Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ നിന്നുള്ള ഭീഷണി നാൾക്കുനാൾ കനക്കുന്നു; ആണവ ബോംബുകൾ വഹിക്കാൻ പറ്റുന്ന അത്യാധുനിക മിസൈലുകൾ അതിർത്തിയിലേക്ക് നീക്കി ഇന്ത്യ; റാഫേൽ വിമാനങ്ങളും എത്തുന്നു; അരുണാചലിൽ ആറാമത്തെ ലാൻഡിങ് ഗ്രൗണ്ടും തുറന്നു

ചൈനയിൽ നിന്നുള്ള ഭീഷണി നാൾക്കുനാൾ കനക്കുന്നു; ആണവ ബോംബുകൾ വഹിക്കാൻ പറ്റുന്ന അത്യാധുനിക മിസൈലുകൾ അതിർത്തിയിലേക്ക് നീക്കി ഇന്ത്യ; റാഫേൽ വിമാനങ്ങളും എത്തുന്നു; അരുണാചലിൽ ആറാമത്തെ ലാൻഡിങ് ഗ്രൗണ്ടും തുറന്നു

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഭീഷണി നാൾക്കുനാൾ കൂടിവരുന്ന സാഹചര്യം മുൻനിർത്തി ഇന്ത്യ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സൈനികവിന്യാസവും ആധുനിക യുദ്ധസന്നാഹവും വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി അത്യാധുനിക ഫൈറ്റർ ജെറ്റുകളായ റാഫേൽ വിമാനങ്ങളുൾപ്പെട്ട സൈനിക സ്‌ക്വാഡ്രണാണ് വിന്യസിക്കുന്നത്.

ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് റാഫേൽ ജെറ്റുകൾ. ചൈന രാജ്യാതിർത്തിയിൽ ഉയർത്തുന്ന ഭീഷണികൾക്കും സൈനിക നീക്കങ്ങൾക്കും മറുപടിയെന്ന നിലയിലാണ് ഇന്ത്യയും പരമ്പരാഗത സൈനിക ശേഷിയും ആണവ ആയുധ വിന്യാസവും നടത്തുന്നത്.

നിലവിൽ ആസാമിലെ ചബുവയിലും തേജ്പുരിലും സുഖോയ് വിമാനങ്ങളുടെ വിന്യാസമുണ്ട്. 18 റാഫേൽ വിമാനങ്ങൾ ബംഗാളിലെ ഹസിമാര എയർബേയ്‌സിൽ 2019 അവസാനത്തോടെ വിന്യസിക്കുമെന്നും എയർഫോഴ്‌സ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദീർഘദൂര ആണവ മിസൈലുകളായ അഗ്നി നാല്, അഞ്ച് പതിപ്പുകളുടെ അന്തിമ പരീക്ഷണങ്ങൾ നടന്നുവരികയാണ്.

ഇവ താമസിയാതെ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് അത്യാധുനിക വിമാനങ്ങളും അതിർത്തിയിലേക്ക് നീങ്ങുന്നത്. ഒരു വർഷം മുമ്പ് അന്തിമ പരീക്ഷണം പൂർത്തിയാക്കി സേനയ്ക്ക് കൈമാറിയ അഗ്നി മൂന്ന് മിസൈലുകൾ ഇപ്പോൾത്തന്നെ പലയിടത്തും വിന്യസിക്കപ്പെട്ടിട്ടുണ്ട്. മിസൈൽ പ്രഹര പരിധി കൂടിയ അഗ്നി നാല്, അഞ്ച് പതിപ്പുകൾ കൂടി എത്തുന്നതോടെ ചൈനയുടെ എല്ലാ ഭാഗവും ഇന്ത്യയുടെ മിസൈൽ പരിധിയിലെത്തുമെന്നത് ചൈനയ്ക്ക് മുന്നറിയിപ്പായി മാറുന്നുമുണ്ട്.

സുഖോയ്, മിഗ് വിമാനങ്ങളുടെ സ്ഥാനത്തേക്ക് ഏറ്റവുംമികച്ച റാഫേൽ വിമാനങ്ങൾ എത്തിക്കുന്നത് ഫ്രാൻസിൽ നിന്നാണ്. ഇതിനായി ഏതാണ്ട് 7.87 ബില്യൺ യൂറോയുടെ (59,000 കോടി രൂപ) ഇടപാട് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവച്ചു. ആണവ പോർമുന വഹിക്കുന്ന 36 റാഫേൽ വിമാനങ്ങൾ 2022 ആകുമ്പോഴേക്കും ഘട്ടംഘട്ടമായി ഇന്ത്യയിലെത്തും.

ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായവിധത്തിലും ഇന്ത്യൻ സൈന്യത്തിന്റെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയും 14 പ്രത്യേക മാറ്റങ്ങൾ വരുത്തിയാണ് ഈ വിമാനങ്ങൾ ഫ്രാൻസ് തയ്യാറാക്കുക. ഉയർന്ന മലമ്പ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥയിലും സുഗമമായി പ്രവർത്തിക്കാൻ വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 9.3 ടൺ ഭാരമുള്ള ആയുധം വഹിക്കാൻ ശേഷിയുള്ളതാണ് റാഫേൽ വിമാനങ്ങൾ. വ്യോമ പ്രതിരോധത്തിനും ഗ്രൗണ്ട് അറ്റാക്കിനും ഒരുപോലെ ഉപയോഗിക്കാനാകും.

നിലവിൽ ബംഗാളിലെ ഹസിമാര എയർബേയ്‌സിൽ മിഗ് 27 വിമാനങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. ഇവയുടെ കാലാവധി അടുത്ത രണ്ടുമൂന്നു വർഷത്തിനകം അവസാനിക്കും. ഇതിന് അനുസരിച്ച് ആ സ്ഥാനത്തേക്ക് റാഫേൽ വിമാനങ്ങൾ എത്തും. റാഫേൽ വിമാനങ്ങളുടെ രണ്ടാമതൊരു വിഭാഗത്തെ യുപിയിലെ സർസവ ബേയ്‌സിലാണ് വിന്യസിക്കുക. ഇതിന്റെ ചുമതലയുള്ള ദസാൾട്ട് ഏവിയേഷൻ ടീം ഇവിടം സന്ദർശിച്ചിരുന്നു. അവശ്യം വേണ്ട വിമാനങ്ങളിൽ 75 ശതമാനം എല്ലായ്‌പോഴും ഓരോ എയർബേയ്‌സിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കാണ്.

ഇതിനെല്ലാം പുറമെ അരുണാചലിലെ അപ്പർ സിയാംഗ് ജില്ലയിൽ പത്തുദിവസം മുമ്പ് അഡ്വാൻസ് ലാൻഡിങ് ഗ്രൗണ്ടും എയർഫോഴ്‌സ് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലേക്ക് കണ്ണുനട്ടിരിക്കാനായി ഈ മേഖലയിൽ ഇന്ത്യ സ്ഥാപിക്കുന്ന ആറാമത്തെ ലാൻഡിങ് ഗ്രൗണ്ടാണ് ഇത്. ഇതിനെല്ലാം പുറമെ ബംഗാളിലെ പനഗർ ബേയ്‌സിൽ ആറ് സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ലഡാക്കിലെ ഇത്തരം കേന്ദ്രങ്ങൾക്ക് പുറമെയാണിത്. അടിയന്തിര ഘട്ടങ്ങളിൽ ആർമിയുടെ പതിനേഴാം മൗണ്ടൻ സ്‌ട്രേക്ക് കോർപിസെ വിന്യസിക്കാൻ ഉദ്ദേശിച്ചാണ് ഇത്.

ഉയർന്ന പ്രദേശങ്ങളിൽ സൈനികരെ എത്തിക്കാൻ കഴിവുള്ളവയാണ് ഈ ഹെലികോപ്റ്ററുകൾ. ചൈന അതിർത്തിയിൽ നടത്തുന്ന നീക്കങ്ങളിൽ ഇന്ത്യ ഭയപ്പെടുന്നില്ലെന്നും ഒരു പ്രശ്‌നമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ ഇന്തയും സജ്ജമാണെന്നും അവർക്ക് ബോധ്യപ്പെടാൻ പാകത്തിലുള്ള സൈനിക നീക്കമാണ് ഇന്ത്യ ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ നടത്തുന്നതെന്നാണ് ഇതെല്ലാം നൽകുന്ന സൂചനകൾ.

ഇന്ത്യയുടെ സേനാ, ആയുധ വിന്യാസം ഇങ്ങനെ

  • ആണവ പോർമുനയായ 3000 കിലോമീറ്റർ പ്രഹര പരിധിയുള്ള അഗ്നി മൂന്ന് മിസൈൽ
    നാലായിരവും അയ്യായിരവും കിലോമീറ്ററുകൾ യഥാക്രമം പ്രഹരശേഷിയുള്ള അഗ്നി നാല്, അഞ്ച മിസൈലുകളും ഉടൻ എത്തുന്നു
  • കൂടുതൽ റഷ്യൻ നിർമ്മിത സുഖോയ് (30എംകെഐ) ജെറ്റുകളുടെയും ചാര ഡ്രോണുകളുടേയും ഹെലികോപ്റ്ററുകളുടേയും വിന്യാസം
    കഴിക്കൻ ലഡാക്കിലും സിക്കിമിലും ടി-72 ടാങ്കുകളുടെ വിന്യാസം
  • 36,000 സൈനികരെ ഉൾപ്പെടുത്തിയുള്ള പുതിയ രണ്ട് ഇൻഫൻട്രി ഡിവിഷനുകൾ. അസമിലെ ലികാബാലി, മിസ്സമരി മേഖലകൾ കേന്ദ്രീകരിച്ച് 2009-10 കാലത്തെ സേനാ വിന്യാസം വിപുലപ്പെടുത്തിയാകും ഇത്.
  • മലമ്പ്രദേശങ്ങളിലെ യുദ്ധത്തിന് പ്രത്യേകം സജ്ജരാക്കിയ മൗണ്ടൻ സ്‌ട്രൈക് കോർപ്‌സിന്റെ (17 വിഭാഗങ്ങൾ) വിന്യാസം. ബംഗാളിലെ പനഗർ കേന്ദ്രീകരിച്ചുള്ള ഈ സേനാ വിഭാഗത്തിന്റെ ശേഷി 2021 ആകുമ്പോഴേക്കും ഒരുലക്ഷത്തോളം സൈനികരാകും.
  • ആറ് സൂപ്പർ ഹെർക്കുലീസ് ഹെലികോപ്റ്ററുകൾ പനഗറിൽ ഈ വർഷം പകുതിയോടെ വിന്യസിക്കും
  • കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ് മിസൈസുലുകളുടെ ആറ് സ്‌ക്വാഡ്രണുകൾ നോർത്ത് ഈസ്റ്റ് മേഖലയിൽ
  • ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് റെജിമെന്റ് അരുണാചലിൽ
  • ലഡാക്കിലെ മൂന്നു കേന്ദ്രങ്ങളിലും അരുണാചലിലെ ആറു കേന്ദ്രങ്ങളിലും അ്ഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടുകൾ
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സൈനികശേഷി വർധിപ്പിക്കൽ
  • ആണവ പോർമുന വഹിക്കാവുന്ന 36 റാഫേൽ വിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നു. ആദ്യ വിമാനം 2019ൽ എത്തും. 2022 ആകുമ്പേഴേക്കും 36 വിമാനവും സേനയ്ക്ക് ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP