Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം ക്യാമറ നിരീക്ഷണത്തിൽ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഫൈനായി ഈടാക്കുന്നത് 2500 രൂപ! യൂണിഫോമും ഐഡികാർഡും ഇട്ടില്ലെങ്കിൽ 50 രൂപയും; സമരം ചെയ്ത വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിൻസിപ്പലിന്റെ ശ്രമം: തൃശ്ശൂർ മദർ കോളേജ് വിദ്യാർത്ഥികൾക്ക് 'ജയിലറ' ആകുന്നത് ഇങ്ങനെ

പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം ക്യാമറ നിരീക്ഷണത്തിൽ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഫൈനായി ഈടാക്കുന്നത്  2500 രൂപ! യൂണിഫോമും ഐഡികാർഡും ഇട്ടില്ലെങ്കിൽ 50 രൂപയും; സമരം ചെയ്ത വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിൻസിപ്പലിന്റെ ശ്രമം: തൃശ്ശൂർ മദർ കോളേജ് വിദ്യാർത്ഥികൾക്ക് 'ജയിലറ' ആകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയിയുടെ മരണത്തിന് എതിരായാ പ്രതിഷേധം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ മറ്റ് പല കോളേജികളിലെയും ഞെട്ടിക്കുന്ന കഥകൾ പുറത്തുവരുന്നുണ്ട്. കേരളത്തിലെ കോളേജുകൾ ജയിലറകൾ ആകുന്ന വിവരമാണ പലയിടത്തു നിന്നും പുറത്തുവരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് സംസ്ഥാനത്തെ സ്വാശ്രയ കോളേജിൽ നടക്കുന്ന കൊള്ളയടിയുടെ കഥകൾ പുറംലോകം അറിയുന്നത്.

തൃശൂരിലെ പെരുവല്ലൂരിലുള്ള മദർ ആർട്‌സ് ആൻഡ് സയൻസ് കോളേജിന് എതിരെ ആരോപണങ്ങളുമായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജിഷ്ണു ഒരു നൊമ്പരമാകുമ്പോൾ എന്ന നമ്മൾ പഠിച്ച കോളേജിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാലോ...' എന്ന വരികളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സമീറ ഷംസുദീൻ എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുറച്ചുകാലം മുമ്പ് വിദ്യാർത്ഥി സമരം കൊണ്ട് കലുഷിതമായ ഈ കോളേജിൽ വില്ലൻ സ്ഥാനത്തുള്ളത് കോളേജ് പ്രിൻസിപ്പൽ തന്നെയാണ്.

രണ്ട് മൂന്ന് വർഷം മുമ്പ് മദർ കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റിലെ വിവരണങ്ങൾ ആരംഭിക്കുന്നത്. ക്ലാസിൽ ഒരു പേന വീണതിനേകുറിച്ചുണ്ടായ വാക്കു തർക്കത്തിൽ നിന്നാണത്രെ അവിടെ ഒരു വിദ്യാർത്ഥി സമരം നടന്നത്. വിദ്യാർത്ഥികളുമായി ഒരു ചർച്ചയ്ക്കു പോലും തയാറാകാതിരുന്ന പ്രിൻസിപ്പാൾ വിദ്യാർത്ഥികൾക്കിടയിലൂടെ കാർ ഓടിച്ചു പോകുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പ്രിൻസിപ്പാൾ അബ്ദുൾ സലീമിനെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ ജീവന് വില കല്പിക്കാത്ത പ്രിൻിപ്പാളിന്റെ രാജിക്കായി രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നടങ്കം രംഗത്തിറങ്ങി. വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനേജ്‌മെന്റ് ട്രസ്റ്റ് (അൽ നാസർ ട്രസ്റ്റ്) ഒന്നടങ്കം രാജി വച്ചു. ഇതിനേത്തുടർന്ന് പ്രിൻസിപ്പാളിനെ താൽക്കാലികമായി ചുമതലയിൽ നിന്നും നീക്കിയെങ്കിലും ഇയാൾ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. പഴയ സമര വാർത്തകളുടെ ചിത്രങ്ങൾ സഹിതമാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

പ്രിൻസിപ്പാളായി തിരച്ചെത്തിയ അബ്ദുൾ സലീം സമരത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയായിരുന്ന എന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. വ്യാജ റാഗിങ് പരാതി നൽകി ഒരു വിദ്യാർത്ഥിയെ ഡിസ്മിസ് ചെയ്തു. തുടർന്ന് കേസ് കൊടുത്ത വിദ്യാർത്ഥി യൂണിവേഴ്‌സിറ്റിയിൽ തന്റെ നിരപരാധിത്വം തെളിച്ച് പരീക്ഷ എഴുതകയാണുണ്ടായതത്രെ. അന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് തടഞ്ഞുവച്ചു. പ്രിൻസിപ്പാളിനെതിരെ കൊടുത്ത പരാധി വ്യാജമാണെന്നും അതിൽ ക്ഷമ ചോദിക്കുന്നും എഴുതി വാങ്ങിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈൻ ഈടാക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2500 രൂപ ഫൈനുള്ള കോളേജിൽ പെട്ടന്നൊരു ദിവസം മിന്നൽ പരിശോധന നടത്തി പിടിച്ചെടുത്ത മൊബൈൽ ഫോണുകൾക്ക് ഫൈനായി ഈടാക്കിയത് 5000 രൂപയാണ്. ഇത് ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കളെ കോളേജ് ഗേറ്റിൽ തടഞ്ഞെന്നും ആരോപിക്കുന്നു. യൂണിഫോം ഇട്ടില്ലെങ്കിൽ 50 രൂപ, ഐഡി കാർഡ് ഇല്ലെങ്കിൽ 50 രൂപ, ഐഡി കാർഡ് നഷ്ടപ്പെട്ടാൽ പുതിയതു വാങ്ങാൻ 100 രൂപ. എന്നാൽ ഈ ഫൈനിനൊന്നും റെസീപ്റ്റ് ഇല്ലത്രെ. ഒരു രജിസ്റ്റർ നോട്ടിൽ രേഖപ്പെടുത്തുകയാണ് പതിവ്. ഫൈൻ അടക്കാത്തവരുടേത് സെമസ്റ്റർ ഫീസിനൊപ്പം ഈടാക്കും. ഇങ്ങനെ ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് സമീറ ഷംസുദീന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ജിഷ്ണു ഒരു നൊമ്പരമാകുമ്പോൾ നമ്മൾ പഠിച്ച കോളേജിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലോ... മദർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പെരുവല്ലൂർ, തൃശൂർ അവിടെ നിന്നും കേൾക്കുന്ന വാർത്തകൾ ഒട്ടും ആശ്യാസകരമല്ല.. ക്ലാസ്സിൽ ഒരു പേന നിലത്തു വീണതിനെ കുറിച്ചുണ്ടായ വാക്കു തർക്കത്തിൽ നിന്നാണ് രണ്ടു വര്ഷം മുന്നേ അവിടെ ഒരു വിദ്യാർത്ഥി സമരം നടന്നത്.. വിദ്യാർത്ഥികളുമായി ഒരു ചർച്ചക്ക് പോലും തയ്യാറാവാതെ വിദ്യാർത്ഥികൾക്കിടയിലൂടെ കാർ ഓടിച്ചു പോയ പ്രിൻസിപ്പാൾ അബ്ദുൽസലീമിനെതിരെ കൊലപാതകത്തിന്

കൊലപാതക ശ്രമത്തിനു കേസ് ഫയൽ ചെയ്തിരുന്നു.. രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നടങ്കം പ്രിൻസിപ്പലിനെ പുറത്താക്കാൻ മുറവിളി കൂട്ടി.. വിദ്യാർത്ഥികളോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു മാനേജ്മന്റ് ട്രസ്റ്റ് (അൽ നാസർ ട്രസ്റ്റ്) ഒന്നടങ്കം അന്ന് രാജി വച്ചതിനെ തുടർന്ന് പ്രിൻസിപ്പാളിനെ താൽക്കാലികമായി ചുമതലയിൽ നിന്നും നീക്കി.. പക്ഷേ, രണ്ടു മാസങ്ങൾക്കു ശേഷം ഡോക്ടർ അലിയുടെ ആശീർവാദത്തോട് കൂടി പൂർവാധികം ശക്തിയാർജ്ജിച് വീണ്ടും പ്രിൻസിപ്പാൾ ആയി ചുമതലയേറ്റു.. സമരത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികൾക്കെതിരെ പല രീതിയിലും ഉപദ്രവിക്കാൻ തുടങ്ങി.. ഒരു വിദ്യാർത്ഥിയെ വ്യാജമായ റാഗിങ് പരാതി കെട്ടിചമച്ച ഡിസ്മിസ് ചെയ്തതിനെ തുടർന്ന് ആ വിദ്യാർത്ഥി കേസ് കൊടുക്കുകയും, യൂണിവേഴ്‌സിറ്റിയിൽ നിരപരാധിത്വം തെളിയിച്ചു എക്‌സാം എഴുത്തുകയാണുണ്ടായത്.. അന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് തടഞ്ഞു വെക്കുകയും അപ്പോളജി ലെറ്റർ എഴുതി വാങ്ങുകയും ചെയ്തു.. പ്രിൻസിപ്പാലിനെതിരെ കൊടുത്ത പരാതി വ്യാജം ആണെന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നും എഴുതി വാങ്ങിയ ശേഷമാണ് കുട്ടികളെ എക്‌സാം എഴുതിച്ചത്..

പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം കോളേജ് പൂർണമായും സി സി ടി വി നിരീക്ഷണത്തിലാണ്..ഡിസംബർ 16 വരെ മൊബൈൽ ഫോൺ കോളേജിൽ ഉപയോഗിച്ചാൽ 2500 രൂപയായിരുന്നു ഫൈൻ എങ്കിലും പെട്ടെന്നൊരു ദിവസം മിന്നൽ പരിശോധന നടത്തി 20 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും 5000 രൂപ ഫൈൻ ചാർജ് ചെയ്യുകയും ചെയ്തു. ചോദിക്കാൻ ചെന്ന രക്ഷിതാക്കളെ സെക്യൂരിറ്റി ഗേറ്റിൽ തടയുകയാണുണ്ടായത്.. യൂണിഫോം ഇട്ടില്ലെങ്കിൽ 50 രൂപ, ഐഡി കാർഡിലെ ഫോട്ടോ പോയാൽ 50 രൂപ, പുതിയ ഐഡി കാർഡിന് 100 രൂപ.. അങ്ങനെ പോകുന്നു ഫൈനുകൾ.. പക്ഷെ ഫൈൻ അടയ്ക്കുന്നതിന് റെസിപ്‌റ് ഇല്ല, അവിടെ ഒരു രെജിസ്റ്ററിൽ നോട്ട് ചെയ്യുകയും ഫൈൻ അടക്കാത്തവരുടെ ലിസ്റ്റ് നോട്ടീസ് ബോര്ഡില് പതിക്കുകയും ചെയ്യും..അടച്ചില്ലെങ്കിൽ സെമസ്റ്റർ ഫീ അടക്കുമ്പോൾ അതിന്റെ കൂടെ ഈടാക്കും..

പല അദ്ധ്യാപകരും പിജി കഴിഞ്ഞു നേരെ വന്നു ജോയിൻ ചെയ്യുന്നവർ ആണ്.. കോളേജിൽ നമ്മുടെ സീനിയർ ആയി പഠിച്ച ഒരാൾ ചിലപ്പോൾ അടുത്ത വര്ഷം നമ്മുടെ ടീച്ചർ ആയേക്കാം.. ഗ്രൗണ്ട് ഒക്കെ ഉണ്ടെങ്കിലും ഫിസിക്കൽ ട്രെയിനർ ഇല്ല.. ഡിസോൺ ഫണ്ട്, മാഗസിൻ ഫണ്ട് ഇതെല്ലം പേരിനു മാത്രം..ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ചിലവും വിദ്യാർത്ഥികൾ തന്നെ വഹിക്കണം.. ബോയ്‌സ് ഗോവണിയിൽ നിൽക്കുന്നതിനെതിരെ പെൺകുട്ടികളിൽ നിന്നും പരാതി എഴുതി വാങ്ങാൻ സമ്മർദ്ദം ചെലുത്തുകയും, വഴങ്ങാതിരുന്ന കുട്ടികളോട് അശ്‌ളീല ചുവയോടെ സംസാരിക്കുകയും ചെയ്തു.. രണ്ടു മാസം മാത്രം പഠിച്ചു നിർത്തി പോകുന്നവർക്ക് ഫീസ് തിരികെ നൽകുന്നില്ല.. 20000 രൂപയോളം തിരികെ കിട്ടാനുള്ള ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ മാനേജ്മന്റ് സീറ്റിൽ അഡ്‌മിഷൻ എടുത്തവർക്ക് ഫീസ് തിരികെ നല്കില്ലത്രേ.. 50000 രൂപ വരെ തിരിച്ചു കിട്ടാത്തവരും ഉണ്ട്..

സിസി ടിവി കൂടാതെ തന്നെ സദാചാരം സംരക്ഷിക്കാനായി ഓരോ ഫ്‌ളോറിലും ആയമാരെ നിയമിച്ചിട്ടുണ്ട്.. കാന്റീനിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേര് തിരിക്കാൻ ബോർഡ് വച്ചിട്ടുണ്ട്.. PTA മീറ്റിംഗിന് പാരന്റിനെ കൊണ്ടുവരാത്തതിന് ഡിസ്മിസ്സൽ, അത് ചോദിക്കാൻ ചെന്ന വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യും എന്ന ഭീഷണി, പ്രിന്‌സിപ്പലിനെതിരെ മുദ്രാവാക്യം വിളിച്ചതിനു ഡിസ്മിസ്സൽ, ഒരു കുട്ടിയുടെ വായിൽ ലഡ്ഡു വച്ച് കൊടുത്തതിനു ഡിസ്മിസ്സൽ, കെമിസ്ട്രി ലാബിൽ നിന്ന് ദുർഗന്ധം ക്ലാസ്സിലേക്ക് വന്നപ്പോൾ ക്ലാസ്സിൽ പെർഫ്യൂം അടിച്ചത്തിനു സസ്‌പെന്ഷൻ, ..

പ്രിന്‌സിപ്പലിനെതിരെയുള്ള കേസ് ഒത്തു തീർപ്പാക്കിയാലേ ടി സി തരൂ എന്ന് പറഞ്ഞതിനെ തുടർന്ന് കേസ് ഒത്തു തീർപ്പാക്കിയെങ്കിൽ ടി സി യിൽ 'സാറ്റിസ്ഫാക്ടറി' എന്ന് മാർക്ക് ചെയ്തതിനാൽ ഒരു കുട്ടിക്ക് MBA ക്കു ചേരാൻ കഴിഞ്ഞില്ല.. പെൺകുട്ടികൾക്ക് പോലും ടി സി കൊടുക്കാതെ വലക്കുന്നു.. .പ്രിൻസിപ്പാലിനെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിയുടെ വിവാഹം മുടക്കും എന്ന ഭീഷണി..

കുട്ടികളോടുള്ള വൈരാഗ്യം തീർക്കാൻ ഡീബാർ ചെയ്യുന്നു.. പരീക്ഷക്ക് അടുത്ത ബെഞ്ചിലെ കുട്ടിയോട് സംസാരിച്ചു എന്ന കാരണം കൊണ്ട് ഡിബാർ.. പത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡീബാർ ചെയ്തിട്ടുണ്ട്.. ചിലർ യൂണിവേഴ്‌സിറ്റിയിൽ പോയി നിരപരാധിത്വം തെളിയിച്ചും ഫൈൻ അടച്ചുമൊക്കെ എക്‌സാം എഴുതി.. പലരും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു.. സമരം നടക്കുന്നതിനിടയിൽ വിദ്യാർത്ഥികളെ 'നിന്നെയൊക്കെ കാണിച്ചു താരാടാ' എന്ന് പരസ്യമായി വെല്ലു വിളിക്കുന്നു.. പരാതി കൊടുക്കാൻ ചെല്ലുന്ന രക്ഷിതാക്കളോട് 'പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം, സീനിയേഴ്‌സിന് എന്താ സംഭവിച്ചത് എന്ന് അന്വേഷിച്ചിച്ചു പരാതി കൊടുത്തോളൂ' എന്ന ഭീഷണി..

ഇങ്ങനെ ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചും ഏകാധിപതിയായ തുടരുന്ന പ്രിന്‌സിപ്പലിനെതിരെ ശബ്ദിക്കാൻ അവിടുത്തെ വിദ്യാർത്ഥികൾ അശക്തരാണ്.. അവർക്കു നമുക്ക് ശബ്ദിച്ചൂടെ? ഇനിയൊരു ജിഷ്ണു ആവർത്തിക്കപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP