Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രമുഖ' കോളേജിൽ നിന്നും 'നെഹ്രു' കോളേജിലേക്കെത്താൻ ഏഷ്യാനെറ്റ് ന്യൂസ് വൈകിയോ? ചാനലിനെതിരെ പരാതി പറഞ്ഞു ജിഷ്ണുവിന്റെ ബന്ധു ന്യൂസ് അവറിൽ; അവതാരകൻ വിനുവുമായി ലൈവായി രൂക്ഷതർക്കവും; ജിഷ്ണുവിനെ കൊലയ്ക്കു കൊടുത്തവരെ ചാനൽ വെള്ളപൂശുന്നെന്നും സോഷ്യൽ മീഡിയയുടെ ആക്ഷേപം

'പ്രമുഖ' കോളേജിൽ നിന്നും 'നെഹ്രു' കോളേജിലേക്കെത്താൻ ഏഷ്യാനെറ്റ് ന്യൂസ് വൈകിയോ? ചാനലിനെതിരെ പരാതി പറഞ്ഞു ജിഷ്ണുവിന്റെ ബന്ധു ന്യൂസ് അവറിൽ; അവതാരകൻ വിനുവുമായി ലൈവായി രൂക്ഷതർക്കവും; ജിഷ്ണുവിനെ കൊലയ്ക്കു കൊടുത്തവരെ ചാനൽ വെള്ളപൂശുന്നെന്നും സോഷ്യൽ മീഡിയയുടെ ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെഹ്രു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സ്വീകരിച്ചതു തെറ്റായ നിലപാടെന്നു സോഷ്യൽ മീഡിയയിൽ ആരോപണം. ചാനലിനെതിരെ പരാതിയുമായി ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത് ചാനൽ ചർച്ചയിൽ രംഗത്തെത്തിയതോടെയാണ് ഏഷ്യാനെറ്റിന്റെ നിലപാടുകൾക്കെതിരായ വിമർശനം ഉയർന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ജിഷ്ണുവിന്റെ വാർത്ത നൽകിയപ്പോൾ നെഹ്രു കോളേജിന്റെ പേരു നൽകാതെ 'പ്രമുഖ' കോളേജ് എന്നായിരുന്നു പരാമർശിച്ചിരുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയ ഉയർത്തിയതു രൂക്ഷവിമർശനമായിരുന്നു. ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയും വിമർശനത്തിന് ഇരയായത്.

ചാനലിലെ വാർത്താ അവതാരകനായ വിനു വി ജോണുമായി ശ്രീജിത്ത് ലൈവ് ചർച്ചയ്ക്കിടെ തർക്കത്തിലാകുകയും ചെയ്തു. ഏഷ്യാനെറ്റ് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കായി ഒരു വെളിപ്പെടുത്തൽ നടത്താനുണ്ടെന്നു പറഞ്ഞായിരുന്നു ശ്രീജിത്ത് സംസാരിച്ചു തുടങ്ങിയത്.

ഇന്നലെ പുലർച്ചെ കൈരളി-പീപ്പിൾ ചാനലും റിപ്പോർട്ടർ ചാനലും ഉൾപ്പെട വാർത്ത കൊടുത്തിട്ടും രണ്ടു മണിക്കൂറിലേറെ ചർച്ച ചെയ്തതിനും ശേഷമാണ് ഏഷ്യാനെറ്റിൽ നിന്നുള്ള പ്രതിനിധി ദാരുണമായ മരണം നടന്ന ജിഷ്ണുവിന്റെ വീട്ടിലേക്കു വന്നതെന്നു ശ്രീജിത്ത് വെളിപ്പെടുത്തുന്നു. എന്നാൽ, അതിനുശേഷം വന്നയാൾ തിരക്കിയതു പ്രശ്‌നത്തിൽ നിന്നും നെഹ്രു കോളേജ് മാനേജ്‌മെന്റിനെ എങ്ങനെ രക്ഷിക്കാമെന്ന തരത്തിലുള്ള വിവരങ്ങളാണെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

എവിടെ പഠിച്ചു, എത്ര മാർക്കു നേടി എന്ന തരത്തിലുള്ള കാര്യങ്ങൾ മാത്രം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിക്ക് അവിടെ വാവിട്ടു നിലവിളിക്കുന്ന അമ്മയുടെ കണ്ണീരോ അവിടത്തെ അന്തരീക്ഷമോ വിഷയമായിരുന്നില്ല. പകരം മാനേജ്‌മെന്റിനു വേണ്ടിയുള്ള വാദങ്ങൾ മാത്രമായിരുന്നു ചോദ്യങ്ങളായി വന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുവിനെ കോളേജിലയച്ചതു തന്റെ നിർബന്ധത്തിനാണെന്ന ശ്രീജിത്തിന്റെ വാദം ഉയർത്തി വിനു ഇക്കാര്യത്തിൽ മറുപടി കൊടുക്കാൻ ശ്രമിച്ചു. എന്നാൽ, കോളേജ് അധികൃതരുടെ അധിക്ഷേപങ്ങൾക്ക് ഇരയാക്കാൻ മാത്രമാണു ചാനലിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായതെന്നാണു ശ്രീജിത്ത് പറഞ്ഞത്. ഏഴര മണി മുതൽ കാത്തുനിന്ന് എട്ടു മണിക്കു ചാനൽ ചർച്ചയിൽ വിളിക്കുമെന്നു പറഞ്ഞെങ്കിലും ഒടുവിൽ അങ്ങോട്ടു വിളിച്ചു പുലഭ്യം പറഞ്ഞപ്പോൾ മാത്രമാണു തന്നെ വിളിച്ചതെന്നും ശ്രീജിത്ത് പറയുന്നു.

കോളേജിന്റെ സ്ഥാപകനുൾപ്പെടെ ജീവിച്ചിരുന്ന കാലത്താണ് തന്റെ സഹോദരൻ അവിടെ പഠിച്ചിരുന്നതെന്നും എന്നാൽ അന്നത്തെ നിലവാരമല്ല ഇപ്പോൾ ആ കോളേജിനെന്നും വിനുവിന്റെ ചോദ്യത്തിനു മറുപടിയായി പിന്നീടു ശ്രീജിത്ത് വെളിപ്പെടുത്തി. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാത്ത മാനേജ്‌മെന്റാണിപ്പോൾ അവിടെയെന്നും ശ്രീജിത്ത് പറഞ്ഞു. മനുഷ്യനെ മൃഗങ്ങളായി കാണുന്ന അറവുശാലയായി പരിണമിച്ചിരിക്കുകയാണ് ഈ സ്ഥാപനം. ഈ കുഞ്ഞു മരിച്ചിട്ട് ഒരു ഫോൺ ചെയ്യാൻ പോലും കോളേജ് അധികൃതർ തയ്യാറായില്ല. ഇവിടെ വരാനോ ഒരു റീത്തു വയ്ക്കാനോ തയ്യാറായിട്ടില്ല. ആശുപത്രിയിൽ വരാൻ പോലും തയ്യാറായില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത നെഹ്രു ഗ്രൂപ്പ് ചെയർമാനായ പി കൃഷ്ണദാസ് ആശുപത്രിയിൽ വന്നിരുന്നുവെന്ന് അവകാശപ്പെടുകയും ശ്രീജിത്ത് നുണ പറയുകയാണെന്നു പറയുകയും ചെയ്തു. കാര്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ മുങ്ങുകയാണ് കൃഷ്ണദാസ് ചെയ്തതെന്നു ശ്രീജിത്ത് തിരിച്ചടിച്ചപ്പോൾ, നിങ്ങളുടെ ഭരണമാണു നടക്കുന്നതെന്നും നിങ്ങൾക്ക് എന്തുവേണമെങ്കിലും കാണിക്കാമെന്നുമുള്ള തരത്തിലായിരുന്നു കൃഷ്ണദാസിന്റെ മറുപടി.

ശ്രീജിത്തിന്റെ വികാരത്തെ ഉൾക്കൊള്ളുന്നുവെന്നും നെഹ്രു കോളേജിനു വേണ്ടി വാർത്ത ചെയ്യുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണത്തെയാണ് എതിർക്കുന്നതെന്നും വിനു വി ജോൺ വ്യക്തമാക്കുകയും ചെയ്തു. സ്വാശ്രയ രംഗത്തെ തട്ടിപ്പുകളെക്കുറിച്ചുള്ള ചർച്ച വഴിമാറിപ്പോയതിന് അതിഥികളോടു ക്ഷമ ചോദിച്ചശേഷമാണു ന്യൂസ് അവർ ചർച്ച വിനു വി ജോൺ അവസാനിപ്പിച്ചതും.

ജിഷ്ണുവിന്റെ മരണം സൃഷ്ടിച്ച വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചാനൽ ചർച്ചയ്ക്കു പിന്നാലെ ഏഷ്യാനെറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണു വിവിധ കോണുകളിൽ നിന്നുയരുന്നത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തന്നെ മുൻനിര ചാനലുകൾ ജിഷ്ണുവിന്റെ വാർത്തയ്ക്കു കാര്യമായ പ്രാധാന്യം നൽകാത്ത നടപടിയിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കുശേഷം കടുത്ത വിമർശനം ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP