Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി നടൻ അലൻസിയർ; ജന്മനാട്ടിൽ ഐക്യദാർഢ്യ പ്രകടിപ്പിച്ച് 'കൊടുങ്ങല്ലൂർ കൂട്ടായ്മയും

കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി നടൻ അലൻസിയർ; ജന്മനാട്ടിൽ ഐക്യദാർഢ്യ പ്രകടിപ്പിച്ച് 'കൊടുങ്ങല്ലൂർ കൂട്ടായ്മയും

കാസർകോട്/കൊടുങ്ങല്ലൂർ: സംവിധായകൻ കമലിനോട് രാജ്യം വിടാൻ നിർദേശിച്ച സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി നടൻ അലൻസിയർ. കാസർകോട് വെടച്ചാണ് അലൻസിയറുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. നാടക രൂപത്തിലായിരുന്നു പ്രതിഷേധം. സിനിമാ ഷൂട്ടിംഗിനായാണ് അലൻസിയർ കാസർകോടെത്തിയത്. ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലൻസിയർ പറഞ്ഞു. കമലിനെതിരെയുള്ള സംഘ്പരിവാർ ഭീഷണിക്കെതിരെയായിരുന്നു ഒറ്റയാൾ പ്രതിഷേധം. സിനിമാ മേഖലയിലെ മഹാഭൂരിഭാഗവും നിശബ്ദത പുലർത്തുമ്പോൾ അലൻസിയർ നടത്തിയ ഒറ്റയാൾ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.

അതേസമയം കമലിനുനേരെ സംഘപരിവാർ നടത്തുന്ന അപവാദപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ജന്മനാടിന്റെ ഐക്യദാർഢ്യം. 'ഇരുൾ വിഴുങ്ങും മുമ്പേ.... ജന്മനാടിന്റെ ഒരു ഐക്യദാർഢ്യം എന്ന പേരിൽ'കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിരോധകൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പ്രതിരോധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാൻ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി പറഞ്ഞു. വിഷം പുരട്ടിയ കത്തിയും വിഷം പുരട്ടിയ വെടിയുയും വിഷലിപ്തമായ ഭാഷയുമാണ് സംഘപരിവാർ ഫാസിസം തങ്ങൾക്കിഷ്ടമില്ലാത്തവരുടെ നേരെ പ്രയോഗിക്കുന്നത്. തങ്ങൾക്ക് യോജിപ്പില്ലാത്ത വാക്കും പ്രവർത്തിയും അനുവദിക്കില്ലന്നാണ് അവർ പറയുന്നത്. നമ്മുടെ ഇഷ്ടത്തോടൊപ്പം മറ്റുള്ളവർക്കും ഇഷ്ടങ്ങളുന്ന്െ അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ പ്രാഥമികതത്വം. അത് ചർച്ച ചെയ്യാൻ പൊതുയോഗം ചേരേ ഗതികേടിലേക്ക് ഇന്ത്യ പോയ്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ യഥാർഥ ഹിന്ദുവായ ഗാന്ധിജിയെ വധിച്ച ഗോഥ്‌സേയുടെ ശബ്ദത്തിലാണ് സംഘ്പരിവാർ സംസാരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

കലാസാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരുമടക്കം നൂറ് കണക്കിന് ജനങ്ങളാണ് കമലിന് ഐക്യദാർഢ്യവുമായി കൊടുങ്ങല്ലൂരിൽ എത്തിയത്. നാട്ടിലെ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണ് അസഹിഷ്ണുതയോടെ സംഘപരിവാർ നടത്തുന്ന ആരോപണങ്ങളെ തള്ളണമെന്നും കമലിന് പ്രതിരോധം തീർക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

വി ടി ബൽറാം എംഎൽഎ , ബിനോയ് വിശ്വം, എൻ എസ് മാധവൻ, സാറാ ജോസഫ്, കെ വേണു, സംവിധായകരായ ലാൽജോസ്, ആഷിക് അബു, നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ, എഴുത്തുകാരിയും കേരളവർമ കോളേജ് അദ്ധ്യാപികയുമായ ദീപാ നിശാന്ത്, വൈശാഖൻ, എൻ മാധവൻ കുട്ടി, രാവുണ്ണി, ശീതൾ ശ്യം, സുനിൽ പി ഇളയിടം, തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP