Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എ എൻ രാധാകൃഷ്ണനെ തെറി പറയുന്ന സാഹചര്യം ഒഴിവാക്കാൻ ചർച്ച വേണ്ടെന്നു നിർദ്ദേശിച്ചതു ചാനൽ 18 മാനേജ്‌മെന്റു തന്നെ; വീണിടം വിഷ്ണു ലോകമാക്കി സനീഷ് നടത്തിയതു നാടകം: കമൽ വിരുദ്ധ പ്രസ്താവന റിലയൻസിന്റെ ചാനൽ ഒഴിവാക്കിയതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

എ എൻ രാധാകൃഷ്ണനെ തെറി പറയുന്ന സാഹചര്യം ഒഴിവാക്കാൻ ചർച്ച വേണ്ടെന്നു നിർദ്ദേശിച്ചതു ചാനൽ 18 മാനേജ്‌മെന്റു തന്നെ; വീണിടം വിഷ്ണു ലോകമാക്കി സനീഷ് നടത്തിയതു നാടകം: കമൽ വിരുദ്ധ പ്രസ്താവന റിലയൻസിന്റെ ചാനൽ ഒഴിവാക്കിയതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിലയൻസ് മുതലാളി മുകേഷ് അംബാനിയുടെ മലയാളം വാർത്താചാനലായ ന്യൂസ് 18 ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ എ എൻ രാധാകൃഷ്ണൻ കമലിന് എതിരായി നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റിൽ ചർച്ച ചെയ്യാതെ തള്ളിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. മുകേഷ് അംബാനിയുടെ ചാനലിന് ബിജെപി അനുകൂല നിലപാടാണെന്ന കാര്യം വ്യക്തമായിരിക്കേയാണ് എ എൻ രാധാകൃഷ്ണന്റെ പ്രസ്താവന വെറും മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്ന് കാണിച്ച് ചാനൽ അവതാരകൻ സനീഷ് തള്ളിക്കളഞ്ഞത്. വർഗീയത സ്ഫുരിക്കുന്ന ഈ പ്രസ്ഥാവന അവഹേളിച്ചു തള്ളുന്നു എന്നായിരുന്നു ചാനൽ എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനമെന്ന് പറഞ്ഞായിരുന്നു സനീഷ് ഈ വിഷയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്.

ഇതോടെ നിലപാടിന്റെ കാര്യത്തിൽ ന്യൂസ് 18 ബിജെപി അനുകൂലമല്ലെന്ന വിധത്തിൽ പോലും ചർച്ചകൾ വന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ ഇടതു പ്രവർത്തകർ ഈ വിഷയം ആഘോഷമാക്കുകയും ചെയ്തു. എന്നാൽ, ഈ ആഘോഷത്തിന് പിന്നിലും അവസാനമായി ചിരിച്ചത് ന്യൂസ് 18 മാനേജമെന്റ് തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. കാരണം, പ്രമുഖനായ ബിജെപി നേതാവ് മോദി വിരുദ്ധ പ്രസ്താവന നടത്തിയ കമലിനോട് രാജ്യം വിടാൻ നിർദ്ദേശിച്ചത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. എന്നാൽ, ഇത്രയും ശ്രദ്ധേയമായ വിഷയം ബിജെപിക്കും മോദിക്കും അതൃപ്തിയുണ്ടാക്കുമെന്നറിഞ്ഞ് ന്യൂസ് 18 മാനേജമെന്റ് തന്നെയാണ് ചർച്ച വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. ഇക്കാര്യം എഡിറ്റോറിയൽ ബോർഡിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മാദ്ധ്യമശ്രദ്ധ നേടാൻ നടത്തിയ പ്രസ്താവനയെന്ന് പറഞ്ഞ് വീണിടം വിഷ്ണുലോകമാക്കുകയാണ് സനീഷ് ചെയ്തത്.

എ എൻ രാധാകൃഷ്ണൻ ഉന്നയിച്ച വിഷയം ചാനൽ ചർച്ചക്കെടുത്താൽ മുകേഷ് അംബാനിക്ക് എതിരെ വരെ ചർച്ചയിൽ പരാമർശമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഈ വിഷം ചർച്ച ചെയ്യേണ്ടെന്ന് മാനേജ്‌മെന്റ് നിർദ്ദേശിച്ചത്. മുംബൈയിൽ സിനിമാശാലകളിൽ ദേശീയഗാനം ആദ്യമായി പ്ലേ ചെയ്തത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൾട്ടിപ്ലക്‌സ് തീയ്യറ്ററുകളിൽ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ ശീലം ഇപ്പോഴാണ് കോടതി നിർബന്ധമാണെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ചുരുക്കത്തിൽ തീയറ്ററുകളിലെ ദേശീയ ഗാനത്തിനും ബിജെപിയുടെ നിലപാടിനും അനുകൂലമാണ് ന്യൂസ് 18 ചാനലും.

ഇങ്ങനെയാണ് സാഹചര്യം എന്നിരിക്കേയാണ് കമലിനെതിരെ എ എൻ രാധാകൃഷ്ണൻ പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാഭാവികമായും ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ബിജെപി നേതാവിന് തെറിവിളികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. മാത്രമല്ല, മോദിയെ നാസിയെന്ന് വിളിച്ച സംവിധായകന് സ്‌പേസ് കൊടുക്കുന്നത് പോലും റിലയൻസ് മാനേജ്‌മെന്റിന് ഇഷ്ടമല്ല. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണന്റെ പ്രസ്താവന ചർച്ചക്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയത്. എന്തായാലും കിട്ടിയ അവസരം മുതലാക്കിയ അവതാരകൻ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ ചാനലിന് മൈലേജ് ലഭിക്കുന്ന വിധത്തിൽ കാര്യം കൈകാര്യം ചെയ്യുകയും ചെയ്തു.

പ്രൈം ഡിബേറ്റ് എന്താണെന്ന് പറഞ്ഞു കൊണ്ട് തുടങ്ങി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ നടത്തിയ വർഗീയ പ്രസംഗത്തെ തീർത്തും അവഗണിക്കുകയാണ് സനീഷ് ചെയ്തത്. ചർച്ച തുടങ്ങിക്കൊണ്ട സനീഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു:

'' പ്രൈം ഡിബേറ്റ് ഞങ്ങളുടെ ചർച്ചാ പരിപാടിയാണ്. ഓരോ ദിവസത്തെയും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ പ്രധാനപ്പെട്ടത് ചർച്ച ചെയ്യുന്ന പരിപാടി. ഇന്ന് ഞങ്ങൾക്ക് കിട്ടിയിട്ടുള്ള പല വിഷയങ്ങളിൽ ഒന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ വിധ്വേഷ പ്രസംഗമാണ്. സംവിധായകൻ കമൽ രാജ്യം വിട്ടു പോകണം എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരത്തിൽ അദ്ദേഹത്തിന്റേതായി വരുന്ന ആദ്യ പ്രസ്താനയല്ല ഇത്. വർഗീയമായി വിഭജിക്കുന്നതും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതുമായ ഇത്തരം പ്രസ്താവനകളിലൂടെ ശ്രീ എ എൻ രാധാകൃഷ്ണൻ ലക്ഷ്യമിടുന്നത് മാദ്ധ്യമ ശ്രദ്ധയാണ്. അത് മാത്രമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ചർച്ചയാകണം എന്ന ഉദ്ദേശ്യത്തോടെയുള്ള പരിഹാസ്യമായ രാഷ്ട്രീയക്കളിയാണ് ഇത്. ഇക്കാര്യം ഞങ്ങൾ തിരിച്ചറിയുന്നു. അതിനാൽ തന്നെ ഇന്നത്തെ ഈ വധ്വേഷ വർത്തമാനം ചർച്ച ചെയ്യേണ്ടതില്ലെന്ന് ഞങ്ങൾ ന്യൂസ് 18 എഡിറ്റോറിയൽ ടീം തീരുമാനിച്ചിരുന്നു. ആ വിധ്വേഷ പരാമർശങ്ങളെ ഞങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നതായി അറിയിക്കുന്നു.''

എന്തായാലും പ്രൈം ഡിബേറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പല വിധത്തിലാണ് ചർച്ചയായത്. അംബാനിയുടെ ചാനൽ കേരളത്തിൽ എത്തുമ്പോൾ ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന് അനുകൂല നിലപാട് സ്വീകരിച്ചു തുടങ്ങിയോ എന്ന് പോലും ചിലർ സന്ദേഹം പ്രകടിപ്പിച്ചു. ബിജെപി അനുകൂല നിലപാടാണെന്ന് പ്രതീക്ഷിച്ചത് വെറുതേയായി എന്ന വിധത്തിലാണ് ചർച്ചകളും കൊഴുത്തുതത്. സനീഷിന്റെയും ന്യൂസ് 18 മാനേജ്‌മെന്റിന്റെ നിലപാട് ധീരമാണെന്ന് പുകഴ്‌ത്തിക്കൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഇന്നലെ നടൻ അലൻസിയർ കമലിനെ പിന്തുണച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നത്. എന്നാൽ, ഈ ബിജെപി പ്രവർത്തകർ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമല്ലേ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. സനീഷിനെ ഉൾപ്പെടുത്തി അവഗണിച്ചു തള്ളേണ്ട വിഷയമല്ലേ എന്ന് ചോദിച്ച് ട്രോളുകളും ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP