Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നങ്ങേലിപ്പടി കപ്പേള തകർത്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ; വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടു നാശമുണ്ടാക്കിയെന്ന് കേസ്; പുണ്യാളനെ കെട്ടിപ്പിടിച്ചു പ്രാർത്ഥിക്കാനെത്തി ചില്ലുവാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കവേ ചില്ലു തകർന്നതെന്നു പ്രതികൾ; രണ്ടും ശരിയല്ലെന്നും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്നും പള്ളിക്കാർ

നങ്ങേലിപ്പടി കപ്പേള തകർത്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ; വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടു നാശമുണ്ടാക്കിയെന്ന് കേസ്; പുണ്യാളനെ കെട്ടിപ്പിടിച്ചു പ്രാർത്ഥിക്കാനെത്തി ചില്ലുവാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കവേ ചില്ലു തകർന്നതെന്നു പ്രതികൾ; രണ്ടും ശരിയല്ലെന്നും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്നും പള്ളിക്കാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിവാദമായ നങ്ങേലിപ്പടി സെന്റ് സെബാസ്റ്റ്യൻസ് കപ്പേള തകർത്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പൊലീസ് വെളിപ്പെടുത്തൽ വിശ്വസിക്കുന്നില്ലെന്ന് പള്ളി ട്രസ്റ്റി. സംഭവത്തിനു പിന്നിലെ യഥാർത്ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരണമെന്നും ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി നാരയേലിൽ എൽഡ്വിൻ (23), നെല്ലിക്കുഴി സ്വദേശിയും ഇപ്പോൾ പുന്നേക്കാട് വാടകയ്ക്കു താമസിക്കുകയും ചെയ്യുന്ന കൊച്ചുവീട്ടീൽ മനു (28), തൃക്കാരിയൂർ ആയക്കാട് മങ്ങാട്ടുവീട്ടിൽ ബിനിൽ(26) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

18-ന് രാത്രിയാണ് നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയുടെ നങ്ങേലിപ്പടിയിലെ സെന്റ് സെബാസ്റ്റ്യൻ കപ്പേളയുടെ ഗ്ലാസ്സ് ഡോറുകൾ തകർക്കപ്പെട്ടത്. 19-നു പുലർച്ചെയാണ് ഇത് വിശ്വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.

തുടർന്ന് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കപ്പേളക്കു മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്നു. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വിവിധകോണുകളിൽ നിന്നും പൊലീസിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ദേവാലയത്തിൽ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങൾ വരുത്തിയെന്നാണ് പിടിയിലായ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള കുറ്റം.

18-ാം തീയതി പ്രതികൾ മൂവരും മദ്യപിച്ച് കപ്പേളയിലെത്തി. കപ്പേളയിൽ പ്രവേശിച്ച് പുണ്യാളനെ കെട്ടിപ്പിടിച്ച് പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്യം. നോക്കിയപ്പോൾ ചില്ലുവാതിൽ പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളി അകത്തേക്കു തുറക്കാൻ നോക്കിയപ്പോൾ ചില്ല് തകർന്നുവീണു. നാട്ടിൽ നിൽക്കാൻ ഭയമായതിനാൽ മാറിനിന്നു. സംഭവത്തെക്കുറിച്ച് പ്രതികളിൽ നിന്നും ലഭിച്ചതെന്ന് വെളിപ്പെടുത്തി പൊലീസ് പുറത്തുവിട്ട വിവരം ഇതാണ്. സിസി ടിവി കാമറയിൽ നിന്നും കപ്പേള തകർക്കുന്നതിന്റെ ദൃശ്യം ലഭിച്ചതായുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കൊപ്പം പ്രതികൾ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

എന്നാൽ പൊലീസ് പുറത്തുവിട്ട വിവരം അപ്പാടെ വിശ്വസിക്കാൻ തയ്യാറല്ലെന്നാണ് വിശ്വാസികളുടെ പക്ഷം. 12 മി മി ഘനമുള്ള വാതിലിൽ ഘടിപ്പിച്ചിട്ടുള്ള ചില്ലുകൾ എത്ര ശക്തിയിൽ തള്ളിയാലും നിലത്തുവീഴില്ലെന്നാണ് തങ്ങളിലേറെപ്പേരും വിശ്വസിക്കുന്നതെന്ന് പള്ളി ട്രസ്റ്റി ആന്റണി ജോൺ (മെൽജി ആന്റണി )പറഞ്ഞു. അഥവാ പൊലീസ് വെളിപ്പെടുത്തിയ തരത്തിൽ ഗ്ലാസ്സ് തകർന്നുപതിച്ചിരുന്നെങ്കിൽ പ്രതികൾക്ക് പരിക്കേൽക്കുന്നതിന് സാദ്ധ്യതയുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ പിടിയിലായവരുടെ ദേഹത്ത് ഈ സംഭവത്തിൽ പോറൽ പോലുമേറ്റിട്ടില്ലെന്നുള്ളത് ഏറെ ദരൂഹത സൃഷ്ടിച്ചിരിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ സംഭവത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ഇവരാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്നും പൊലീസ് നടപടികളെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ രേഖാമൂലം ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടികളിലേക്ക് കടക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ആന്റണി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP