Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്‌ളക്‌സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു

ആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്‌ളക്‌സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു

അർജുൻ സി വനജ്

കൊച്ചി: നേതാവിനെതിരെ പരാതി നൽകിയ സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപന ഉടമയെ പെൺവാണിഭ വീരനാക്കി കോൺഗ്രസിന്റെ പേരിൽ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ. ബിനു ജോൺ ഡാനിയലിന്റെ സംസ്ഥാനമെമ്പാടുമുള്ള സാമ്പത്തിക-പെൺവാണിഭ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുന്ന നൂറ് കണക്കിന് പോസ്റ്ററുകളും ഫ്ളെക്സ് ബോർഡുകളുമാണ് കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത്.

ബിനു ജോണിന്റെ വീട് തട്ടിയെടുത്ത കേസിൽ മരട് മുനിസിപ്പൽ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ആന്റണി ആശാൻ പറമ്പിലിനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ ഈ പ്രതികാര നടപടി. ഐജിയുടെ നിർദ്ദേശമുണ്ടായിട്ടും കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ മരട് എസ്.ഐ തയ്യാറാവാത്തതിനെ തുടർന്ന്, ഇൻഫോപാർക്ക് സിഐയ്ക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അന്വേഷണ ചുമതല നൽകി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ് ബിനു ജോൺ ഡാനിയൽ ഫയൽ ചെയ്തു.

എറണാകുളം കോർപ്പറേഷൻ ഓഫീസ്, എംജി റോഡ്, മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, കലട്രേറ്റ് പരിസരം, ബിനു ജോൺ ഡാനിയലിന്റെ ഉടമസ്ഥതയിലുള്ള എൻട്രൻസ് കോച്ചിംങ് സെന്റെർ, മകൻ പഠിക്കുന്ന സ്‌കൂൾ, മരടും പരിസര പ്രദേശങ്ങളിലുമായാണ് 500 ലധികം പോസ്റ്ററുകളും രണ്ട് ഫ്ളക്സ് ബോർഡുകളും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ യുടെ പേരിൽ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ബിനു ജോൺ ഡാനിയലിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

മരട് നഗരസഭ മുൻ കൗൺസിലർ ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്ന് വാങ്ങിയ വീടും പുരയിടവും തിരിച്ച് കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ആന്റണി ആശാൻ പറമ്പിലിനെതിരെ ബിനു പരാതി നൽകുന്നത്. ആന്റണി കഴിഞ്ഞ മാസം ഒളിവിൽ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് മരട്- കണ്ണാടിക്കാട്, ദീപം ലൈനിലെ ഇരുനില വീട്ടിൽ കയറി ബിനു ജോണിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2011 ഒക്ടോബറിലായിരുന്നു, കോൺഗ്രസ് നേതാവും, അന്നത്തെ മരട് മുനിസിപ്പൽ കൗൺസിലറുമായിരുന്ന ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്നും വീട് വ്യവസ്ഥകൾ പ്രകാരം വാങ്ങിയത്.

പരാതിയെക്കുറിച്ച് ബിനു ജോൺ മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ... പണയത്തിന് വീട് എടുക്കാൻ വന്ന തന്നോട് ബാങ്ക് വായ്പ തരപ്പെടുത്തിതരാം എന്ന് പറഞ്ഞാണ് ആൻഡ്രൂസ് വീട് എടുപ്പിക്കുന്നത്. വൈറ്റില സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ആധാരം വച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത വീടാണ് 2011 ൽ 15.5 ലക്ഷം രൂപയ്ക്ക് തങ്ങൾക്ക് വിറ്റത്. വീടിന്റെ ആധാരം തരുന്നമുറയ്ക്ക് പണം തീർത്തുതരാമെന്നും, അത് വരെ വീടിന്റെ മുകളിലത്തെ നില ഉപയോഗിക്കാമെന്നുമായിരുന്നു എഴുതി തയ്യാറാക്കിയ വ്യവസ്ഥ. മുമ്പ്
പലതവണ പണയത്തിന് കൊടുത്ത വീട് ആയതിനാൽ, വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ ഏഴ് ലക്ഷം രൂപയോളം ചെലവിട്ട് വയറിങ്, പെയിന്റിങ്, പ്ലബ്ബിഗുമടക്കം എല്ലാ പണിയും പൂർത്തീകരിച്ചു. ആൻഡ്രൂസ് വീടിന്മേലുള്ള വായ്പ അടക്കാത്തതിനാൽ വീട് ജപ്തിയുടെ വക്കിലെത്തി.

താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ, ബാങ്ക് വായ്പ പല തവണകളായി 7,16,410 രൂപ ആൻഡ്രൂസിന്റെ അക്കൗണ്ടിലേക്ക് അടച്ച് ജപ്തിയിൽ നിന്ന് ഒഴിവാക്കി. അതേസമയം ബാങ്കിൽ പണം അടച്ചത് താനാണെന്നാണ് ആൻഡ്രൂസ് അവകാശപ്പെടുന്നത്. എന്നാൽ പണം അടച്ചതിന്റെ ചെക്ക് രേഖകൾ കയ്യിലുണ്ട്. ബിനു പറയുന്നു. ഡി.എച്ച.എഫ്.എൽ വഴി വീട് വാങ്ങാനായി 13 ലക്ഷം രൂപ ലോണും തരപ്പെടുത്തി. ചുരുക്കത്തിൽ 15 ലക്ഷത്തോളം രൂപ വീടിൻവേണ്ടി ചെലവാക്കിയിട്ടും, ആൻഡ്രൂസ് വീടിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് ആധാരം എടുത്ത് തരുന്നതിനോ, മറ്റ് നടപടികൾക്കോ തയ്യാറായില്ല. പകരം,വീട് വിട്ട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ആന്റണി ആശാൻപറമ്പിൽ, വി.എ ജോർജ്ജ് എന്നിവരെ കൂട്ടിക്കൊണ്ട് വന്ന് നിരന്തരമായി ഭീഷണിമുഴക്കി.

2014 ന്റെ തുടക്കത്തിൽ സ്ഥലത്തിന് വിലകൂടിയതാണ് ആൻഡ്രൂസിന്റെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് തന്റെ അറിവ്. വീട് വിട്ട് ഇറങ്ങാൻ തയ്യാറാകാതിരുന്ന തന്നെയും ഭാര്യയേയും നിരന്തരം വീട്ടിൽ കയറിവന്ന് ആൻഡ്രൂസും സംഘവും വിരട്ടി. താനില്ലാത്ത തക്കത്തിന് വീട്ടിൽ വന്ന് ഭാര്യ അനിതയേയും നിരന്തരം ചീത്തവിളിച്ചു. ആന്റണി ആശാൻ പറമ്പിൽ ഒളിവിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒടുവിലായി വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മരട് നഗരസഭയിലെ കൗൺസിലർ സുരേഷ് ബാബുവും ആൻഡ്രൂസും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ആന്റണി മുഖത്ത് അടിച്ചു. വീട് വിട്ട് ഇറങ്ങിയില്ലെങ്കിൽ, രണ്ടിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മരടിൽ താൻ വിചാരിച്ചാൽ എന്തും നടക്കുമെന്നും, കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ മാസം പതിനഞ്ച്, ആരുമില്ലാത്ത തക്കം നോക്കി സ്ഥലത്തെത്തി വീടും ഗേറ്റും പൂട്ടി താക്കോലുമായി ആൻഡ്രൂസ് കടന്നുകളഞ്ഞു. പിന്നീട് നിരന്തരം നേരിട്ടും ഫോണിലൂടേയും ആൻഡ്രൂസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തന്റേയും ഭാര്യയുടേയും മക്കളുടേയും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പണവും സ്വർണ്ണവുമെല്ലാം വീട്ടിനകത്താണ്. ഇത് എടുക്കാൻ പോലും ഇതുവരെ സമ്മതിച്ചില്ല. പ്രസ്തുത വീട്ടിൽ ഇപ്പോൾ ഗുണ്ടകൾ ആണെന്ന തോന്നുന്ന ഹിന്ദിക്കാരാണ് താമസിക്കുന്നത്. തങ്ങളുടെ വീട്ടുപകരണങ്ങളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നത്. എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വൈറ്റിലയിലെ വീട്ടിലാണ് ഇപ്പോൾ താനും ഭാര്യയും മകനും താമസിക്കുന്നത്. ബിജു ജോൺ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP