ആഭ്യന്തര ഉൽപാദനത്തിൽ ലോകത്തെ അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയത് അഭിമാനാർഹമായ നേട്ടമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചിരുന്നു.

അതേസമയം, ജിഡിപിയുടെ കാര്യത്തിൽ ബ്രിട്ടനെ പിന്തള്ളിയെങ്കിലും ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടില്ല. യുകെയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതുതന്നെ കാരണം. പക്ഷേ, ജനസംഖ്യാവർദ്ധനവിന്റെ തോത് കുറച്ചുകൊണ്ടുവരാനും രാജ്യം ശ്രമിക്കുന്ന സാഹചര്യത്തിൽ നില മെച്ചപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

മാത്രമല്ല 35 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യവുമുള്ളതിനാൽ യുവതയുടെ ഊർജം രാജ്യപുരോഗതിക്ക് മുതൽക്കൂട്ടാകും. സമാന സാഹചര്യമുള്ള ചൈന ബ്രിട്ടനേക്കാളും സാമ്പത്തിക വളർച്ച കൈവരിച്ചകാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP