Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രി ആദ്യമായി വിളിച്ച യോഗത്തിൽ നിന്നും വിട്ടുനിന്ന് ചില പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ; യോഗത്തിൽ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് സമർപ്പിക്കാൻ നിർദ്ദേശിച്ച് പിണറായി; ചിലരുടെ സ്ഥാനങ്ങൾ തെറിച്ചേക്കും

മുഖ്യമന്ത്രി ആദ്യമായി വിളിച്ച യോഗത്തിൽ നിന്നും വിട്ടുനിന്ന് ചില പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ; യോഗത്തിൽ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് സമർപ്പിക്കാൻ നിർദ്ദേശിച്ച് പിണറായി; ചിലരുടെ സ്ഥാനങ്ങൾ തെറിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ പങ്കെടുക്കാത്ത മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ വിശദീകരണം നൽകേണ്ടി വരും. ഇവർക്ക് ജോലി പോകാനും സാധ്യതയുണ്ട്. പങ്കെടുക്കാത്തവരുടെ വിവരങ്ങൾ ഉടൻ അറിയിക്കാൻ കുപിതനായ മുഖ്യമന്ത്രിയുടെ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫ് അംഗം രാജിവച്ചതു സംബന്ധിച്ചു കടുത്ത ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്. എന്നാൽ പ്രതീക്ഷിച്ചത്ര ജീവനക്കാർ എത്തിയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പട്ടിക ആവശ്യപ്പെട്ടത്.

പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പ്രത്യേകയോഗം വിളിച്ച് യോഗതീരുമാനങ്ങൾ അറിയിക്കാനും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരോടു മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രിസ്മസ് ആഘോഷത്തിനു നാട്ടിൽപോയ പഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ മിക്കവരും മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. ഇതു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. യോഗത്തിൽ വൈകിയെത്തിയവരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. വൈകിയെത്തുന്നതു ചിലരുടെ ശീലമാണെന്നും സഞ്ചിയുമായി സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നവരെ അകറ്റിനിർത്തണമെന്നും പിണറായി പറഞ്ഞു.

മന്ത്രിമാരുടെയും പഴ്സണൽ സ്റ്റാഫിന്റെയും പ്രവർത്തനങ്ങളിൽ അതൃപ്തനായാണ് മുഖ്യമന്ത്രി ക്രിസ്മസ് പിറ്റേന്ന് അടിയന്തരയോഗം വിളിച്ചത്. ഇത് എല്ലാവർക്കും അറിയുകയും ചെയ്യാമായിരുന്നു. എ്ന്നിട്ടും വേണ്ടത്ര ഗൗരവം ആരും നൽകാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്. യോഗത്തിനെത്താത്തവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ അവരെ മാറ്റാൻ മന്ത്രിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് സൂചന. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽ പല പ്രമുഖരും യോഗത്തിനെത്തിയിരുന്നില്ല. ഏതെങ്കിലും മന്ത്രിയുടെ ഓഫീസിൽ നിന്ന് കൂട്ടത്തോടെ വിട്ടു നിൽക്കൽ ഉണ്ടായോ ന്നെും പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കു മുഖ്യമന്ത്രി പെരുമാറ്റച്ചട്ടവും യോഗത്തിൽ അവതരിപ്പിച്ചിരുന്നു. അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്നു പിണറായി മുന്നറിയിപ്പു നൽകി. അഴിമതിക്കു കൂട്ടുനിൽക്കരുത്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. കാര്യസാധ്യത്തിനെത്തുന്ന ഇടനിലക്കാരെ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെടരുത്. ആരെങ്കിലും ശുപാർശ ചെയ്തുവെന്നതിന്റെ പേരിൽ മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചു നിർദ്ദേശം നൽകാൻ പാടില്ല. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെ അറിയിക്കുകയും അവർ മുഖാന്തരം ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുകയും വേണം.

മൊബൈൽ ഫോൺ പോലുള്ള പാരിതോഷികങ്ങളുമായി പലരും സമീപിക്കും. പാരിതോഷികങ്ങൾ വാങ്ങുന്നത് അഴിമതിയുടെ പരിധിയിൽ വരും. അതു പൂർണമായും ഒഴിവാക്കണം. ഇടനിലക്കാരെ ഒഴിവാക്കി വേണം മുന്നോട്ടുപോകാൻ. എല്ലാം സംശയത്തോടെ വീക്ഷിക്കണം, എന്നാൽ സംശയം രോഗമായി മാറരുത്. ഓഫിസിൽ കൃത്യനിഷ്ഠ പാലിക്കണം. കൃത്യമായി ഓഫിസിൽ അറിയിച്ചിട്ടേ സെക്രട്ടേറിയറ്റിൽ നിന്നു പുറത്തു പോകാവൂ. ജീവനക്കാരുടെ സ്ഥലംമാറ്റത്തിനു പൊതു മാനദണ്ഡം കൊണ്ടുവരും. ഇക്കാര്യത്തിൽ ആരും ഇടപെടരുതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രാഷ്ട്രീയാടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം. സർക്കാർ എൽഡിഎഫിന്റെ മാത്രമല്ല. രാഷ്ട്രീയമായി എതിർചേരിയിലുള്ളവരുടെ ആവശ്യങ്ങൾ ന്യായമെങ്കിൽ സാധിച്ചു കൊടുക്കണം. ഇടതുമുന്നണി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകുന്നുണ്ടോ എന്നു സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP